Pages

Tuesday, 30 October 2012

ഉമ്മറത്ത്
----------
മഴ പെയ്ത നേരം മുറ്റത്തേക്ക് ഓടും
കൈയില്‍ പകുതിയുണങ്ങിയ
തുണികളുമായി പിന്നെയകത്തേക്കുമോടും
അച്ഛന്‍ ഉമ്മറത്ത് മഴയുടെ
തണുപ്പില്‍ ബീടിപ്പുകയില്‍ ചൂടുതേടും

പകുതിയരഞ്ഞ ദോശ മാവില്‍
കൈകള്‍ വീണ്ടും ചലിക്കുമ്പോള്‍
"ഉമ്മറത്തേക്ക് ഒരു ചായ
അച്ഛന്‍ ഉറക്കെ പറയും "

നിലവിളക്കില്‍ തിരി
നിറച്ചു വെണ്ണയൊഴികുമ്പോള്
പകലിലെ കഷ്ടതകള്‍
പുറകിലെ കുളിപ്പുരയില്‍
ഒഴുക്കി കളഞ്ഞതിന്റെ ശേഷിപ്പ്
ഈറനിടുന്നത് കാണാം

അടുക്കളയുടെയകത്തളത്തില്‍
അമ്മ അത്താഴമൊരുക്കുന്നത്
തൊടിയുടെ അപ്പുറത്തു നിന്നു
ചിലപ്പോള്‍ നിലാവു വന്നു നോക്കും

ഇടയിലോടിയെത്തി
ശിരസില്‍ത്തലോടും
നാളയുടെ പ്രതീക്ഷയെന്നപോല്‍
നഗ്ന മേനിയില്‍ ചുംബനം തരും
ഒരു കാറ്റിനും തരാന്‍ കഴിയാത്ത
കുളിര്‍മ്മയോടെ മെല്ല
മിഴികളടയ്ക്കും മകന്‍

മഴ പെയ്യുന്നുണ്ടിന്നും
മുറ്റത്തേക്ക് അമ്മയിന്നുമോടും
അച്ഛന്‍ ഉമ്മറത്ത് തന്നുണ്ട്

സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍
----------------------
നിശയുടെ ചിറകിലേറി
നിറങ്ങളില്ലാത്ത സ്വപ്നങ്ങള്‍
നിശബ്ദമായി വിളിച്ചുണര്‍ത്തി
നിദ്രയിലല്ല സ്വപ്‌നങ്ങളെന്നുപറഞ്ഞു

 

Sunday, 28 October 2012

കാറ്റ്

കാറ്റ്
----------
അകലെ മേഘങ്ങളേ
വകഞ്ഞുമാറ്റി കത്തി
നില്‍ക്കുന്ന മീന സൂര്യന്‍റെ
ചൂടിനെ ശമിപ്പിക്കാന്‍
പാടവരമ്പത്ത് തളര്‍ന്നിരിക്കും
വാടിയ മുഖങ്ങള്‍ക്കു
ഒരു തലോടലായി തഴുകിവരാറുണ്ട്

നക്ഷത്രങ്ങള്‍ നര്‍ത്തനമാടും രാവില്‍
ആസ്വാദകരായി ഭൂമിക്കൊപ്പം
മാനം നോക്കി കിടക്കും നേരം
നനുത്ത പ്രണയത്തിന്‍ സംഗീതമാകും

നിലാവു തനിച്ചാകുമ്പോള്‍
ജാലകവാതിലില്‍‍ക്കൂടി
മെല്ലെ മെല്ലെ ‍ കടന്നു കാതില്‍
കഥകള്‍ പറഞ്ഞുതരും

കര്‍ക്കിടകത്തിലും
തുലാമാസത്തിലും
മഴയോട് യുദ്ധംചെയ്യാറുണ്ട്
ഇടവത്തിലെ മഴയില്‍
ചിലപ്പോള്‍ മൌനമാകും

ചെറുതീയില്‍ മകര
മഞ്ഞിനെയുരുക്കുമ്പോള്‍
കുളിരായി കടന്നുപോകാറുണ്ട്

ഉരുകുന്ന മനവുമായി
ജാലകവാതിലില്‍
വിധൂരതയിലേക്ക് നോക്കി
നില്ക്കും നേരം ആശിച്ചു പോകാറുണ്ട്
ഒരു കാറ്റ് വന്നിരുന്നുവെങ്കിലെന്നു!!! 

Saturday, 27 October 2012

നിഴല്‍

നിഴല്‍
------------------
ഒടുവില്‍ ഞാനെത്തി
നീ ഉപേക്ഷിച്ചുപോയ
സ്വപ്നങ്ങളുമായി

നമുക്കിടയില്
സാഗരത്തിനിരുകരപോല്‍
വിദൂരതതന്ന മൌനത്തെ
ഇനി യാത്രയാകണം ‍
മടങ്ങിവരാത്ത യാത്ര ..


മുന്നിലെ യാത്രകളില്‍
സ്വപ്നങ്ങളില്ലായിരുന്നു
തിരിച്ചുവരവിലാണ്
സ്വപ്നങ്ങളുള്ളതെന്നു
പിറകില്‍ നിന്നും
നിഴലുകള്‍ പറഞ്ഞു

നിഴലുകള്‍ പ്രവാചകരായിരുന്നോ?

