Pages

Wednesday 30 May 2012

ശ്മശാനം

പകലുകളില്‍ അടുത്തുവരുന്ന
കാലൊച്ചകള്‍ ഉറങ്ങിക്കിടക്കുന്ന
ആത്മാക്കളെ ഉണര്‍ത്തി
ഒരു തലമുറയുടെ ചരിത്രങ്ങള്‍
പഠിപ്പിക്കാന്‍ തുടങ്ങും നേരം
ഓടയില്‍ ഒടുങ്ങേണ്ടിവന്ന
കുരുന്നിന്റെ ആത്മാവ്
ആദ്യ ചോദ്യവുമായി വന്നു ..

അമ്മയെന്ന മൃദുലത
അച്ചനെന്ന അലിവും
എന്നില്‍ എന്തെ ചേര്‍ന്നില്ല ?

ഒരു പുലരികാണാതെ
പിറവിയും മരണവും
കണ്ടുഞ്ഞാന്‍ ..

പിറവിക്കുമുന്നെ
മരണംകണ്ട ഒരു ശലഭം
പരാതിപറയാന്‍ വായ
അന്വേഷിക്കുന്നു

ഈര്‍ച്ചവാള്‍ ആദ്യം
അറുത്തത് മുഖത്തെയായിരുന്നു..

പഴയ മരുന്നുകുപ്പിക്കൊപ്പം
ആ കറുത്ത രക്തത്തെയും
ഈ ശ്മശാനത്തില്‍ അടക്കം ചെയ്തു

പരാതികള്‍ കൂടിവന്നു .

പഠിപ്പിക്കല്‍ നിര്‍ത്തി
കാലൊച്ച പിന്‍വാങ്ങി

കൂട്ട ബലാല്‍സംഗം നടത്തി
ശ്മശാനത്തില്‍ തള്ളിയ
പതിനേഴുകാരിയുടെ ആത്മാവിനെ
കണ്ടതും ഒരു ചിരിയോടെ
കാലൊച്ച വീണ്ടും ശ്മശാനത്തിലേക്ക് .........





Tuesday 29 May 2012

വാടക വീടൊഴിഞ്ഞു
അടുത്ത സത്രം തേടുകയാണ് ഞാന്‍

മരുഭൂമിയില്‍  സഹജീവികള്‍
മനസ്സു കുത്തി നോവിക്കുന്നു

ഇറങ്ങണമെന്നു  ഇരുട്ടത്ത്‌
കവിതയെഴുതുന്ന മുഖത്ത് നോക്കി
വെളിച്ചമില്ലാത്ത മുഖങ്ങള്‍ പറയുന്നു

സത്രം തേടി അലഞ്ഞു ഞാന്‍
ഒടുവില്‍ കടുവയുടെ ചിത്രമുള്ള
കൊടിയുടെ രാജ്യക്കാരന്‍
അമിതവാടക ഈടാക്കി
സത്രമൊരുക്കി..

പോവുകയാണ്..
 ഇനിയെന്റെ
കിടപ്പറയില്‍ എന്റെ പുസ്തകങ്ങള്‍
എന്നെ നോക്കി ചിരിക്കും

നാലു ചുവരുകളിലെ
നാലു സ്വഭാവങ്ങളില്‍
ഇനി ഞാനില്ല .

ഏകനാണ് ഞാന്‍
ഏകാന്തതയുടെ ഇരുട്ടില്‍
എന്റെ കൂട്ടുകാര്‍
എനിക്ക് വെളിച്ചം

Sunday 27 May 2012

പോവുകയാണ് 
പടികള്‍ ഇറങ്ങി പോവുകയാണ്
കയറിയ പടികള്‍ എത്രയെന്നു
എണ്ണിതിട്ടപ്പെടുത്താന്‍ കഴിയാതെ

വസ്ത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തലായി
ഒരു കുഞ്ഞു പൈതലിന് തൊട്ടിലാകും
അല്ലങ്കില്‍ പ്രളയം ബാദിച്ചവര്‍ക്ക്
ഉടുതുണിയാകും

എഴുതിയ പുസ്തകങ്ങളില്‍
പുശ്ചിച്ചുകൊണ്ട് പല്ലികള്‍
മുട്ടയിട്ടു കൂട്ടും

അല്ലങ്കില്‍ ആക്രിക്കടയിലെ
കള്ളത്രാസ്സില്‍ കൂട്ടം തെറ്റിക്കിടക്കും

ഈ യാത്രയില്‍ എന്തുണ്ട് കൂടെ ?

കണ്ണുകള്‍ സത്യം പറയാതെ
മിഴികള്‍ പൂട്ടിയിരിക്കുന്നു

അടക്കിപ്പിടിച്ച ഒരു തേങ്ങലിന്റെ
നേര്‍ത്ത ശബ്ദം എപ്പോഴാണ് കേട്ടത് ?

ഇല്ല  , കൂടെയാരുമില്ല
തനിച്ചാണെന്നു മുന്നിലെ
ഇരുളില്‍ നിന്നാരോ മന്ത്രിക്കുന്നു .


ഇരുളില്‍ നിന്നാണ്
എന്‍റെ കയറ്റം
ഇരുളിലേക്ക് തന്നെ മടക്കവും








ഇതോ  അങ്കം ..?

ചെറു ബാല്യം വിടാത്ത കുട്ടികളുടെ കളിക്ക്

തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം ..?

പന്തിപ്പഴുതു കണ്ടപ്പോഴൊക്കെ പരിചക്ക്
വെട്ടിയൊഴിഞാതാണെന്നറിയാനുള്ള പഠിപ്പെങ്കിലും
തികഞ്ഞില്ലേ മക്കളെ നിങ്ങള്ക്ക് .?

ശേഷം എന്തുണ്ട് കൈല്‍ ?

പുരന്ജ്ജയമായി തുടങ്ങി സൌഭദ്രമാണന്നു തോന്നിപ്പിക്കുന്ന
  പഴയ ആ പുത്തൂരമടവോ ..?
അതോ  പരിച്ചക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞു ചതിച്ചു വെട്ടുന്ന കുറുപ്പന്മാരുടെ
പുതിയടവോ..?

' ആയുധമെടുക്കാന്‍ ..."

ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല ..!!

