Pages

Sunday 30 June 2013

കയ്യൊപ്പ്
**********‌
എനിക്കും നിനക്കുമിടയില്‍
അവ്യക്തമായ ഒരു ചുവരുണ്ട്

സാക്ഷിയായി
ദിനരാത്രങ്ങളില്‍ എന്നോ
സത്യമെന്നെഴുതിയ കാലത്തിന്‍റെ
കയ്യൊപ്പുമുണ്ട്

തിരിച്ചറിഞ്ഞവര്‍ ഒക്കെയും
കാതങ്ങള്‍ക്കപ്പുറമിരുന്ന്
വിധിയെന്ന ശൂന്യതയെ
ക്രൂശിക്കുന്നുമുണ്ട്

അറിയാത്തവര്‍ക്ക് മുന്നില്‍
കൈവരികളില്ലാത്ത പുഴയാണ്
നമ്മള്‍

ചിറ്റോളങ്ങള്‍കണ്ട്ചിരിക്കുകയും
സ്തുതിപാടുകയും ചെയ്യുന്നവര്‍‍
ചുഴികളാണ് ചുറ്റുമെന്ന് അറിയുന്നില്ല

മഴകള്‍ എത്ര നമ്മള്‍ നനഞ്ഞു
വെയിലുകള്‍ എത്ര നമ്മള്‍ കൊണ്ടു
കുടക്കീഴില്‍ നിന്നപ്പോഴും
ചുവരുകളിലെ കയ്യൊപ്പ്‌മാത്രം
മായുന്നില്ല

നിശയിലാണ് രണ്ടു നിഴലുകള്‍
പ്രത്യക്ഷപ്പെടുന്നത്

ചുവരുകളില്‍ പുതിയ
കയ്യൊപ്പുകള്‍ പതിയുന്നതും നോക്കി
അപ്പുറവും ഇപ്പുറവുമുള്ള കനത്ത-
മൌനങ്ങള്‍ നിഴലുകളക്ക് കാവല്‍ നില്‍ക്കും

ചുവരുകള്‍ തകരും
കയ്യൊപ്പും മായും
തിരിച്ചറിഞ്ഞവര്‍
അന്ന് അടുത്തുണ്ടാകും
ഒരു നിഴല്‍ മാത്രം ബാക്കി ...



 

Monday 24 June 2013


ഖബര്‍
*******
കാരിരിമ്പിന്‍റെ
കരുത്താണ് ഖബര്
‍കുഴിക്കുന്ന ഖാദറിന്

ജീവിച്ചതിന്‍റെ അടയാളം
മീസാങ്കല്ലുകളില്‍
കൊത്തിവെച്ചതും നോക്കി
ചിരിക്കാതങ്ങിനെ കുഴികും
ഖാദര്‍ ..

നരച്ച ഖബറുകളില്‍
‍പടര്‍ന്നു പിടിച്ച വള്ളികളുടെ
മൂകതയാണ് ഖാദറില്‍
തെളിഞ്ഞു കാണുന്നത്


ഇന്നലെയും അങ്ങാടിയില്‍
ബെന്‍സ്‌ കാറില്‍ വന്നിറങ്ങിയ
മുസ്തഫാ ഹാജിക്കുള്ള ഖബര്‍
കുഴിക്കുകയാണ് ഖാദര്‍

ഒസ്സാന്‍ കുഞ്ഞുമുഹമ്മദിന്‍റെ
ഖബറിനടുത്തായിട്ടാണ്
മുസ്തഫാഹാജി ഉറങ്ങാന്‍ പോകുന്നത്

ജീവിതത്തില്‍ അകന്നു
നിന്നവരാണ്
മരണത്തിന്‍റെ മണ്ണില്
‍വേലികെട്ടില്ലാതെ-
പരസ്പ്പരം കഥകള്‍
പറഞ്ഞുറങ്ങാന്‍ പോകുന്നത്

 

Saturday 15 June 2013

ഇന്നലെ
*********
നക്ഷത്ര രാത്രികളെ കാവല്‍ നിര്‍ത്തി
കിനാവുകളുടെ തടവറയില്‍
വിദൂരതയുടെ അങ്ങേയറ്റത്ത്
പ്രണയത്തിന്‍റെ പുലരികള്‍
പൂവിടുന്നതും നോക്കിനിന്ന
ഇന്നലകളുടെ നിദ്രകള്‍ ...

വരണ്ട ജീവിതത്തില്‍
പെയ്തു തോര്‍ന്ന ഒരു-
മഴയുടെ നേര്‍ത്ത ഓര്‍മ്മകളാണ്
ഇന്നലകളെ വീണ്ടും നനച്ചു-
ണര്‍ത്തുന്നത്..


നനഞ്ഞ വഴികളില്-‍
തെളിഞ്ഞു വന്ന കാല്‍പ്പാടുകളില്‍
പാദസരത്തിന്‍റെ നിഴലുകള്‍
അടയാളമിട്ടിരുന്നു

പിന്നെയും കണ്ടു
അലസമായി ഒഴുകി നടന്ന
മുടിയിഴകള്‍
വാടിയ പൂവില്‍ നിറഞ്ഞ
കാച്ചെണ്ണയുടെ ഗന്ധം
മിഴികളുടെ ഒളിച്ചു നോട്ടവും

ആരവങ്ങളിലാതെ വന്ന
മഴയോട് ചേര്‍ന്നിരുന്നു
സ്വപ്നങ്ങള്‍കണ്ട ഇന്നലകളില്‍
നീയും ഞാനും മാത്രമായിരുന്നു

ഒറ്റക്കുള്ള ഒരു തിരിച്ചുപോക്ക്
സാധ്യമല്ലെനിക്ക്
ഒരു നിഴല്‍ പുറകില്
‍നില്‍ക്കുന്നുണ്ട്
അത് ഇന്നലകളിലെ
നിന്‍റെ രൂപമാണ്

ഇന്നലകള്‍ക്കെന്നും
നോവിന്‍റെ കുളിരാണ് ..‍


 

Wednesday 12 June 2013

നാടും ,കാടും
*************

പോഷകാഹാരം-
വാങ്ങി അച്ഛന്‍
അമ്മിഞ്ഞപ്പാലും -
 പിന്നെ കുപ്പിപ്പാലും
ഹോര്‍ലിക്സും നല്‍കി
അമ്മ ..