തിരിഞ്ഞു നടന്നപ്പോള്‍
നിഴലുകള്‍ക്ക് പ്രകാശമുണ്ടായി
സ്വപ്നങ്ങള്‍ മുഴുവനും
വഴികളില്‍ മിന്നിനിന്നു

നിന്‍റെ സ്വപ്ങ്ങളാണ്
ഇന്നെന്‍റെ ഭാണ്ഡത്തില്‍
മൌനം യാത്രയാകുന്നതും കാത്തു
ഞാന്‍ കാത്തിരിക്കുന്നു
പിറകില്‍ എന്‍റെ നിഴലും 

Friday, 26 October 2012

ഓര്‍മ്മകളിലെ പെരുന്നാള്‍ ...

ഓര്‍മ്മകളിലെ പെരുന്നാള്‍
------------------------------------------

'പ്രവാസത്തിന്‍റെ വീര്‍പ്പുമുട്ടിലാണ്  പെരുന്നാള്‍ ഓര്‍മ്മകള്‍ സുഖകരമാകുന്നത് ,       പഠന സമയം മുതല്‍ക്കെ ഞാനൊരു പ്രവാസിയായിരുന്നു ,  അവധിക്കാലങ്ങളില്‍ മാത്രമേ  വീട്ടില്‍ വരൂ ,   രണ്ടു പെരുന്നാളും വീട്ടില്‍ ആഘോഷിക്കുക എന്നുള്ളത് എനിക്ക് നിര്‍ബന്ധമായിരുന്നു ,    ഉപ്പയും  ഒന്നിച്ചുള്ള പെരുന്നാള്‍ ഓര്‍മകളില്‍  ഒളിഞ്ഞിരിക്കുകയാണ് ,    എട്ടു വയസ്സില്‍  അനന്തമായ യാത്രയിലേക്ക്  ഉപ്പ പോയിരുന്നു , 

രാവിലെ  പുത്തനുടുപ്പണിഞ്ഞു  (  വര്‍ഷത്തില്‍ ഒരിക്കലാണ് ഒരു ഷര്‍ട്ട് പാന്‍റും വാങ്ങിയിരുന്നത് )    ഉമ്മയുടെ കൈപുണ്യം  പതിഞ്ഞ  പത്തിരിയും , ഇറച്ചിയും  കഴിച്ചു  പള്ളിയിലേക്ക്  പോകാനായി  ഒരുങ്ങും ,  ഒരുങ്ങികഴിഞ്ഞു  ഉമ്മയുടെ മുന്‍പില്‍ വന്നു നില്‍ക്കും   തലയിലെ  തട്ടംകൊണ്ട് ഉമ്മയുടെ വിയര്‍പ്പ് പൊടിഞ്ഞ മുഖം തുടച്ചു രണ്ടു കൈകൊണ്ടു എന്‍റെ മുഖം ചേര്‍ത്തുപിടിച്ചു കവിളുകളില്‍   ചുംബനംകൊണ്ട് പൊതിയും ,   മക്കളില്‍ കൂടുതല്‍ ചുംബനം കിട്ടിയത് എനിക്കാണ് ,   

അന്ന്  എന്‍റെ വീടിനു ചുറ്റും  ഹൈന്ദവ സഹോദരരുടെ  വീടുകളായിരുന്നു കൂടുതലും   ഏഴോ എട്ടോ  മുസ്ലിം വീടുകള്‍ മാത്രം ,     പുള്ളുവന്‍ പാട്ടിന്റെ  മാസ്മരികത അറിഞ്ഞത്  വീടിനു പടിഞ്ഞാറുള്ള  സര്‍പ്പകാവിലെ തുള്ളലിനായിരുന്നു ,   അയല്‍പക്കത്തെ അമ്മ  തൃസന്ധ്യനേരത്ത്  ഹരിനാമകീര്‍ത്തനം ചൊല്ലുമ്പോള്‍  മണ്ണെണ്ണ വിളക്കിന്‍ വെട്ടത്തില്‍  മദ്രസയിലെ പാടം ചൊല്ലി തരും  ഉമ്മ ,  മുത്തുനബിയുടെ  കഥകളും ഒപ്പം പറഞ്ഞുതരും

പെരുന്നാളിന്  അയല്‍ക്കാരെ സല്ക്കരിക്കും ഉമ്മ ,  സ്നേഹിക്കുന്നതിലും  ഭക്ഷണം കൊടുക്കുന്നതിലും  ഉമ്മ  പിശുക്ക് കാണിക്കില്ല,
പെരുന്നാളിന്റെ ഒരു പങ്കു ഒരാള്‍ക്കു വേണ്ടി  ഉമ്മ മാറ്റിവെക്കും ,  ഉച്ച കഴിയുമ്പോള്‍   മെലിഞ്ഞു നീണ്ട  നെറ്റിയില്‍  ഭസ്മം ഉണങ്ങി പാടുവീണ താംബോലം ചുവപ്പിച്ച  ചിരിയോടെ  " എടീ  കുഞ്ഞേ 'യെന്നു വിളിച്ചുകൊണ്ട് പടികയറി വരുന്ന ഒരമ്മക്കായി ,

