Pages

Saturday, 30 June 2012

ഹര്‍ത്താല്‍
--------------------
പോരുകഴിഞ്ഞു ചത്തുവീണ കോഴിക്ക്
അനുശോചനം അറിയിക്കാന്‍
കുറുക്കന്റെ വക ഹര്‍ത്താല്‍


മൊബൈല്‍ഫോണ്‍
-----------------------------
പലരുടെയും ചുംബനങ്ങള്‍
ഏറ്റു വൃത്തികേടായ മുഖം
ശുദ്ധിയാക്കാന്‍കഴിയാതെ
വിലപിക്കുന്നു 

പെട്രോള്‍
--------------
ഊണിനു വിലകൂടിയപ്പോള്‍ ബൈക്കിനെ
പട്ടിണിക്കിട്ടു പഴയ സൈക്കിളിനു
പച്ചവെള്ളം നല്‍കി  നിരത്തിലിറക്കി


ദൈവം
----------
 വഴിയരികില്‍
ഹസ്ത രേഖ നോക്കി ദൈവം
ഞാന്‍ തന്നെയെന്ന്
ഉറപ്പിക്കുന്നു

Friday, 29 June 2012

ചുംബനം
--------------------
പ്രഭാത സവാരിക്കിറങ്ങിയ
ദമ്പതികള്‍ക്ക് അന്ത്യ ചുംബനം
നല്‍കിയത്  'ടിപ്പര്‍'


പുച്ഛം
---------
അന്യ ചുണ്ടുകള്‍
കഴുത്തിലേക്കമരുമ്പോള്‍
നാണം അഭിനയിക്കുന്ന
താലിച്ചരടിനോട്
'ഒളിക്യാമറക്ക് പുച്ഛം'


വിശ്വാസം
----------------
വിശ്വസ്തനെ കൂലിക്ക്
നിറുത്തി സൂക്ഷിച്ചു വെച്ച
വാക്കുകളായി കടകള്‍ക്ക്
മുന്നില്‍  തൂങ്ങിക്കിടക്കുന്നു
വിശ്വാസം


പൊന്ന്
-----------

'നീ എന്റെ പൊന്നല്ലേ' എന്നു
പ്രണയിനി  പറഞ്ഞത്
സ്വര്‍ണ്ണക്കടയിലെ ചില്ലലമാരയിലെ
നെക്ല്സ് കണ്ടപ്പോള്‍

Thursday, 28 June 2012

മഴ
--------
മഴ ഓര്‍മ്മകളാണ്

അകലെ പച്ചവിരിച്ച
പാടത്തിനുമപ്പുറം
മൂടിക്കെട്ടിയ കര്‍ക്കിടക
മേഘത്തെ നോക്കി
അച്ഛമ്മ പറഞ്ഞു
ഭൂമിക്ക് നല്‍കാന്‍
'വാനത്തിന്റെ കണ്ണീരുമായി
ഒരു മഴക്കാലം !!'

ആകാശവും ഭൂമിയും
ബന്ധങ്ങള്‍ ഉറപ്പിക്കുന്നത്
മഴ നൂലുകളില്ക്കൂടിയെന്നു
അച്ഛമ്മ പറഞ്ഞിരുന്നു ..

അച്ഛമ്മയുടെ കുഴിമാടം
പുതുമഴയില്‍ നനയുമ്പോള്‍
അന്നത്തെ നിശാഗന്ധിക്ക്
അച്ഛമ്മയുടെ മണം..

അമ്മയ്ക്കും മഴ ഒരു
സാന്ത്വനമായിരുന്നു
മേടച്ചൂടില്‍  അമ്മ ഒരു മഴ
പെയ്യാന്‍ 'കാവില്‍ ' വിളക്ക്
നേര്‍ന്നു  കാത്തിരിക്കും
ഇടവം തുടങ്ങിക്കഴിയുമ്പോള്‍
മഴക്കൊപ്പം  അച്ഛനും പടികയറി വരും
അന്ന് അമ്മ രണ്ടുമഴകളില്‍ നനഞ്ഞത്
ഇന്നറിയുന്നു...

വര്‍ണ്ണങ്ങള്‍ നിറഞ്ഞ
കുടയുമായി മഴ അവളെ പുല്കുമ്പോള്
മഴത്തുള്ളികല്‍ക്കൊപ്പം എന്‍ ഹൃദയം
ഒരു വസന്തമഴയായത്
അവള്‍ അറിഞ്ഞിരുന്നില്ലേ..?

പറയാതെ വന്ന മഴക്കൊപ്പം
അവളും പറയാതെ പോയത്
ഒരു കദനമഴയായി ...


ഇന്നീ മണല്‍ക്കാറ്റില്‍
മനം മഴയെ തേടുന്നു

തലമുറകളായി കൈ മാറിവന്ന
ഓര്‍മ്മകളുടെ ഉണര്‍ത്തുപാട്ടായി
മഴ  ജലകവാതില്‍ തുറന്നു
തൂവാനത്തുമ്പികളാകാന്‍
മനം കൊതിക്കുന്നു

മഴ  ഓര്‍മ്മകളാണ്
-----------------------------
നിലവിളക്ക്
-----------------------
വിവാദങ്ങള്‍ക്ക് തിരി കൊളുത്തി
നിലവിളക്ക് സ്റ്റേജിന്റെ പുറകില്‍
കരിന്തിരിയണഞ്ഞു കിടക്കുന്നു

Tuesday, 26 June 2012

പിണങ്ങരുത്
--------------------

പ്രാണ സഖി
നീ പിണങ്ങരുത് !!

വെള്ളി മേഘങ്ങള്‍
വഴിമാറിനിന്ന പകല്‍
നീലാകാശം നോക്കി
തഴുകി വന്ന ഇളം തെന്നലിനോട്
നിന്റെ സുറുമക്കണ്ണുകളില്‍
ഒരു പ്രണയ സാഗരം തീര്‍ത്ത
കഥകള്‍ പറഞ്ഞുകൊടുത്തത്
നിനക്ക് ഞാന്‍   പറഞ്ഞുതരാം

നക്ഷത്രങ്ങള്‍ ഉറങ്ങാതിരുന്ന
രാത്രിയില്‍  കിളിവാതില്‍ തുറന്നു
നിലാവ് നമ്മെ പുണര്‍ന്നപ്പോള്‍
അകമ്പടിയായി വന്ന നിശാ കാറ്റ്
മാറിലെ വിയര്‍പ്പിന് നനുത്ത കുളിര്
സമ്മാനിച്ചു നാണത്തോടെ നിന്നു
അന്നു നീ പറയാന്‍ പറഞ്ഞ കഥ
നിനക്കായ് ഞാന്‍ വീണ്ടും പറയും

നീ  പിണങ്ങരുത്

മഞ്ഞു മഴ പ്രഭാത സൂര്യനെ
പുതച്ച പുലരിയില്‍
പുതപ്പിന്‍റെ ചൂടില്‍
നിന്‍റെ മാറത്തു തലചായിച്ചു
അറബിക്കഥയിലെ റാണിയെ
പ്രണയിച്ച  ദരിദ്ര 'കവി 'യുടെ
കഥ പറഞ്ഞതും

സാഗരം തിരമാലയോട്
പിണങ്ങിനിന്നപ്പോള്‍
പരിഭവം മാറി ചുടു ചുംബനങ്ങള്‍
നല്‍കാന്‍ ഓടിയെത്തിയ തിരമാലയെ
നാണത്തോടെ നോക്കി ഉറങ്ങാന്‍ പോയ
അസ്തമയ സൂര്യന്റെ നിഴല്‍
നിന്നെ നോക്കി എന്നോട് പറഞ്ഞത്
നിനക്ക് ഞാന്‍ പറഞ്ഞു തരാം

പ്രിയ സഖി പിണങ്ങരുത്


Monday, 25 June 2012

ഘടികാര സൂചി
മുന്നോട്ടു പോകുമ്പോള്‍
പിന്നില്‍ ‍ നിന്നു വിളിച്ചു പറഞ്ഞു
നിനക്കൊന്നു പതുക്കെ സഞ്ചരിചൂടെ ..?