അമ്മിഞ്ഞപ്പാലില്ലാതെ
അച്ഛനില്ലാതെ
പതിനാലു തികയാത്ത
ശലഭങ്ങള്‍
പെറ്റിട്ട കുഞ്ഞുങ്ങളോട്
നിങ്ങള്‍ അട്ടപ്പാടിയുടെ
സന്തതികളാണല്ലോ എന്ന്

നാട്ടിലെ ദൈവങ്ങള്‍ ഒക്കെ
വെളുത്തവരാണ്

കാട്ടിലെ തൊലി കറുത്ത
ദൈവങ്ങള്‍ എന്നോ
ആത്മഹത്യ ചെയ്തു












 

Monday 10 June 2013

തനിച്ച്‌
* * * * *

തനിച്ചല്ലായിരുന്നല്ലോ അന്ന്

പെയ്തു തീര്‍ന്ന മഴകളെല്ലാം
ഒന്നിച്ചാണല്ലോ അന്ന്
നനഞ്ഞത്

കാറ്റില്‍ പറന്നുപോയ
കിനാവുകളെല്ലാം
തിരികെവന്നലോ അന്ന്

അന്ന്
രാത്രികളില്‍
വിയര്‍പ്പ്‌ നനച്ച ‍ മാറില്‍
ഒട്ടി കിടക്കുമ്പോള്‍
നേര്‍ത്ത ശബ്ദത്തില്‍
ഒഴുകി വന്ന ഗസലുകള്‍ക്ക്
പ്രണയാര്‍ദ്രമായ ‍ താളമുണ്ടായിരുന്നു

വെയിലിനെ തടുത്ത കുടയ്ക്ക്-
കീഴില്‍ നാല് മിഴികള് അന്ന് ‍
അടക്കം പറഞ്ഞത്
വസന്തം പൊഴിയുന്ന ഒരു
പുലരിയെ കുറിച്ചായിരുന്നു

ഇന്ന്
പകല്ക്കിനാവില്‍
ഉടഞ്ഞുപോയ സ്ഫടികമാം
പ്രണയം പോല്‍
തനിച്ചാണല്ലോ നീയും ഞാനും

ഏകാന്തതയുടെ
 ജാലാകവാതില്‍ തുറന്ന്
മഴ വന്നുണര്‍ത്തി നോവിക്കുന്നു 
ഒടുവിലത്തെ ചുംബനത്തിന്‍റെ
ശേഷിപ്പിനെ ....

തനിച്ചാണിന്ന്



 

Friday 7 June 2013

മഴപറഞ്ഞത്‌
*************

കവിതകളില്‍
കഥകളില്‍
വര്‍ണ്ണങ്ങള്‍ വിതറി
നിങ്ങള്‍

പ്രണയത്തില്‍
തീവ്രമാക്കി

വെള്ള നൂലിഴകളായി
പെയ്തിറങ്ങിയ എന്ന
നല്ല ചിത്രങ്ങളാക്കി

ഞാനൊന്നു ചുംബിക്കാന്‍ -
വന്നപ്പോള്‍
പനി പിടിക്കുമെന്ന് പറഞ്ഞു
കുടനിവര്‍ത്തിയെതെന്തേ നിങ്ങള്‍ ?

Tuesday 4 June 2013

     ** * *മഴ * * *
________________

ഫ്ലാസ്കില്‍ നിന്നും  ചായ ഗ്ലാസിലേക്ക് പകര്‍ത്തുമ്പോള്‍ ‍  ചുവരിലെ  ഘടികാരം
എട്ടടിച്ചു.  ഹാളില്‍  നിന്നും നേര്‍ത്ത ശബ്ദത്തില്‍ ടെലിവിഷന്‍ ശബ്ദിച്ചു കൊണ്ടിരുന്നു . '  ടി  വി  ഓഫ് ചെയ്യാന്‍ അവള്‍ മറന്നിരിക്കും '  മുറി തുറന്നു ഹാളിലേക്ക് കടന്നപ്പോള്‍  വിലകൂടിയ ഏതോ പുതിയ വിദേശ പെര്‍ഫ്യൂമിന്‍റെ ഗന്ധം സിരകളിലേക്ക് പ്രവഹിച്ചു ,  ഇപ്പോള്‍ അവളുടെ  വിയര്‍പ്പിന് പോലും  പെര്‍ഫ്യൂമിന്‍റെ ഗന്ധമാണ് ,  മുപ്പത്തിയെട്ട് കഴിഞ്ഞെന്നു പറഞ്ഞാല്‍  ആരും വിശ്വസിക്കില്ല,   അവളുപോലും  .

ടി വി യിലേക്ക് നോക്കിയപ്പോള്‍  "മഴയും  അനുബന്ധ രോഗങ്ങളും" എന്ന വിഷയത്തെക്കുറിച്ചുള്ള ഡോക്യുമെന്റ്ററിയാണ്  കണ്ടത്  പശ്ചാത്തലത്തില്‍ മഴയും , മഴ നനയുന്ന കുട്ടികളും  ,പുഴയും  പാടവും  ഒക്കെ വന്നുപോകുന്നു ,    മനസ്സില്‍  ഒരുമഴ  പെയ്യുന്നു  , 

ടെലിവിഷന്‍ ഓഫ് ചെയ്തു വായന  മുറിയുടെ താക്കോല്‍  ഹാളിലെ സെല്ഫില്‍ നിന്നും എടുക്കാന്‍ തുടങ്ങുമ്പോള്‍  മൊബൈല്‍ ശബ്ദിച്ചു ,  ദൂരെ ഹോസ്റ്റലില്‍ നിന്നുപഠിക്കുന്ന മകളുടെ  സുപ്രഭാതം ആശംസിച്ചുകൊണ്ടുള്ള സന്ദേശമാണ് മെസേജ്‌ ബോക്സില്‍ .  ചെറു ചിരിയോടെ  വായന മുറി തുറന്നു , ഈ വീട്  അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിക്കൊണ്ടുമാത്രം വാങ്ങിയതാണ്   , ഈ മഹാനഗരത്തില്‍ ഒരു വീടിന്‍റെ ആവശ്യമില്ലന്നു പല തവണ അവളോട്‌ പറഞ്ഞതാണ് , നാട്ടില്‍  തറവാട്  അനാഥമായി കിടക്കുന്നു, ഒരു വാടക വീടുമതി എന്നെങ്കിലും  ഈ നഗരം ഉപേക്ഷിച്ച് നമുക്ക് പോകേണ്ടിവരും എന്നൊക്കെ പറഞ്ഞു നോക്കി , ഒടുവില്‍ തോല്‍വി സമ്മതിച്ചു ‍ നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവന്നു .

