Pages

Tuesday 31 July 2012

നഗരം .

നഗരം
-----------
കടത്തിണ്ണയില്‍ ചത്തുകിടന്ന
അനാഥ ശവം കണ്ടു സൂര്യന്‍ ഉണര്‍ന്നു 

മൂടും മുലകളും കുലുക്കി പോകും
പ്രഭാത സവാരിപ്പെണ്ണുങ്ങളെ നോക്കി
ചില പെന്ഷ്യന്‍ കണ്ണുകള്‍

അന്തിക്കൂട്ടിനുകിട്ടിയ നോട്ടുകള്‍
ഉറക്കമില്ലാതെ മാറില്‍ ഉമ്മവെച്ചു പോകുന്നു

ദൂരെ ഒരു തീവണ്ടി തേങ്ങിക്കരഞ്ഞു വരുന്നു

കടത്തിണ്ണയില്‍ ചത്തുകിടക്കുന്നവന്റെ
 പെഴ്സ് തപ്പി ചില തൊപ്പിക്കാര്‍

വാണിഭങ്ങളുടെ ഷട്ടറുകള്‍ തുറന്നു
നഗരം പകലൊരുക്കം തുടങ്ങി

ഇന്നു മരിക്കേണ്ടവന്‍ ചിത്രത്തില്‍
പുഞ്ചിരിതൂകി നില്‍ക്കുന്നത് കണ്ടു
കൊട്ടേഷന്‍ സങ്കത്തിന് തമാശ

നിയമം തെറ്റി വന്ന മന്ത്രി വണ്ടിക്കു
ട്രാഫിക്‌ പോലീസിന്റെ സല്യൂട്ട്

ചില കൊടികള്‍ നഗരം പ്രദക്ഷിണം വെച്ചു

കടത്തിണ്ണയില്‍ ചത്തവന്
നഗരത്തിനു പുറത്ത് ഒരു കുഴി വെട്ടുന്നത് കണ്ടു
സൂര്യന്‍ ഉറങ്ങി ..

നഗരം  നിശാപ്രയാണം തുടങ്ങി ..




Sunday 29 July 2012

കൂട്ട് ...

പാതിരാ മഴ തോര്‍ന്ന നേരം
മേഘവാതില്‍ തുറന്നു പുറത്തുവന്ന നിലാവ്
എനിക്ക് സമ്മാനിച്ചത് സഖീ
നിന്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന
നിശാ ഗീതമായിരുന്നു ...

നക്ഷത്രങ്ങള്‍ അടക്കം പറഞ്ഞതും
മുഖം മറച്ചു നിലാവ് ചിരിച്ചതും
താഴെ വിണ്ണില്‍ വിരിഞ്ഞ പ്രണയ
വസന്തങ്ങള്‍ കണ്ടതുകൊണ്ടാണ് ..

സഖീ ...
നീയൊരു തെന്നലാണ്
നിനച്ചിരിക്കാതെ
തഴുകിവരുന്ന ഒരിളം തെന്നല്‍

നിന്‍റെ തലോടല്‍ ഒരു യുഗങ്ങളില്‍
ഒടുങ്ങാത്ത സ്നേഹമായി മാറുന്നത്
എന്‍ ഹൃത്തടമറിയുന്നു ..

നിന്‍ പുഞ്ചിരിയില്‍
ഒരു പുലരി വിരിയുമ്പോള്‍
സഖീ  നീയെന്‍റെ ആത്മാവിനെ
ദൂരെ പ്രണയങ്ങള്‍ മാത്രം ചൊരിയുന്ന
മേഘങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു ..

മരണം ആദ്യമെന്നെ പുല്കട്ടെ !!

ചെമ്മാനം മായുമ്പോള്‍
ഉദയം ചെയ്യും ആദ്യ താരകം
എന്‍ ആത്മാവാകട്ടെ

ഇമകള്‍ വെട്ടാതെ നീ നോക്കുമ്പോള്‍
നിന്‍ മിഴികളില്‍ എന്‍റെ പ്രണയം
മിഴികള്‍ പൂട്ടുമ്പോള്‍ എന്‍ ഓര്‍മ്മകള്‍
നിനക്ക് കൂട്ട് ....