ഗമനം തടസ്സമാകാതെ
എനിക്ക് പോകണം

പ്രപഞ്ചത്തിന്റെ
ഹൃദയ സ്പന്ദനങ്ങള്‍
എന്‍റെ സഞ്ചാര പഥങ്ങളിലാണ്

ഒരു പകലിന്റെ ഉണര്‍വ്വില്‍
ഒരു രാത്രി ഉറങ്ങുന്നു
ഉറങ്ങാതെ എന്‍റെ യാത്രയും

ഒരിക്കല്‍ ഞാന്‍ തിരിഞ്ഞു നടക്കും

അന്ന് പകലും രാത്രിയും
ഒരുമിച്ചിരുന്നു കരയും ..

വഴിയറിയാതെ സൂര്യനും
ചന്ദ്രനും  നിലവിളിക്കും

കൂട്ട സംഹാരം കണ്ടു
എനിക്ക് തൃപ്തിയടയണം .

ഒരുപകയുടെ കനലുമായി
ഘടികാര സൂചി  മുന്നോട്ടുള്ള
ഗമനം തുടരുന്നുSunday, 24 June 2012

മേല്‍ വിലാസം തിരയുകയാണ്

ഒഴുകിവന്ന പല അരുവികള്‍
സംഗമിച്ച കലങ്ങിയ ഗര്‍ഭ
ജലത്തില്‍ നിന്നു പൊന്തിവന്ന
കുരുന്നിന്റെ ആദ്യ മേല്‍വിലാസം
അമ്മത്തൊട്ടില്‍ ..

പിച്ചവെച്ചു നടന്നു തുടങ്ങിയപ്പോള്‍
ശിശു ഭവന്‍ തിരിച്ചറിയാനുള്ള ഒരിടം

എഴുത്തിനിരുത്തി ആരോ
പിന്നെ അങ്കണവാടിയുടെ
ഓരത്ത് ഇരുത്തി അക്ഷരങ്ങള്‍
ചൊല്ലിക്കൊടുത്തത് 'അമ്മ 'യെന്ന
പദം..

അടുത്ത കുട്ടിയുടെ  കരച്ചിലില്‍
മാതൃ ഹൃദയം  ഓടിയെത്തി
ഉമ്മകള്‍ ചൊരിഞ്ഞപ്പോള്‍
അമ്മയെന്ന വിലാസം തേടി
കുഞ്ഞു ഹൃദയം ...

തോളിലേറ്റി പൂരങ്ങള്‍
കാണിച്ച ഒരച്ഛനെ കണ്ടപ്പോള്‍
അച്ഛനില്ലത്തവന്‍ എന്ന പേരുകള്‍
മേല്‍വിലാസം തന്നു ...

പൊരിയുന്ന വയറിന്റെ
വേദന കൈ നീട്ടാന്‍
പറഞ്ഞപ്പോള്‍ തെണ്ടി എന്ന പേര്
പുതിയ മേല്‍വിലാസം തന്നു

നൂറുകോടിയില്‍
എടുക്കാത്ത നോട്ടുകളായി
എറിയപ്പെട്ടു മേല്‍വിലാസം
തേടിയ ഈ ജന്മങ്ങളെ

Saturday, 23 June 2012

പരാതി
-------------
കിടക്കിയിലെ വിരി
അലക്ഷ്യമായി കിടന്നതു മുതല്‍
പരാതികള്‍ പറയാന്‍ തുടങ്ങി
പ്രിയതമ .

പാതി കുടിച്ചു വെച്ച
ചായ ഗ്ലാസ്സില്‍
പത്രം മടക്കുന്നതില്‍
അയയില്‍ വിരിച്ച
തുണികളില്‍
കുളിക്കുന്നതില്‍
 ഒടുവില്‍  സഹനം നഷ്ടപ്പെട്ട്
ഭാര്യ ചോദിച്ചു
"നിങ്ങള്ക്ക് എന്തെ മറുപടി ഇല്ലേ "?

ഇവകള്‍ ഞാന്‍ പരിഹരിച്ചാല്‍
മറ്റൊരു പരാതി നീ കണ്ടുപിടിക്കും

മീസാന്‍  കല്ലുകളില്‍
പേരുകള്‍ കൊത്തിയത്
കൌതുകത്തോടെ നോക്കി മൈലാഞ്ചി ചെടി
തന്‍റെ ഗതകാല സ്മരണകള്‍ അയവിറക്കി .

 ഇന്നലകളില്‍ മുളച്ച
 മുഷ്ട്ടിയില്‍
ഭൂമിയെ ചുരുട്ടി
അനന്തമായി വിരഹിക്കാന്‍
വ്യാമോഹിച്ച  കുമിളകള്‍
ഇവിടെ  വിശ്രമിക്കുന്നു എന്ന
അടയാളമായി  മൈലാഞ്ചി ചെടികള്‍
പള്ളിക്കാടുകളില്‍ ഒരു ഉണര്‍ത്തുപാട്ടായി
യശസ്സുയര്‍ത്തി നിന്നിരുന്നു ,


ഉയര്‍ന്ന മീസാന്‍ കല്ലുകള്‍
മറ്റൊരു ഉണര്ത്തുപാട്ടാകുന്നു ..
Thursday, 21 June 2012

ഒരു  ചാറ്റല്‍ മഴ മനസ്സിനെ തണുപ്പിച്ച  ഓണപ്പുലരി .  കായംകുളം റെയില്‍വേ സ്റേഷനില്‍ നില്‍ക്കുമ്പോള്‍ ,മനസും മഴപോലെ  തണുത്തിരുന്നു , ഒരു സര്‍പ്പത്തെപോലെ  വളഞ്ഞു പുളഞ്ഞു വരുന്ന  മലബാര്‍ എക്സ്പ്രെസ്സ് ,മൂന്നാമത്തെ  പ്ലാറ്റു ഫോമില്‍ പത്തി വിടര്‍ത്തി നിന്നു, ഓണപ്പുലരി  വിജനമാക്കിയ  ഒരു കമ്പാര്‍ട്ട്മെന്റില്‍ ഇരിപ്പടം സുരക്ഷിതമാക്കിയപ്പോള്‍  മൊബൈല്‍ ഫോണ്‍  ഒച്ചയുണ്ടാക്കി   ' അനീഷ്‌ ' എന്നെഴുതിയ പേര്  കണ്ടപ്പോള്‍ . ചിരിച്ചത്  എന്‍റെ ഹൃദയമായിരുന്നു '  എവിടെയാ അളിയാ ?   ട്രെയിന വിട്ടോ ?    വിട്ടു   '  ഓക്കേ  ഞങ്ങള്‍  മാവേലിക്കരയില്‍ ഉണ്ട് .'    തീവണ്ടിയുടെ  ജാലക സമീപം  ഓടിമറയുന്ന പുലരി .