അടഞ്ഞ ജാലകവാതിലില്‍ വിരിയുടെ ചെരുവിടവില്‍ക്കൂടി വെയിലിന്റെ നേര്‍ത്ത പ്രകാശം മുറിയില്‍ നിഴലിട്ടു , പുസ്തകങ്ങള്‍ സൂക്ഷിക്കാനും വായനക്കുമായി ഈ മുറി അവളാണ് തെരഞ്ഞെടുത്തത്. പുസ്തകങ്ങളുടെ വലിയൊരു കളക്ഷന്‍തന്നെ അവള്‍ക്കുണ്ട് ,

മനസ്സിലപ്പോഴും ആ മഴയുടെ ചിത്രമായിരുന്നു ,   അടഞ്ഞ ജാലക വാതില്‍ തുറന്നു,വാതിലില്‍ ചാരിനിന്ന  ഇളവെയില്‍ മുറിയിലേക്ക്‌ മലര്‍ന്നു വീണു , ആമഹാനഗരത്തിന്‍ മുകളില്‍ സൂര്യന്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു , തെളിഞ്ഞ ആകാശത്തിലേക്ക് നോക്കി നിന്നു , അകലെ ഒരു കുഞ്ഞു മേഘം  ഒഴുകിപോകുന്നു , മിഴികള്‍ ആ മേഘത്തിലേക്കതന്നെ നോക്കി നിന്നപ്പോള്‍ ഭൂത കാലത്തിലെ കവാടങ്ങള്‍ അയാള്‍ക്കുമുന്നില്‍ ഓരോന്നായി തുറന്നു..

മഴ മേഘം ഉരുണ്ടുരുണ്ട് വരുന്നുണ്ട് , പുറകിലെ തൊടിയില്‍ വലിയ കല്ലിനു മുകളില്‍ നിന്ന് അകലെ ഇടതിങ്ങിനില്‍ക്കുന്ന തെങ്ങുകളുടെ മുകളില്‍ക്കൂടി മഴ വരുന്നതും നോക്കി നിന്നു , ആദ്യമഴയാണ്, മണ്ണും മരങ്ങളും പുഴയും പാടവും കിളികളും ഒക്കെ കാത്തിരുന്ന മഴ , ഓടിവന്ന നനുത്ത കാറ്റിന് മഴയുടെ ഗന്ധം . മിഴികളടച്ച് ശ്വാസമടക്കി കാത്ത് നിന്നു ,ഇപ്പോള്‍ വളരെ അടുത്തിരിക്കുന്നു ,കാതില്‍ മുഴങ്ങുന്നുണ്ട് നിന്നെ ചുംബിക്കാന്‍ ഇതാ ഞാന്‍ എത്തുന്നു എന്ന്. കവിളില്‍ ആദ്യ തുള്ളി മുത്തമിട്ടപ്പോള്‍ സിരകളില്‍ വര്‍ണ്ണനകളില്ലാത്ത നിര്‍വൃതി,  മഴ മുഴുവനായി ചുംബിച്ചുകൊണ്ടിരുന്നു ..

'ഈ ചെക്കന് എന്തിന്‍റെ ഭ്രാന്താ  ?  മഴ മുഴുവന്‍ നനഞ്ഞൂല്ലോ നീയ്‌  '   ശകാരവുമായി അമ്മ അടുത്തെത്തി മഴയില്‍ നിന്നും പറിച്ചെടുത്ത് ഇറയത്ത് നിറുത്തി തല സാരിത്തുമ്പ് കൊണ്ട് തുവര്ത്തിക്കൊണ്ട് പറഞ്ഞു .അമ്മയെ നോക്കി ചിരിച്ച് മഴയിലേക്ക് നോക്കി അങ്ങിനെ നില്‍ക്കും .

കാലം മഴപോലെ പെയ്തുകൊണ്ടേയിരുന്നു ,പേമാരിയും പ്രളയവും കൊടുംകാറ്റും ഇടവേളകളില്‍ മുറിവേല്‍പ്പിച്ചു കടന്നുപോയി . ഇടക്കെപ്പെഴോ സാന്ത്വനത്തിന്റെ തുള്ളികളുമായി ഒരു നനുത്ത മഴ വന്നു ,പ്രണയത്തിന്‍റെ ഗന്ധം ആ മഴയില്‍ നിറഞ്ഞു നിന്നു ...

വെയിലിനു ശക്തി കൂടിവന്നു . ജലകവാതില്‍ അടച്ചു .മുറിയില്‍ വീണ്ടും നിഴലിട്ടു വെയില്‍ പുറത്ത് നിന്നു ,അമ്മ മരിച്ചപ്പോള്‍ നാട്ടില്‍ പോയതാണ് , അഞ്ചു വര്ഷത്തിനു മുന്‍പ്‌ .  കര്‍ക്കിടകത്തിലാണ് അമ്മ മരിച്ചത് . ചിത എരിഞ്ഞു കഴിഞ്ഞപ്പോഴാണ് മഴ വന്നത് , ഇറയത്ത് കരഞ്ഞ കണ്ണുമായി നിന്നപ്പോള്‍ തൂവാനം തഴുകികടന്നുപോയി ,ആ മഴയ്ക്ക്‌ അമ്മയുടെ ഗന്ധമുണ്ടായിരുന്നു .

ഭൂതകാലത്തിന്‍റെ കവാടം അടച്ച് അയാള്‍ മുറിക്ക് പുറത്തിറങ്ങി .....