കാത്തിരുന്നപോലെ  'എന്തോ 'യെന്നു വിളികേട്ടുകൊണ്ട് ഉമ്മ അമ്മയെ  സ്വീകരിച്ചിരുത്തും.  പിന്നെ അവരുടെ  ലോകമാണ് ,  കളിയും കാര്യവും ഒക്കെയായി  അസ്തമയത്തിനു തൊട്ടു മുന്‍പ്‌ വരെ ,

മുതിര്‍ന്നപ്പോള്‍  ഈ സ്നേഹബന്ധത്തെകുറിച്ചു ഉമ്മയോട് ഞാന്‍ ചോതിച്ചു ,
ഉമ്മ വിവരിച്ചു ,      ആ അമ്മ എവിടെയാണ് താമസിക്കുന്നതെന്ന് ഉമ്മക്ക് അറിയില്ല  വീടിനു  അഞ്ചു കിലോമീറ്റര്‍ പടിഞ്ഞാര്‍  കായലാണ്  അതിനുമപ്പുറം  നീല സാഗരവും  ,  കായലിനടുത്താണത്രേ  അമ്മയുടെ  വീട് ,   കൈതകള്‍ മുറിച്ചു  പായ ഉണ്ടാക്കി  , ഒപ്പം ചുണ്ണാമ്പുമുണ്ടാക്കി  വീടുകളില്‍ കയറിയിറങ്ങി വില്‍പ്പന നടത്തലായിരുന്നു ജോലി ,    എന്‍റെ  മൂന്നാമത്തെ ജേഷ്ടനെ ഉമ്മ ഗര്‍ഭം ധരിച്ച സമയം ,    ഉപ്പയുടെ ഉമ്മയുംമുണ്ട് വീട്ടില്‍ .  വീടിനു മുന്നില്‍ വിശാലമായ കുളമാണ് ,രണ്ടു ഭാഗത്തായി കൈതക്കാടുകളും , പ്രായമായ ഉപ്പയുടെ ഉമ്മ നിസ്ക്കാരത്തിനായി അംഗ ശുദ്ധി വരുത്തുന്നത് കുളത്തിലാണ് ,  ഒരു വൈകുന്നേരം  അംഗശുദ്ധി വരുത്തുന്നതിനിടയില്‍ കാല്‍ വഴുതി കുളത്തില്‍ വീണു ഉപ്പയുടെ ഉമ്മ , കൈതമുറിച്ചുകൊണ്ടിരുന്ന അമ്മയാണ് അവരെ  രക്ഷിച്ചത് ,  ആ സ്മരണയാണ്  ഒരു ബന്ധത്തിന് വാതില്‍ തുറന്നു കൊടുത്തത് ,

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി  ആ അമ്മയെ കാണുന്നില്ല ,  ഉമ്മ പെരുന്നാള്‍ പങ്കും കരുതി കാത്തിരിക്കും ,  എന്‍റെ ജേഷ്ഠനെ കൊണ്ട് ഒരിക്കല്‍ ഉമ്മ ഒരു അനേഷണം നടത്തിച്ചു ,എവിടെയാണ് താമസിക്കുന്നതെന്ന് വെക്തമായി അറിയാത്തത്കൊണ്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല , 

ഓരോ പെരുന്നാളും  ചില ഓര്‍മ്മകള്‍ തന്നു കടന്നുപോകും , കറുപ്പും വെളുപ്പും നിറഞ്ഞ  ബാല്യകാല  സ്മരണകള്‌ുമായാണ് എന്‍റെ  പ്രവാസജീവിതത്തിലെ പെരുന്നാളുകള്‍ കടന്നുപോകുന്നത് ...... 

Tuesday, 23 October 2012

ബലി പെരുന്നാള്‍

ബലിപെരുന്നാള്‍
-------------------------------

ഹജ്ജൊരു ത്യാഗമാണ് ,  ത്യാഗത്തിന്‍റെ പെരുന്നാള്‍ എന്നാണു ബാലിപെരുന്നാളിനെ വിശേഷിപ്പിക്കുന്നത് ,   

ഇബ്രാഹിം നബിയുടെയും പത്നി  ഹാജറയുടെയും  മകന്‍  ഇസ്മായിലിന്റെയും ത്യാഗമാണ്  ഹജ്ജു പെരുന്നാള്‍ ഓര്‍മ്മിപ്പിക്കുന്നത് ,

ഇബ്രാഹിം പ്രവാചകന്‍ വാര്‍ധ്യക്യത്തില്‍ ദൈവം ദാനം നല്‍കിയതാണ് മകന്‍ ഇസ്മായിലിനെ ,  ഒരുകുട്ടി ജനിച്ചാല്‍ ദൈവമാര്‍ഗത്തില്‍ ബലി നല്‍കാമെന്നു  ഇബ്രാഹിം ദൈവത്തിനോട് മുന്‍പ് കരാര്‍ ചെയ്തിരുന്നു , 

ഇസ്മായിലിന്റെ ജനനത്തിനു മുന്‍പേ  ഹാജറയും  ഇബ്രാഹിമും ജനവാസമില്ലാത്ത മക്കയിലേക്ക് പുറപ്പെട്ടിരുന്നു ,   ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അത് ,    മക്കയിലാണ്  ഇസ്മായിലിന്റെ ജനനം

പൊള്ളുന്ന മരുഭൂമിയില്‍  ഹാജറ ഇസ്മായിലിന് ജന്മം നല്‍കി  , ഒരിക്കല്‍  ഹാജറയെയും മകനെയും   സഫ മലയുടെ  തഴഭാഗത്ത്‌  തനിച്ചാക്കി  ഇബ്രാഹിം  വിശുദ്ധ ഗേഹമായ കയബ ലക്ഷ്യമാക്കി  നടന്നു .