മാവേലിക്കരയില്‍ എത്തിയപ്പോള്‍ ,  ചിരിയില്‍ മഴവില്ല് തീര്‍ത്ത .ബാനു.  മിഴികളില്‍ ഒളിപ്പിച്ച  സ്നേഹം കണ്ണട കൊണ്ട് മറച്ച ഷിബു , നടനം ഇല്ലാത്ത  നടനായി അനീഷ്‌ . പിന്നെ  മിഴികള്‍ ആകാശത്തിലേക്ക് മാത്രം ചലിപ്പിക്കുന്ന . സ്നേഹം  വിശുദ്ധ താടിയില്‍ ഒതുക്കിയ  രാജേഷ്‌ ,ഇവര്‍  എന്നെയും കാത്തു
നില്‍പ്പുണ്ടായിരുന്നു ,  മനസ്സിലേക്ക്  ഓണക്കാറ്റു ഓടിയെത്തി ,  നിശബ്ധമായ്‌  കമ്പാര്‍ട്ട്മെന്റ്  പെടുന്നനെ   സജീവമായി . ബാനു  അനീഷിന്റെ തമാശകള്‍ പറയുമ്പോള്‍ .ഷിബു ഇന്നലെ കുടിച്ച കള്ളിന്റെ  സ്വാദ്  രാജെഷിനോട് പറയുന്നു . ചിരികളുടെ മാലപ്പടക്കം കൊളുത്താന്‍ തുടങ്ങുമ്പോള്‍ .ചെങ്ങന്നൂരില്‍ എത്തിയിരുന്നു ഞങ്ങള്‍ ,  തടിച്ച ശരീരത്തിലെ കുഞ്ഞു മനസ്സുമായി ദാ വരുന്നു  സ്വന്തം മനു ,  കൂട്ടചിരിയുടെ  ശബ്ദങ്ങള്‍ക്ക്  നിറം പകരാന്‍  തിരുവല്ല  വരെ ഞങ്ങള്‍ കാത്തിരുന്നു ,  കിച്ചുവിന്റെ  കൈ പിടിച്ചു കൊണ്ട്  ദേവിയായി  സരസ്വതി  ഞങ്ങളില്‍  പ്രതിക്ഷ്യപെട്ടു. അനുഗ്രഹം വാങ്ങി  ആദ്യം തന്നെ  അനീഷു  സരസൂനെ  കളിയാക്കി ,  മനസ്സുകള്‍ ഒരേ വഴിക്ക് സഞ്ചരിക്കുന്നു , ഒപ്പം  തീവണ്ടിയും ,  പിറവത്ത്  വന്നപ്പോള്‍  പറവയായി മുന്നില്‍  വന്നു  അന്നാമ്മ ,     ബാനുവിനും  സരസുവിനും  പരദൂഷണം പറയാന്‍  ഒരാളെക്കൂടി കിട്ടിയതിലുള്ള  സന്തോഷം  ആ മുഖങ്ങളില്‍  തെളിഞ്ഞു നില്‍ക്കുന്നു ,     

ആലുവയില്‍  എത്തിയപ്പോള്‍ .  ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍  സ്നേഹം  നിഷ്കളങ്കമാണന്നു  മുഖത്ത് എഴുതി വെച്ചിരിക്കുന്ന  സാബു അച്ചായന്‍  കാറുമായി കാത്തു  നില്‍ക്കുന്നുണ്ടായിരുന്നു .    രണ്ടു വാഹനങ്ങളിലായി  ഞങ്ങള്‍  തണലിന്റെ  കാരണവര്‍  കുറ്റിപ്പുഴ  മാഷിന്റെ വീട് ലക്ഷ്യമായി നീങ്ങി .
മുറ്റത്  നിറ ചിരിയുമായി  സുധാകരേട്ടന്‍  ഞങ്ങളെ സ്വീകരിച്ചിരുത്തി..

ബാക്കി ഭാഗം  അനീഷ്‌ മാഷ്‌  എഴുതുന്നതാണ്
അനന്ത കോടി വര്‍ഷങ്ങള്‍മുന്‍പ്
ആകാശ മേഘങ്ങള്‍ക്കുള്ളില്‍
വാതിലടച്ചിരുന്ന ഒരു മഴ മേഘം
ഇന്ന് പുറത്തുവന്നത്

ഭൂമിയുടെ പച്ചപ്പിനൊപ്പം
പടര്‍ന്നു പന്തലിച്ച
ഒരു പ്രണയത്തിന്‍റെ
അവസാന സംഗമത്തിനു
സാക്ഷിയാകാന്‍ ...

ഇനി വിരഹമില്ല
കാവ്യങ്ങളില്‍
നഷ്ട പ്രണയത്തിന് വരികളുടെ
വിരസതയില്ല

ഭൂതകാലങ്ങളിലെപ്പഴോ
അടക്കാന്‍ വിധിക്കപ്പെട്ട
ഹൃദയത്തിന്‍ കവാടം
ഇന്നു തുറക്കപ്പെട്ടു

പെയ്യാന്‍ കൊതിച്ചിരുന്ന
ആ മഴ മേഘം പ്രപഞ്ചത്തിന്‍
ഉല്‍പ്പത്തിമുതല്‍ ഉദിച്ചുയരാന്‍
സൂര്യന്‍ ഇല്ലാത്ത കാലം വരയുള്ള
മഴകളായി  ഇരു ഹൃദയങ്ങളില്‍
പെയ്തിറങ്ങി .

ഒരു  പ്രണയത്തിന്‍
സ്വപ്നം പുലരുന്നത് കണ്ടു
താരകങ്ങള്‍ ഉറങ്ങി

ഉറങ്ങാതെ  ഇരു ഹൃദയങ്ങളും


Wednesday, 20 June 2012

നിമിശങ്ങള്‍
--------------------
ഒരു നിമിശം ജീവിച്ചു

പിടഞ്ഞു മരിച്ച

അഗ്നിനാളങ്ങളില്‍ നിന്നുയരുന്ന

അവസാന ധൂമത്തിനടയിലുള്ള

നിമിശങ്ങളിലാണ് 

ജീവിതവും  മരണവും

Tuesday, 19 June 2012

പോവുകയാണ്
പിരിഞ്ഞ വഴികളില്‍
പൊഴിഞ്ഞു വീണ
പ്രണയ വരികളെ തേടി.

ഹൃദയം വരികളായി
വന്നത്  ഒരു വസന്തത്തെ
ഉണര്‍ത്താനായിരുന്നു

ആ വസന്തത്തില്‍
പ്രണയത്തിന്‍ പരിശുദ്ധിയില്‍
പെയ്തിറങ്ങിയ വരികളില്‍
ഉണര്ന്നിരുന്നത്
 നിന്റെ  ഹൃത്തടത്തില്‍
നീ അറിയാതെ കൂടോരുക്കിയ 
ഒരു  ജീവന്റെ ആത്മാവില്‍ ഒരുക്കിവെച്ച
പ്രണയ ഗീതങ്ങളായിരുന്നു

നിന്റെ ആത്മാവില്‍
അന്തമായി ഉറങ്ങാന്‍ കൊതിച്ച
എന്‍ ഹൃദയത്തെ നീ ഉപേക്ഷച്ച
വഴിയില്‍  ഇന്നു ഞാന്‍ നില്‍ക്കുന്നു

നിനക്കായി പിറന്നു വീണ
എന്‍ പ്രണയത്തിന്‍ വരികളില്‍
ഞാന്‍ എഴുതിയ  എന്‍റെ ഹൃദയ
നൊമ്പരങ്ങളുടെ  ശേഷിപ്പ് കാണാന്‍ ..


