Pages

Sunday, 30 September 2012

ആദ്യ തുള്ളി
---------------------
പുതുമഴയില്‍
ആദ്യതുള്ളി
വരണ്ട മനസ്സുതന്‍
കാത്തിരുപ്പിന്‍
ദുഃഖം ശമിപ്പിച്ചു

തുള്ളികള്‍ സംഗീതമായി
ഒഴുകിയപ്പോള്‍
ഉയര്‍ന്നുപൊങ്ങിയ
ഈര്‍പ്പത്തിന്‍
ധൂമങ്ങള്‍ അകലെ
അകന്നിരുന്ന മേഘങ്ങളുമായി
ഇന്നലകളിലെ നൊമ്പരങ്ങളുടെ
കഥകള്‍ പറഞ്ഞു

അകന്നിരുന്ന പകലില്‍
ദൂരെ കറുത്ത ചിറകുമായി
മേഘം സൂര്യനു താഴെ
നിഴലിട്ടാല്‍താഴെ
വരണ്ടചുണ്ടുകള്‍
പുഞ്ചിരിക്കും

പരിഭവം മാറാതെ
മേഘം മറയുമ്പോള്‍
ആദ്യതുള്ളിയുടെ
നിര്‍വൃതി നുകരാന്‍
വിദൂരമല്ലാത്ത
കാത്തിരുപ്പുമായി
വരണ്ട ‍മനസ്സ്

അകന്നിരുന്ന രാവില്‍
താരകങ്ങള്‍ തുള്ളിക്കളിച്ചു
മയക്കത്തിലേക്ക്‌ വീഴുമ്പോള്‍
നിഴലുകള്‍ പോലും
ഒളിക്കുന്ന ഇരുട്ടില്‍
ആദ്യ തുള്ളിയുടെ
സ്പര്‍ശനം തരുന്ന
രോമാഞ്ചത്തിനായി
പ്രതീക്ഷയുടെ കാത്തിരുപ്പ്

നിലക്കാത്ത സംഗീതമായി
പെയ്തിറങ്ങിയ
തുള്ളികളുടെ
നനുത്ത സ്നേഹത്തില്‍
വരണ്ട മനസ്സ്
നനയുകയാണ്
വര്‍ണ്ണിക്കാന്‍ വാക്കുകള്‍
തേടിക്കൊണ്ട് !!


 

Friday, 28 September 2012

ഇരുമ്പഴികള്‍
-------------------
 ഇരുമ്പഴികള്‍
പുറത്തെ വലിയ
മതില്‍കെട്ടിനപ്പുറത്തെ
സൂര്യന്‍റെ ജനനവും
മരണവും കാണരുതെന്നാണ് വിധി !!

അപരാധിയുടെ
ചോരപുരണ്ട കരങ്ങളും
നിരപരാധിയുടെ കണ്ണീരും
ഇരുമ്പഴികള്‍ക്ക്‍ കറുത്ത
അടയാളമിട്ടു

പകലിന്‍ ഇരുള്‍ മായുമ്പോള്‍
നിശബ്ദതക്ക് ഭയം തരുന്ന
രാവിന്‍റെ മറവില്‍
അടക്കിപ്പിടിച്ച തേങ്ങലുകളും
മരിച്ചുപോയ സ്വപ്നങ്ങള്‍
പ്രേതങ്ങളായി അട്ടഹസിക്കുന്നതും
തുടര്‍ക്കഥകളുടെ വിരസതയില്‍
ഇരുമ്പഴികള്‍ മൌനമായി കേള്‍ക്കും

കറുത്ത പകലിന് വിടപറഞ്ഞു
വെളുത്ത പുലരിതേടിപ്പോകുന്നവര്‍ക്ക്
ഇരുമ്പഴികള്‍ മറവിയാശംസിക്കും ...
 