 

Saturday 1 June 2013

പാഥേയം
* * * * * **
നീയില്ല എങ്കില്‍

പുലര്‍ മഞ്ഞിന്‍ മര്‍മ്മരങ്ങളില്ല

ഇളവെയിലിന്‍ പുഞ്ചിരിയില്ല
പൂവുകളും ശലഭങ്ങളും
പുഴകളുടെ കളകളാരവവുമില്ല

കിളികളുടെ കൊഞ്ചലുകളും
തെന്നലുകളുമില്ല

മഴകളുടെ പദനിസ്വനങ്ങളും
ഏഴു വര്‍ണ്ണങ്ങളുടെ കാവ്യങ്ങളുമില്ല

വെയില്‍ ചായും നേരം 
നീലാകാശത്തിന്‍ ചുവട്ടില്‍
വിശ്രമിക്കും മിഴികളില്‍ ‍
പകല്‍ക്കിനാവുകളുടെ
മന്ദഹാസങ്ങളില്ല

ശീത ക്കാറ്റില്‍ പുതച്ച
നിലാവിന്‍റെ ഗസല്‍ മഴകളില്ല
സ്വപ്നങ്ങളുമില്ല

രാത്രിമഴയുടെ ആരവങ്ങളി-
ലൊറ്റപ്പെട്ട കാറ്റിന്‍ സംഗീതമില്ല
പ്രണയവുമില്ല..

നീ ഇല്ലങ്കില്‍

ഇരുള്‍മൂടിയ പകല്‍ രാവുകളില്‍
ഏകാന്ത പഥികനായി
വഴിയമ്പലങ്ങളില്‍ഞാന്‍
പാഥേയമാകും ...
 

Friday 31 May 2013

ആകാശം
* * * * * *

ചിന്നി ചിതറി-
തുളുമ്പും വര്‍ണ്ണ മഷികുപ്പികള്‍

വെളുത്ത കളിവീടില്‍
ആനയും  കുതിരയും അങ്ങിനെ പലതും

നീല വര്‍ണ്ണങ്ങളില്‍
മിഴികള്‍ വിശ്രമിക്കുമ്പോള്‍
പകല്‍ക്കിനാവുകള്‍ക്ക് മന്ദഹാസം

കറുത്ത ചിത്രം തെളിയുമ്പോള്‍
വെളുത്ത സൂചിമുനകള്‍
താഴേ മണ്ണില്‍ കുടഞ്ഞിടും

ശേഷം
ഏഴു വര്‍ണ്ണങ്ങളില്‍
എഴുതി തീരാത്ത
കാവ്യങ്ങള്‍ തന്നു മറയും

രാത്രിയുടെ ശീത കാറ്റില്‍
ചിരിച്ചും കരഞ്ഞും ചന്ദ്രന്‍
ജനലിനപ്പുറം നില്‍ക്കും

തൂവാനം തെറിപ്പിച്ച ഒരു വര്‍ണ്ണം
ഹൃദയത്തില്‍ ചിത്രം വരച്ചു

നാലു തോളില്‍ നിശ്ചലമായി
കുലുങ്ങികുലുങ്ങി
ആകാശമേ  നിന്നെയും-
കടന്നു നിത്യമുറക്കത്തിനു പോകുമ്പോള്‍
മിഴികള്‍ എന്തിനാണ് അടച്ചതെന്നു നീ -
എന്നോട് ചോതിക്കരുത്
 

Tuesday 28 May 2013

കാറ്റ്‌
* * * *
വിരഹത്തിന്റെ-
യാവര്‍ത്തനത്തിലാണ്
പൈന്‍ മരങ്ങളുടെ-
യിടയില്‍ക്കൂടി വീണ്ടും നീ
എന്നെ ചുംബിച്ചത് 

ഞെട്ടിയുണര്‍ന്ന പകലിന്റെ-
യവസാനത്തില്‍ ദൂരെയെവിടെയോ
ചിതയില്‍ കരിഞ്ഞ കന്യകയുടെ
ഗന്ധമാണ് നിന്‍റെ വിയര്‍പ്പ്‌ കലര്‍ന്ന
ആ ചുംബനത്തിന്

നീയുറങ്ങുമ്പോള്‍
അനാഥനായി മേഞ്ഞു നടക്കുന്ന
നിലാവിനൊപ്പം എന്‍റെ
നിദ്രാവിഹീനങ്ങളായ
രാവുകളുണ്ട്
അന്നൊരു ചുംബനം കൊതിക്കാറുണ്ട്

എന്‍റെ പൂവുകളില്‍
ശലഭം വിരുന്നു വരുമ്പോള്‍
നിനക്കുത്സഹാഹമാണ്
നിന്‍റെ ശേഷിപ്പാണല്ലോ
ഞാന്‍ ചുംബിക്കുന്നത്

ജനാലയില്‍ വന്നു വിളിച്ചുണര്‍ത്തി
നീ പറഞ്ഞുതന്ന കവിതകള്‍
വരികള്‍ മുറിഞ്ഞു
ഹൃദയത്തില്‍ കുരുങ്ങിക്കിടക്കുന്നുണ്ട്
നിന്‍റെ പറയാതെയുള്ള ഈ ചുംബനം
വീണ്ടും മുറിവേല്‍പ്പിക്കുകയാണ്

നീ ഉറങ്ങുന്ന പകലില്‍ വേണം
എനിക്ക് ഉണരാത്ത ഉറക്കത്തിലേക്ക്
ഇറങ്ങിച്ചെല്ലാന്‍
സാമ്പ്രാണിയുടെയും
ചന്ദനത്തിരിയുടെയും ഗന്ധം
നിന്നെ ചുംബിച്ചുണര്‍ത്താതിരിക്കട്ടെ ... 