Thursday 26 July 2012

സൊമാലിയ
----------------------
എല്ലുകളില്‍ ഒളിഞ്ഞിരുന്ന
മുലകളില്‍ ഒരു കറുത്ത
കുരുന്നു ജീവന്റെ ചുണ്ടുകള്‍
പാലിനു വേണ്ടി അടുപ്പികുമ്പോള്‍
അമ്മ ദൂരെ കത്തി നില്‍ക്കുന്ന
സൂര്യന്റെ പിറകില്‍ ഒളിച്ചിരുന്ന
ദൈവത്തെ ശപിക്കുന്നു ...

വിശന്നു മരിച്ച മനുഷ്യന്റെ
മാംസം തിരയുന്ന കഴുകന്റെ
കണ്ണുകള്‍ക്ക്‌ നിരാശ

ദൂരെ ഒരു വിമാനം
പൊതിച്ചോറുകളുമായി
വരുന്നതും നോക്കി
സൂര്യനെ കൈകൊണ്ടു മറച്ചു
ചില കണ്ണുകള്‍ ..

ഇവിടെയാണ് വിശപ്പും
മരണവുംതമിലുള്ള സമരം

കാരുണ്യത്തിന്‍ മുഖങ്ങള്‍
ദാനം നല്‍കുന്ന പൊതികളില്‍
വിശപ്പ്‌ സമരം ശക്തമാക്കുമ്പോള്‍
മരണം  വിജയം കാണുന്നു ...

അന്ത്യശ്വാസം വലിക്കും
കുരുന്നു ജീവന്റെ ചുണ്ടില്‍
ഒരിറ്റു ജലം നല്കാന്‍
കണ്ണീര്‍ വരുന്നതും നോക്കി ഒരമ്മ .

കണ്ണീരിനും വറുതിയുടെ കാലം

















Tuesday 24 July 2012

മൌനം ഉറങ്ങിക്കിടക്കുന്ന
എന്‍ കല്ലറയുടെ ഓരത്ത്
നിന്റെ പദനിസ്വനം കേള്‍ക്കാന്‍
മണ്ണിനോട് കിന്നരംപറഞ്ഞു ഞാന്‍
കാത്തിരിക്കും ..

അന്നൊരു കാറ്റ്‌ നിന്നെ പുല്‍കും
എന്‍റെ ആത്മാവിനെ അടക്കം ചെയ്ത
മേഘങ്ങളില്‍ നിന്നും നിന്‍ കലോച്ചകളുടെ
തേങ്ങലിന് കൂട്ടുവരാന്‍ കാത്തിരിക്കുന്ന
നനുത്ത കാറ്റ് ..

നിന്‍റെ കാതില്‍ കാറ്റന്നു മന്ത്രിക്കുന്നത്
ദൂരെ ഗുല്‍മോഹര്‍ പൂത്ത വഴികളില്‍
നിനക്ക് സ്നേഹത്തിന്‍ മധുരം മൊഴിയാന്‍
കാത്തുനിന്ന എന്‍റെ പ്രണയങ്ങള്‍ അടക്കം ചെയ്ത
ഹൃദയത്തിന്‍ സ്പന്ദനങ്ങളാകും....

ഇനിയെനിക്കു പ്രണയമില്ല
മരണം എന്‍റെ മുന്നില്‍
ഒരു സത്യമായി നില്‍ക്കുന്നു

എന്‍റെ ശവ മഞ്ചലില്‍
കളിമണ്ണിനോട് പറയാനായി
പ്രണയവും മരണം പുല്‍കാന്‍
കാതോര്‍ത്തു നില്‍ക്കുന്നു ..

ഇനി മൌനങ്ങള്‍ മാത്രം .....
-------------------------------------

Monday 23 July 2012

ദമാസ്കസിലെ പ്രാവുകള്‍
----------------------------------------

ദമാസ്കസ് പള്ളിമിനാരങ്ങളിലെ
പ്രാവുകള്‍ അസ്വസ്ഥരാണ് ..

താഴെ നരച്ചതെരുവില്‍
*കഫന്‍ *തുണിയില്‍ പൊതിഞ്ഞ
പൈതലിന് മൃതശരീരത്തില്‍
പിതൃ ചുംബനം കണ്ട പ്രാവുകള്‍
ചിറകിനടിയില്‍ ഒളിച്ചിരുന്ന
കുഞ്ഞുങ്ങളോട് കണ്ണടക്കാന്‍ പറഞ്ഞു ..