ജീവിതത്തില്‍ ചന്തുവിനെ തോല്പ്പിച്ചട്ടുണ്ട്
പലരും   പലവട്ടം..!

മലയാനോട് തൊടുത്തുമരിച്ച  എന്റെ അച്ഛന്‍
ആദ്യം തന്നെ എന്നെ തോല്‍പ്പിച്ചു

സ്നേഹം പങ്കുവയ്ക്കുമ്പോള്‍ കൈ വിറച്ച ഗുരുനാഥന്‍
പിന്നെ തോല്‍പ്പിച്ചു

പൊന്നിനും പണത്തിനുമൊപ്പിച്ചു സ്നേഹം തൂക്കിനോക്കിയപ്പോ
മോഹിച്ച പെണ്ണുമെന്നെ തോല്‍പ്പിച്ചു

അവസാനം ..അവസാനം  സത്യം വിശ്വസിക്കാത്ത
ചങ്ങാതിയും തോല്‍പ്പിച്ചു

തോഴ്വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം
പിന്നെയും ബാക്കി .......

മടങ്ങിപ്പോ .........

ആരോമലരുടെ മകനും  മരുമകനും നാണംകെട്ടു മടങ്ങാന്‍ വന്നവരല്ല ..

ചന്തു :
അങ്ക മുറ കൊണ്ടും ആയുധ ബലം കൊണ്ടും
ചതിയന്‍ ചന്തുവിനെ തോല്‍പ്പിക്കാന്‍ ആണായിപിറന്നവരില്‍
ആരുമില്ല  ആരുമില്ല

Thursday 24 May 2012


ഉടഞ്ഞു പോയ കണ്ണാടി
ചില്ലുകള്‍ ഉറക്കമില്ലാത്ത 
രാത്രികളില്‍ ഈര്‍ച്ചവാളായി
ഹൃദയത്തെ മുറിക്കുന്നു

കണ്ണാടി ഉടയാന് തുടങ്ങിയത്
ഉടയോരില്ലാത്ത ബാല്യത്തില്‍

അച്ഛന്‍ ഉറങ്ങിയ മണ്ണിനു
അനന്തരമെടുക്കാന്
അവകാശികള്‍ കണ്ണാടി
ഉടച്ചത് അമ്മയുടെ കണ്ണുനീരില്‍

ഉടഞ്ഞ ചില്ലുകള്‍ അച്ഛന്റെ
കുഴിമാടത്തില്‍ മൂടി   അമ്മ
പിന്നെ കണ്ണാടിയില്‍ നോക്കിയില്ല

ചില കണ്ണാടികള്‍ക്ക്
നിറഭേദങ്ങള്‍ വന്നത്
മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍
തുടങ്ങിയപ്പോള്‍ ..

വിലക്ക് വാങ്ങാന്‍ കണ്ണാടികള്‍
സുലഭമായപ്പോള്‍  തിരിച്ചരിയപ്പെടാന്‍
കഴിയാതെപോയ കണ്ണാടികള്ക്കായി
ഒരന്വേഷണം നടത്തി

കണ്ടെത്തിഞ്ഞാന്‍ ഒരു വഴിയില്‍
എന്നെ തേടിവന്ന നിറഭേദങ്ങളില്ലാത്ത
കണ്ണാടികളെ
 
ഞങ്ങളിന്നു കണ്ണാടികളാണ്
കാലം മങ്ങലേല്‍പ്പിക്കാത്ത
തെളിഞ്ഞ കണ്ണാടികള്‍





‍‍

Tuesday 22 May 2012

ഓര്‍മ്മകള്‍ക്കുമപ്പുറത്ത്
-----------------------------------------
ഓര്‍മ്മകല്‍ക്കുമപ്പുറത്ത്

ഒരു സുന്ദര ചിത്രമായി എന്നില്‍
നീ ഇന്നും നനുത്ത പ്രണയത്തിന്‍
കഥകളുമായി വിരിഞ്ഞ
പൂവുകള്‍ക്കിടയില്‍
പുഞ്ചിരിയുമായി നില്‍ക്കുന്നു

ഓര്‍മ്മകള്‍ക്കുമപ്പുറത്ത്

മഴ പെയ്തു തോര്‍ന്ന രാത്രിയില്‍
നിന്നെ വര്‍ണ്ണിച്ചെഴുതിയ കവിതകള്‍
ജാലക വാതില്‍ക്കൂടി നിലാവ്
കേട്ടുറങ്ങിയപ്പോള്‍ ഉറങ്ങാതിരുന്ന
എന്റെ സ്വപ്നങ്ങളും....



ചെമ്മാനം സുന്ദരിയാക്കിയ
സന്ധ്യയില്‍ അമ്പല നടയില്‍
കത്തുന്ന നിലവിളക്ക് പോലും
നാണിക്കും നിന്‍ മുഖം കണ്ടു ഞാന്‍
നിന്നതും ...



അന്നൊരു പകല്‍
അസ്തമിക്കാന്‍
തുടങ്ങും മുന്നേ പറയാന്‍
വന്ന വാക്കുകള്‍
പരിഭവിക്കാതെ നിന്നതും .

കാലം സമ്മാനിച്ച വിധിയെന്നുപറഞ്ഞു
കല്യാണപെണ്ണായി നീ മറ്റൊരു
ചില്ലയിലേക്ക് ചേക്കേറിയപ്പോള്
‍ തിരിഞ്ഞു നടന്ന വഴികളില്‍
കണ്ണില്‍ നിന്നും അടര്‍ന്നു വീണ
എന്‍ രക്ത തുള്ളികള്‍ അടയാളമിട്ടതും..