Wednesday, 26 September 2012

ജാലകം
-----------

അമ്മ ജാലക വാതില്‍ അടക്കില്ല

പാടത്തിനപ്പുറത്ത് ചുവന്ന
സൂര്യനുള്ള സായഹ്നത്തില്‍
അമ്മ മൌനം ധാനിക്കും

രാത്രിക്ക് വെളിച്ചമിട്ടു
നിലാവു വന്നാല്‍
കശായത്തിന്റെ ഗന്ധം
നിറഞ്ഞ മുറിക്കുള്ളില്‍
നിലാവുമായി അമ്മ
സ്മരണകള്‍ പങ്കുവെക്കും

അമ്മ കവിത എഴുതാമായിരുന്നു !!

ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയവരാണ്
കവിതകള്‍ എഴുതുന്നതെന്ന്
അമ്മ പറഞ്ഞിരുന്നു

ജാലകവതിലില്‍ക്കൂടിയാണ്
കവിതകള്‍ വന്നിരുന്നത്

അതില്‍ മീനച്ചൂടിന്റെ
വേവുണ്ട്
മകരമഞ്ഞിന്റെ
മരവിപ്പുണ്ട്
കര്‍ക്കിടകത്തിലെ
കണ്ണീരുമുണ്ട്

രാത്രിമഴയുടെ വിഷാദ ഗീതങ്ങള്‍ക്കൊപ്പം
അമ്മയുടെ കവിതകളുമുണ്ടായിരുന്നു

ഒരുപകലിനൊടുവില്‍
ചുവന്ന സൂര്യനൊപ്പം
അഗ്നിയായി അമ്മ
എരിഞ്ഞുതീര്‍ന്നത്
അടയാത്ത ജാലകവാതിലിനിപ്പുറം
കശായത്തിന്റെ ഗന്ധങ്ങള്‍ നിറഞ്ഞ
മുറിയില്‍ പൂര്‍ത്തിയാകാത്ത
കവിതകള്‍ ബാക്കി വെച്ചിട്ടു

അമ്മ  ജലകവാതില്‍ അടക്കില്ല

 

Monday, 24 September 2012

ലിഫ്റ്റ്‌
--------------
ലാസ്റ്റ്‌ വണ്ടിക്കായി ഓടി

വഴിയില്‍ ചാരിത്ര്യം സംരക്ഷിക്കാന്‍
സഹായംതേടിയ പെണ്ണിന്റെ
രോദനം കേള്‍ക്കാം

കേള്‍ക്കാന്‍ അവസാന വണ്ടി സമ്മതിച്ചില്ല
അവള്‍ അപരിചിതയാണ്

വണ്ടിതട്ടി ചോരവാര്‍ന്നവനും
 അപരിചിതനാണ്

ലാസ്റ്റ് വണ്ടി പണിമുടക്കി
കടന്നു പോകുന്ന അപരിചിത
വാഹനങ്ങള്‍ക്ക് കൈകാണിച്ചു

ഒരു ലിഫ്റ്റ്‌ ? .......


 

Saturday, 22 September 2012

ചിത്രകാരന്‍
-------------------

നിശബ്ദമായ ജനകൂട്ടത്തിന്‍
മിഴികള്‍ മുന്നിലെ ചുവര്‍ ചിത്രത്തില്‍
അത്ഭുതത്തോടെ സഞ്ചരിച്ചു

പുഴയും മാന്‍ പേടയും
പൂന്തോട്ടവും  കൊട്ടാരവും
ചിത്രത്തില്‍ നിറഞ്ഞു നിന്നു

മനോഹര വര്‍ണ്ണങ്ങള്‍
ചിത്രത്തെ സുന്ദരമാക്കി

ചിത്രം കണ്ടവര്‍
ചിത്രകാരനെ അറിയാന്‍
ചിത്രത്തിന്‍ താഴെയുള്ള
ചെറിയ എഴുത്തില്‍ നോക്കി

ചിത്രകാരന്‍ വാഴ്ത്തപ്പെട്ടു!!