Tuesday 21 May 2013

ബാര്‍ബര്‍ഷോപ്പ്
*****************
അങ്ങാടിയോട് ഒട്ടി നില്‍ക്കുന്നുണ്ട്
മമ്മദിന്റെ ബാര്‍ബര്‍ ഷോപ്പ്‌
അവിടെയാണ് കന്യകമാരും
വിധവകളും അവിഹിത -
ഗര്‍ഭം ധരിക്കുന്നത്

കത്രികയുടെ താളത്തിനു
തലമുടികള്‍ക്ക് ചരമഗീതം

ദൈവത്തിനു മുന്നിലും
പിന്നെ എന്‍റെ മുന്നിലുമാണ്
മനുഷ്യ തലകള്‍ സാഷ്ടാംഗം-
ചെയ്യുന്നതെന്ന് തെല്ലഹങ്കാരത്തോടെ
മമ്മദ്‌ പറയും

നരച്ച സില്‍ക്ക്‌ സ്മിതയുടെ
ചിത്രത്തിനടുത്തായി
വിദ്യാബാലനും നമിതയും
ഊഴം കാത്തുനില്‍ക്കുന്നവരോട്
 എന്തോ പറയുന്നുണ്ട്


അയല്പക്കം മുതല്‍
അന്താരാഷ്ട്രംവരെയുള്ള
അവിഹിത ഗര്‍ഭത്തിന്‍കഥകളുടെ
കെട്ടുകളഴിച്ചു മമ്മദ്‌ പറഞ്ഞു തുടങ്ങും

രാജ്യത്തിന്‍റെ വളര്‍ച്ച
അവിഹിത ഗര്‍ഭത്തിലാണന്നാണ്
മമ്മദിന്റെ വാദം ...

Friday 17 May 2013

കാലം
*******
മഴയാണ്
പുഴ നിറഞ്ഞുകിടക്കുന്നു
പാടവരമ്പിനടുത്തെ കുളവും
കണ്ണേ വഴിമാറി നടക്കണം
മഴ നനയരുത്
കുട നിവര്‍ത്തണം
കാറ്റ് ശക്തമായാല്‍
സുദേവന്‍റെ കടയില്‍
കയറി നില്‍ക്കണം
പടിക്കല്‍  കാത്തു നില്‍ക്കാം
തല നനഞ്ഞാല്‍
സാരിത്തുമ്പുകൊണ്ട്
തല തുവര്‍ത്തിത്തരാം  അമ്മ

വെയിലാണ്
തണല്‍പറ്റി നടക്കണം ഓടി വീഴരുത്
പടിക്കല്‍ കാത്തുനില്‍ക്കാം
തെക്കേ തൊടിയിലെ
മൂവാണ്ടന്‍ മാവല്‍ നിന്നും
അടര്‍ന്നു വീണ മാമ്പഴം
അമ്മയുടെ മടിയിലുണ്ട്

നിലാവുണ്ട്

മുറ്റത്തെ മണലില്‍ പുല്‍പ്പായയില്‍
നിലാവ് നിന്നെ ചുംബിക്കുമ്പോള്‍
രാക്ഷസന്‍ കടത്തിക്കൊണ്ടുപോയ
രാജകുമാരിയെ രക്ഷിച്ച ഇടയ ചെറുക്കനെ
സ്നേഹിച്ച കുമാരിയുടെ കഥ പറഞ്ഞുതരാം

മാറില്‍ തല ചേര്‍ത്തുറങ്ങിയ -
നക്ഷത്ര രാത്രികള്‍
രാപ്പനി തളര്‍ത്തിയപ്പോള്‍
ഉറങ്ങാതെ നെഞ്ചിലെ ചൂട്-
തന്നുറക്കി നിന്‍റെയമ്മ ..

കാലം
ഇന്നൊരു അഭയ കേന്ദ്രത്തില്‍
പെയ്തു തീര്‍ന്ന മഴയും
വാടിത്തളര്‍ന്ന വെയിലും
ജാലകത്തിനപ്പുറത്ത് നിന്ന്
ഒരു കാലത്തെ ഓര്‍മ്മപ്പെടുത്തുമ്പോഴും
അമ്മ  അകലെ കറുപ്പണിയുന്ന മേഘത്തെ-
നോക്കി പറയും
മഴയാണ്
പുഴ നിറഞ്ഞു കിടക്കുന്നു
പാടവരമ്പത്തിനടുത്തെ കുളവും
കണ്ണേ വഴി മാറി നടക്കണം ...

 

Friday 10 May 2013

മഴ
***
അകന്നകന്നുപോകും മഴ മേഘം
കാറ്റിനെ പഴിക്കാറുണ്ട്

പെയ്തിറങ്ങിയാലോ
പരസ്പ്പരം ചുംബിച്ചുകൊണ്ട്
ഓടി നടക്കും

ഒരു ചുംബനം കൊതിച്ച്
തൊടിയിലെ ചേമ്പില
മഴയെ കാത്തിരിക്കും

ചുംബിച്ചു കഴിഞാലോ
മണ്ണിന്‍ മാറിലേക്ക്
മരിച്ചുവീഴും മഴയെ
നോക്കി ശിരസ് കുനിച്ച് നില്‍ക്കും

വെളുപ്പ് ചിറകടിച്ചുയരുമ്പോള്‍
മഴത്തുള്ളികള്‍ ഒളിച്ചിരുന്ന
ഇലകളില്‍ സൂര്യന്‍ തട്ടിവീഴുന്നത്
പ്രണയ കവിതകളിലാണ്

ഇരുട്ടില്‍ തൂവാനം
ചുംബിച്ചുണര്‍ത്തനാണ്
ജാലകം തുറന്നിട്ട്‌
സ്വപ്‌നങ്ങള്‍ കണ്ട്
ഞാന്‍ ഉറങ്ങുന്നത് .. 

 

Monday 6 May 2013

രാപ്പകലുകള്
*************‍
മഴതോര്‍ന്ന പകലില്‍ മൌനം ചിരിച്ചു
മാമ്പൂപൊഴിഞ്ഞ വഴിയില്‍

മേഘം തെളിഞ്ഞു വെയിലും ചിരിച്ചു
നിറമൌനചഷകം തുളുമ്പി നിന്നു

തീരം തൊടാതെ ദൂരെ മറഞ്ഞ-
സാഗര തിരകള് തിരികെയെത്തി

മറന്നുപോയൊരു പ്രണയഗീതങ്ങള്‍
ഓര്‍ത്തെടുക്കുന്നു പുലര്‍ക്കാലം

നിറ സന്ധ്യകളും നിലാമാഴയും
നിത്യ വസന്തത്തിന്‍ നീലിമയില്‍

സഖി നിന്‍റെ മൌനം മൊഴിയുന്നു-
മെല്ലെ മധുരം തുളുമ്പും പ്രണയകാവ്യം ..