ഇന്നും മഴ പെയ്തു തോര്‍ന്ന
രാവുകളില്‍ ജാലക വാതിലില്‍
എന്നെ നോക്കി നില്‍ക്കും നിലാവില്‍
ഞാന്‍ കാണുന്നു നിന്‍ സുന്ദര മുഖം

ഓര്‍മ്മകള്‍ക്കുമപ്പുറത്ത്
----------------------------------------





















Monday 21 May 2012

ഹൃദയത്തിന്റെ ഭാഷയാണ്‌
വിശ്വാസമെന്നു വായിച്ച
പുസ്തകങ്ങളിലെ വരികള്‍
ഇന്ന് ചിതെലെടുതപ്പോള്‍
എവിടെയാണ് വിശ്വാസമെന്നു
തേടി എത്തിയത് മതങ്ങള്‍
വിശ്വാസമെന്നു എഴുതിയ
ഒരു ഗോപുരത്തിന്‍ മുന്നില്‍
നിറഭേതങ്ങള്‍ നിശ്ചയിച്ച
പുരോഹിതര്‍ വിശ്വാസത്തെ
വീതിക്കുന്നതില്‍ അളവുകള്‍
നിശ്ചയിച്ചു.
ദൈവം വിശ്വാസങ്ങളെ
വേര്‍തിരിച്ചത് അനീതിയാണെന്ന്
ഉച്ചത്തില്‍ പറഞ്ഞപ്പോള്‍
ചങ്ങലയുടെ ചങ്ങാതിയായി
മുദ്ര വെച്ചു  ദൈവത്തെ
അനന്തരമെടുത്തവര്‍

ഹൃദയങ്ങള്‍ തമ്മില്‍
വിശ്വാസമുണ്ടെന്ന്
താലിച്ചരട് പറഞ്ഞത്
രണ്ടുകിടപ്പറയിലെ
മൌനങ്ങള്‍ നിഷേധിച്ചു

മക്കള്‍
തരുന്ന സ്നേഹം
വിശ്വസമുള്ളതലന്നു
പഴയ ഇരുമ്പു പെട്ടിയില്‍
ഇരുന്നു ആധാരം അച്ഛനോട്
പറയുന്നു

ഒടുവില്‍ വിറ്റഴിയാനുള്ള
വാക്കുകളായി വിശ്വാസം

Saturday 19 May 2012

ദൈവത്തിന്‍റെ അസ്ഥിത്വം
തേടി യാത്ര തുടങ്ങി
വഴികളില്‍ വേട്ടയാടപ്പെട്ട
ദൈവങ്ങളെ തിരിച്ചറിയാതെ
കണ്ണുകള്‍ മുകളിലേക്ക്
മാത്രം സഞ്ചരിച്ചു
ദൈവം മുകളിലാണന്നു
മലയിറങ്ങി വന്ന ചിലരുടെ
മൊഴികള്‍ ഓര്‍മയില്‍ വന്നത്
നോട്ടം കൂടുതല്‍ ശക്തിപ്പെടുത്തി
പാദങ്ങള്‍ നഗ്നമായി
ദൈവം പാദരക്ഷ ധരിക്കത്തവനെന്നു
'ചെരുപ്പുകള്‍ പുറത്ത്‌ " എന്ന
വാക്കുകള്‍ എവിടെയോ
ദൈവം വിശ്രമിച്ച വീടിന്റെ
ഉമ്മറത്ത് തൂങ്ങിക്കിടന്നതായി
ഓര്‍ത്തെടുത്തു
മുടി വളര്‍ന്നു
ഉള്ളില്‍ വസിക്കും പേനുകളും
യാത്രയില്‍ കൂടി
ഒടുവില്‍ ഒരു പുലരിയില്‍
പെട്ടെന്നു യാത്ര നിറുത്തി
ഒരു തിരിച്ചറിവ് മഹാ സത്യത്തെ
വിളിച്ചു പറഞ്ഞു
' നീയാണ് ദൈവം
തലമുടി വളര്‍ന്നു
താടിരോമങ്ങളും
 ഇനി വേണ്ടതൊരു
സിംഹാസനം
ആദ്യം കണ്ട മരച്ചുവട്ടില്‍
ഇരിപ്പിടം കണ്ടെത്തി
ദൈവം ഉറക്കെ വിളിച്ചു പറഞ്ഞു
" ഞാനാണ് ദൈവം
ഞാന്‍ മാത്രമാണ് ദൈവം .

മരച്ചുവട്ടിന്‍ പുറകിലൊളിച്ചിരുന്ന
മറ്റൊരു ദൈവം പൊട്ടിച്ചിരിച്ചു

Wednesday 16 May 2012

സ്മൃതികള്‍ മൃതിയടയുംമുന്നെ
മൃതിയടഞ്ഞ പ്രണയിനിയുടെ
ശവകൂടീരത്തില്‍ എഴുതി വെക്കും
കവിതകള്‍ ഒരു വസന്തകാലത്തിന്‍റെ
അനുസ്മരണമായി ..

സഖി ...
നിന്‍റെ പ്രണയം അന്നെന്നില്‍
വിടര്‍ന്നത് മുന്‍ജന്മ സുകൃതമെന്നു
സാഗരവും സന്ധ്യകളും
സൊറപറയുന്നത് കണ്ട നിമിഷങ്ങളില്‍
പ്രണയ സാഗരങ്ങളുടെ സംഗമങ്ങളായി
എന്‍ നെഞ്ചകം ..

പിന്നെ വന്ന പകലുകള്‍
പ്രണയ കഥകള്‍ കേട്ടുറങ്ങും
നേരം ഉണരാന്‍ കൊതിച്ച
നിലാവിനും താരകങ്ങള്‍ക്കും
കണികണ്ടുണരാനായി നമ്മുടെ
നമ്മുടെ നിത്യ പ്രണയം ..

വഴിതെറ്റി വന്ന മരണം
മൌനമായി കിടന്ന
നിന്‍ മേനിയെ ഹൃദയം എന്നില്‍
തന്നിട്ട് ഈ കുടീരത്തില്‍ അടക്കം ചെയ്തു
 മറ്റൊരു മരണം
വഴിതെറ്റി വരാന്‍ കാത്തിരുപ്പ്
അനന്തമായപ്പോള്‍ എന്‍ സ്മൃതികളെ
ഈ കല്ലറക്കുമുന്നില്‍ സമര്പ്പിച്ചു
യാത്രയാവുകയാണ്

ഇനിയെന്റെ യാത്ര
സ്മൃതികളില്ലാതെയാണ്

നീ പുനര്‍ജ്ജനിക്കണം
മരണത്തെ തടയാന്‍
പാറാവുകാരുള്ള ദേശത്ത്
പറവയായി വന്നു നീ
 എന്നെ കൊണ്ടുപോകുംവരെ
സ്മൃതികളില്ലാതെയാണ്
എന്‍റെയാത്ര .........