പൊള്ളുന്ന ചൂടില്‍  ഇസ്മായില്‍ ദാഹ ജലത്തിനായി  കരഞ്ഞു  , ഹാജറയിലെ  മാതൃ ഹൃദയം  പിടഞ്ഞു ,  സഫ മലയുടെ മുകളില്‍  മകനെ കിടത്തി  അടുത്തുകിടക്കുന്ന മര്‍വ മല  ലക്ഷ്യമാക്കി    സഹായത്തിന്‍റെ ഒരുകരം തന്‍റെ മുന്നിലേക്ക്‌ വരുന്നതും നോക്കി വേഗതയില്‍  ഹാജറ  നടന്നു .  പിറകില്‍ മകന്‍റെ കരച്ചില്‍  മുന്നില്‍  വിജനമായ  മര്‍വ  മലയും  , തിരിഞ്ഞു മകന്‍റെ അടുക്കലേക്ക് ഹാജറപോയി , അങ്ങിനെ  ഏഴു തവണ  സഫയില്‍നിന്നും  മര്‍വായിലേക്ക് ഹാജറ  ഓടി  ,  ഏഴാമത്തെ  തവണ  മര്‍വയില്‍നിന്നും  സഫയിലേക്ക് തിരികെ വരുമ്പോള്‍  ഹാജറ  കണ്ടത്   മകന്‍റെ  മുന്നില്‍  ഒരു ഉറവ നിര്‍ഗളിക്കുന്നു  കുഞ്ഞു  കൈകള്‍കൊണ്ട്  പുഞ്ചിരിയോടെ വെള്ളത്തില്‍ കളിക്കുകയാണ് ഇസ്മായില്‍ ,   ജീവിത  പ്രളയത്തില്‍ നിന്നും  മോചനമില്ലാതെ  ദുഖിക്കുന്ന വേളയില്‍  ഈ  ഉറവ ഒരു പ്രളയമാകുമോ എന്നു  ഹാജറ  ഭയപ്പെട്ടു ,   ' സം സം , സം  സം '   ഹാജറ  പറഞ്ഞു (  മതി ,അടങ്ങു  എന്നാണ് അതിന്റെ അര്‍ത്ഥം ഹിബ്രു ഭാഷയാണ് )     

ഈ  സംഭവത്തെ  അനുസ്മരിപ്പിച്ചുകൊണ്ടാണ്  ഹാജിമാര്‍  സഫ മര്‍വ മലയുടെ ഇടയില്‍  ഓടുന്നത്  ഇതിനു ( സഇയ്യ്)  എന്നു പറയുന്നു

ജനവാസമില്ലാത്ത മക്കയില്‍  സം സം ഉറവതേടി  കച്ചവടത്തിനായി യാത്ര ചെയ്തിരുന്ന  വിദേശികള്‍ തമ്പടിച്ചു , മക്ക  അങ്ങിനെ  ജനവാസകേന്ദ്രമായി .

ഇസ്മായില്ന്റെ ബാല്യംവും  ബലിയും

 , ഇസ്മായിലിന്റെ കുസൃതികള്‍  മാതാപിതാക്കളെ സന്തോഷപ്പെടുത്തി ,   ചില  രാത്രികളില്‍  ഇബ്രാഹിം  സ്വപ്നം കണ്ടു  ഞെട്ടിയുണരും , ആവര്‍ത്തനമായപ്പോള്‍  ഇബ്രാഹിം  കാരണം കണ്ടെത്തി  , ദൈവത്തിനോട് ചെയ്ത കരാര്‍  താന്‍ മറന്നുപോയിരിക്കുന്നു , കുറ്റബോധം മനസ്സില്‍ ഇബ്രാഹിമിനെ അലട്ടി. , അവസാനം  ദൈവമാര്‍ഗത്തില്‍  മകനെ  ബലി നല്‍കാന്‍ തീരുമാനിച്ചു ,    തീരുമാനം  മകനോടുതന്നെ  പറഞ്ഞു ,    ഖുറാന്‍  മുപ്പത്തിമൂന്നാം അദ്ധ്യായം  നൂറ്റി മൂന്നാം വാക്യം ,     ' ഇബ്രാഹിം  മകനോട്‌  പറഞ്ഞു   ഓ  മകനെ  ദൈവ മാര്‍ഗത്തില്‍ നിന്നെ ബലി നല്കാമെന്ന്  കരാര്‍ ചെയ്തിരുന്നു  മകനെ നിന്‍റെ അഭിപ്രായം  എന്താണ് ? '     