 മിനാരങ്ങളെ
തഴുകി വരുന്ന കാറ്റിനൊപ്പം
കൊച്ചുമകന്റെ അത്തറിന്‍ മണം
ശ്വസിക്കാന്‍ കാത്തിരിക്കുന്ന
കാഴ്ച മങ്ങിയ മുത്തശ്ശിയോട്
ഈ മിനാരത്തിന് താഴെ
പുതു ഖബറില്‍ ‍ പച്ചമണ്ണിനൊപ്പം
അത്തറിന്‍ മണവും ഒടുങ്ങിയെന്നു
പറയാന്‍ കഴിയാതെ പ്രാവുകള്‍
അസ്വസ്ഥരായി ....

പ്രജകള്‍ മരിച്ചുവീഴുമ്പോള്‍
വീഞ്ഞുകുടിച്ചു രസിക്കുന്ന
രാജാവിനോട് പ്രാവുകള്‍
"ഈ മിനരത്തിന്‍
താഴെ ഒരു ഖബര്‍ നിങ്ങള്‍ക്കും ഒരുങ്ങും"

അന്ന് വെള്ളിമേഘങ്ങള്‍ക്കിടയില്‍ നിന്നു
പുഞ്ചിരിക്കുന്ന നീലാകാശം നോക്കി
ഞങ്ങള്‍ പറക്കും ..

സ്നേഹത്തിന്‍റെ തൂവലുകള്‍
ഞങ്ങള്‍ ദമാസ്കസില്‍ പൊഴിക്കും
----------------------------------------------
*കഫന്‍ *മൃതശരീരം പൊതിയുന്ന തുണി











Sunday 22 July 2012

അപ്പുപ്പന്‍ താടി
-------------------------
കാറ്റില്‍ പറന്നു കളിക്കുന്ന
അപ്പുപ്പന്‍ താടിയിലേക്ക്
രണ്ടു ചുളിങ്ങിയ കണ്ണുകളുടെ നോട്ടം

നക്ഷത്രം
-----------------
കരയുമ്പോഴും
പുഞ്ചിരിക്കും !!

ബലൂണ്‍
-------------
കുരുന്നു കണ്ണുകളോടു
യാത്ര ചോദിച്ചു
അടുത്ത പൂരപ്പറമ്പിലേക്ക്
ദേശാടനംപോയി..












Friday 20 July 2012

ഗര്‍ഭ പാത്രം
-------------------
തറവാട്‌ പകുത്തപ്പോള്‍
വൃദ്ധ സദനത്തില്‍
കരിപിടിച്ച 'പാത്രങ്ങളുടെ 'കൂടെയായി

പാടം
---------
അന്നം  തന്ന അമ്മയുടെ
മാര്‍ കടിച്ചു കീറി 
കോണ്ക്രീറ്റ് തൂണുകള്‍

മെഴുകുതിരി
---------------------
ചിതയൊരുക്കുന്നതിന് മുന്നേ
ജീവനുള്ള ഹൃദയത്തില്‍
തുളയിടാന്‍ വിധിക്കപ്പെട്ടത്

നിഴല്‍
--------------
കുടുംബ കോടതിയുടെ
ഇടനാഴിയില്‍ ഏകനായി
ഒരു കളിപ്പാവയുടെ നിഴല്‍












Wednesday 18 July 2012

വൃതം

വ്രതം
------------
വ്രതം വിപ്ലവമാണ്

ദേഹവും ഇച്ഛകളും തമ്മിലുള്ള
മത്സരമാണ്

വ്രതം  വിശുദ്ധിയെ
വിളിച്ചുണര്‍ത്തത്തുന്നു
മനസ്സും ശരീരവും
വിശുദ്ധമാക്കാന്‍

വ്രതം   ത്യാഗമാണ്

ആത്മാവിനെ പരിശുദ്ധമാക്കാന്‍
പകലുകളില്‍ അന്നം വെടിഞ്ഞു
രാവുകളില്‍ ആരാധനകള്‍
അധികരിപ്പിച്ചു ഉറക്കത്തെ
പ്രപഞ്ചനാഥനുവേണ്ടി
വെടിഞ്ഞു ആത്മാവിനെ
ശുദ്ധിയാക്കുന്ന  ത്യാഗം ..