Tuesday 15 May 2012

കുമ്പസാരം
----------------------
ഇരുട്ടില്‍ ഇരയുടെ
ഉദരത്തില്‍ കത്തി
കുത്തിയിറക്കുംന്നേരം
കാതുകളിലേക്ക് ഇരമ്പിയെത്തിയ
നിലവിളി മറക്കാന്‍
ചുവപ്പു വെളിച്ചം തന്ന
മുറിക്കുള്ളിലെ മദ്യകുപ്പിക്കു മുന്നില്‍
കുമ്പസാരം  നടത്തി ..

 

Monday 14 May 2012


അസ്തമയത്തിനു മുന്നേ
സൂര്യന്‍എന്തേ തിരിഞ്ഞു നോക്കിയത് ?

തിരകള്‍ സാഗരത്തിനോട് എന്തേ
സ്വകാര്യം പറഞ്ഞത്

മുഖം പൊത്തിച്ചിരിച്ച
താരകങ്ങള്‍ എന്തെ നാണിച്ചു നിന്നത് ?

മേഘക്കീറിന്‍ വിടവിലൂടെ
എന്തേ നിലാവ് എത്തി നോക്കിയത് ?

കുണുങ്ങി വരും കാറ്റിനെന്തേ
നാണം ?

നാണം മിഴികളില്‍ ഒളിപ്പിക്കുന്നേരം
അധരങ്ങള്‍ തമ്മില്‍
അന്തമായ പ്രണയത്തിന്‍ കഥകള്‍
പറഞ്ഞത് കണ്ടതു കൊണ്ടോ ?








Sunday 13 May 2012

"പേനകൊണ്ടെഴുതാന്‍
പഠിപ്പിച്ച ദൈവത്തിന്റെ
നാമത്തില്‍ നീ വായിക്കു "
എന്ന വിശുദ്ധ വചനം സാക്ഷി
അക്ഷരങ്ങളെ അന്തരങ്ങളിലേക്ക്
ആവാഹിക്കാന്‍  അമ്മ
ആദ്യം കൈപിടിച്ചിരുത്തിയ
ആക്ഷര മുറ്റത്തെ സ്മൃതി പഥങ്ങളിലേക്ക്
അടുപ്പിക്കുമ്പോള്‍ ഓടിവരുന്നത്
അക്ഷരങ്ങളെ ഹൃദയവുമായി
അടുപ്പിച്ച അധ്യാപനങ്ങള്‍
സ്നേഹത്തിന്‍ പൂക്കള്‍
വിടര്‍ന്ന പാഠശാലകള്‍
പീലികള്‍ പെറ്റുപെരുകിയ
പുസ്തകങ്ങള്‍
പുതു പുസ്തകങ്ങളുടെ പരിമളം

ആഴമുള്ള ബന്ധങ്ങളിക്ക്
നിറഭേദങ്ങളില്ലാതെ
മാനസ്സങ്ങളെ ബന്ധിപ്പിക്കുന്നു
അക്ഷരങ്ങള്‍ ..


Saturday 12 May 2012


യേശു ദേവന്റെ പത്തുകല്‍പ്പനകല്‍
പ്രജകള്‍ക്കായി പഠിപ്പിക്കാന്‍ രാജാവ്
മനപ്പാഠം പഠിക്കാന്‍ തുടങ്ങിയട്ടു
വര്‍ഷങ്ങളായെന്നു മന്തികള്‍ .

ഇരിപ്പിടങ്ങള്‍ങ്ങള്‍ പോലും
വെഭിചരിച്ചു  രാജ്യത്തിനുമപ്പുറം
കൊട്ടാരങ്ങള്‍ തീര്‍ത്തു
പ്രജകളെ മറന്നെന്നു
ഉപമാന്ത്രിമാര്‍ ...


നഷ്ടപ്പെട്ട സിംഹാസനം
തിരികെപ്പിടിക്കാന്‍
ഇന്നലകളുടെ പ്രതാപികള്‍‍
തെരുവ് യുദ്ധം നടത്തുമ്പോള്‍
ബോധമുള്ള പ്രജകള്‍
കാലത്തെ പ്പഴിച്ചു
ഒഴുക്കിനൊപ്പം നീന്തുന്നു



ഒന്നുമറിയാത്തവര്‍
 പട്ടണത്തിലെ തരുണികള്‍
തുണിയുരിയുന്നത് കാണാന്‍
ചാനലിന് മുന്നില്‍ ശ്വാസമടക്കി
കാത്തിരിക്കുന്നു

പ്രതാപ കാലങ്ങളെ
അയവിറക്കി തെരുവ്
വേശികള്‍ മുല്ലപ്പൂ ചൂടന്‍
കാശില്ലാതെ ചാനലുകളെ
ശപിക്കുന്നു ..


Friday 11 May 2012

സിതാരയിലേക്ക് ഒരു യാത്ര ...

"കോഴിക്കോട്ടെകാണ് ഞങ്ങളുടെ യാത്ര .

രണ്ടായിരത്തി പതിനൊന്നു മെയ് ഇരുപത്തിരണ്ടു  ഞായറാഴ്ച വൈകിട്ട് മൂന്നു മുപ്പത്തിനൊള്ള ജനഷധാബ്ധി എക്സ്പ്രസ്സില്‍ ഞാനും സുഹൃത്ത്‌ ബനീഷും കായംകുളത്തുനിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു , അവിടെ നടക്കവിലാണ് "സിതാരാ ' എന്ന വീട് . അവിടെയാണ്  എം ടി വാസുദേവന്‍ നായര്‍ എന്ന ' കര്‍ണ്ണന്‍ ' ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നതു  . ആ മഹാനെ കാണാനയാണ് ഞങ്ങളുടെ യാത്ര ...