വളരെ സൌമ്യമായി ഇസ്മായില്‍ മറുപടി നല്‍കി   '  പിതാവിന്റെ  കല്പനക്ക്  വളരെ ക്ഷമയോടെ ഞാന്‍ വഴിപ്പെടുന്നു '


അങ്ങിനെ ബലി നല്‍കാന്‍  മകനെയും കൂട്ടി  ഇബ്രാഹിം പോയി , ഈ സന്ദര്‍ഭം മുതലെടുത്തു  പിന്നില്‍ കൂടിയ പിശാചു ഇസ്മയില്‍നോട്  പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടു . 
കല്ലെറിഞ്ഞുകൊണ്ട്പിശാച്ചിനെ ഇബ്രാഹിം ആട്ടിയോടിച്ചു ,   ഈ സംഭവത്തെ അനുസ്മരിപ്പിച്ചാണ് ജംറകളില്‍  ഹാജിമാര്‍ കല്ലെറിയുന്നത് ,


ദൈവപരീക്ഷണത്തില്‍  വിജയിച്ച  ഇബ്രാഹിം  സ്വര്‍ഗ്ഗലോകത്തുനിന്നും ദൈവദൂതന്‍ ജിബിരീല്‍ കൊണ്ടുവന്ന  ബലി മൃഗത്തെ അറുത്തു ദൈവത്തിനു
സ്തുതി പാടി ..

അറഫ

ഹജ്ജ്‌ എന്നാല്‍  അറഫയെന്നാണ് . ദുല്‍ഹിജ്ജ  ഒന്‍പതിന്  പകലിന്റെ ഏതെന്കിലും ഒരു സമയം  അറഫയില്‍  നില്‍ക്കല്‍ ഹജ്ജില്‍ നിര്‍ബന്ധമാണ്, പണക്കാരനും ,പാമരനും ഒരേ വേഷത്തില്‍  ഒരേ വാക്യത്തില്‍ അറഫയില്‍ ഒരുമിച്ചുകൂടുന്നു ,   കണ്ണീരില്‍ മുങ്ങിയ മുഖങ്ങളാണ് അന്ന് അറഫയില്‍ , ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ , രാജ്യങ്ങല്‍ക്കുവേണ്ടി ,കുടുബത്തിനുവേണ്ടി  അങ്ങിനെ ദൈവത്തിനോട് കരഞ്ഞുകൊണ്ട് പ്രാര്‍ഥിക്കുന്ന നിമിഷം ,  ഹജ്ജിനു പോകാത്തവര്‍  അറഫയിലെ ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്  വൃതമനുഷ്ടിക്കല്‍ പ്രവാചക ചര്യയില്‍പെട്ടതാണ് .

ഭൂമിയില്‍ ഒറ്റപ്പെട്ടുപോയ  ആദ്യ മനുഷ്യന്‍ ആദമും , ഹവ്വയും  , ദീര്‍ഘകാലത്തിനു ശേഷം കണ്ടുമുട്ടിയത്  അറഫയില്‍വെച്ചായിരുന്നുവെന്നു ചരിത്രം പറയുന്നു  അതുകൊണ്ടാണത്രേ,    '  പരസ്പ്പരം അറിഞ്ഞു , കണ്ടുമുട്ടി , സാമിപ്യമടഞ്ഞു  എന്നര്‍ത്ഥമുള്ള അറഫ എന്നവാക്കില്‍ ഈ സ്ഥലം അറിയപ്പെട്ടത് 

 , ഹാജറയുടെ ത്യാഗമായ അമ്മ ഹൃദയം നമ്മളെ ഉണര്‍ത്തുന്നത് ,   മാതൃസ്നേഹത്തിന്‍റെ നിലക്കാത്ത സ്നേഹത്തെയാണ് , പ്രായമായ മാതാപിതാക്കളെ  വൃദ്ധ സദങ്ങളിലാക്കി  താല്‍കാലിക സുഖംതേടിപ്പോകുന്ന മക്കളെയും നോക്കി   ഹാജറമാര്‍ ഒരു വിളിക്കായി കാത്തിരിക്കുന്നു ,

ഇബ്രാഹിം നബിയുടെ  അര്‍പ്പണബോധം ,  ഇസ്മായിലിന്റെ ക്ഷമ , ജീവിതത്തില്‍ വിശുദ്ധിവരുത്തി  സഹാജീവികളുമായി സേന്ഹത്തോടെ പെരുമാറാന്  നമുക്ക് ഒന്നായിശ്രമിക്കാം .......

ഏവര്‍ക്കും എന്റെ  ഹൃദയം നിറഞ്ഞ  ബലിപെരുന്നാള്‍ ആശംസകള്‍ ‍
 
കണക്കുകള്‍
----------------------
മരണത്തിന് താഴ്വരയില്‍
താഴേ അഗാധ ഗര്‍ത്തങ്ങളിലേക്ക്
പറന്നു താഴുകയാണ്

പോകുന്ന വഴിയില്‍
വീണ്ടും കണക്കുകള്‍
കൂട്ടിനോക്കി പിന്നെ
ഹരിച്ചും ഗുണിച്ചുംനോക്കി

ലാഭങ്ങള്‍ എന്നേ
ആത്മഹത്യ ചെയ്തിരുന്നു ..