വ്രതം   ഉണര്‍ത്തലാണ്

വിശനൊട്ടിയ വയറിന്‍റെ
നിലവിളികളെ  സാന്ത്വനപ്പെടുത്താന്‍
വ്രതം  ഉണര്‍ത്തുന്നു ..

വ്രതം  സൂക്ഷ്മതയാണ്

അവയങ്ങളെ അധര്‍മ്മങ്ങളില്‍ നിന്നും
ധര്‍മ്മത്തിലേക്കു നയിക്കുന്ന സൂക്ഷ്മതയാണ്
വ്രതം

വ്രതം ദാനത്തെ പ്രോത്സാഹിപ്പിക്കുന്നു

കൊടുക്കണം ദാനം നീ
നിന്‍റെ സമ്പത്തിനെ
ശുദ്ധമാക്കും ദാനം

വ്രതം  ദൈവത്തിനാണ്
പ്രതിഫലം സ്വര്‍ഗത്തിലെ
പരമോന്നത പീഠമാണ്










Tuesday 17 July 2012

ശകുനം
-----------
നിറകുടവുമായി
നില്‍ക്കുന്ന
വേശ്യ സ്ത്രീയില്‍ നോക്കി
ആരിലാണ് ശുഭ ശകുനമെന്നറിയാതെ
സൂര്യന് സംശയിചു നിന്നു

രക്ത ബന്ധം
-----------------
നിര്‍വചനം കൊടുക്കുമ്പോള്‍
വാക്കുകള്‍ മുറിയുന്നു

ചരിത്രം
-----------------

ഇന്നലകളുടെ സത്യങ്ങളെ
വെഭിചരിച്ചു
ഇന്നു ചരിത്രങ്ങളാക്കി

സാഗരം
------------
പുഴയുടെ ദുഃഖവും 
മഴയുടെ ദുഃഖവും 
സാഗരത്തിനോട് പറഞ്ഞു 
സാഗരം ഒരു ഹൃദയം തേടുന്നു
 






Monday 16 July 2012

ലക്ഷ്മി എന്‍റെ ഓപ്പോള്‍
------------------
ഓര്‍മകളില്‍ എഇക്കൊരു
ഒപ്പോളില്ല...

നനഞ്ഞ ബാല്യത്തില്‍
അമ്മയുടെ അരികില്‍
ആകാശം നോക്കിയിരുന്നപ്പോള്‍
അടുത്തുവന്നു കൊഞ്ഞനം കുത്താന്‍
എനിക്കൊരോപ്പോള്‍ ഉണ്ടായില്ല

പാള്ളിക്കുടം കഴിഞ്ഞു
പാടംവഴി വരുന്നതും നോക്കി
പടത്തിനക്കരെ കാത്തുനില്‍ക്കാനും
പടിഞ്ഞാറു സൂര്യന്‍ ഉറങ്ങാന്‍ പോയപ്പോള്‍
പാഠം ചൊല്ലി കഥകള്‍ പറയാന്‍
എനോക്കൊരു ഓപ്പോളില്ലായിരുന്നു

ഇന്നീ  വഴികളില്‍
എന്റെ ഒപ്പോളിനെ
ഞാന്‍ കണ്ടുമുട്ടി

സ്നേഹത്തിന്റെ കഥകള്‍ പറഞ്ഞുതന്നു
സാന്ത്വനത്തിന്റെ സംഗീതം കേള്‍പ്പിച്ചു
രണ്ടു ഗര്‍ഭ പാത്രത്തില്‍ ഉറങ്ങിയ
ഞങ്ങളില്‍ കൂടെപ്പിറപ്പിന്റെ
ബന്ധങ്ങളുടെ കണ്ണികളാക്കിയ
കാലത്തിനു നന്ദി പറയുന്നു
ഹൃദയം കാണിക്കവെച്ചുകൊണ്ട്

ലക്ഷ്മി എന്റെ ഓപ്പോളാണ്‌..
---------------------------------------------
പുഴയുടെ ദുഃഖം
സാഗരത്തില്‍ അലിഞ്ഞു
മഴയും സാഗരത്തിലലിഞ്ഞു
സാഗരം ഒരു ഹൃദയം തേടുന്നു ..
അസ്തമയ സൂര്യനു
സാഗരം ഹൃദയം തുറന്നു കൊടുത്തത്
ഭൂമിയുടെ സ്വപ്നങ്ങള്‍
പുലരാന്‍ ..