തലേ ദിവസം എടുത്ത തീരുമാനമാണ് എം ടി യെ കാണണമെന്ന് ,സുഹൃത്ത്‌ ബനീഷിനോട് കാര്യം പറഞ്ഞപ്പോള്‍  " നടക്കുന്ന കാര്യം വല്ലതും പറയു മാഷേ ' എന്ന് പറഞ്ഞു ഒരു പരിഹാസ ചൊവയില്‍ എന്നെ നിരുത്സാഹപ്പെടുത്തി.  ' അതവാ നമ്മള്‍ ശ്രമിച്ചാല്‍ എങ്ങിനെ കാണും " തിരക്ക് പിടിച്ച ജീവിതത്തില്‍ കഴിയുന്ന വെക്തിയല്ലേ അദ്ദേഹം ?'   ഇങ്ങിനെ ഓരോ വാക്കുകള്‍ പറഞ്ഞു ബനീഷു എന്നെ ആ ഉദ്യമത്തില്‍ നിന്നും പിന്തിരുപ്പിച്ചുകൊണ്ടിരുന്നു ,   പക്ഷേ  എന്റെ മനസ്സ്  അങ്ങ് സിതാരയിലേക്ക് അടുക്കുന്നതുപോലെ . കാണണം .ആഗ്രഹം  പൊന്തിവന്നു കൊണ്ടിരുന്നു ...

പെട്ടന്നാണ്  കോട്ടയം ഡി സി ബുക്സ് മനസിലേക്ക് ഓടിവന്നത് . നമ്പര്‍ കണ്ടെത്തി  ഡി സിയിലേക്ക് വിളിച്ചു . എം ഡി സാറിന്റെ നമ്പര് അവശ്യപ്പെട്ടു .
നമ്പര്‍ കിട്ടിയപ്പോള്‍ സന്തോഷം ഒരു മഴയായി മനസ്സിലേക്ക് പെയ്തിറങ്ങി .

നിശബ്ദത തളംകെട്ടി നിന്ന സമയം . ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തു ,ബല്ലടിക്കുന്നുണ്ട് . ഹൃദയ മിടുപ്പ് ഒരു തായമ്പകയെ ഓര്‍മ്മപ്പെടുത്തി .
മറുഭാഗത്ത്‌  റിസീവര്‍ എടുത്തുകൊണ്ട്  ഒരു സ്ത്രീ ശബ്ദം  " ആരാ ..?  എം ടി സാറിന്റെ വീടല്ലേ ?  അതെ '  സാര്‍ സ്ഥലതുണ്ടോ . ?  ഉണ്ടല്ലോ '  എവിടുന്നാ വിളികുന്നെ ?  'കായംകുളത്തു നിന്നാണ് '   ഹോള്‍ഡ്‌ ചെയ്യുട്ടോ . കൊടുക്കാം .  ഹൃദയമിടിപ്പ് കൂടിവരുന്നു .    ' ഹലോ   '  സാറിന്റെ ശബ്ദം  , എന്ത് പറയണമെന്ന് അറിയാതെ  ഒരു നിമിഷം പകച്ചു നിന്നു ..ദൈര്യം സംഭരിച്ചുകൊണ്ട് സംഭാഷണം തുടങ്ങി ,  '  സാറിന്റെ പുസ്തകങ്ങള്‍ ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍ . അങ്ങയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട് ,നാളെ വീട്ടില്‍ ഉണ്ടാകുമോ ..?  സൌമ്യമായ ഭാഷയില്‍  സാറിന്റെ  മറുപടി . 'തിങ്കളാഴ്ചയുണ്ടാകും .അന്ന് വന്നോളു .'  സന്തോഷത്തിന്റെ   പെരുമഴ പെയ്യുകയായിരുന്നു അപ്പോള്‍ മനസ്സില്‍ ...


'ഓടി മറയുന്ന പച്ചപ്പിലേക്ക് നോക്കി  തീവണ്ടിയുടെ ജാലക സമീപം ഞങ്ങള്‍ ഇരുന്നു . നാളത്തെ കൂടിക്കാഴ്ച സ്വപനംകണ്ട് മിഴികള്‍ പതുക്കെ അടച്ചു .

പത്തുമണിക്ക്  മഹാനഗരത്തില്‍ ഞങ്ങള്‍ എത്തി . പാളയം റോഡിലേ അപ്സരാ ടൂറിസ്റ്റു ഹോമില്‍ അന്നത്തെ ഞങ്ങളുടെ ഉറക്കം . എനിക്ക് ഉറക്കം വന്നില്ല . തുറന്നിട്ട ജാലകത്തില്‍ കൂടി വിജനമായാ നഗരത്തെ നോക്കി കൊണ്ട് ഞാന്‍ നിന്നു.  നിലാവെട്ടത്തെമറച്ചുകൊണ്ട് തെരുവ് വിളക്കുകള്‍ ഉറങ്ങാതെ നില്‍ക്കുന്നു .

എട്ടു മണിക്കുമുന്നെ ഞങ്ങള്‍ ഒരുങ്ങി പുറത്തിറങ്ങി . നടക്കാവ് വഴിപോകുന്ന ബസ്സില്‍ കയറി , ഞങ്ങള്‍ കൊട്ടാരം റോഡു അനേഷിച്ചു .(സിതാര .കൊട്ടാരം റോഡു .കോഴിക്കോട് .എന്നാണ് സാറിന്റെ അഡ്രസ്സ് .നടക്കവിലാണ് എന്ന് ആരോ പറഞ്ഞതായി ഓര്‍ക്കുന്നു )  ഈസ്റ്റ്‌ നടക്കാവില്‍ ഇറങ്ങി വലത്തുഭാഗത്തേക്ക് തിരിയുമ്പോള്‍ ഇടതു ഭാഗത്തേക്ക്‌ തിരിയുന്ന ആദ്യ ഇട റോഡാണ് കൊട്ടാരം റോടെന്നു ഒരു യാത്രക്കാരന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു .
നടക്കാവില്‍ ബസ്സിറങ്ങി കൊട്ടാരം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ഞങ്ങള്‍ നിന്നു . അടുത്തുകണ്ട ഒരു ഓട്ടോറിക്ഷ ഡ്രൈവറോട് സാറിന്റെ വീട് അന്വേഷിച്ചു . ഇടതു ഭാഗത്ത് ആറാമത്തെ വീടാണ് സിതാരയെന്നു അദ്ദേഹം പറഞ്ഞുതന്നു