അഗാത ഗര്‍ത്തവും കഴിഞ്ഞു
മരണത്തിന്‍ കൊട്ടാരത്തിലെത്തിയപ്പോള്‍
ആത്മഹത്യ ചെയ്ത അത്മാകളാണ്‌‍
സ്വീകരിചിരുത്തിയത്

കണക്കുകള്‍ തെറ്റിയോ എന്ന്
ചിലരുടെ ചോദ്യം !!
വീണ്ടും കണക്കുകള്‍ കൂട്ടി

മുകളില്‍ ജീവിതത്തിന്‍
താഴ്വര വാതിലടച്ചു ..
 

Sunday, 21 October 2012

കവിത

കവിത
--------------
മരണത്തിന്‍റെ പല്ലുകള്‍
ഇരുട്ടില്‍ വാള്‍ത്തലയുടെ
മുനമ്പ്‌  തിളങ്ങുന്നപോല്‍
ദയയുടെ രസ ഭാവങ്ങളില്ലാതെ
മുന്നില്‍ നില്‍ക്കുന്നതു
കവിതയ്ക്ക് തീവ്രതകൂട്ടാനാണ് ..

കവിതയിലെ അവസാന വരികള്‍
തടവറയില്‍ ശിക്ഷയുടെ
കാലാവധിയും കഴിഞ്ഞു
അസ്തമയത്തിനു ശേഷമുള്ള
ചെറുവെട്ടത്തില്‍ വരാനുള്ള
അനന്തമായ ഇരുട്ടിനെകുറിച്ചാണ്

ആകാശവും അതിലെ
നീലിമയും ഭൂമിയും
അതിലെ പൂവുകളും
പ്രസവിക്കാതെപോയ
ജന്മങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍
ജാര 'കവിതകള്‍ക്ക്‌ ' തിരക്ക്

വരികളിലെ സത്യങ്ങളെ
ലോകത്തോടു പറഞ്ഞ
ചില കവിതകളെ
കഴുമരത്തിലേറ്റിയത്
അസത്യങ്ങളെ ഗര്‍ഭം ധരിക്കാന്‍

ഇന്നലെ തെരുവില്‍ ചത്ത  കവിതയാണ്
ഇന്നുപുഷ്പ്പങ്ങള്‍ നല്‍കി
പുനര്‍ജീവിപ്പിച്ചത്
വാടിക്കഴിഞ്ഞപ്പോള്‍
പുഷ്പ്പങ്ങളും കവിതയും
വീണ്ടും തെരുവില്‍ ചത്തുകിടന്നു

തെരുവിലെ മരണമാണ്
കവിതകള്‍ക്ക്‌ നല്ലത്

ഓര്‍മ്മകളില്‍പ്പോലും
വേദനിപ്പിക്കാതെ
തെരുവില്‍കിടന്നു ചത്തെന്ന
ബഹുമതിയുമായി നിത്യ
ശാന്തിയോടെ കവിതകള്‍
സ്മരിക്കപ്പെടട്ടെ ...!!!
 

Thursday, 18 October 2012

വിപ്ലവം
------------------
ചിലന്തി വലകെട്ടിയഅലമാരകളില്‍
ചിതലുകള്‍ വിപ്ലവം നടത്തുന്നുണ്ട്

അരപട്ടിണിയില്‍ ഗര്‍ജിച്ച
വാക്കുകളോടാണ് ചിതലുകളുടെ
വിപ്ലവം ...

ഗോഡ്സയുടെ വെടിയുണ്ട പതിച്ച
സ്ഥലം ചിതലുകള്‍ ബഹുമാനിച്ചില്ല

ജീവനുള്ള ഗാന്ധിജിയുടെ
ചിത്രത്തിനോടും ബഹുമാനം കാണിച്ചില്ല

മറ്റു പല മഹാന്മാരോടും
വിപ്ലവംനടത്തി ചിതലുകള്‍
മുന്നേറുന്നുണ്ട് ..

നിരീശ്വരവാദം പറഞ്ഞ
ചില പുസ്തകങ്ങളില്‍
ഗൌളി കാഷ്ടിച്ചത്
ചിതലുകള്‍ അപശകുനമായി കണ്ടില്ല
ലോകമഹായുദ്ധങ്ങള്‍
ഭയപ്പെടുത്തിയതുമില്ല

കണ്ണുനീരുവീണ ചില വരികളിലും
രക്തം മഷിയായാ പദങ്ങളിലും
ചിലരുടെ പ്രതീക്ഷകളിലും
സ്വപ്നങ്ങളിലും  വിശപ്പകറ്റി
ചിതലുകള്‍ നന്ദി പറയുന്നു ... 