പീഡനം
-----------------

നിരന്തരമായ ചുംബനങ്ങളില്‍

കാതില്‍  മുഴങ്ങുന്ന ശ്രിങ്കാരങ്ങള്‍
തലയിണയുടെ അടിയില്‍
ശ്വാസം വിടാന്‍ കഴിയാതെയുള്ള  ജീവിതം
വാഹനങ്ങളില്‍
പോലിസ്‌ സ്റേഷനുകളില്‍
വിചാരണയ്ക്കായി  കോടതിയില്‍
പിന്നെ ചില നഗ്നതകളില്‍ തലോടിച്ചു കൊണ്ടുള്ള
കുളിമുറിയില്‍ ,കിടപ്പറയില്‍
ഹോട്ടല്‍ മുറികളില്‍
പീഡനത്തിനു  വിധേയമാകാന്‍
ഊഴവും കാത്തു വില്‍പ്പനയ്ക്ക് നിര്‍ത്തിയിരിക്കുന്നു
മൊബൈല്‍ ഫോണുകളെ ...

Sunday, 17 June 2012

ഒഴിഞ്ഞ  മദ്യ കുപ്പിയിലേക്ക്  കണ്ണുകള്‍  ഇമകള്‍ വെട്ടാതെ നോക്കിയിരുന്നപ്പോള്‍
പുറത്തെ നരച്ച പ്രഭാതം ജലകവാതിലില്‍ക്കൂടി   പഴകിയ പെയിന്റിന്റെ  ഓര്‍മ്മകള്‍ ഉറങ്ങുന്ന ഭിത്തിയില്‍ ഒട്ടിനിന്നു സ്വകാര്യം പറയുന്നു .  
 ഇന്നലത്തെ രാത്രി  കഴിഞ്ഞ മറ്റൊരു രാത്രിയുടെ അവാര്ത്തനമായി  വരുന്നു , കഴിഞ്ഞ പതിനൊന്നു കൊല്ലമായി  ഒരു സഹയാത്രികനായി മദ്യം  കൂടെ കൂടാന്‍ തുടങ്ങിയിട്ട് ,   കഴിഞ്ഞേ കുറെ ദിവസങ്ങളായി മനസ്സ്  അസ്വസ്ഥമാണ് , ജോലി സ്ഥലത്ത് വെച്ച് കണ്ടുമുട്ടിയ  ആ  വൃദ്ധന്റെ മുഖം  മനസ്സില്‍ നിന്നും  മായാതെ  നില്‍ക്കുന്നു , " അച്ചനിപ്പോള്‍  വൃദ്ധനായിക്കാണും "  ഉള്ളില്‍ നിന്നും ആരോ  മന്ത്രിക്കുന്നതുപോലെ .        മനസ്സ്  കലുഷിതമാകാന്‍ തുടങ്ങി , പോകണം , അച്ഛനെ കാണണം .  ആ കാലില്‍ വീണു മാപ്പ് ചോദിക്കണം . 

ജാലക വാതിളില്‍ക്കൂടി പുറത്തേക്കു നോക്കി നിന്നു .പ്രഭാത കിരണങ്ങള്‍ മുകത്ത് സ്പര്ശിച്ചപ്പോള്‍  കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ  ദുഃഖങ്ങള്‍ മുഴുവനും  പുറത്തേക്കു വരുന്നതുപോലെ .


ജനന ഫലമെത്രേ  അമ്മയെ കാണാന്‍ കഴിഞ്ഞില്ല , മുലപ്പാല്‍ കുടിച്ചു വളരാത്തതു കൊണ്ട്   അസുരജന്മമെന്നു  അച്ഛന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു ,  ഒപ്പം  നാട്ടുകാരും ,

അച്ഛനും ,അച്ഛന്പെങ്ങളും ,ഏട്ടനുമായിരുന്നു വീട്ടില്‍ . അമ്മയുടെ സ്നേഹം .രോഗിണിയായ   അച്ഛന്‍ പെങ്ങളില്‍നിന്നും കിട്ടിയിരുന്നു , ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു  പട്ടണത്തിലെ കലാലയത്തിലേക്ക്  പോയതുമുതലാണ്  ' അസുര ജന്മം ;എന്ന പേരു വീണത്‌ ,  ആദ്യം  ഒരു തമാശയായിട്ടാണ്  ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയത് , അതൊരു  ശാപമായി  ജീവിതത്തില്‍ തുടരുമെന്ന് നിനചിരുന്നില്ല . 

മദ്യ ശാലയിലെ ഒരു ചെറിയ സംഘര്‍ഷമാണ്   വീട്ടില്‍  പോലിസ്‌ വരാന്‍ കാരണമായത് , അച്ഛനെ അത് ഏറെ  വിഷമിപ്പിച്ചതുകൊണ്ടാകാം  അന്ന് രാത്രിയില്‍  വീടുവിട്ടു ഇറങ്ങാന്‍  അച്ഛന്‍  പറഞ്ഞത് ,  

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ലക്ഷ്യമൊന്നുമില്ലായിരുന്നു . ആദ്യംകിട്ടിയ  തീവണ്ടിയില്‍ കയറി  യാത്ര തുടങ്ങി , നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ,
കുടിയേറികൊണ്ടിരുന്നു ,  സഹയാത്രികനായി  മദ്യവും ,


ഇന്നീ ചരിത്രങ്ങള്‍ ഉറങ്ങുന്ന  നഗരത്തിലെ  ലോഡ്ജില്‍ ഇരുന്നു  അച്ഛനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്  കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് മുന്നില്‍ പ്രത്യക്ഷമായ  ഒരു വൃദ്ധന്റെ  ദയനീയ മുഖം കണ്ടതു മുതലാണ്
‌ .
നഷ്ടപെട്ടുപോയ മകന്റെ ചിത്രവുമായി അലയുന്ന  ആ വൃദ്ധനില്‍  തന്‍റെ അച്ഛന്റെ മുഖം തെളിഞ്ഞു വന്നു , പതിനൊന്നു വര്‍ഷം  അച്ഛനും അന്വേഷിച്ചു നടന്നിട്ടുണ്ടാവും ,  ഇപ്പോഴും  അന്വെഷിക്കുന്നുണ്ടാവും ,  പോകണം  താമസിച്ചുകൂടാ   മനസ്സില്‍  നിന്നും ആരോ  വീണ്ടുംവീണ്ടും  മന്ത്രിക്കുന്നു ...


ഈ യാത്രയില്‍  തനിച്ചാണ് . ലഹരിയുടെ  ചങ്ങാത്തം അസ്തമിച്ചു , മനസ്സില്‍  അച്ഛന്റെ  മുഖം മാത്രം ,   ആദ്യമായി  ദൈവ സാനിധ്യം  ഹൃദയത്തില്‍ കടന്നതിന്റെ ആനന്ദത്തില്‍  മനസ്സ് മറ്റൊരു ലോകത്തേക്ക് പോയതുപോലെ .

യാത്രയുടെ  അവസാനത്തില്‍  എത്തിചേര്‍ന്നത്‌  തറവാടിന്റെ  ഉമ്മറത്ത് ,  പഴയ വീടു നിന്ന സ്ഥലത്തിപ്പോള്‍  പുതിയ സൌധം
അടഞ്ഞു കിടന്ന  വാതിലിന്റെ മുന്നില്‍ നിന്നപ്പോള്‍ മനസ്സ് കലുഷിതമായി ,   വെയില്‍  മാറി മഴ മേഘങ്ങള്‍  മുകളില്‍ ഉരുണ്ടുകൂടി നില്‍കുന്നു ,   കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ന്നപ്പോള്‍ കൈ വിറച്ചിരുന്നുവോ ..? 

