Pages

Tuesday 30 April 2013

ദൈവം
-----------
തെരുവിലൊരു പോസ്റ്റര്‍
ദൈവം നിന്നെ വിളിക്കുന്നു.
തെരുവിലന്നൊരു രാത്രി
അഭയം തേടിയൊരു പെണ്ണ് ‍
ദൈവത്തെവിളിച്ചു
ദൂരെ ആള്‍ക്കൂട്ടത്തിന്‍ മുന്നില്‍
കണ്ണടച്ച് ആളെ പറ്റിക്കുകയായിരുന്ന-
ദൈവം വിളികേട്ടില്ല

ബലിയിടാന്‍ പുഴതേടിപ്പോയവന്‍
ചങ്കില്‍ കൈതൊട്ടു വിളിച്ചുപോയ്‌
'എന്‍റെ ദൈവമേ ....'
ഉയര്‍ന്നു വന്ന ദൈവത്തിന്‍-
കൊട്ടാരത്തിനു മണലുമായി-
പ്പോയപുഴ തിരികെ വരില്ലയെന്നു
ബലിക്കാക്കളോട് പറഞ്ഞു ....


അവസാന ചോരയുംവറ്റി
കുരിശില്‍ ദൈവം മരിച്ചുവീണു
യൂദാസ് രാജ്യം ഭരിച്ചുതുടങ്ങി
ഒറ്റുകാര്‍ ശുഭ വസ്ത്രം ധരിച്ചു
ദൈവപുത്രന്മാരായി ...


തിരക്കൊഴിഞ്ഞ വഴിയിലൊരു-
പട്ടിണി കൈനീട്ടി ദൈവമേയെന്നു-
വിളിച്ചപ്പോള്‍ കൈലൊരു-
നോട്ടിട്ടു പോയവനെനോക്കി
പട്ടിണി മനസ്സില്‍കുറിച്ചു
ദൈവം .....

Friday 26 April 2013


കമ്മ്യൂണിസ്റ്റ്
* * * * * * * * *

കുഞ്ഞുകുട്ടന്‍റെ
അഞ്ചാം പിറന്നാളിനാണ്
കൊച്ചമ്മിണി കുട്ടനാട്ടിലെ-
യൊരുകുടിലില്‍ ജനിച്ചത്‌
ഇരുവരുടെയും ദൈവങ്ങള്‍
താഴ്ന്ന ജാതിക്കാരായി

ചേറിന്റെ മണമുള്ള
താരാട്ടും കള്ളിന്റെ-
മണമുള്ള കൊഞ്ചലും
കൊച്ചമ്മിണിക്ക് കുളിരേകി

പാട്ട് പാടും പുഴയും
നൃത്തം വെക്കും പാടവും
കൂട്ടുകൂടാനെത്തി ..

രാത്രി കൊച്ചമ്മിണിക്ക്
ഭയമാണ്
ഉടമകളായ ചില
ചെന്നായ്ക്കള്‍
അമ്മക്ക് ചുറ്റും
കലപിലകൂട്ടി
കടിച്ചുകീറും
അച്ഛന്‍ അടിമയാണ് ..

ഋതുക്കള്‍ മാറി വന്നു
അധരം തുടുത്തു
കൊച്ചമ്മിണിക്ക്
മുലകള്‍വന്നു
ചന്തിയും ....

ഇടവം കഴിഞ്ഞുള്ള
നിലാവില്‍
കൊച്ചമ്മിണി നിലവിളിച്ചു
നിലാവ് മുഖം പൊത്തി
കണ്ണടച്ചു പുഴയും പാടവും

ചെന്നായ്ക്കള്‍ക്ക്
വിളക്ക് കാണിച്ച അടിമ
കുഞ്ഞുട്ടന്‍റെ കണ്ണില്‍
അണയാത്ത അഗ്നി
കൊച്ചമ്മിണിപിന്നെ
പുറത്തിറങ്ങിയില്ല

കൊച്ചമ്മിണിയുടെ
കരച്ചില്‍ കേട്ട്
കുട്ടനാട്ടില്‍ കമ്മ്യൂണിസ്റ്റ്‌ വന്നു
ഇ എം എസ് മന്ത്രിയുമായി
അന്നു കുട്ടനാട്ടില്‍
ചെന്നായ്ക്കള്‍ കുരച്ചില്ല

കുഞ്ഞുട്ടന്‍ കൊച്ചമ്മിണിക്ക്
പുടവകൊടുത്തു
അന്നൊരു മഴതോര്‍ന്നു
നിലാവ് പുറത്ത് വന്നു
കുടമടക്കി പുഴ ചിരിച്ചു
പാടവും

കൊച്ചമ്മിണിയുടെ കുടിലില്‍
ഇ എം എസ് ദൈവമായി ....
 

Sunday 21 April 2013

 പണ്ട്
*******
ഇന്ന്...
നിലവിട്ടൊരു കാറ്റാണ്
ഉണങ്ങിയ പകലില്‍
എവിടെനിന്നോ ഒരു
മഴയെ തള്ളിയിട്ടത്

പ്രതീക്ഷിക്കതെയുള്ള -
വീഴ്ച്ചയില്‍ മഴ മണ്ണില്‍
നിലതെറ്റിവീണു ..

പണ്ടിവിടൊരു-
പുഴയുണ്ടായിരുന്നു
പാടവും
അന്ന് കാറ്റും മഴയും
കഥപറഞ്ഞു പുഴയെ
പ്രണയിച്ചു .

പാടത്തെ തത്തയും
മൈനയും പിന്നെ
കൊറ്റിയും കൊയ്ത്തുപാട്ട്-
കേട്ടുറങ്ങി..

മൂടല്‍മഞ്ഞേറ്റ
കരിയിലകള്‍
കത്തിയമരും നേരം
ഉറക്കമുണര്‍ന്ന്
വട്ടംക്കൂടിയിരുന്നു ഗ്രാമം ..

വേനല്ക്കാറ്റ്‌ മഴവരു-
മെന്ന് പറഞ്ഞ് ജനലില്‍-
തട്ടിപോകും

പാടത്തിനപ്പുറം
ലോകം അവസാനിച്ചെന്ന്
ഉണ്ണി മുത്തശ്ശിയോട് പറഞ്ഞിരുന്നു

'പണ്ട് പണ്ട്' എന്ന് അമ്മ-
കഥപറയാന്‍ തുടങ്ങും നേരം
നിലാവോടിയെത്തും.

പണ്ടൊരു പുഴയൊണ്ടായിരുന്നു
പണ്ടൊരു പാടമുണ്ടായിരുന്നു
പുഴയെന്ത് പാടമെന്ത് എന്നൊരു
മറു ചോദ്യം മുയര്‍ന്നാല്‍
പറയാനൊരു പുഴയുടെ
ചിത്രമെടുക്കണം
അങ്ങിനെ പലതിന്‍റെയും