ജനകൂട്ടം ശൂന്യത തന്നു
അകന്നു പോകവേ
തെളിഞ്ഞ മാനം സിന്ദൂരം ചാര്‍ത്തി
ഭൂമിയെ പൊന്നില്‍ കുളിപ്പിച്ചിരുന്നു

മനോഹര സന്ധ്യ തന്ന
ചിത്രകാരനെയാണോ
സന്ധ്യാ നാമം ജപിക്കുമ്പോള്‍
മുത്തശ്ശി നെടുവീര്‍പ്പോടെ എന്നും
വിളിച്ചിരുന്നത്‌
ഭാഗ്യം
---------

കറിയായി അടുപ്പില്‍
ഓടുങ്ങാന്‍ വിധിച്ച
മത്സ്യത്തിന് ജാതകവശാല്‍
ശുക്രദശയാണ്
ഒരു ദൈവീക പരിവേഷം
 

Thursday, 20 September 2012

തടവറ

തടവറ
----------------
ശൂന്യതയില്‍ സ്വതന്ത്രമായി
നടന്ന ആത്മാവുകളാണ് ഇന്നലെ ‌
ഗര്‍ഭ തടവറയില്‍ മരണ ശിക്ഷ
കാത്തു കിടന്നത്

മരണത്തിനു മുന്‍പുള്ള പരോളില്‍
പുറത്തിറങ്ങി കാഴ്ചകളുടെ ലോകങ്ങളില്‍
നിര്‍വൃതി അടയാവേ
മറന്നു മുന്നിലെ ശിക്ഷ ദിനം

പൂവുകളെ പ്രണയിച്ചു
ഒരു പൂവിനെ സ്വന്തമാക്കി
അതില്‍ സ്വ രക്തങ്ങള്‍ പിറന്നു
അവകള്‍ പാറി പറക്കുന്നത്
കണ്ണുകള്‍ക്ക് കുളിര്‍മഴയായി

മഴകളും സന്ധ്യകളും
മഞ്ഞുകാലവും കലണ്ടറുകള്ക്കൊപ്പം ‍
മാറി മാറി വന്നു

തടവറയില്‍ നിന്നു സ്വതന്ത്രനാകാന്‍
ദൂരെ ദിക്കില്‍ നിന്നും സാമ്പ്രാണിയുടെ
ഗന്ധമുള്ള കാറ്റുമായി ഒരുവാഹനം പടിക്കലെത്തി

തടവറയില്‍ ജീവിച്ചതിന്റെ
അടയാളമായി കല്ലറയില്‍
വന്നതും പോയതുമായ ദിവസം
കുറിച്ചു വെക്കപ്പെട്ടു ...

 

Wednesday, 19 September 2012

വേവ്
---------------
നിശാ കാറ്റിന്‍ ഗന്ധത്തിന്

പകലില്‍ വെന്തെരിഞ്ഞ

പ്രണയത്തിന്‍റെ ഗന്ധം

 

Monday, 17 September 2012

ഗന്ധം
-------------
പകലിനും രാവിനും
രക്തത്തിന്‍റെ ഗന്ധമാണ്

നരമ്പു മുറിച്ചു ആത്മഹത്യ ചെയ്ത
പെണ്ണിന്റെ ഉണങ്ങിയ രക്തത്തിനു
മരിക്കാത്ത പ്രണയത്തിന്‍ ഗന്ധം

ലോറി കയറി ചതഞ്ഞരഞ്ഞ
ശവത്തിന്‍ ഓര്‍മ്മകളായി
റോഡില്‍ ഉണങ്ങിക്കിടന്ന രക്തത്തിനു
പകലിന്‍റെ ഏതോ കോണില്‍ പറയാതെ
അസ്തമിച്ച സൂര്യനെ പ്രണയിച്ച
കടല്ക്കാറ്റിന്‍ കണ്ണീരിന്‍ ഗന്ധം