Sunday 15 July 2012

സര്‍പ്പം
-------------

ഇരുട്ടിനു കനമിട്ടുകൊണ്ട്
മഴ കലിതുള്ളുമ്പോള്‍
അടക്കിവെച്ച വികാരങ്ങളും
പകയുടെ കനലുകളും
ആഗ്രഹത്തിന്റെ നിമിഷങ്ങളുമായി
ഭൂമിക്കടിയിലെ ഏതോ
അറകളില്‍ ഒളിച്ചിരുന്ന
സര്‍പ്പത്തിന്റെ ഉണര്‍വ്വ്

ഇരുട്ടാണ് എന്നും
ഇരകളെ തേടാന്‍ കൂട്ടുവരുന്നത്‌
മഴക്കൊപ്പം മിന്നലിന്‍റെ വെളിച്ചത്തില്‍
ആകാശം കരയുന്നത്
ഉള്ളിലെ ലഹരികള്‍
ചിരിച്ചുകൊണ്ടു നോക്കും

സര്‍പ്പം വരുകയാണ്
തിളങ്ങുന്ന കണ്ണുകളില്‍
ഒരായിരം വിഷത്തിന്‍
വിത്തുകള്‍ ഒളിഞ്ഞിരിക്കുന്നത്
ഇരകളറിയാതെ

ജീവന്റെ തുടിപ്പിനു വേണ്ടി
നിലവിളിക്കുന്ന ഇരയുടെ
രോദനം ഒരു സംഗീതമായി
കാതില്‍ മുഴങ്ങണം
തുടര്‍ സംഗീതമായി
ജീവന്‍ നിലച്ചവന്റെ
ശേഷിപ്പുകാരുടെ രോദനകണ്ടു
മടങ്ങണം  ഭൂമിയുടെ അടിയില്‍
ഏതോ അറകളില്‍ മുഴുവന്‍ വിഷങ്ങളും
ഇറക്കി വെച്ചു കാത്തിരിക്കണം

അടുത്ത ഇരുട്ടിനു കനമിടുന്ന
മഴക്കാലം വരാന്‍ .......

സര്‍പ്പം  ഉറങ്ങുകയാണ്






Friday 13 July 2012

പ്രശസ്തന്‍..

പ്രശസ്തന്‍
------------------
എനിക്കു പ്രശസ്തനാകണം ..!!

 ഈശ്വരവാദത്തെ എതിര്‍ക്കാം .
പിന്നെ മതങ്ങളെ
വേണ്ടാ എന്‍റെ മതത്തെ എതിര്‍ക്കാം

മറ്റുമതകാര്‍ എനിക്കു
ഓശാന പാടണം

ചാനലുകളില്‍ ചര്‍ച്ചക്ക് പോകണം

താടി വടിക്കരുത്
മീശയും

ഉരുള ചോറിനു മീശയുടെ
ചുംബനമേറ്റ് ഇക്കിളിയായി

എന്‍റെ  ദൈവത്തിനു
സവര്‍ണ്ണരോട് ഇഷ്ടമെന്നു വാദിക്കണം

പുരോഹിതര്‍ വാണിഭക്കാരെന്ന്
വഴിനീളെ പ്രസംഗിക്കണം

ഒടുവില്‍ പ്രശംസാപത്രവും
ഫലകവും വാങ്ങണം

ചില്ലിട്ടലമാരയില്‍ വെച്ചു
'പൂജിക്കണം '

പ്രശസ്തനായതിന്റെ നിര്‍വൃതിയില്‍
ഫലകങ്ങളെ നോക്കി 'ദൈവമേ' എന്നു
ദീര്‍ഘ നിശ്വാസം വിട്ടു ചാകണം

Thursday 12 July 2012

പകലിലെ
പൊട്ടിച്ചിരികള്‍
നിശയുടെ നിലവിളി
കേള്‍ക്കതെപോയി
പള്ളിക്കാട്ടിലെ
മൈലാഞ്ചിച്ചെടിയില്‍
ഒളിച്ചിരുന്ന മരണത്തിന്‍
മണമുള്ള കാറ്റിന്‍
എന്നെ പുല്‍കാന്‍ മോഹം ...

