Pages

Friday 31 May 2013

ആകാശം
* * * * * *

ചിന്നി ചിതറി-
തുളുമ്പും വര്‍ണ്ണ മഷികുപ്പികള്‍

വെളുത്ത കളിവീടില്‍
ആനയും  കുതിരയും അങ്ങിനെ പലതും

നീല വര്‍ണ്ണങ്ങളില്‍
മിഴികള്‍ വിശ്രമിക്കുമ്പോള്‍
പകല്‍ക്കിനാവുകള്‍ക്ക് മന്ദഹാസം

കറുത്ത ചിത്രം തെളിയുമ്പോള്‍
വെളുത്ത സൂചിമുനകള്‍
താഴേ മണ്ണില്‍ കുടഞ്ഞിടും

ശേഷം
ഏഴു വര്‍ണ്ണങ്ങളില്‍
എഴുതി തീരാത്ത
കാവ്യങ്ങള്‍ തന്നു മറയും

രാത്രിയുടെ ശീത കാറ്റില്‍
ചിരിച്ചും കരഞ്ഞും ചന്ദ്രന്‍
ജനലിനപ്പുറം നില്‍ക്കും

തൂവാനം തെറിപ്പിച്ച ഒരു വര്‍ണ്ണം
ഹൃദയത്തില്‍ ചിത്രം വരച്ചു

നാലു തോളില്‍ നിശ്ചലമായി
കുലുങ്ങികുലുങ്ങി
ആകാശമേ  നിന്നെയും-
കടന്നു നിത്യമുറക്കത്തിനു പോകുമ്പോള്‍
മിഴികള്‍ എന്തിനാണ് അടച്ചതെന്നു നീ -
എന്നോട് ചോതിക്കരുത്
 

Tuesday 28 May 2013

കാറ്റ്‌
* * * *
വിരഹത്തിന്റെ-
യാവര്‍ത്തനത്തിലാണ്
പൈന്‍ മരങ്ങളുടെ-
യിടയില്‍ക്കൂടി വീണ്ടും നീ
എന്നെ ചുംബിച്ചത് 

ഞെട്ടിയുണര്‍ന്ന പകലിന്റെ-
യവസാനത്തില്‍ ദൂരെയെവിടെയോ
ചിതയില്‍ കരിഞ്ഞ കന്യകയുടെ
ഗന്ധമാണ് നിന്‍റെ വിയര്‍പ്പ്‌ കലര്‍ന്ന
ആ ചുംബനത്തിന്

നീയുറങ്ങുമ്പോള്‍
അനാഥനായി മേഞ്ഞു നടക്കുന്ന
നിലാവിനൊപ്പം എന്‍റെ
നിദ്രാവിഹീനങ്ങളായ
രാവുകളുണ്ട്
അന്നൊരു ചുംബനം കൊതിക്കാറുണ്ട്

എന്‍റെ പൂവുകളില്‍
ശലഭം വിരുന്നു വരുമ്പോള്‍
നിനക്കുത്സഹാഹമാണ്
നിന്‍റെ ശേഷിപ്പാണല്ലോ
ഞാന്‍ ചുംബിക്കുന്നത്

ജനാലയില്‍ വന്നു വിളിച്ചുണര്‍ത്തി
നീ പറഞ്ഞുതന്ന കവിതകള്‍
വരികള്‍ മുറിഞ്ഞു
ഹൃദയത്തില്‍ കുരുങ്ങിക്കിടക്കുന്നുണ്ട്
നിന്‍റെ പറയാതെയുള്ള ഈ ചുംബനം
വീണ്ടും മുറിവേല്‍പ്പിക്കുകയാണ്

നീ ഉറങ്ങുന്ന പകലില്‍ വേണം
എനിക്ക് ഉണരാത്ത ഉറക്കത്തിലേക്ക്
ഇറങ്ങിച്ചെല്ലാന്‍
സാമ്പ്രാണിയുടെയും
ചന്ദനത്തിരിയുടെയും ഗന്ധം
നിന്നെ ചുംബിച്ചുണര്‍ത്താതിരിക്കട്ടെ ... 