ആരോ പകുതി മുറിച്ചെടുത്ത ശിരസില്‍ ‍
അടയാത്ത മിഴികളില്‍
പറ്റിയിരുന്ന രക്തത്തിനു
ദൂരെ കൂട്ടില്‍ കാത്തിരിക്കുന്ന
പൈതങ്ങളെ ഉറക്കുന്ന പാട്ടിനൊപ്പം
തഴുകിവരും കാറ്റിന് ഗന്ധം

പകലിനും രാവിനും
രക്തത്തിന്റെ ഗന്ധമാണ്

 

Sunday, 16 September 2012

തലസ്ഥാനം

തലസ്ഥാനം ഒരു പകലില്‍
---------------------------------------
കൊടികള്‍ മാറി വന്നിട്ടും
ഒളിപ്പിച്ചുവെച്ച നീതിക്ക് വേണ്ടി
സെക്രട്ടറിയേറ്റിന്‍ മുന്നില്‍
വെയിലേറ്റു നരച്ച
കുടിലില്‍ ചില സമരമുഖം

ഭരണം നഷ്ടപ്പെട്ട കൊടികളുടെ
സമരം ജലപീരങ്കിയും ലാത്തികളും തുരത്തി

ആക്രി പെറുക്കാന്‍ വന്ന പാണ്ടിചെക്കന്
പല കമ്പനിയുടെ "ഇണ "നഷ്ടപെട്ട ചെരുപ്പുകള്‍

ചനാല്‍ വണ്ടികളുടെ മറവില്‍
ഒരു സമരക്കുടില്‍ മുങ്ങിപ്പോയി

വിശന്നു കാവല്‍ നിന്ന ഒരു തൊപ്പിക്കാരന്
കോട്ടുവായ ഇട്ടതിതിന്‌ മന്ത്രിയുടെ വക ശകാരം

സഭ കഴിഞ്ഞു പുറത്തുവന്ന നേതാക്കളുടെ
പ്രഹസനങ്ങള്‍ ഫ്ലാഷ് ന്യൂസാക്കാന്‍
മത്സരംനടത്തുന്നു  ചാനലുകള്‍

പ്രതീക്ഷകള്‍ അസ്തമിക്കാതെ 
സമരക്കുടിലുകള്‍
പുതിയ പുലരി സ്വപ്നം കാണുന്നു 

Saturday, 15 September 2012

കേരളം
--------------
നല്ലൊരു കുഴിവെട്ടണം
പത്തു ബംഗാളികളെ
കൂലികൊടുത്ത്
ശവമടക്കവും നടത്തണം
പറ്റുമെങ്കില്‍ ഇവിടെ
"കേരളം " ജീവിച്ചിരുന്നു എന്ന്
ഒരു ബോര്‍ഡും സ്ഥാപിക്കണം
 

Friday, 14 September 2012

റോഡുകള്‍ ..

റോഡുകള്‍‍
------------------

ഹര്‍ത്താലിലിന്
പകലുറക്കത്തിനായി
'റോഡു ' പായ വിരിക്കുമ്പോള്‍
ചില ഒറ്റപ്പെട്ട വാഹനങ്ങള്‍
ബലാത്സംഗം ചെയ്തു
കടന്നുകളയും !!

Thursday, 13 September 2012

സംശയം ..

അസ്ഥിത്വം
----------------
ദൈവലോകത്തെത്തിയ
ചില മനുഷ്യരുടെ മുന്നില്‍
അസ്ഥിത്വം തെളിയിക്കാന്‍
ബുദ്ധിമുട്ടുന്നു  'ദൈവം '

Tuesday, 11 September 2012

ഭംഗി
--------
നിറങ്ങള്‍ക്ക് ഭംഗിയുണ്ട്
തെളിഞ്ഞ ആകാശത്തിനു
നീല നിറം വരുമ്പോള്‍
താഴെ പറക്കുന്ന മേഘങ്ങള്‍
ഒന്നുകൂടി വെളുത്തു സുന്ദരിയാകുന്നു