Wednesday 11 July 2012

ഇറാഖ്
------------

ഇവിടെ സൂര്യന്‍ ജീവിച്ചിരിപ്പില്ല
സഹസ്രാബ്ദങ്ങള്‍ക് മുന്‍പ്
ഭൂമിക്കും മുന്‍പ് ജനിച്ചു മരിച്ച സൂര്യനല്ല

ഇന്നലെകളുടെ പകുതികളില്‍
ഇരുള്‍ മൂടും പകല്‍ രാവുകളില്‍
അസ്തമിക്കാതെ വെളിച്ചമിട്ട സൂര്യന്‍

അധിനിവേശം നടത്തി
സൂര്യ കിരണങ്ങലേറ്റ
മുഖങ്ങളെ കൊന്നൊടുക്കും
അധിപന്മാരുടെ ചതികളില്‍
സൂര്യന്‍ ഉടഞ്ഞു വീണു

സൂര്യാസ്തമയത്തിനു മുന്‍പ്
കഴുമരം കരഞ്ഞത്
ചുവന്നു തുടുത്ത സൂര്യ മുഖത്തിന്‌
ധീരത കണ്ടിട്ടല്ല
ഉദയം ചെയ്യാന്‍ ഇനിയൊരു സൂര്യന്
കാലം കാത്തിരിക്കണമല്ലോ 
എന്നോര്‍ത്ത് ......

ഇവിടെ സൂര്യന്‍ ജീവിച്ചിരിപ്പില്ല









Tuesday 10 July 2012

എന്‍റെ പ്രണയം
--------------------------

എന്‍റെ പ്രണയം 

ഇടവേളകള്‍ ഇല്ലാതെ
പെയ്തൊഴിയുന്ന മഴകളില്‍
മനസ്സൊരു നനുത്ത സ്വപനത്തിന്‍
ചില്ലകളില്‍ കൂടൊരുക്കി കാത്തിരുന്നു
 ഇന്നലെ മഴകളില്‍ ഇടകലര്‍ന്നു
നനഞ്ഞ പട്ടിന്‍ പാവാട തുമ്പ്
തട്ടിത്തെറുപ്പിക്കും തുള്ളികള്‍ക്കൊപ്പം
തെളിഞ്ഞു നില്‍ക്കും വെള്ളിക്കൊലുസ്സിന്‍
പാദങ്ങളുടെ ചലനങ്ങളില്‍ ഒളിഞ്ഞിരുന്ന
പ്രണയിനികായി...


മഴമാറി വാനം  നിലാവിന്
നര്‍ത്തനമാടാന്‍ വേദി നല്‍കി
ചിലങ്കകളുടെ കിലുക്കങ്ങളില്‍
ഭൂമി ഋതുമതിയായി
നാണത്താല്‍ ഒളിഞ്ഞിരുന്ന
നിശാ കാറ്റ് ഒരു കുഞ്ഞു
തലോടലായി എന്നെ പുല്‍കി
കടന്നു പോയത് വെള്ളിക്കൊലുസ്സില്
ഒളിഞ്ഞിരുന്ന പ്രണയത്തിന്‍ കാലൊച്ചകളുടെ
കിന്നരം കേള്‍ക്കാന്‍ ....

ഹൃദയം ഒരു കവിതയായി
വൃത്ത താള ലയങ്ങള്‍ ചേര്‍ന്ന
ഒരു പ്രണയകവിത .

സഖി ...
ഈ  കവിത നിനക്കാണ്
ഈ കാവ്യം ഒരു സാഗരമാണ്
പ്രണയത്തിന്റെ പൂര്‍ണ്ണത
ഈ കവിതയുടെ ഒടുക്കമല്ല
നിന്റെ മിഴികള്‍ ആദ്യം സ്പര്‍ശിക്കുന്ന
വരികളിലാണ് എന്‍റെ മുഴുവന്‍
പ്രണയവും ..........