ഒരു  നീണ്ട  മൌനത്തിനു ശേഷം  വാതില്‍ തുറന്നു  ഒരു സ്ത്രീ  പുറത്തുവന്നു .  അപരിചിതനെ  നോക്കി  അവര്‍ ചോദിച്ചു  , " ആരാ   ..?      വാക്കുകള്‍  പുറത്തേക്കു വരാതെ  എവിടെയോ  തടയുന്നു ,  ഒടുവില്‍   പറഞ്ഞു ," ഞാന്‍   ഞാന്‍ .. പണ്ടു നാടുവിട്ടുപോയ  ആ ...."       അത്ഭുതം നിറഞ്ഞ മുഖത്തോടെ  അവര്‍ ആ  രൂപം നോക്കി നിന്നു ,  ഒടുവില്‍  സ്ഥലകാല ബോധം വീണ്ടെടുത്തുകൊണ്ട്   പറഞ്ഞു           'വരൂ  ..... '        ഞാന്‍  ഏട്ടന്റെ  ഭാര്യാണ് ,          ഒരു മൂളലില്‍  മറുപടി നല്‍കി കൊണ്ടു  അയാള്‍ ചോദിച്ചു ,  '  അച്ഛന്‍ ......?     

അവര്‍ക്കിടയില്‍   മൌനം  തളംകെട്ടി നിന്നു    , പുറത്ത്  വെയില്‍ മഴ മേഘങ്ങള്‍ക്കുള്ളില്‍  ഒളിച്ചിരുന്നു,    ഒരു  ഇരമ്പലിനു മുന്‍പ്  ആയാള്‍
തിരിഞ്ഞു  നടന്നു


മഴക്ക്  ശക്തി കൂടി  , നടത്തത്തിനു വേഗത കൂട്ടാന്‍ ശ്രമിക്കാതെ  മഴ നനഞുകൊണ്ടു  നടന്നു , കരഞ്ഞത് മഴ മാത്രം  അറിഞ്ഞാല്‍ മതി ,
മഴയും  കണ്ണീരും  ഇടകലര്‍ന്നുകൊണ്ടുള്ള ഒരു യാത്ര  അവിടെ തുടങ്ങി ..
Saturday, 16 June 2012

ഹൃദയത്തില്‍ തറച്ച ശരം
നീ അടര്‍ത്തിയെടുത്തപ്പോള്‍
എന്‍റെ വേദനകള്‍ക്കുമപ്പുറം
നീ കാണാതെപോയത് ഒരു
പകലിന്‍ തീക്ഷ്ണതയില്‍
ചിറകരിഞ്ഞ സ്വപ്നങ്ങളുടെ
കാവല്‍ക്കാരന്റെ കദനങ്ങള്‍
പേറിയ മനസ്സിന്റെ നൊമ്പരങ്ങളെ ..

മറന്നോ നീ .?.
ഒരു കുഞ്ഞരുവിയുടെ
കള കളാരവംപോലെ
നിന്‍ കാതില്‍ ഞാന്‍ മന്ത്രിച്ച
പ്രണയ ഗീതങ്ങളെ ..

ഒരു കുഞ്ഞു തെന്നാലായി
നിന്നെ തഴുകിയ നനുത്ത
പ്രണയത്തിന്‍ മാന്ത്രിക സപര്‍ശത്തെ

പൊഴിഞ്ഞു വീണ അശ്രുബിന്ദുക്കളെ
അടക്കം ചെയ്ത  എന്‍ മാറിലെ
പ്രണയ സ്പന്ദനങ്ങളെ.

അറിയുക നീ ..
 ഈ ഹൃദയം ഒരിക്കല്‍
മുറിവുകള്‍ ഉണങ്ങി തിരിച്ചുവരും
അന്ന് വെള്ള ചിറകുകള്‍ വിരിച്ചു
മാനത്തെ മാലാഖമാര്‍  എനിക്ക്
സ്തുതിപാടുന്നതു  നിനക്ക്
ഞാന്‍ എഴുതിയ പ്രണയ ഗീതങ്ങളാകും

മുറിവേറ്റ ഹൃദയത്തെ
മടക്കി തരൂ .......Thursday, 14 June 2012

സൂര്യനില്ലാത്ത നാട്ടിലേക്കുള്ള
യാത്ര തുടങ്ങാന്‍ ഒരുങ്ങവെ
വിചാരണയില്ലാതെ  തടവറയില്‍
ഇരുള്‍ മൂടിക്കിടന്ന  'മനസ്സാക്ഷിയെ '
മെല്ലെയുണര്ത്തി  വിചാരണക്ക്
വിധേയമാക്കി ...


പിന്നിട്ട വഴികളില്‍
അപരാധങ്ങള്‍ക്ക്
മൂകസാക്ഷിയായി നിന്ന
മനസാക്ഷിക്കിന്നു മോചനം


അമ്മ  കണ്ണുനീരില്‍ 
നിന്നെ ശപിക്കാതെ
ശരണം പ്രാപിച്ചത്
മരണത്തില്‍ ...

കൈപിടിച്ചു നടത്തിയ
അച്ഛന്റെ ഓമന മുഖത്ത്
നിന്റെ കൈപതിഞ്ഞപ്പോള്‍
കണ്ണുനീരു വറ്റിയ മുഖം കണ്ടു
കാലം  കരഞ്ഞുപോയി ..

കൂടെ പിറന്നുപോയതിന്റെ
അപരാധത്താല്‍ യവ്വനം കഴിഞ്ഞ
പെങ്ങളുടെ  കന്യകാത്വം
വഴിപോക്കന്‍  കവര്‍ന്നെടുത്തപ്പോള്‍
മീന്‍ കൊത്തിയ ശരീരമായി  ചിതയില്‍
ഒടുങ്ങി ....

കരയാന്‍  അവക്കാശമില്ല
കണ്ണുനീരുപോലും
കതകടച്ചു വിധികാത്തിരിക്കുന്നു

പ്രകാശങ്ങളില്ലാത്ത ഗോപുരത്തിന്റെ
കവാടം മുന്നില്‍ തുറക്കപ്പെടുന്നു

ഒരു നെടുവീര്‍പ്പില്‍  വിധിപൂര്ത്തിയാക്കി


Wednesday, 13 June 2012

ആത്മഹത്യക്ക് മുന്‍പ്
ആത്മ നൊമ്പരം കുറിക്കാന്‍
പേപ്പറില്‍ പേന ചലിപ്പിച്ചു

എനിക്ക് മരിക്കണം
ഉത്തരവാദിത്വം ആര്‍ക്കുമില്ല

ഉത്തരത്തില്‍ ആദ്യം
കയറിനെ കഴുത്തു ഞെരിച്ചു കൊന്നു

പേപ്പറും പേനയും
തങ്ങളുടെ വിധിയെ ശപിച്ചു
മരണത്തിനു സാക്ഷിനിന്നു

ചത്ത കയറിന്റെ പ്രേതം
കഴുത്തില്‍  പിടി മുറുക്കി

ഒടുവില്‍ ഉടുമുണ്ടിന്റെ
ബലം പോയ നേരം  കയറിനൊപ്പം
ആടിക്കളിക്കാന്‍ മറ്റൊരു പ്രേതവും ..