കുങ്കുമം കലര്‍ന്ന സന്ധ്യക്കും
നിലാവ് പെയ്യുന്ന രാത്രികള്‍ക്കും
ഭംഗിയുണ്ട്

കറുപ്പിനു ഭംഗിയുണ്ടെന്ന്
ആരോ കളവു പറഞ്ഞതാണ്

ആകാശം കറുത്ത്
കരയുമ്പോള്‍
നരച്ച  കറുത്ത കുട
നിവര്‍ത്തി പുലഭ്യം പറഞ്ഞു
അച്ഛന്‍ പുറത്തേക്കു പോകും

കരിവാളിച്ച ഒരു മുഖം
അകത്തിരുന്നു കരയും ..
-------------------------------------

Monday, 10 September 2012

ചരമം
-----------
പത്രം കിട്ടിയാല്‍
ആദ്യം ചരമകോളം നോക്കും !!

അച്ഛന്‍റെ നല്ലൊരു
ചിത്രമെടുക്കണം

നല്ലൊരു കുറിപ്പും
കൊടുക്കണം

അച്ചമ്മയുടെയും
അപ്പുപ്പന്റെയും
പേരുകള്‍ ചോതിച്ചറിയണം

തറവാടിന്‍റെ പേരോട് ചേര്‍ത്തു
അച്ഛന്‍റെ പേരുമെഴുതണം 

Saturday, 8 September 2012

മരിച്ച കിനാവുകള്‍
--------------------------------------
പ്രണയം ബാക്കിവെച്ച സ്വപ്നങ്ങളെ
പെറുക്കിയെടുക്കാന്‍ മരിച്ചുപോയ
ആത്മവുകളായി കിനാവുകള്‍
അലയുമ്പോള്‍ മുറിവേറ്റു ദൂരേക്ക്‌
മറഞ്ഞ ‍ പ്രണയിനിയുടെ ശേഷിപ്പ്
ചിതറിവീണ  പുഴയുടെയരികില്‍
ചാറ്റല്‍ മഴ ഇന്നലെ അധരങ്ങള്‍
ആദ്യമായി പ്രണയത്തിന്‍ പവിത്രത നിറഞ്ഞ
ചുംബനങ്ങളുടെ കഥകള്‍ പറഞ്ഞത്പോല്‍
പുഴയോടുമ്മവെച്ചു കളികള്‍ പറയുന്നു ..

ഈ പുഴയരികിലെവിടെയോ
വിടര്‍ന്ന മിഴികളുമായി
പുഞ്ചിരിയില്‍ പ്രണയമൊളിപ്പിച്ച
പാദസരാത്തിന്‍ കിലുക്കം കേള്‍ക്കാം

ഒരു സായംസന്ധ്യയില്‍
അധരങ്ങള്‍ പ്രണയത്തില്‍
വിരിഞ്ഞ ആദ്യ ചുംബനങ്ങള്‍
നല്‍കുമ്പോള്‍ പുഴയുടെ കളകളാരവം
പ്രണയ ഗീതങ്ങളായി

കിനാവുകള്‍ മരിച്ച ഹൃദയത്തിനു
ഈ പുഴയരികില്‍ ചിതയൊരുക്കുകയാണ്

ചിത കത്തിയൊടുങ്ങി
അവസാന ധൂമവും
മഴ മേഘമായി ആകാശത്തിലൊളിക്കും

ചാറ്റല്‍ മഴ പുഴയെ
ഉമ്മവെക്കാന്‍ഇനിയും വരും
അതിലൊരു തുള്ളി
കിനാവുകള്‍ മരിച്ച ഹൃദയത്തിന്‍
ആത്മാവിന്‍റെതാകും !!
-------------------------------------------
 