Wednesday, 17 October 2012

മലാല നീ തിരിച്ചു വരണം

മലാല
---------------
'പേനകൊണ്ടെഴുതാന്‍
പഠിപ്പിച്ച ദൈവ നാമത്തില്‍
നീ വായിക്കുക '

നൂറ്റാണ്ട് പതിനഞ്ചിനുമുന്‍പ്
അക്ഷരം അറിയാത്ത
അറബികളോട് ദൈവം പറഞ്ഞു

ഇരുണ്ടയുഗം അന്നസ്തമിച്ചു

മലാലാ.... നിന്‍റെ ശിരസില്‍
തറച്ച വെടിയുണ്ടകള്‍
ഇന്നത്തെ കറുത്ത പകലില്‍
ഉദയംചെയ്ത ദൈവ നാമം
മറന്നുപോയവരുടെതാണ്...

മലാലാ ...നിന്‍റെ ഡയറി കുറിപ്പുകള്‍
സ്വാത്ത്  താഴവരയില്‍ ഉദയം ചെയ്ത
കറുത്ത സൂര്യനെ അസ്തമിപ്പിക്കട്ടെ ...

മലാലാ ....നീ തിരിച്ചുവരണം ..

ലോകം നിനക്കുവേണ്ടി
കാത്തിരിക്കുന്നു ...
ഒപ്പം  നിന്‍റെ
പള്ളിക്കുടവും
ഉദ്യാനവും
പഠനമുറിയും ....

 

Monday, 15 October 2012

മരണം

മരണം
---------------
മരണപ്പെട്ടവരുടെ
മുന്നില്‍ കരയുന്നതു എന്തിനാണ് ?

വരുമാനം നിലച്ചതിന്റെ
നഷ്ടമോര്‍ത്തിട്ടോ അതോ
അടുക്കളയില്‍ പുകയുന്ന
അടുപ്പിന്‍ മുന്നില്‍നില്‍ക്കാന്‍
അടുത്തയാളിനെ തിരയാനുള്ള
സമയ ദൈര്‍ഘ്യമോര്ത്തിട്ടോ ?

സഹതാപ കണ്ണീര്‍
ചത്തവനോടുള്ള
പരിഹാസമാണ്

മരണം വരാന്‍
ആഗ്രഹിച്ച മുത്തച്ഛന്‍
മരിച്ചപ്പോള്‍ ചില മുഖങ്ങള്‍ ചിരിച്ചു
ചിലവുകണക്കുകള്‍ പറഞ്ഞു
ചിലര്‍ മുറുമുറുത്തു

ഏതെങ്കിലും പൊതുശ്മശാനത്തിന്‍
മുന്നില്‍ കിടന്നു മരിക്കണം
മടിയില്‍ അഞ്ഞൂറിന്റെ
നോട്ടും കരുതണം
കുഴിവെട്ടുന്നവന്
ശപിക്കരുതല്ലോ ...


 

Saturday, 13 October 2012

മഴത്തുള്ളിക്കള്‍
ഭൂമിയില്‍ ചിതറി
മരിച്ചുവീണത് പ്രണയിച്ചു
കൊതി തീരുംമുന്നെയാണ്
ഒന്നിനു പിറകെ
ഒന്നായി മണ്ണിനെ
ചുംബിച്ചു ചിതറിവീണു

മണ്ണുമാകാശവും
പ്രണയിച്ചതും
പിണങ്ങിയതും
മഴത്തുള്ളികളില്‍ക്കൂടിയാണ്

പ്രണയം മഴത്തുള്ളികളാതു
കണ്ണുനീരിനെ മൂടാന്‍

മഴയുള്ളപ്പോള്‍ നിലാവ്
ആമ്പലിനെ കാണാതെ കരയും

ഒറ്റപ്പെട്ടുപോയ ചില നക്ഷത്രങ്ങള്‍
മഴതോര്‍ന്ന നേരം അകന്നുപോയ
പ്രേയസ്സിക്കായിപാടും വിഷാദ ഗാനം
താഴെ മണ്ണിലെ പ്രണയങ്ങള്‍ക്കായി
നനുത്ത കാറ്റ് വീണ്ടും ആലപിക്കന്നത്
തുറന്നിട്ട ജാലകവാതിലില്‍ക്കൂടി കേള്‍ക്കാം

ഇനിയെന്റെന്‍ സഖി ഉറങ്ങട്ടെ ...

ഒരു മഴതോര്‍ന്ന രാവില്‍
ഒരുകഥയുടെ തലോടലില്‍
ഒരു പ്രണയ ഗീതംകേട്ടു
അടുത്തൊരു മഴയുടെ
ഇരമ്പലിനുമുന്നേ ........... 

Thursday, 11 October 2012

സ്വപ്നം

സ്വപ്നം
------------------
നിറങ്ങള്‍ ചിത്രമെഴുതിയ
ജാലകവാതില്‍ തട്ടി
നരച്ച പ്രഭാത കിരണങ്ങള്‍
നിഴല്‍ചിത്രം വരക്കും മുന്‍പ്‌
മേഘവാതില്‍ അടച്ചു
നിലാവ് ഉറങ്ങാന്‍
കിടക്കവിരിക്കുന്നതിനും
നക്ഷത്രങ്ങള്‍ മൌനമായി
യാത്രപറഞ്ഞു പോകുന്നതിനും
മുന്‍പുസ്വപ്നം മരിച്ചിരുന്നു