ഒരു കൊച്ചു പ്രാണനില്‍ ഒളിപ്പിച്ചു വെക്കാം
സഖി നിന്‍റെ ആര്‍ദ്രമാം നൊമ്പരങ്ങള്‍

മകര മഞ്ഞില്‍ പൊഴിയും പൂവുകള്‍
സഖി നിന്‍റെ ഗന്ധം  നിറച്ചു തന്നു

സുഖ ദുഃഖ വഴിയില്‍ സഹയാത്രികനാകാം
സഖി നിന്‍റെ നിഴലിനു കൂട്ടും വരാം

എവിടേ മറഞ്ഞൊരു മരണം വന്നെന്നെ-
മാടിവിളിക്കും നിമിഷം

സഖി നിന്‍റെ മടിയില്‍ ഒട്ടിയിരിക്കും
ഓര്‍മ്മകള്‍ മരിക്കാത്ത രാപ്പകലുകള്‍ ..

മഴ തോര്‍ന്ന നേരം മൌനം ചിരിച്ചു
മാമ്പൂ പൊഴിഞ്ഞ വഴിയില്‍ .....




Tuesday 30 April 2013

ദൈവം
-----------
തെരുവിലൊരു പോസ്റ്റര്‍
ദൈവം നിന്നെ വിളിക്കുന്നു.
തെരുവിലന്നൊരു രാത്രി
അഭയം തേടിയൊരു പെണ്ണ് ‍
ദൈവത്തെവിളിച്ചു
ദൂരെ ആള്‍ക്കൂട്ടത്തിന്‍ മുന്നില്‍
കണ്ണടച്ച് ആളെ പറ്റിക്കുകയായിരുന്ന-
ദൈവം വിളികേട്ടില്ല

ബലിയിടാന്‍ പുഴതേടിപ്പോയവന്‍
ചങ്കില്‍ കൈതൊട്ടു വിളിച്ചുപോയ്‌
'എന്‍റെ ദൈവമേ ....'
ഉയര്‍ന്നു വന്ന ദൈവത്തിന്‍-
കൊട്ടാരത്തിനു മണലുമായി-
പ്പോയപുഴ തിരികെ വരില്ലയെന്നു
ബലിക്കാക്കളോട് പറഞ്ഞു ....


അവസാന ചോരയുംവറ്റി
കുരിശില്‍ ദൈവം മരിച്ചുവീണു
യൂദാസ് രാജ്യം ഭരിച്ചുതുടങ്ങി
ഒറ്റുകാര്‍ ശുഭ വസ്ത്രം ധരിച്ചു
ദൈവപുത്രന്മാരായി ...


തിരക്കൊഴിഞ്ഞ വഴിയിലൊരു-
പട്ടിണി കൈനീട്ടി ദൈവമേയെന്നു-
വിളിച്ചപ്പോള്‍ കൈലൊരു-
നോട്ടിട്ടു പോയവനെനോക്കി
പട്ടിണി മനസ്സില്‍കുറിച്ചു
ദൈവം .....

Friday 26 April 2013


കമ്മ്യൂണിസ്റ്റ്
* * * * * * * * *

കുഞ്ഞുകുട്ടന്‍റെ
അഞ്ചാം പിറന്നാളിനാണ്
കൊച്ചമ്മിണി കുട്ടനാട്ടിലെ-
യൊരുകുടിലില്‍ ജനിച്ചത്‌
ഇരുവരുടെയും ദൈവങ്ങള്‍
താഴ്ന്ന ജാതിക്കാരായി

ചേറിന്റെ മണമുള്ള
താരാട്ടും കള്ളിന്റെ-
മണമുള്ള കൊഞ്ചലും
കൊച്ചമ്മിണിക്ക് കുളിരേകി

പാട്ട് പാടും പുഴയും
നൃത്തം വെക്കും പാടവും
കൂട്ടുകൂടാനെത്തി ..

രാത്രി കൊച്ചമ്മിണിക്ക്
ഭയമാണ്
ഉടമകളായ ചില
ചെന്നായ്ക്കള്‍
അമ്മക്ക് ചുറ്റും
കലപിലകൂട്ടി
കടിച്ചുകീറും
അച്ഛന്‍ അടിമയാണ് ..

ഋതുക്കള്‍ മാറി വന്നു
അധരം തുടുത്തു
കൊച്ചമ്മിണിക്ക്
മുലകള്‍വന്നു
ചന്തിയും ....

ഇടവം കഴിഞ്ഞുള്ള
നിലാവില്‍
കൊച്ചമ്മിണി നിലവിളിച്ചു
നിലാവ് മുഖം പൊത്തി
കണ്ണടച്ചു പുഴയും പാടവും

ചെന്നായ്ക്കള്‍ക്ക്
വിളക്ക് കാണിച്ച അടിമ
കുഞ്ഞുട്ടന്‍റെ കണ്ണില്‍
അണയാത്ത അഗ്നി
കൊച്ചമ്മിണിപിന്നെ
പുറത്തിറങ്ങിയില്ല

കൊച്ചമ്മിണിയുടെ
കരച്ചില്‍ കേട്ട്
കുട്ടനാട്ടില്‍ കമ്മ്യൂണിസ്റ്റ്‌ വന്നു
ഇ എം എസ് മന്ത്രിയുമായി
അന്നു കുട്ടനാട്ടില്‍
ചെന്നായ്ക്കള്‍ കുരച്ചില്ല

കുഞ്ഞുട്ടന്‍ കൊച്ചമ്മിണിക്ക്
പുടവകൊടുത്തു
അന്നൊരു മഴതോര്‍ന്നു
നിലാവ് പുറത്ത് വന്നു
കുടമടക്കി പുഴ ചിരിച്ചു
പാടവും

കൊച്ചമ്മിണിയുടെ കുടിലില്‍
ഇ എം എസ് ദൈവമായി ....
 

Sunday 21 April 2013

 പണ്ട്
*******
ഇന്ന്...
നിലവിട്ടൊരു കാറ്റാണ്
ഉണങ്ങിയ പകലില്‍
എവിടെനിന്നോ ഒരു
മഴയെ തള്ളിയിട്ടത്

പ്രതീക്ഷിക്കതെയുള്ള -
വീഴ്ച്ചയില്‍ മഴ മണ്ണില്‍
നിലതെറ്റിവീണു ..

പണ്ടിവിടൊരു-
പുഴയുണ്ടായിരുന്നു
പാടവും
അന്ന് കാറ്റും മഴയും
കഥപറഞ്ഞു പുഴയെ
പ്രണയിച്ചു .