Tuesday 21 May 2013

ബാര്‍ബര്‍ഷോപ്പ്
*****************
അങ്ങാടിയോട് ഒട്ടി നില്‍ക്കുന്നുണ്ട്
മമ്മദിന്റെ ബാര്‍ബര്‍ ഷോപ്പ്‌
അവിടെയാണ് കന്യകമാരും
വിധവകളും അവിഹിത -
ഗര്‍ഭം ധരിക്കുന്നത്

കത്രികയുടെ താളത്തിനു
തലമുടികള്‍ക്ക് ചരമഗീതം

ദൈവത്തിനു മുന്നിലും
പിന്നെ എന്‍റെ മുന്നിലുമാണ്
മനുഷ്യ തലകള്‍ സാഷ്ടാംഗം-
ചെയ്യുന്നതെന്ന് തെല്ലഹങ്കാരത്തോടെ
മമ്മദ്‌ പറയും

നരച്ച സില്‍ക്ക്‌ സ്മിതയുടെ
ചിത്രത്തിനടുത്തായി
വിദ്യാബാലനും നമിതയും
ഊഴം കാത്തുനില്‍ക്കുന്നവരോട്
 എന്തോ പറയുന്നുണ്ട്


അയല്പക്കം മുതല്‍
അന്താരാഷ്ട്രംവരെയുള്ള
അവിഹിത ഗര്‍ഭത്തിന്‍കഥകളുടെ
കെട്ടുകളഴിച്ചു മമ്മദ്‌ പറഞ്ഞു തുടങ്ങും

രാജ്യത്തിന്‍റെ വളര്‍ച്ച
അവിഹിത ഗര്‍ഭത്തിലാണന്നാണ്
മമ്മദിന്റെ വാദം ...

Friday 17 May 2013

കാലം
*******
മഴയാണ്
പുഴ നിറഞ്ഞുകിടക്കുന്നു
പാടവരമ്പിനടുത്തെ കുളവും
കണ്ണേ വഴിമാറി നടക്കണം
മഴ നനയരുത്
കുട നിവര്‍ത്തണം
കാറ്റ് ശക്തമായാല്‍
സുദേവന്‍റെ കടയില്‍
കയറി നില്‍ക്കണം
പടിക്കല്‍  കാത്തു നില്‍ക്കാം
തല നനഞ്ഞാല്‍
സാരിത്തുമ്പുകൊണ്ട്
തല തുവര്‍ത്തിത്തരാം  അമ്മ

വെയിലാണ്
തണല്‍പറ്റി നടക്കണം ഓടി വീഴരുത്
പടിക്കല്‍ കാത്തുനില്‍ക്കാം
തെക്കേ തൊടിയിലെ
മൂവാണ്ടന്‍ മാവല്‍ നിന്നും
അടര്‍ന്നു വീണ മാമ്പഴം
അമ്മയുടെ മടിയിലുണ്ട്

നിലാവുണ്ട്

മുറ്റത്തെ മണലില്‍ പുല്‍പ്പായയില്‍
നിലാവ് നിന്നെ ചുംബിക്കുമ്പോള്‍
രാക്ഷസന്‍ കടത്തിക്കൊണ്ടുപോയ
രാജകുമാരിയെ രക്ഷിച്ച ഇടയ ചെറുക്കനെ
സ്നേഹിച്ച കുമാരിയുടെ കഥ പറഞ്ഞുതരാം

മാറില്‍ തല ചേര്‍ത്തുറങ്ങിയ -
നക്ഷത്ര രാത്രികള്‍
രാപ്പനി തളര്‍ത്തിയപ്പോള്‍
ഉറങ്ങാതെ നെഞ്ചിലെ ചൂട്-
തന്നുറക്കി നിന്‍റെയമ്മ ..