രണ്ടു മതില്‍ കെട്ടിന്റെ ഇടയില്ക്കൂടിയുള്ള  വിശാലമായ വഴി തീരുന്നത്  'സിതാര ' എന്ന വീടിന്റെ മുന്നിലാണ് . ദൈര്യം ചോര്‍ന്നു പോയിക്കൊണ്ടിരിക്കുന്നു , ,തുറന്നു കിടക്കുന്ന വാതിലില്‍ക്കൂടി  ഹാളിലേക്ക് നോക്കി . ഭിത്തിയില്‍ ജീവനുള്ള ചിത്രംപോലെ സാറിന്റെ ഗൌരവം നിറഞ്ഞമുഖം ഞങ്ങളെ നോക്കുന്നതുപോലെ .  കോളിംഗ് ബെല്ലില്‍ എന്റെ വിരല്‍ അമര്‍ന്നു ,   നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ .മുത്തുകള്‍ പൊഴിയുന്ന ചിരിയുമായി ,വെള്ളയില്‍ നീല പൂക്കളുള്ള മാക്സി ധരിച്ച  വെളുത്തു സുന്ദരിയായ ഒരു മധ്യവയസ്ക്യ ഞങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായി
സാറിന്റെ ഭാര്യായിരുന്നു  ആ സുന്ദരി  .. ' ആരാ  '  സാറിനെ കാണാന്‍ വന്നതാണ് ഇന്ന് വരാന്‍ പറഞ്ഞിരുന്നു , കായംകുളത്തുനിന്നുംവരുകയാണ് ഞങ്ങള്‍ .'  കയറി ഇരിക്കുട്ടോ '   എന്നു പറഞ്ഞു അവര്‍ അകത്തേക്ക് പോയി .

ഉമ്മറത്ത്‌ കയറി ഞങ്ങള്‍ നിന്നു .മുന്നിലെ മേശയില്‍ അന്നത്തെ പത്രങ്ങള്‍ .ഭഗവത്‌ ഗീത ,തുടങ്ങിയ ഗ്രന്ഥങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു .മഹാന്റെ ചുണ്ടില്‍ എരിഞ്ഞു തീര്‍ന്ന ബീഡിയുടെ ശേഷിപ്പ് ആശ്ട്രയില്‍ കൂടിക്കിടക്കുന്നു ,  പെടുന്നനെ  ഞങ്ങള്‍ക്കുമുന്നില്‍ സാറ് പ്രത്യക്ഷമായി .  'ഒരു പകല്ക്കിനാവിന്റെ വിസ്മയത്തോടെ ആ മുഖത്തേക്ക് നോക്കി ഞങ്ങള്‍ നിന്നു ..

'വരൂ / ഹാളിലേക്ക് ഞങ്ങളെ സാര്‍ ക്ഷണിച്ചു . ' ഇരിക്കു .  ഞങ്ങള്‍ സാറിന്റെ ഇടതു ഭാഗത്തായി ഇരുന്നു , വലതു കണ്ണില്‍  വിരലുകള്‍ കൊണ്ട്  സാര്‍ എന്തോ തിരയുന്നു .  ഒരു ചെറു മൌനം സമ്മാനിച്ച ഇടവേളയ്ക്കു ശേഷം .സംഭാഷണങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു . " സുഖല്ലേ സാറിന് .. ഒരുമണിക്കൂറോളം ഞങ്ങളുമായി സംസാരിച്ചു . കഥകളും .ജീവിതവും .ബഹുമതിയും സംഭാഷണങ്ങളില്‍ നിറഞ്ഞു നിന്നു . ' കാലത്തിലെ  സേതു .സാറാണോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ . ഒരു ചെറുചിരിയോടെ പറഞ്ഞു .' എന്റെ എല്ലാ കൃതികളിലും എന്റെ അംശങ്ങള്‍ ഉണ്ട്.....

ഒടുവില്‍ കൈല്‍ കരുതിയ നാലുകെട്ടിലും ,വാരാണസിയിലും .സാറിന്റെ കയ്യൊപ്പ് വാങ്ങി ഒപ്പം നിന്നു ഒരു ഫോട്ടോയും എടുത്തു യാത്ര ചോദിച്ചു ,  ഇനിയും വരണമെന്നു പറഞ്ഞു ഞങ്ങളെ യാത്രയാക്കി .മലയാളത്തിന്റെ  സ്വന്തം എഴുത്തുകാരന്‍ .................

അപ്പഴും സന്തോഷത്തിന്റെ പെരുമഴയില്‍ ഞങ്ങളുടെ മനസ്സും


Thursday 10 May 2012

ഹൃദയത്തില്‍ അടക്കം ചെയ്ത
പഴയ പ്രണയകഥയുടെ
തുടര്‍ ഭാഗം കേള്‍ക്കാനായി
ഒരു സ്വര്‍ണ്ണ നൂല്‍പ്പാലം പണിതുകൊണ്ടവള്‍‍
കാത്തിരിക്കുന്നു ..

പഴയ മഷിയുടെ ശേഷിപ്പ്
പുതുമയുടെ നിറവില്‍
ഹൃദയത്തെ തൊട്ടുണര്‍ത്തി
നനുത്ത വരികല്‍ക്കായി
വെമ്പല്‍കൊള്ളുന്നു ..

അന്ന്
നൊമ്പരങ്ങള്‍ സമ്മാനിച്ച്‌
തിരിഞ്ഞു നടന്നപ്പോള്‍
ഒരു പിന്‍വിളിയുടെ
നേര്‍ത്ത ശംബ്ദ്‌ത്തിനായി
കാതോര്‍ത്തിരുന്ന എന്‍ ഹൃദയത്തെ
ഇന്നു തിരികെ വിളിച്ചത്
വീണ്ടും വിരഹത്തിന്‍
നാളുകള്‍ സമ്മാനിക്കാനോ...?

പ്രിയസഖി ...
അന്നെഴുതിയ വാക്കുകള്‍
ഇന്നും ഞാന്‍ നിനക്ക്കായി
എഴുതട്ടെ ..

നിനക്കു ഞാന്‍ തന്നത്
ഞാനെന്ന സ്നേഹത്തെയാണ്...




Wednesday 9 May 2012

അടവെച്ചു വിരിയിച്ച
കുഞ്ഞുങ്ങളില്‍ പൂവനെ
തിരിച്ചറിയാന്‍ ചില കണ്ണുകള്‍
നിരീക്ഷണങ്ങള്‍ നടത്തി ..

ഉച്ചത്തില്‍ കൂവി
ഒറ്റ തിരിഞ്ഞു നടക്കാന്‍
തുടങ്ങും നേരം
കൂടൊരുക്കി കാത്തിരുന്നവര്‍ക്ക്
പെരുന്നാള് ..