പാടത്തെ തത്തയും
മൈനയും പിന്നെ
കൊറ്റിയും കൊയ്ത്തുപാട്ട്-
കേട്ടുറങ്ങി..

മൂടല്‍മഞ്ഞേറ്റ
കരിയിലകള്‍
കത്തിയമരും നേരം
ഉറക്കമുണര്‍ന്ന്
വട്ടംക്കൂടിയിരുന്നു ഗ്രാമം ..

വേനല്ക്കാറ്റ്‌ മഴവരു-
മെന്ന് പറഞ്ഞ് ജനലില്‍-
തട്ടിപോകും

പാടത്തിനപ്പുറം
ലോകം അവസാനിച്ചെന്ന്
ഉണ്ണി മുത്തശ്ശിയോട് പറഞ്ഞിരുന്നു

'പണ്ട് പണ്ട്' എന്ന് അമ്മ-
കഥപറയാന്‍ തുടങ്ങും നേരം
നിലാവോടിയെത്തും.

പണ്ടൊരു പുഴയൊണ്ടായിരുന്നു
പണ്ടൊരു പാടമുണ്ടായിരുന്നു
പുഴയെന്ത് പാടമെന്ത് എന്നൊരു
മറു ചോദ്യം മുയര്‍ന്നാല്‍
പറയാനൊരു പുഴയുടെ
ചിത്രമെടുക്കണം
അങ്ങിനെ പലതിന്‍റെയും

Monday 4 March 2013

ആത്മാവ്
**********
നീ  ആയിരുന്നു ആകാശം 
കാറ്റില്‍ തെന്നിതെന്നി
മേഘമായി അലിഞ്ഞ
അനന്തമായ ആകാശം 

ഇടവമാസത്തിലെ 
ഇടവേളകളില്ലാത്ത മഴയും 
മകരമഞ്ഞും 
വേനലും  തളര്‍ത്താതെ 
പറന്ന ചിറകുകള്‍ ഇന്ന് തിരികെ ...

ആകാശം അകലമാണ് 
അടുത്ത് നില്‍ക്കുന്ന അകലം 

നക്ഷത്രങ്ങള്‍ മറയിടുമ്പോള്‍ 
ഉറക്കമില്ലാത്ത രാത്രിയുടെ 
മധ്യവേളയില്‍ ഹൃദയം 
സ്വപ്നത്തിലേക്ക് ഉരസിയിറങ്ങും 

മരതകം പ്രഭയിട്ട 
ദ്വീപിലെ രാജാവാകുമാപ്പോള്‍ഞാന്‍ 
മരതകം മാറിനില്‍ക്കും 
നിന്‍ അധരം വിടര്‍ന്നാല്‍ 
മനസ്സ് പറന്നു നിന്നിലേക്ക്‌ വരും 
ഇഴയുന്ന കാലുകളുമായി 
ദേഹം അകലയുള്ള ആകാശത്തിലേക്കും ..

കഴിഞ്ഞു പോയ സന്ധ്യകളും 
പൊഴിഞ്ഞുപോയ പൂവുകളും 
പെയ്തുപോയ മഴകളും തേടി 
ഇനിയൊരു യാത്രകൂടി  

അവിടെവിടെയോ എന്‍റെ -
യാത്മാവ് തളര്‍ന്നിരിപ്പുണ്ട് ..

Monday 4 February 2013

ചെറു വഴി 
************
വീടിന്റെ പുറകില്‍ 
വേലികല്ലിനടുത്തായി 
വടക്കതിലെ അമ്മയുടെ 
അടുക്കളയിലേക്കുള്ള ചെറു 
വഴിയുണ്ട് ...

കര്‍ക്കിടകത്തിലെ 
കണ്ണീര്‍ മഴയില്‍ 
മീനത്തിലെ ചൂടില്‍
ഉത്രാടത്തിനും .
ത്തിരുവോണത്തിനും
പിന്നെ വിഷുവിനും കൈല്‍
പൊതിയുമായി അമ്മ
ഉമ്മയ്ക്കരികില്‍ വരും

എന്റെ പകലും രാവും
അമ്മയുടെയടുക്കളയിലാണ്

നിസ്ക്കാരപായയുടെയരികില്‍
അമ്മ ഉമ്മയെ
ആശ്വസിപ്പിക്കുന്നത്‌കണ്ടാണ്‌
ഓരോ ചുവപ്പും അസ്തമിച്ചത്

ഹ്രുദയങ്ങളിലേക്കുള്ള വഴികള്‍തുറന്നത്
വേലിക്കരികിലെ ചെറുവഴിയില്‍ക്കൂടി

വേലിക്കരികിലെ ചെറുവഴിയില്‍
സ്നേഹപ്പൂക്കളിന്‍ പരിമളം...
അമ്മയും ഉമ്മയും കഥകള്‍ പറയുന്നു
അതിരുകളില്ലാത്ത'കാല'ത്തിലെ
അടയാളം 
**********
കിഴക്കുനിന്നാണോ 
മരണം വരുന്നത് ?
അസ്തമയം പടിഞ്ഞാറല്ലേ ?
ഉദയം കണ്ടുണരാനാണ് 
കട്ടില്‍ കിഴക്കോട്ടു തിരിച്ചിട്ടത് 
പുലരികഴിഞ്ഞു വന്നാല്‍ മതി 
പിരാകി കരയുന്ന കരച്ചിലിന്‍ 
സുഖം പകലിലലേകിട്ടു 
ശേഷിച്ച മരുന്നുകളുടെ
വിലയോര്‍ത്തു ആരൊക്കെ
നെടുവീര്‍പ്പിടും ?

അസ്തമയത്തിനൊപ്പം
മരണം വരരുത്
വാതിലടച്ചുറങ്ങാതിരിക്കണം
പുറത്താരെ കാവലിനു നിര്‍ത്തും ?
അധികാരം നഷ്ട്ടപ്പെട്ട
രാജാവിന്‍ കല്‍പ്പനയാരു കേള്‍ക്കും ...