കാലം
ഇന്നൊരു അഭയ കേന്ദ്രത്തില്‍
പെയ്തു തീര്‍ന്ന മഴയും
വാടിത്തളര്‍ന്ന വെയിലും
ജാലകത്തിനപ്പുറത്ത് നിന്ന്
ഒരു കാലത്തെ ഓര്‍മ്മപ്പെടുത്തുമ്പോഴും
അമ്മ  അകലെ കറുപ്പണിയുന്ന മേഘത്തെ-
നോക്കി പറയും
മഴയാണ്
പുഴ നിറഞ്ഞു കിടക്കുന്നു
പാടവരമ്പത്തിനടുത്തെ കുളവും
കണ്ണേ വഴി മാറി നടക്കണം ...

 

Friday 10 May 2013

മഴ
***
അകന്നകന്നുപോകും മഴ മേഘം
കാറ്റിനെ പഴിക്കാറുണ്ട്

പെയ്തിറങ്ങിയാലോ
പരസ്പ്പരം ചുംബിച്ചുകൊണ്ട്
ഓടി നടക്കും

ഒരു ചുംബനം കൊതിച്ച്
തൊടിയിലെ ചേമ്പില
മഴയെ കാത്തിരിക്കും

ചുംബിച്ചു കഴിഞാലോ
മണ്ണിന്‍ മാറിലേക്ക്
മരിച്ചുവീഴും മഴയെ
നോക്കി ശിരസ് കുനിച്ച് നില്‍ക്കും

വെളുപ്പ് ചിറകടിച്ചുയരുമ്പോള്‍
മഴത്തുള്ളികള്‍ ഒളിച്ചിരുന്ന
ഇലകളില്‍ സൂര്യന്‍ തട്ടിവീഴുന്നത്
പ്രണയ കവിതകളിലാണ്

ഇരുട്ടില്‍ തൂവാനം
ചുംബിച്ചുണര്‍ത്തനാണ്
ജാലകം തുറന്നിട്ട്‌
സ്വപ്‌നങ്ങള്‍ കണ്ട്
ഞാന്‍ ഉറങ്ങുന്നത് .. 

 

Monday 6 May 2013

രാപ്പകലുകള്
*************‍
മഴതോര്‍ന്ന പകലില്‍ മൌനം ചിരിച്ചു
മാമ്പൂപൊഴിഞ്ഞ വഴിയില്‍

മേഘം തെളിഞ്ഞു വെയിലും ചിരിച്ചു
നിറമൌനചഷകം തുളുമ്പി നിന്നു

തീരം തൊടാതെ ദൂരെ മറഞ്ഞ-
സാഗര തിരകള് തിരികെയെത്തി

മറന്നുപോയൊരു പ്രണയഗീതങ്ങള്‍
ഓര്‍ത്തെടുക്കുന്നു പുലര്‍ക്കാലം

നിറ സന്ധ്യകളും നിലാമാഴയും
നിത്യ വസന്തത്തിന്‍ നീലിമയില്‍

സഖി നിന്‍റെ മൌനം മൊഴിയുന്നു-
മെല്ലെ മധുരം തുളുമ്പും പ്രണയകാവ്യം ..

ഒരു കൊച്ചു പ്രാണനില്‍ ഒളിപ്പിച്ചു വെക്കാം
സഖി നിന്‍റെ ആര്‍ദ്രമാം നൊമ്പരങ്ങള്‍

മകര മഞ്ഞില്‍ പൊഴിയും പൂവുകള്‍
സഖി നിന്‍റെ ഗന്ധം  നിറച്ചു തന്നു

സുഖ ദുഃഖ വഴിയില്‍ സഹയാത്രികനാകാം
സഖി നിന്‍റെ നിഴലിനു കൂട്ടും വരാം

എവിടേ മറഞ്ഞൊരു മരണം വന്നെന്നെ-
മാടിവിളിക്കും നിമിഷം

സഖി നിന്‍റെ മടിയില്‍ ഒട്ടിയിരിക്കും
ഓര്‍മ്മകള്‍ മരിക്കാത്ത രാപ്പകലുകള്‍ ..

മഴ തോര്‍ന്ന നേരം മൌനം ചിരിച്ചു
മാമ്പൂ പൊഴിഞ്ഞ വഴിയില്‍ .....