ചത്തവന്റെ കയ്യൊപ്പ് വാങ്ങിയ
പേപ്പര്‍ റിമാന്‍ഡിലുമായി

Tuesday, 12 June 2012

മരുഭൂമിക്കു പറയാനുള്ളത്
---------------------------------------------

മണല്കൂട്ടി ഞാന്‍  പ്രാര്‍ത്ഥിച്ചു
ഒരു കാറ്റുപോലും വരരുതേയെന്നു...?

നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍
കണക്കുകൂട്ടലുകള്‍ ,
അതിജീവനം ,,പ്രതീക്ഷകള്‍
അതില്‍  ഉറങ്ങിയിരുന്നു .

പകല്‍ എനിക്ക് ഭയമാണ്
പറയാതെ വരുന്ന  കാറ്റുകള്‍ക്ക്
എന്നോട് ശത്രുതയാണ്

രാത്രി എനിക്ക് ഭയമില്ല
അകലെ എനിക്ക് വെളിച്ചമിട്ടു
ചില നക്ഷത്രങ്ങള്‍ ഉദയം ചെയ്തിരിക്കുന്നു

ഇനിയെത്രനാള്‍ ഈ സ്വപ്നങ്ങള്‍ക്ക്
കൂട്ടിരിക്കണം..?

കാറ്റേ   അരുത്
 ഈ മണല്‍ കുന്നു
എന്റെ  തുടിപ്പാണ്
ഈ തുടിപ്പില്‍ ഒരു പച്ചപ്പ്
തേടുന്നു  എന്‍റെ പിന്‍തലമുറ .

കാറ്റിന്‍ അട്ടഹാസം
മരുഭൂമിയുടെ നോവറിയാതെ പോയി ..Sunday, 10 June 2012

ഇന്നും നിലാവുണ്ട്

പകല്‍ വിടപറയുമ്പോള്‍
ഉടുത്തൊരുങ്ങി നിലാവിനെ
കാത്തിരുന്ന ഭൂമിക്കൊപ്പം
ഞാനുമുണ്ട് ...

അന്ന് മേഘ വാതില്‍ തുറന്നു
പുറത്തുവന്നപ്പോള്‍
നിന്നെപ്പോലെ സുന്ദരിയെന്ന്
ഞാന്‍ പറഞ്ഞത് നിലാവ്
കേട്ടിരുന്നതുകൊണ്ടാകാം
ഇന്നും എന്നെ കാത്തുനില്‍ക്കുന്നത്

നിലാവും ഞാനും
ഇന്ന് കഥകള്‍ പറയുന്നു
ഒരിക്കല്‍ ഞങ്ങളെ പ്രണയിച്ച
ഹൃദയങ്ങളുടെ കഥകള്‍ ..

മാനത്ത് വിതറിക്കിടക്കും
താരകങ്ങള്‍ പ്രണയത്തിന്‍
കഥകള്‍  പറയുമ്പോള്‍
നിലാവ് എന്നെ പ്പോലെ കാത്തിരുന്നു
ആമ്പലിന്റെ പരിഭവം മാറുന്നതും നോക്കി ..

നിലാവ് വാതിലടച്ച
നിശയിലാണ് നീ അടര്‍ന്നു പോയത് ..

ഒരിക്കല്‍ നിന്റെ മിഴികളില്‍
ഞാന്‍ ഒളിച്ചിരുന്നു
നിന്റെ ചുണ്ടുകളില്‍
ഞാന്‍ അര്‍പ്പിച്ച ചുംബനങ്ങള്‍
ഒരു ശേഷിപ്പായി ഇന്നും അധരങ്ങളില്‍
അറിയാത്ത അടയാളമായി നിനക്കു കാണാം

ജലാശയത്തില്‍ ഒളിച്ച ആമ്പല്‍
ഒരിക്കല്‍ പൊന്തിവരും നിലാവിന്‍റെ
മാറില്‍ തലചായിച്ചുറങ്ങാന്‍ ....

അന്നും  ഞാന്‍ എകാനാകും ..

Saturday, 9 June 2012

താടി
------------

എന്നോട് ചോദിക്കരുത്
ചോദ്യങ്ങള്‍ ഉത്തരങ്ങളാകും
എനിക്ക് താടി വളര്‍ന്നു ...

ധര്‍മ്മം വഴികളില്‍
വേട്ടയാടപ്പെടുമ്പോഴും
താടി  ധര്‍മ്മം പ്രസംഗിച്ചു.

അമ്മ  അഭയം എന്ന
തടവറയുടെ അഴികളില്‍ക്കൂടി
അസ്തമയ സൂര്യന്‍റെ
ചുവപ്പിനെ ഭയക്കുന്നു .

ഫ്ലാറ്റില്‍ രണ്ടുമുറിയില്‍
താടി  ലോകം കാണുന്നു ..

ഇരുട്ട് വെളിച്ചമാകുന്ന
ദിനത്തില്‍ മകള്‍ 'കര്‍ത്താവി 'നാല്‍
ഉദരം ചുമക്കുന്നു ...

താടി  കണ്ണാടിയില്‍ നോക്കി
പ്രതിക്ഷേധിക്കുന്നു
ഒപ്പം  വളര്‍ച്ചയും നോക്കുന്നു ..


താടികള്‍ ധര്‍മ്മം പറയുമെന്ന്
താടിവെച്ച ദൈവങ്ങള്‍
പറഞ്ഞിരുന്നുവത്രേ ....

എനിക്ക് താടി വളര്‍ന്നു ..
-------------------------------------


നിദ്ര
------------

നിദ്ര ഒരു സുന്ദരിയാണ്
വശീകരണമുള്ള വേശ്യ !!

മടിയില്‍ കരുതും
കൂലിയുമായി അവളെ
ഭോഗിക്കാന്‍ ഊഴം കാത്തു നിന്നു

വേഴ്ച്ചയുടെ പൂര്‍ണ്ണത
എന്നും അന്യമാകുന്നു ..

ഭോഗിക്കാന്‍ കിട്ടാതെ
മടങ്ങലാണ് ഇപ്പോള്‍
എന്നെ അസ്വസ്ഥനക്കുന്നത്

ഇന്നലെ എന്‍ ഊഴമടുത്തപ്പോള്‍
പരിഭവം പറഞ്ഞു അവള്‍
വാതിലടച്ചു

ഒരിക്കല്‍ ഞാന്‍ വാതിലടക്കും
അന്ന് എന്നെ ഭോഗിക്കാന്‍
നിദ്ര ഊഴം കാത്തുനില്‍ക്കും ..!!

നിദ്ര
---------Friday, 8 June 2012

കുട
---------
" ഉമ്മാ .. എനിക്കൊരു കുട വേണം ." 

തിമര്‍ത്തു പെയ്യുന്ന കര്‍ക്കിടിക മഴയെ  തൊടുത്തുകൊണ്ട്  കുണുങ്ങിക്കുണുങ്ങി പോകുന്ന കുടകളെ കൌതുകത്തോടെ നോക്കിയിരുന്ന ബാല്യത്തില്‍ മനസ്സിലെ ആഗ്രഹം ഉമ്മയോട് പറഞ്ഞു .   ഉമ്മയുടെ മൌനത്തില്‍ വാങ്ങി തരാമെന്നോ ,തരില്ലെന്നോ  മനസ്സിലാക്കാന്‍ കഴിയാതെ ഞാന്‍  ആഗ്രഹം വീണ്ടും വീണ്ടും  ഉമ്മയോട് പറഞ്ഞുകൊണ്ടിരുന്നു ..

