Pages

Friday 8 June 2012

കുട
---------
" ഉമ്മാ .. എനിക്കൊരു കുട വേണം ." 

തിമര്‍ത്തു പെയ്യുന്ന കര്‍ക്കിടിക മഴയെ  തൊടുത്തുകൊണ്ട്  കുണുങ്ങിക്കുണുങ്ങി പോകുന്ന കുടകളെ കൌതുകത്തോടെ നോക്കിയിരുന്ന ബാല്യത്തില്‍ മനസ്സിലെ ആഗ്രഹം ഉമ്മയോട് പറഞ്ഞു .   ഉമ്മയുടെ മൌനത്തില്‍ വാങ്ങി തരാമെന്നോ ,തരില്ലെന്നോ  മനസ്സിലാക്കാന്‍ കഴിയാതെ ഞാന്‍  ആഗ്രഹം വീണ്ടും വീണ്ടും  ഉമ്മയോട് പറഞ്ഞുകൊണ്ടിരുന്നു ..

ആനന്ദന്‍ സാറിന്റെ മകന്‍ അജിത്തും ,  രാധ ടീച്ചറുടെ മകള്‍ വിജയ ലക്ഷ്മിയും .പൂക്കളുള്ള കുടയുമായി സ്കൂളില്‍ വരുന്നതും     മഴ നനഞ്ഞ കുടകള്‍ ക്ലാസുറൂമിന്റെ  പുറകില്‍  കിന്നരം പറയുന്നതും . വൈകുന്നേരം  പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ കുടകള്‍ നിവരുന്നതും , കുടയില്ലാതെ  വരാന്തയില്‍ നില്‍കുന്ന കുട്ടികളില്‍ ഒരാളായി ഞാന്‍ നിന്നതും ,ഒടുവില്‍ മഴയൊന്നു ശാന്തമാകുമ്പോള്‍  പുസ്തകങ്ങള്‍ കൊണ്ട് മഴയെ തൊടുത്തുകൊണ്ട് ഓടിയതും  ഓര്‍മ്മകള്‍ക്ക്  വര്‍ണ്ണങ്ങള്‍ നല്‍കുന്നു ..


ഹൈസ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ്  കുടയില്ലാത്തതിന്‍റെ ബുദ്ധിമുട്ട്  അറിഞ്ഞു തുടങ്ങിയത് .  ഉമ്മയുടെ മൌനം  മനസ്സിലാക്കാന്‍ കഴിയാതെ  ആഗ്രഹം  ഇടക്കിടെ ഉമ്മയോട് ഉണര്‍ത്തികൊണ്ടിരുന്നു . ഒന്‍പതാം ക്ലാസിലേക്ക് ജയിച്ചുകറിയ വര്‍ഷം . ജൂണ്‍ മാസം  മഴയില്‍ മുങ്ങിയിരുന്നു , ഒരു വൈകുന്നേരം മഴ നനഞ്ഞു കയറിവന്ന ഞാന്‍ കണ്ടത് . പൂകളുള്ള രണ്ടു കുടകള്‍ക്കൊപ്പം വര്‍ണ്ണങ്ങളില്ലാത്ത ഒരു കുടയും  എന്റെ കൊച്ചുവീട്ടില്‍  വിരിഞ്ഞു നില്‍ക്കുന്നു . അനുജത്തിക്കുട്ടികള്‍  ഏതു എടുക്കണമെന്നറിയാതെ  ഓരോന്നും മാറി മാറി എടുത്തു ഭംഗി ആസ്വദിക്കുന്നു .  ഒപ്പം പുത്തന്‍ ഉടുപ്പുകളും ,പുസ്തകങ്ങളും .പേനകളും ഒക്കെ  ഉപ്പ ഉറങ്ങിയിരുന്ന കട്ടിലില്‍  വിതറികിടക്കുന്നു . എനിക്ക് അത്ഭുതമായി .ഉമ്മക്ക് എവിടുന്നുകിട്ടി കാശു ? ഏട്ടന്‍  ജോലിക്ക് കയറിയതല്ലേ ഒള്ളു .    സന്തോഷത്താല്‍  മനസ്സ് ആനന്ദമഴ നനഞ്ഞു ...

അത്താഴം കഴിക്കാന്‍  വട്ടമിരുന്ന  എന്റെ മുന്നില്‍ ഉമ്മ  ചോറ് വിളമ്പി തന്നപ്പോഴാണ് ശിരസില്‍ കിടന്ന  സാരിയുടെ  തലപ്പ് ഉമ്മറത്തു കൂടി  കടന്നുവന്ന തണുത്ത കാറ്റ്
മാറ്റിയത്  . കരഞ്ഞുകൊണ്ട് കത്തുന്ന  ബള്‍ബിന്റെ നേര്‍ത്തവെട്ടത്തില്‍  ഞാന്‍ കണ്ടു , ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഉമ്മയുടെ കാതില്‍ കിടന്ന  വട്ടത്തിലുള്ള സ്വര്‍ണ്ണ കമ്മലുകളുടെ സ്ഥാനത്ത് രണ്ട് പച്ചീര്‍ക്കിലുകള്‍...

അന്നു രാത്രി പെയ്ത മഴയുടെ ഇരമ്പലിനേക്കാള്‍  ശക്തമായിരുന്നു  എന്റെ മനസ്സിലെ ഇരമ്പലിന്....




No comments:

Post a Comment