Thursday, 6 September 2012

കാഴ്ച മങ്ങിയ കണ്ണട

കാഴ്ച മങ്ങിയ കണ്ണട
-------------------------------------
പകല്‍ ഉണരും മുന്‍പ്
ഉറക്കമുണര്‍ന്നു ഉമ്മറപ്പടിയില്‍
അന്നത്തെപത്രവും കാത്തു
കാഴ്ച മങ്ങിയ വാര്‍ധക്യ
'കണ്ണട'

മതില്‍ക്കെട്ടിന്‍ മുകളില്‍ക്കൂടി
പറന്നുവരും പത്രം കണ്ണടയ്ക്ക്
ഒരുദിനം തുടങ്ങുന്നതിനു സാക്ഷി

ഉദിച്ചുയര്‍ന്ന സൂര്യനെറെ
തലോടലില്‍ വരികള്‍ പ്രകാശിക്കും

അവസാന കോളവും വായിച്ചു കണ്ണട
പിറകിലെ വഴികളില്ക്കൂടി
മനസ്സുമായി ഒരു യാത്രപോകും ...

പടുത്തുയര്‍ത്തിയ ഗോപുരങ്ങളും
വെട്ടിപ്പിടിച്ച വിജയങ്ങളും
മുളപ്പിച്ച വിത്തുകളും
വിത്തുപാകിയ നിലവും
ചിന്തകള്‍ പൊന്തിവന്ന വഴികളും കടന്നു
ശൂന്യതയില്‍ നിന്നും ജീവന്‍റെ
തുടിപ്പുഉത്ഭവിച്ച രാജ്യത്തിലേക്കാണ്
യാത്ര അവസാനിച്ചത് ..

മനസ്സിനെ തളച്ചിട്ടു
മുന്നിലെക്കുള്ള യാത്രയുടെ
ശൂന്യതയില്‍ 'കണ്ണടയും '
കണ്ണുകളും തനിച്ചാകുന്നത്
മറ്റൊരു പുലരിയില്‍
മറ്റൊരു 'കണ്ണട 'വായിക്കും !!! 

Tuesday, 4 September 2012

പകല്‍

പകല്‍
------------
പകലൊന്നു മായട്ടെ
പെഴച്ചു പെറ്റ പട്ടിണി
വയറിനോട് പെറ്റമ്മ മൊഴിഞ്ഞു

പെഴച്ചു പെറ്റവള്‍ക്ക്
പകലിനോട് വെറുപ്പാണ്
പേടിയുമാണ്

പകലിലെ ചിരികളാണ്‌
ചതിയുടെ ഇരുളിന്‍ മറവില്‍
പെഴച്ചവളെന്ന പേരു നല്‍കിയത്

പകല്‍ മായുമ്പോള്‍
പട്ടിണിമാറ്റാന്‍
ദൈവ ചിത്രത്തില്‍ തിരി കത്തിച്ചു
പുറത്തിറങ്ങും
വഴിവക്കിലെ കാണിക്ക വഞ്ചിയില്‍
നാണയമിട്ടു ഒന്നുകൂടി പ്രാര്‍ഥിക്കും

പുലരും മുന്‍പ്
തിരിച്ചുവരും
പലചരക്ക് കടയിലെ
കുടിശിക തീര്‍ക്കും
ദൈവത്തിനു തിരിയും വാങ്ങും 

Monday, 3 September 2012

രഹസ്യം ....

രഹസ്യം
--------------------
കിടപ്പറയില്‍ നഗ്ന മേനിയില്‍‍
രഹസ്യ കാമുകന്‍  ചുംബിക്കുമ്പോള്‍
പരിമളം വീശിയ വിദേശ പെര്‍ഫ്യൂമിനു
ഉച്ച വെയിലില്‍ ഉരുകിയ
രക്തത്തിന്റെ ഗന്ധം

രഹസ്യ കാമുകിക്ക് വാങ്ങിയ
അടി വസ്ത്രങ്ങളുടെ
ഭംഗിയില്‍ മുങ്ങിപ്പോയി
അടുക്കളയിലെ പാത്രങ്ങളുടെ
കിലുക്കങ്ങളില്‍ മൌനമായി
നിന്ന പഴയ താലിച്ചരട്