സഖി  ഈ കാവ്യം
എന്‍റെ ഹൃദയമാണ് .........

Monday 9 July 2012

തോന്നലുകള്‍
------------------------
പാറക്കെട്ടുകളില്‍ തലതല്ലി
മരിക്കും തിരമാലകളുടെ
രോദനങ്ങള്‍ കേള്‍ക്കും
രാവുകളില്‍ക്കൂടി

കണ്ണീര്‍ അഗ്നിയായി
വര്‍ഷിക്കും സൂര്യന്റെ
വിലാപങ്ങള്‍ കേട്ടും

വഴിയില്‍ ഉപേക്ഷിച്ച
വൃദ്ധ മാതാവിന്റെ
ചുളുങ്ങിയ മുഖത്തെ
നിസ്സഹായത കാണാതെ

ചുണ്ടുകള്‍ കടിച്ചു കീറിയ
പെണ്‍ മലരിന്‍റെ
ചേതനയറ്റ ശരീരം നോക്കി
വിലപിച്ച മാതാവിന്റെ
കണ്ണീരും കാണാതെ


സത്യത്തിനു ഭ്രാന്താണന്നു പറഞ്ഞു
ചങ്ങലയില്‍ ബന്ധിച്ചവരുടെ
ചിരികളില്‍ ഒളിഞ്ഞിരിക്കും
ചതികള്‍ കണ്ടും
എനിക്ക്  മടങ്ങണം

സൂര്യനും  സാഗരവുമില്ലാത്ത
പുതു ആത്മാവുകളുടെ
ലോകത്തേക്ക്

ഇനിയൊരു പിറവി
തരരുതെയെന്നു
അവിടുത്തെ യജമാനനോട്
എനിക്കപേക്ഷിക്കണം ..














Saturday 7 July 2012

അമ്മ
----------
രണ്ടക്ഷരങ്ങളിലാണ്
സ്വര്‍ഗവും നരകവും

പുഴ
-----------
അവസാന കണ്ണീരും വറ്റി
ഏതോ പറമ്പില്‍  ഉണങ്ങി കിടന്നു
പുഴ ..


പോലിസ്‌
---------------
ഒളിവില്‍ പോയ പുലിയെ
പിടിക്കാന്‍ പോയ പോലീസ്
കുറുക്കനെ തല്ലി പുലിയെന്നു
സമ്മതിപ്പിച്ചു ..


കൃഷി
------------
വിത്തു പാകി
വിളവെടുപ്പിനു
ഉത്തരത്തില്‍ ഊഞ്ഞാല് കെട്ടി ...







Thursday 5 July 2012

പുഞ്ചിരി
---------------

ഒരു പുഞ്ചിരിയിലായിരുന്നു
എന്റെ ഹൃദയം
മോഷണം പോയത്

സ്നേഹം
--------------
വില്‍ക്കാന്‍ വെച്ചു
വിലയുമായി പോയപ്പോള്‍
കമ്പോളത്തില്‍ വിലയിടിവ്

പ്രാര്‍ത്ഥന
----------------
സമയം തെറ്റി വന്ന
സീരിയല്‍ 'ദൈവത്തോട് '
പരാതി പറഞ്ഞു കരഞ്ഞു
അമ്മായിയമ്മ..

പരാതി പറയാന്‍
പരസ്യം കഴിയാനായി
മരുമകളും കാത്തിരുന്നു .

ഇതുകണ്ട ചുവരിലെ
ദൈവ ചിത്രത്തിനോട്
എട്ടുകാലിയുടെ പരിഹാസം

സ്വാതന്ത്ര്യം
-------------------
വഴികെട്ടി അടച്ച
അയല്‍ക്കാരന്റെ കുട്ടി
ഉച്ചത്തില്‍ ചൊല്ലിപഠിച്ചു
സ്വാതന്ത്ര്യ സമര ചരിത്രങ്ങള്‍

Tuesday 3 July 2012

ഫലസ്തീനിലെ മതില്‍
-----------------------------------
ഉമ്മാ ...

ഈ  മാതിലിന്
ഹൃദയ ബന്ധങ്ങളെ
അകറ്റാനാകുമോ ?