പാലും തേനുമൂട്ടി
തലോടി വളര്‍ത്തി
നാളത്തെ പോരില്‍
വിജയക്കൊടി പാറിക്കാന്‍ ..

കറുത്ത കണ്ണുകള്ക്കുള്ളിലെ
ചുവപ്പ് കാണാന്‍ കഴിയാതെ
പൂവന്‍ ഉച്ചത്തില്‍ കൂവിക്കൊണ്ടിരുന്നു
മുന്‍ തലമുറയുടെ മാറ്റൊലികള്‍പോലെ ..


പോര്‍ക്കളമൊരുങ്ങി
കാണികള്‍ താരകങ്ങളാണ്‌
വെളിച്ചമിട്ട നിലാവ്
നിലയ്ക്കാന്‍ പോകുന്ന കൂവലിന്
സാക്ഷിയായി ...

വിജയമാഘോഷിച്ച
ചുവന്ന കണ്ണുകള്‍
ഒറ്റതിരിഞ്ഞു കൂവുന്ന
അടുത്ത പൂവന് മുന്നില്‍
കറുത്തകണ്ണുകളായി ..











Tuesday 8 May 2012

ചില സൗഹൃദങ്ങള്‍ ഹൃദയത്തിലേക്ക് ചേക്കേറാന്‍ ഒരു നിമിഷം മതി.
പരസ്പ്പരം അറിയാത്ത ,ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത വെക്തികള്‍
മനസ്സിലേക്ക് ഓടിക്കയറുമ്പോള്‍ ഉണ്ടാകുന്ന ആത്മ നിര്‍വൃതി വാക്കുകല്‍ക്കപ്പുറമാണ്,തികച്ചും ആത്മാര്‍ഥമായ ഇത്തരം സൗഹൃദങ്ങള്‍ ഒരു സാന്ത്വനമായി മാറുമ്പോള്‍ അതൊരു ആത്മബന്ധമായി മാറുന്നു .
കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ്‌ എന്‍റെ ഒരു കവിതയ്ക്ക് (?) കമന്റിട്ട വെക്തിക്ക് സുഹൃത്തായി കാണാനായിട്ടുള്ള അപേക്ഷ  ഞാന്‍ അയച്ചു .സ്വീകരിച്ചുകൊണ്ട് അദ്ധേഹത്തിന്റെ മറുപടിയും വന്നു ,നന്ദിതയുടെ ഒരു കവിത ആസുഹൃത്തി ന്റെ വാളില്‍ കണ്ടപ്പോള്‍ ,ആ കവിതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഞങ്ങളില്‍ ഒരു ബന്ധത്തിനു തുടക്കമിട്ടു ,പിന്നീട് പുസ്തകങ്ങളെ കുറിച്ച് ചര്‍ച്ചകള്‍വന്നപ്പോള്‍ എം ടി  സാറിന്റെ പുസ്തകങ്ങളോടാണ് ഞങ്ങള്‍ക്ക് ഏറെയും ഇഷ്ടമെന്നായി ‍ .സാറിന്റെ ഇഷ്ടപ്പെട്ട കൃതി ഏതാണെന്നായി പിന്നീട് ചര്‍ച്ച.  ' കാലം ' എന്ന നോവലാണ് എന്‍റെ ഇഷ്ടമെന്നറിയിച്ചു   ' രണ്ടാമൂഴം' സുഹൃത്തിന്റെ ഇഷ്ട നോവലായി .  വായിച്ചപ്പോള്‍ മനസ്സിലേക്ക് കയറാത്ത കൃതിയാണ് രണ്ടാമൂഴമെന്നു ഞാന്‍ പറഞ്ഞു ,‍ ഒന്നുകൂടി വായിക്കു എന്ന് സുഹൃത്തിന്റെ നിര്‍ബന്ധം , പുസ്തകം കൈവശമില്ലായെന്നു അറിയിച്ചു ഞാന്‍ ,അഡ്രസ് തരൂ അയച്ചുതരമെന്നു ആ സുഹൃത്ത്‌ . ഒടുവില്‍ എന്‍റെ മേല്‍വിലാസം പറഞ്ഞുകൊടുത്തു , എം ടിയുടെ അഞ്ചു നോവലുകളാണ് എന്‍റെ വീട്ടിലേക്കു കൊറിയറായി ഇന്നലെ ആ സുഹൃത്ത്‌അയച്ചത്, പുസ്തകങ്ങള്‍ കിട്ടിയെന്നു അറിയിച്ചു കൊണ്ട് സുഹൃത്തിനെ ഞാന്‍ വിളിക്കുകയുണ്ടായി ,സംഭാഷണങ്ങള്‍ക്കിടയില്‍ പുസ്തകങ്ങളുടെ വില അക്കൌണ്ടിലേക്ക് ഇട്ടുതരാം ,ദയവായി താങ്കള്‍ സ്വീകരിക്കണമെന്ന് ഞാന്‍ പറയുകയുണ്ടായി , " എന്‍റെ സുഹൃത്തിനു ഞാന്‍ തന്ന സ്നേഹ സമ്മാനമാണ് ആ പുസ്തകങ്ങള്‍ ,അതിന്റെ വിലയേക്കാള്‍ മഹത്വമാണ് ഈ സൗഹൃദം "  ഈ മറുപടിയില്‍ ഞാന്‍ നിശബ്ധനയിപ്പോയി .
എന്‍റെ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു ആ വലിയ മനസ്സിനെ ഒപ്പം എന്‍റെ സുഹൃത്തുക്കളെയും .............നന്ദി  ‍

Monday 7 May 2012

ആള്‍ ദൈവങ്ങളില്‍
ആരാധന കൂടിയപ്പോള്‍
മിഴികളും കാതുകളുമടച്ചു
ദൈവം ധ്യാനത്തിലായി ....

രക്തസാക്ഷികളുടെ
മാതാപിതാക്കളുടെ
ഭാര്യമാരുടെ
കുരുന്നു ബാല്യങ്ങളുടെ
കണ്ണീര്‍ കാണാതെ
രോദനം കേള്‍ക്കാതെ

നരഭോജികളുടെ
നായാട്ടു കാണാതെ

കുരുന്നു മുലകളില്‍
അമരുന്ന പല്ലുകളുടെ
വേദനയില്‍ നിലവിളിക്കുന്ന
പെന്‍ ശലഭങ്ങളെ കാണാതെ
ദൈവം ധ്യാനം തുടരുന്നു..