Sunday, 2 September 2012

കണ്ണുകള്‍
-----------------
അഭയകേന്ദ്രത്തിലെ
ഓണ സദ്യക്കു മുന്നില്‍
ദൂരെക്കഴിയുന്ന മക്കള്‍
വിശപ്പടക്കിയോയെന്നു
ആലോചിച്ചുകൊണ്ട്
തൊലി ചുളുങ്ങിയ കണ്ണുകള്‍ !!

 

Saturday, 1 September 2012

ആത്മാവ്
------------------
സഖീ ...
നിന്‍ പദനിസ്വനം കേട്ടുറങ്ങിയ
രാവുകകള്‍ തേടി എന്‍ ആത്മാവ്
അകലെ മരണത്തിന്‍ താഴ്വരയില്‍നിന്നു
പറന്നു വരും

പകലില്‍ ഒളിച്ചിരുന്ന നിന്‍
മിഴിയിണകളിലെ നീല വര്‍ണ്ണങ്ങളില്‍
മൌനമായി നോക്കിനിന്ന
എന് പ്രണയം ആകാശ നീലിമയില്‍
വെള്ളിമേഘങ്ങള്ക്കൊപ്പം
ദിശയറിയാതെ സഞ്ചരിച്ചതു
സഖീ നീയെന്‍റെ അണിയത്തു
ചേര്‍ന്നു നില്‍ക്കും ദിനം കാണാനായിരുന്നോ ?

കുന്നിറങ്ങിവരും കുഞ്ഞു
സൂര്യനൊപ്പം ചുവന്ന
പാവാടയില്‍ തിളങ്ങിയ കസവില്‍
ഒരു പുലരി മുഴുവനും മുങ്ങിയപ്പോള്‍
സഖീ എന്നിലെ പ്രണയാര്‍ദ്രം
നിന്നില്‍ തളിരിട്ടു..


വായിച്ച കവിതകളിലെ
പ്രണയവരികള്‍
വഴികളില്‍ മൌനമായി
മന്ത്രിച്ചത് ഇമകളടക്കാതെ
നോക്കിപ്പോയത് സഖീ
നീ എന്‍റെ പ്രണയത്തെ
അറിഞ്ഞതുകൊണ്ടാണ്

മഴകൊണ്ട് നിശബ്ദമായ
രാത്രികളില്‍ ജാലകം തുറന്നിട്ട്‌
മഴയില്‍ ഒളിച്ചിരുന്നു ആരോ മൂളുന്ന
സംഗീതത്തിനു നനുത്ത കാറ്റ്
താളമിടുമ്പോള്‍ സഖീ  നിന്നെ
ചാരത്തു നിര്‍ത്തി ജാലകമടക്കും
ദിനം സ്വപ്നം കണ്ടുഞ്ഞാന്‍ .

മഴകളും സംഗീതങ്ങളും
മാറി മാറിവന്നു
കുന്നിറങ്ങിവന്ന സൂര്യന്‍
എകാനായി
കവിതകള്‍ പ്രണയവരികളെ
മരുഭൂമിയിലെ കാറ്റുകള്‍ക്കൊപ്പം വിട്ടു

പ്രണയം അകന്നുപോയ
ആത്മാവായി മരണത്തിന്‍ താഴ്‌വരയില്‍
ഏകനായി ഞാന്‍ ....


 
സ്വപ്നം
-------------

ഇരുട്ടിനു കാവല്‍ നില്‍ക്കും
തെരുവു വിളക്കുകള്‍
പുലരി സ്വപ്നം കാണുന്നതുപോലെ
ലോഡ്ജ് മുറിയില്‍
അന്തിക്കൂട്ടിനു വന്ന
പെണ്ണും കാണുന്നു !!