ആനന്ദന്‍ സാറിന്റെ മകന്‍ അജിത്തും ,  രാധ ടീച്ചറുടെ മകള്‍ വിജയ ലക്ഷ്മിയും .പൂക്കളുള്ള കുടയുമായി സ്കൂളില്‍ വരുന്നതും     മഴ നനഞ്ഞ കുടകള്‍ ക്ലാസുറൂമിന്റെ  പുറകില്‍  കിന്നരം പറയുന്നതും . വൈകുന്നേരം  പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ കുടകള്‍ നിവരുന്നതും , കുടയില്ലാതെ  വരാന്തയില്‍ നില്‍കുന്ന കുട്ടികളില്‍ ഒരാളായി ഞാന്‍ നിന്നതും ,ഒടുവില്‍ മഴയൊന്നു ശാന്തമാകുമ്പോള്‍  പുസ്തകങ്ങള്‍ കൊണ്ട് മഴയെ തൊടുത്തുകൊണ്ട് ഓടിയതും  ഓര്‍മ്മകള്‍ക്ക്  വര്‍ണ്ണങ്ങള്‍ നല്‍കുന്നു ..


ഹൈസ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ്  കുടയില്ലാത്തതിന്‍റെ ബുദ്ധിമുട്ട്  അറിഞ്ഞു തുടങ്ങിയത് .  ഉമ്മയുടെ മൌനം  മനസ്സിലാക്കാന്‍ കഴിയാതെ  ആഗ്രഹം  ഇടക്കിടെ ഉമ്മയോട് ഉണര്‍ത്തികൊണ്ടിരുന്നു . ഒന്‍പതാം ക്ലാസിലേക്ക് ജയിച്ചുകറിയ വര്‍ഷം . ജൂണ്‍ മാസം  മഴയില്‍ മുങ്ങിയിരുന്നു , ഒരു വൈകുന്നേരം മഴ നനഞ്ഞു കയറിവന്ന ഞാന്‍ കണ്ടത് . പൂകളുള്ള രണ്ടു കുടകള്‍ക്കൊപ്പം വര്‍ണ്ണങ്ങളില്ലാത്ത ഒരു കുടയും  എന്റെ കൊച്ചുവീട്ടില്‍  വിരിഞ്ഞു നില്‍ക്കുന്നു . അനുജത്തിക്കുട്ടികള്‍  ഏതു എടുക്കണമെന്നറിയാതെ  ഓരോന്നും മാറി മാറി എടുത്തു ഭംഗി ആസ്വദിക്കുന്നു .  ഒപ്പം പുത്തന്‍ ഉടുപ്പുകളും ,പുസ്തകങ്ങളും .പേനകളും ഒക്കെ  ഉപ്പ ഉറങ്ങിയിരുന്ന കട്ടിലില്‍  വിതറികിടക്കുന്നു . എനിക്ക് അത്ഭുതമായി .ഉമ്മക്ക് എവിടുന്നുകിട്ടി കാശു ? ഏട്ടന്‍  ജോലിക്ക് കയറിയതല്ലേ ഒള്ളു .    സന്തോഷത്താല്‍  മനസ്സ് ആനന്ദമഴ നനഞ്ഞു ...

അത്താഴം കഴിക്കാന്‍  വട്ടമിരുന്ന  എന്റെ മുന്നില്‍ ഉമ്മ  ചോറ് വിളമ്പി തന്നപ്പോഴാണ് ശിരസില്‍ കിടന്ന  സാരിയുടെ  തലപ്പ് ഉമ്മറത്തു കൂടി  കടന്നുവന്ന തണുത്ത കാറ്റ്
മാറ്റിയത്  . കരഞ്ഞുകൊണ്ട് കത്തുന്ന  ബള്‍ബിന്റെ നേര്‍ത്തവെട്ടത്തില്‍  ഞാന്‍ കണ്ടു , ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഉമ്മയുടെ കാതില്‍ കിടന്ന  വട്ടത്തിലുള്ള സ്വര്‍ണ്ണ കമ്മലുകളുടെ സ്ഥാനത്ത് രണ്ട് പച്ചീര്‍ക്കിലുകള്‍...

അന്നു രാത്രി പെയ്ത മഴയുടെ ഇരമ്പലിനേക്കാള്‍  ശക്തമായിരുന്നു  എന്റെ മനസ്സിലെ ഇരമ്പലിന്....
ഈ യാത്രയിലാണ്
മൌനങ്ങള്‍ക്ക് ഇടവേളകള്‍
നല്‍കാതെ പരിചിയത്ത്തിന്റെ
മണിമുഴക്കം ആദ്യമായി കേട്ടത്

ഇടയില്‍ എപ്പഴോ
യാത്രപറഞ്ഞു അവള്‍
പോയനേരമെന്‍
ഓര്‍മയില്‍ വന്നു
എന്തെ ..പേര് ചോദിയ്ക്കാന്‍ മറന്നു ..?

ഇന്നും ഞാന്‍ ഈ യാത്രയിലാണ്
എന്റെ കണ്ണുകള്‍ പരതുന്നതും
ആ മിഴികളെ ...

Thursday, 7 June 2012

മോഹങ്ങള്‍  മരുഭൂമിയിലെ
മണല്‍ക്കാറ്റില്‍ ധൂമമായി
ഉയര്‍ന്നു പോകും ദിനമൊരിക്കല്‍
ഒരു സാന്ത്വനത്തിന്‍ ഗസല്‍ പോലെ
ഹൃദയത്തില്‍ തഴുകിവന്ന പ്രണയ
ഗീതമായി സഖി  നീ .

മനസ്സില്‍ പ്രണയത്തിന്‍
മഞ്ഞു തുള്ളികള്‍ ഋതുക്കാലമൊരുക്കിയ
രാവില്‍ ഉയര്‍ന്നു പോയ മോഹത്തിന്‍
ധൂമങ്ങള്‍ താഴെ വസന്തത്തിന്‍
മഴകള്‍ ചൊരിയുന്ന ഹൃദയത്തിലേക്ക്
ഇനിയൊരു മടങ്ങിപ്പോക്ക് ആഗ്രഹിക്കാതെ
തിരികെയെത്തി .

പുല്‍കി പോകുന്ന കാറ്റിനും
പ്രണയത്തിന്‍ കഥകളായിരുന്നു
പറയാനുണ്ടായിരുന്നത് .

മരുഭൂമിയില്‍  പിന്നെ കണ്ടത്
പച്ച വിരിച്ച  സ്വപ്‌നങ്ങള്‍ മാത്രം ..

ഒരു പുലരിയില്‍  മരുഭൂമിക്കൊപ്പം
മോഹങ്ങളും  ധൂമങ്ങളായി
തിരിച്ചുവരാന്‍ കഴിയാതെ
വിടപറയാതെ പോയി ..Wednesday, 6 June 2012

വഴിപാട്

വഴിപാട്
--------------------

ധന നഷ്ടത്തിനു
വഴിപാട് നടത്തി
പുറത്തിറങ്ങിയപ്പോള്‍
ചെരുപ്പ് കണ്ടില്ല  

Tuesday, 5 June 2012

കാട്ടുതി പടര്‍ന്ന ദിനത്തിലാണ്
വൈരംമറന്നു ചെമ്പുലിയും
പേടമാനും കൂട്ടുകാരായി
അഭയം തേടി നാട്ടിലെത്തിയത്

നാട്ടിലെ മൃഗങ്ങള്‍
സ്വീകരണമൊരുക്കി
ആദ്യം പള്ളിയില്‍കൊണ്ടുപോയി
തൊപ്പി ധരിപ്പിച്ചു .