ഇരുട്ടുവീണ മനസ്സില്‍
ഒരു നേര്‍ത്ത പ്രകാശം
കിഴക്കുനിന്നു വരുമെന്നു
പകല്‍ക്കിനവിലാരോ പറഞ്ഞ
മരണം വരുമെന്ന തോന്നലിലാണ്

ഒരടയാളം ബാക്കിവെക്കണം
ഈ ഭൂമിയെ ചവിട്ടിയും
ചുംബിച്ചും നടന്നതിനു ...
നീയും ഞാനും 
***************
മഴവില്ലിലെ ചുവപ്പുപോല്‍ 
ചേര്‍ന്നതായി നമ്മുടെ ഹൃത്തടം 

മഴ തോര്‍ന്ന പകലില്‍ 
വിരിഞ്ഞ ആദ്യ പ്രണയം 
ആകാശ കവാടം തുറന്നു പുറത്ത് വന്നു 

അന്നരാണാദ്യമായി 
കൂടൊരുക്കി ഹൃദയം തുറന്നിട്ടത്
നീയോ ഞാനോ ..

വെയിലേല്‍ക്കാതെ
വാടിയ ഹൃദയമന്നു
അനന്തമായ തമസ്സില്‍നിന്നുമുണര്‍ന്നു

മരുഭൂമിയില്‍
മലരുകള്‍ തളിര്‍ത്തു
നിര്‍ത്താതെ മഴയും പെയ്തു

ഇരുള്‍വരാതെ
ഇരുട്ടിലേക്കുവഴുതിവീണതാദ്യം
നീയോ ഞാനോ ....

അന്ധനാണിന്നുഞാന്‍

വെയിലേറ്റു വാടുമ്പോള്‍
നിശബ്ധത നനുത്ത കാറ്റായി
തഴുകുമ്പോള്‍ ഋതുഭേതങ്ങള്‍
ഓര്‍മ്മകള്‍ക്കുമപ്പുറത്തേക്കു
വിരുന്നുപോയന്നറിയുന്നു

ഇന്നലെ കാതിലാരോ
മൂളിയൊരു പുതിയ കാവ്യം
അതില്‍ മഴവില്ലിലെ ചുവപ്പ്
മാഞ്ഞുപോയി"യെന്ന വരികളാണ്
നീയും അന്ധയാണെന്ന് പറഞ്ഞത്

മഞ്ഞില്‍ വിയര്‍ത്തു നിന്‍
ഗന്ധം വിണ്ണിലും മണ്ണിലും
നിറയുമ്പോള്‍ നിനക്കെന്നെ
അല്ലയെനിക്കുനിന്നെ കണ്ടെത്താന്‍ കഴിയും

അതുവരെ മഴവില്ലിനു
ചുവപ്പില്ലെന്ന കവിത
ഞാന്‍കേള്‍ക്കട്ടെ.!!!
ചിന്ത 
********
എന്നെയും വഹിച്ചുകൊണ്ട് 
പോകുമ്പോള്‍ മാത്രമാണ് 
തീവണ്ടി പൂര്‍ണ്ണ ഗര്‍ഭിണിയാകുന്നത് 

ശ്വാസംമുട്ടി നിറവയറിനുള്ളില്‍ 
അപരിചിത മുഖങ്ങളില് നോക്കി 
ഇന്നലെ സ്വപ്നത്തില്‍ കണ്ട 
പൂവുകളെക്കുറിച്ചോര്‍ക്കും ..

ഒരുവയറില്‍
ഒരുപാടപരിചിതര്‍

പ്രസവിച്ചും ഗര്‍ഭം ധരിച്ചും
തീവണ്ടി മുന്നോട്ടുതന്നെ

പ്രത്യ
ശാസത്രങ്ങള്‍ 
പ്രണയം പുസ്തകം
പീഡനം പാരിഹസം
നിറവയറിനുള്ളില്‍
നിറഞ്ഞുതന്നെ നില്‍ക്കും

പുറത്തേക്കു കാര്‍ക്കിച്ചു
തുപ്പി ഞാനൊരു ഭ്രാന്തനാകില്ലപ്പോള്‍

ടോയിലറ്റില്‍കയറി
സ്വയഭോഗം ചെയ്തു
ഫോണ്‍ നമ്പര്‍ ചുവരിലെഴുതി
രസിക്കാറുമില്ല ...

പുറമ്പോക്കില്‍ കുടിലുകള്‍
കെട്ടി സ്വപ്നം കാണുന്നവരുടെ
ജാതിയെതെന്നു ചിന്തിക്കാതെ
ചിന്തിച്ചിരിക്കും ഞാനപ്പോള്‍ ...
നനവു 
*********
ജലപടലം വകഞ്ഞു 
മഴ കമ്പികള്‍ വരണ്ട 
മണ്ണിലേക്കു തുളച്ചിറങ്ങുമ്പോള്‍ 
മിഴികള്‍ തുറന്നു തപം ചെയ്യും 
തൊട്ടാവാടിയും 
തൊടിയിലെ തെറ്റിയും 
പാടവരമ്പിലെ കറുകയും 
നീണ്ട ത്യാഗത്തില്‍ നിന്നുണരും 

പരിഭവം നടിച്ചു മണ്ണ് 
മഴത്തുള്ളികളെ തടുക്കുമ്പോള്‍ 
ധൂമങ്ങള്‍ നൃത്തംവെച്ചുയരും 
പുതുമഴയുടെ ഗന്ധമെന്നിതിനെ 
പരഞ്ഞതാരു ...

ജാലകവാതിലുതട്ടി 
തൂവാനം ഓര്‍മ്മകളുടെ 
ചിത്രംവരച്ചുണര്‍ത്തിയുള്ളിലെ 
നനുത്ത നോവിനെ 

ജലകണങ്ങളേറ്റു ജീവന്‍കൊണ്ട 
ജലജാതം ജലധിജനു 
പ്രണയകാവ്യമെഴുതുന്നത് 
രാത്രി മഴതോര്‍ന്നനേരമാണോ ..

നിലക്കാത്തമഴയിലോ 
നിലക്കുംബോഴോ 
പ്രണയം മുളക്കുന്നത്‌ ...

ജനലുകള്‍ തുറക്കാതെ 
ജലനൃത്തച്ചിലങ്കതന്‍ സംഗീതംകേട്ടു-
ണര്‍ന്ന പ്രണയം തിരികെ വിളിക്കുന്നു 
ആ മഴയൊന്നുനനയാന്‍