ആള്‍ ദൈവങ്ങളുടെ വിളയാട്ടവും





Saturday 5 May 2012

പുറത്തെ വിസ്മയ കാഴ്ചകള്‍
കാണാന്‍ വീരുപ്പുമുട്ടി കഴിഞ്ഞ
വിത്ത് മണ്ണിനോട് സ്വാതന്ത്ര്യം ചോദിച്ചു

മുന്നേ പോയവരുടെ
അവസ്ഥാന്തരങ്ങള്‍
അറിയും മണ്ണ്
വിത്തിനു സ്വാതന്ത്ര്യം
നിഷേധിച്ചു

നീണ്ട സമരത്തിനൊടുവില്‍
മണ്ണിനെ പിളര്‍ത്തി
പുറത്തേക്കു ചാടും വിത്ത്
ഉറക്കെ വിളിച്ചു പറഞ്ഞു

എനിക്കിന്നുസ്വാതന്ത്ര്യം
എനിക്കിന്നു സ്വാതന്ത്ര്യം !!

പകല്‍ സൂര്യന്റെ
ആദ്യ പരിഹാസം

നീയൊരു വിഡ്ഢി!!
അതിരുകള്‍ കെട്ടി
തടവിലാക്കപ്പെട്ട നിന്‍ മിത്രങ്ങളും
മൊഴിഞ്ഞത് നിന്‍ പുലമ്പുകള്‍ തന്നെ

ചുറ്റും കണ്ണോടിക്കുംന്നേരം
തന്‍ മിത്രങ്ങളുടെ തേങ്ങലുകള്‍
 അസ്വാതന്ത്രത്യന്റെ കദന കഥകള്‍
വായിക്കുന്നത് കണ്ട വിത്ത്
മണ്ണിനോടായി യാചിച്ചു
എനിക്ക് സ്വാതന്ത്ര്യം വേണ്ടാ
എന്നെ തിരിച്ചു വിളിക്കൂ ....

നിലക്കാത്ത ഒരു പൊട്ടിച്ചിരിയില്‍
മണ്ണ് മറുപടി കൊടുത്തു .

Friday 4 May 2012

എന്‍റെ ഹൃദയം
നിനക്ക് ഞാന്‍ മുറിച്ചു തന്നപ്പോള്‍
വേദന ഞാന്‍ മറന്നത്
വിടര്‍ന്നുവരും നിന്‍
പുഞ്ചിരിയും
നാണമൊളിപ്പിക്കും
നിന്‍ മിഴിയിണകളും
തെന്നല്‍ തഴുകും നിന്‍
 അഴിഞ്ഞ കേശഭാരവും
കൊലുസ്സിന്റെ കൊഞ്ചലും കാണാന്‍

നിന്നിലലിയും നിമിഷം
സ്വപനം കണ്ടു കൊണ്ട്
ഇന്നുമെന്റെ ഹൃദയം
മുറിവുകളുമായി
നിന്‍ കരങ്ങളില്‍ ..
തൊടിയിലെ മൂവാണ്ടന്‍
മാവില്‍ കൂടൊരുക്കി
അന്നംതെടി പോയി വന്ന
കിളി കണ്ടത്
കത്തിയെരിയുന്ന
ചിതയക്കൊപ്പം
തന്‍റെ കൂടും എരിഞൊടുങ്ങുന്ന
കാഴ്ച

മാറത്തടിച്ചു നിലവിളിക്കും
ശബ്ദങ്ങളില്‍ മുഴങ്ങിക്കേട്ടത്
ഇതെന്‍റെ വിധിയെന്ന് .

വിധിയെന്ന്
കിളിയും പറഞ്ഞിട്ടുണ്ടാകുമോ ..?

Tuesday 1 May 2012

പരലോകം പരോള്‍ അനുവദിച്ചപ്പോള്‍
വീട് കാണാന്‍ വന്ന പരേതന്‍
ആദ്യം ഉമ്മറത്തേക്ക് നോക്കി

ആരോ തല്ലിയൊടിച്ച
കാലുകളുമായി
അനന്തരം കിട്ടിയ ചാരുകസേരയില്‍
പ്രളയം ബാധിച്ചു പട്ടിണിയായവര്‍
പൊതിച്ചോറിനു കടിപിടി കൂടുന്നത്
ചിതലുകള്‍ ഓര്‍മ്മപ്പെടുത്തുന്നു

ഒരിക്കല്‍ തന്‍റെ കല്‍പ്പനകള്‍ക്ക്
സാക്ഷ്യംവഹിച്ച കസേരക്ക് മുന്നില്‍
അയാള്‍ മൌനമായി .

വെള്ളപ്പാണ്ട് വന്നു
വികൃതമായ തന്‍റെ
പഴയ ചിത്രത്തില്‍ പണ്ടെപ്പഴോ
അണിയിച്ച ഹാരത്തില്‍
മാറാല മറ്റൊരു ഹാരം
അണിയിച്ചത് നോക്കി
നെടുവീര്‍പ്പിടും നേരം
അകത്തളങ്ങളില്‍ നിന്നും
ഒരു തേങ്ങല്

കാതുകൂര്‍പ്പിച്ചു നിന്നു

കാതില്‍ കിന്നരം പറഞ്ഞു
പൊട്ടിച്ചിരിച്ച പ്രേയസിയുടെ
ശബ്ദം തിരിച്ചറിഞ്ഞു
അകത്തു കടക്കും നേരം
തുടര്‍ സീരിയലിലെ നായികയുടെ
ഗര്‍ഭം അലസ്സിപ്പോയതിന്റെ
സങ്കടം ഒരു കടലായി
പുറത്തേക്കു വരുന്നതുകണ്ട്
പരേതന്‍ പകച്ചുപോയി

ദേഷ്യം സഹിക്കവയ്യാതെ
പരേതന്‍ അട്ടഹസിച്ചു

എടീ !!!

പരസ്യം വരട്ടെ മനുഷ്യ എന്ന
മറുപടികേട്ട്‌
പരേതന്‍ പരലോകത്തേക്കു
മടങ്ങി