ഇന്നലെ മറന്നുവെച്ച
കവിതകളില്‍
സ്വപ്‌നങ്ങളുണ്ടായിരുന്നു

ഓര്‍ത്തെടുക്കാന്‍
മറന്ന സ്ഥലംതേടി
മദ്യം വിളമ്പിയ
പെണ്ണിന്‍റെ കൊലുസിന്
കിലുക്കം കേട്ട വെളിച്ചം
മറച്ചുവെച്ച മുറിയിലെത്തി

ഇവിടെ മറന്നുവെച്ചതു
ലഹരിയും പിന്നെ കാമവും

കലാലയത്തിലെ ചുവരുകളില്‍
മറന്നുവച്ചതു നാളയുടെ
പ്രതീക്ഷകളെയായിരുന്നു

പള്ളിക്കുടത്തിലെ
പുറകിലെ ബഞ്ചില്‍
ദാരിദ്ര്യമുണ്ടായിരുന്നു

പിതാവിന്‍റെ
കല്ലറക്കുമുന്നില്‍
കവിതകള്‍ വാക്കുകള്‍
മുറിഞ്ഞു ചിതറിക്കിടക്കുന്നു

പെറുക്കിയെടുത്തു
കൂട്ടിവായിച്ചപ്പോള്‍
സ്വപ്നം മാത്രം മഷി പടര്‍ന്നു
മരിച്ചിരുന്നു ......


 

Saturday, 6 October 2012

ഭ്രാന്ത്
-----------------

നക്ഷത്രങ്ങള്‍ എന്തിനാണ്
കരയുന്നത് ?

പിതൃ നഷ്ടവും
മാതൃ സ്നേഹവും
അവകള്‍ക്ക് അന്യമായിരുന്നോ ?

മുലകള്‍ വളര്‍ന്ന
പെണ്മലരുകളുടെ
മാംസം ഭക്ഷിക്കുന്ന
കഴുകന്മാരുണ്ടോ അവിടെ ?

ദാരിദ്ര്യം മടിക്കുത്തഴിക്കാന്‍
പ്രേരിപ്പിച്ച ജീവിതങ്ങള്‍
ശേഷിപ്പിച്ച കുരുന്നുകളുടെ
കളിപ്പാട്ടങ്ങളുടെ കിലുക്കവും

വെളുത്തവന്റെ
ചെരിപ്പിനടിയില്‍
അമര്‍ന്നുപോയ
തൊലികറുത്തവന്‍റെ
രോദനവും കേള്‍ക്കാമോ അവിടെ ?

ദൈവത്തെ അടക്കം ചെയ്ത
കല്ലറക്കുമുകളില്‍
മനുഷ്യ ദൈവത്തിന്‍റെ
പ്രതിഷ്ടകളുണ്ടോ അവിടെ ?

ശൂലവും  പിറയും കുരിശും
രക്തമൊഴുക്കാറുണ്ടോ?

ആകാശത്തുനോക്കി
സംസാരിച്ചവര്‍ ഭ്രാന്തന്മാരെന്നു
പറഞ്ഞതു ആരാണ് ?

 

Thursday, 4 October 2012

ഇടവഴി
-------------
ഇന്നലെ ഓര്‍മ്മകള്‍
ഇടവഴിതേടി യാത്രപോയി

പൂഴിമണ്ണു നിറഞ്ഞ വഴിയില്‍
കൈതക്കാടുകള്‍ കാറ്റിലാടും

മണമില്ലാതെ ചുവപ്പുടുത്ത്
ചെമ്പരത്തിപ്പൂവ്
കരിവളകൈകളെ കാത്തിക്കും

കൈയൊന്നു തൊട്ടാല്‍
മുഖം പൊത്തിക്കരയുന്ന
തൊട്ടാവാടി കലപില ശബ്ദത്തിന്‍
കുരുന്നുകളെ പേടിക്കും

വെയില്‍ വെട്ടമിട്ടു ഇടയ്ക്കു
എത്തിനോക്കി പോകും

പാദസര കിലുക്കം കേള്‍ക്കാന്‍
കിഴക്കന്‍ കാറ്റിനൊപ്പം വരും
ചെറുക്കന്‍മാരെ തുറിച്ചു നോക്കും
ഇടവഴിയിലെ മിണ്ടാപ്പൂച്ചകള്‍

പേരറിയാപൂവുകളില്‍
തേന്‍ നുകരും ശലഭങ്ങള്‍
ഇളംകാറ്റില്‍ നൃത്തമാടി

അന്തിചോപ്പില്‍മുങ്ങികുളിച്ചു
ഇരുട്ടില്‍ ഉറങ്ങുമ്പോള്‍
ചീവീടുകള്‍ മൂളിപ്പാട്ടു പാടും ....

പൂരം കഴിഞ്ഞു വരുന്നവര്‍ക്ക്
നിലാവ് വിളക്കു പിടിച്ചു

അച്ഛന്‍റെ വരവും കാത്തു
ഇടവഴിയില്‍ ഇമകള്‍ അനകാതെ
അമ്മ നോക്കി നില്‍ക്കും

 ഏതോ കോണ്ക്രീറ്റ്
പാതക്കടിയില്‍ ഇടവഴി
മരിച്ചു വീണതു മുതല്‍
കാറ്റും ശലഭവും തമ്മില്‍
കണ്ടിട്ടില്ല .....