നിര്‍ബന്ധ മതപരിവര്‍ത്തനം
കോടതിയില്‍ ആരോ ഹര്‍ജി
കൊടുത്തു ...

പിറ്റേദിവസത്തെ ഹര്‍ത്താലില്‍
മരിച്ചുവീണ മൃഗങ്ങള്‍ക്ക്
അനുശോചനമറിയിച്ചു
അതിഥികള്‍  കാവി ധരിച്ചു ..

പള്ളിപ്പെരുന്നാള്‍ കൂടാന്‍
മലയാറ്റൂരിലേക്ക് പോയ അതിഥികള്‍
പിന്നെ ധ്യാന കേന്ദ്രത്തില്‍ക്കൂടി ..
Monday, 4 June 2012

മഴ  ഒരു ബന്ധമായത്
അക്ഷരങ്ങളെ പ്രണയിച്ചപ്പോഴായിരുന്നു

ഇടവഴികടന്നു ചെരുപാടത്തെത്തിയപ്പോള്‍
അകലെ ആകാശത്തിനു താഴെ
മുഖം കറുപ്പിച്ചുനില്‍ക്കും മേഘങ്ങള്‍
പരിഭവം ചൊരിയാന്‍ നില്‍ക്കുന്നത്
ഒരു വിസ്മയത്തോടെ നോക്കിനിന്ന
ബാല്യം മുതല്‍ക്കെ മഴ
ഒരുബന്ധമായി എന്നില്‍ പെയ്തുകൊണ്ടിരുന്നു

പുസ്തക സഞ്ചി താഴെവെച്ചു
തുറന്നിട്ട ജാലകവാതിലില്‍ക്കൂടി
പുറത്തേക്കു നോക്കിയിരുന്നപ്പോള്‍
വീണ്ടും കേള്‍ക്കാന്‍ കൊതിക്കും ഒരു
സംഗീതംപോലെ മഴ വീണ്ടും പെയ്തുകൊണ്ടിരുന്നു


രാത്രി തൂവാനത്തുമ്പികള്‍
തൊട്ടുണര്‍ത്തിയത്
ആര്‍ദ്രമായ പ്രണയത്തിന്‍
കവിത രചിക്കാന്‍ ..

ഒരിക്കല്‍ ഒന്ന് കരയാന്‍
കൊതിച്ചപ്പോള്‍ കൂടെക്കരയാന്‍
ഓടിവന്ന മഴയാണ് ഇന്നെന്റെ
കദനങ്ങളില്‍ കൂട്ടുകൂടുന്നത് ..


Sunday, 3 June 2012

ഒരു ശവപ്പെട്ടി മുന്നില്‍ വരാന്‍
കൊതിക്കുന്ന നേരത്താണ് ഞാന്‍
ഹൃദയം എവിടെയോ മറന്നു വെച്ചല്ലോ
എന്നോര്‍മ്മയിയിലിരുന്നാരോ മന്ത്രിച്ചത് ..

ക്രൂരത ഹൃദയമില്ലാതവന്റെ
കൂട്ടുകാരനെന്നു പറഞ്ഞതരാണ് ?

ഇടവഴിയില്‍ വെളിച്ചം മറച്ച
വഴിവിളക്കിന്റെ ഓരത്ത്
പൊഴിഞ്ഞു വീണ ജീവന്റെ
അവസാന തുടിപ്പ് പോകുന്നതിനു മുന്‍പ്
കൂലി എണ്ണി തിട്ടപ്പെടുത്തിയ നിമിഷത്തില്‍
ആരോ  പറയുന്നത് കേട്ടു ഹൃദയമില്ലാത്തവനെന്നു .

ക്രൂരത സഹയാത്രികനായ
വഴികളില്‍ കാണാതെപോയ
ഹൃദയത്തെ തേടിപ്പോകാന്‍
ഒരു ദിനമുണ്ടാകുമെന്നു
ചില ശാപവാക്കുകള്‍ പറഞ്ഞത്
ഹൃദയം മറന്നുപോയ മറ്റൊരുവന്റെ
ക്രൂരതക്ക് മുന്നില്‍ ചലനം
നഷ്ടപ്പെട്ട ശരീരത്തിലെ ആത്മാവ്
ഇന്ന് തിരിച്ചറിയുന്നു ...

ശവപ്പെട്ടി വരുന്നതിനു മുന്‍പ്
ഹൃദയം തിരിച്ചുകിട്ടാന്‍
ഹൃദയം മറന്നുപോയവന്റെ
വെറും വാക്കുകള്‍ ......

Saturday, 2 June 2012

ഒരുമഴ കൂടി പെയ്താല്‍  ഭൂമിക്കൊപ്പം
അമ്മയും കരഞ്ഞിരുന്ന വര്‍ഷകാലത്തു
പുത്തനുടുപ്പിന്‍ മണം അകലെ മാറി നിന്നത്
കരിമ്പന്‍ തല്ലിയ ഉടുപ്പിന്റെ നനഞ്ഞ ദുര്‍ഗന്ധത്തിനു
ഒരു വര്‍‍ഗ്ഗം നല്‍കിയ പേരുകൊണ്ട്
ദാരിദ്ര്യം‍

Friday, 1 June 2012

ഇല്ലെനിക്കു ചിറകുകള്‍ സ്വപ്നങ്ങളു
പാറിപ്പറന്നു ചാരത്തു വന്നണയാന്‍ സഖി ..

ഒരു ചിറകടി ശബ്ദം അതെന്നോര്‍മയില്‍
ഒരു മധുരക്കിനാവിന്റെ ചിലങ്കകള്‍തീര്‍ത്തതു ..

ഓര്‍ക്കുന്നു നീ അന്ന് ഒരിളം തെന്നലായി
എന്നെ തഴുകി തലോടുന്ന ദിനങ്ങളോക്കെയും
ഒരു ചുടു നിശ്വാസത്തിന്‍ നേര്‍ത്ത മര്‍മ്മരങ്ങളായി..

പറയാതെ വന്ന വിരുന്നുകാരി നീ
എന്‍ ഹൃദയത്തെ ഒരു സ്വപ്ന ലോകത്തിന്‍
അധിപനാക്കി .

ഒരു പുലരി പുഞ്ചിരിച്ച നേരം നീ സ്നേഹത്തിന്‍
ഒരു വെള്ള തൂവല്‍ പൊഴിച്ച ങ്ങുദൂരെ -
കൂടുകള്‍ കൂട്ടാന്‍ ശിഖരങ്ങളില്ലാത്ത
മരങ്ങളുടെ  നാട്ടിലേക്ക് മാലാഖയായി
എന്‍ മറുപടി കേള്‍ക്കാതെ പറന്നങ്ങുപോയി ...

ഒരു ചിറകടി ശബ്ദം എന്‍ കാതില്‍
മുഴങ്ങുമ്പോള്‍  എനിക്കന്നു ചിറകുകള്‍
സ്വപ്‌നങ്ങള്‍ , പിന്നൊരു പറവയായി
നിന്‍ ചാരെ എന്നെന്നും നിന്‍ മിഴികളായി
ഞാന്‍ മാറാന്‍ കൊതിക്കുന്നു സഖി .....

പുലരട്ടെ പകലുകള്‍
എന്‍ മുന്നിലിനി ഒരു പകല്‍ മാത്രം
അന്നൊരു  ചിറകടി കേട്ടു നീ ഉണരുമ്പോള്‍
അറിയുന്നു പ്രണയത്തിന്‍ ഋതു മന്ത്രണം .............