ഉപ്പയുടെ നെഞ്ച്
തകര്‍ത്ത വെടിയുണ്ടയ്ക്കൊപ്പം
അറ്റുപോയ എന്‍റെ കാലുകള്‍
ഈ മതിലിനപ്പുറമിരുന്ന്
ഇന്നലകളില്‍ എന്‍റെ ചിരികളില്‍
പങ്കു ചേര്‍ന്ന കളിക്കൂട്ടുകാരി
കാണുന്നുണ്ടോ ?

ഉമ്മാ .....
ഉദയം ചെയ്യും പുതു സ്വാതന്ത്ര്യം
സ്വപ്നം കണ്ടു മൃതിയടഞ്ഞ
മക്കളുടെ ചിത്രങ്ങള്‍
മാറത്തു വെച്ച് വിലപിക്കും
കാഴ്ചകള്‍  എന്നസ്തമിക്കും..?

ഉമ്മാ
ഈ മതിലിനപ്പുറം
ആകശമുണ്ടോ?
ഉറങ്ങാതെ നമുക്ക് കൂട്ടിരിക്കുന്ന
നിലാവും നക്ഷത്രങ്ങളുമുണ്ടോ ?
അടക്കിപ്പിടിച്ചു കരയുന്ന
മിഴികളുണ്ടോ?
കാലുകള്‍ മുറിഞ്ഞ
പൈതങ്ങളുണ്ടോ?

കടിഞ്ഞൂല്‍ സന്തതിയെ
കാണാതെ ഖബറിലേക്ക്
പോയ പിതകന്മാരുടെ
ആത്മാവിന്‍ തേങ്ങലുകള്‍
കേള്‍ക്കാറുണ്ടോ ...?


ഉമ്മാ .....
ഈ  മതില്‍ കരയുന്നുണ്ട്
വെടിയുണ്ടകള്‍ വീണു
വിള്ളല്‍ വീഴുമ്പോഴും
കല്ലുകള്‍ വീണു പൊട്ടുമ്പോഴും
വേദനിക്കാത്ത മതില്‍ കരഞ്ഞത്
ഇരുവശങ്ങളിലെ മാതൃ ഹൃദയങ്ങളുടെ
നൊമ്പരങ്ങള്‍ കണ്ടിട്ട് ...





Sunday 1 July 2012

രക്ത സാക്ഷിക്ക് പറയാനുള്ളത്

രക്തസാക്ഷി പറഞ്ഞതു
-------------------------------------

എനിക്ക് നിങ്ങള്‍ സ്മാരകം പണിയരുത്
മറവി ആഗ്രഹികാത്ത മാതൃ ഹൃദയത്തിനു
മറ്റൊരു വേദന സമ്മാനിക്കുമത്

രക്തസാക്ഷിയുടെ മാതാപിതാക്കളെന്നു
വിളിച്ചു അവരെ പരിഹസിക്കരുത്

സഹതാപം കാമക്കണ്ണെറിഞ്ഞു
വിധവയുടെ മാറില്‍ ഉറങ്ങുന്ന
കുഞ്ഞിനെ നിങ്ങള്‍ തലോടരുത്

വാര്‍ഷികം വിപുലമാക്കാന്‍
പിരുവ് നടത്തി ബാറുകളില്‍
ആഘോഷം നടത്തുമ്പോള്‍
അരി തേടിപ്പോയ  വിധവയെ
നിങ്ങള്‍ ഓര്‍ക്കരുത് .

എന്റെ ശിരസ്സു ചേദിച്ചവര്‍
കൊടിമാറി എന്‍റെ സ്ഥാനം
പങ്കിടാനന്‍ വന്നാല്‍
മൂകൊലിച്ചു നില്‍ക്കുന്ന
എന്‍റെ പൈതങ്ങളെ
അവര്‍ക്കുമുന്നില്‍ നിര്‍ത്തുക

സൂര്യനും  ചന്ദ്രനും
മറവി ബാധിച്ചു
പകലും  രാത്രിയും തരും
മാറില്‍ ഉറങ്ങിക്കിടന്ന
കുരുന്നു കൊടിപിടിക്കും
അന്നെന്റെ ശിരസില്‍
കത്തിവെച്ചവരുടെ മക്കളെ
നിങ്ങള്‍ കാണിച്ചു കൊടുക്കരുത് .