Pages

Friday, 31 August 2012

മറവി
-----------------
അമ്മ മറന്നുപോയ
മക്കളാണ് ക്ലോസറ്റില്‍
ചത്തു കിടന്നതും
അമ്മത്തൊട്ടിലില്‍
ആരെയോ കാത്തു കിടന്നതും !!

Thursday, 30 August 2012

ശേഷിപ്പ്
---------------
ചില നോട്ടുകള്‍
തിരുവോണ മുണ്ണാന്‍
മദ്യ ശാലയിലെത്തിയതു 
 അടുക്കളയിലെ ഒഴിഞ്ഞ
മഞ്ഞള്‍പ്പൊടി പാത്രത്തില്‍
ഒളിച്ചിരുന്നതിന്‍റെ ശേഷിപ്പോടെ !!

Saturday, 25 August 2012

മൌനം
-----------------
നക്ഷത്രങ്ങള്‍ പ്രാകാശിച്ച
തെളിഞ്ഞ ആകാശത്തിന്‍
ചുവട്ടില്‍ സാഗരം മൌനമായി കിടന്നു
കൂടെയെന്‍  ‍ പ്രണയവും

തിരുവോണ നാളിലെ
തിരുവാതിരക്കളിയിലാണ്
കരിമഷി കണ്ണുകള്‍
കവിളില്‍ ചുംബിച്ചു കിടന്ന
മുടികളുടെ വിടവില്‍ക്കൂടി
അസ്തമിക്കാത്ത സൂര്യനു താഴെ
ഉറങ്ങാതിരുന്ന സാഗരത്തിന്‍ തിരകള്‍ പോലെ
എന്നിലെ പ്രണയത്തെ ഉണര്‍ത്തിയത്

നിലാവ് വീണുകിടന്ന പുഴയില്‍
നിശബ്ദത നിത്യ പ്രണയത്തിന്‍
ഓര്‍മ്മകള്‍ തീര്‍ക്കും നേരം
നിന്‍ നിഴല്‍ ചുംബിച്ചത്
നിശക്ക് കൂട്ടിരുന്ന
നിദ്ര മറന്നുപോയ എന്‍ പ്രണയത്തെയാണ്

ഉച്ചവെയില്‍ മായുമ്പോള്‍
ജാലക വാതില്‍ തുറന്നു
അനുവാദമില്ലാതെ വരുന്ന
ഇളം തെന്നല്‍ മടിയിലെ
പ്രണയ കാവ്യത്തിനോട്
സ്വകാര്യം പറഞ്ഞത്‌
എന്‍ ഹൃദയം നിനക്ക് സമ്മാനിച്ച
സ്നേഹത്തെക്കുറിച്ചായിരുന്നു

പുഴ കവിഞ്ഞൊഴുകിയ
ഒരു വര്‍ഷകാലം
ഒഴുകിവന്ന തോണിയില്‍
ഒരു കരതേടി അമരത്തു
തുഴയെറിഞ്ഞപ്പോള്‍
സഖീ  എന്‍ കരങ്ങള്‍
നിന്നിലേക്ക് ...
കൂട്ടുവന്നത് ഓര്‍മ്മകള്‍ മാത്രം

നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു
ആകാശത്തിനു ചുവട്ടില്‍
സാഗരം മൌനമായി
എന്‍ പ്രണയവും ... 

Friday, 24 August 2012

പ്രാണികള്‍
---------------------
വിളക്കിനു ചുറ്റും
പറന്ന പ്രാണികള്‍
ആട്ടം കഴിയുന്നതിനു മുന്‍പ്
ചിതക്കുമുന്നില്‍
ചിറകരിഞ്ഞുവീണു

പറക്കുമ്പോള്‍
സ്വപ്നങ്ങള്‍ കണ്ടിരുന്നു

വെളിച്ചം സ്വപ്നങ്ങള്‍ക്ക്
വിളക്കുപിടിച്ചു

ഇരുട്ടില്‍ പ്രാണികള്‍
കണക്കുകള്‍ കൂട്ടും

ആട്ടം കഴിയുന്നതിനു മുന്‍പ്‌
കരിഞ്ഞു വീണ പ്രാണികള്‍ക്കു
പിന്നില്‍ പറന്നു വരുന്നു
വെളിച്ചം സ്വപ്നം കണ്ടുകൊണ്ട്
'പ്രാണികള്‍ '
 

Thursday, 23 August 2012

ഓണം
----------------
രണ്ടുമുറി ജീവിതത്തിലിരുന്നു
ഓണത്തെ ഓര്‍ക്കുന്നു
ഒരു പഴയ പൊട്ടിയ കണ്ണട

അത്തം പുലര്‍ന്ന പുലരിയില്‍
അമ്മ ഓണത്തിന് വിരുന്നൊരുക്കി

പൂക്കളമൊരുങ്ങാനായി മുറ്റം
സുന്ദരിയായി

തുമ്പികള്‍ പാടിപ്പോയ വഴിയില്‍
തുമ്പപ്പൂ നൃത്തമാടി

ചെത്തിയും മന്ദാരവും തുളസിയും
മുറ്റത്ത്‌ വര്‍ണ്ണങ്ങളുടെ തിരുവാതിരയൊരുക്കി

ഓണക്കാറ്റ്‌ ഒരുമയുടെ
സംഗീതമൊരുക്കി

പാതിമാറഞ്ഞ നിലാവ്
ഓണപ്പാട്ടുകേട്ടുറങ്ങി

ഉത്രാടപ്പാച്ചിലില്‍ തിരുവോണം
അസ്തമയ സൂര്യന് പുറകില്‍
താലപ്പൊലിയുമായി നിന്നു

പൊന്നോണപ്പുലരി
കസവുടുത്തു അമ്പലം ചുറ്റി

ഓണ സദ്യ വാഴയിലയോട്
കിന്നരം പറഞ്ഞു

അന്തിക്ക് മുന്‍പ് സാഗരം
സൂര്യനുമൊത്തു കരയിലെ
ഓണക്കാഴ്ച കണ്ടു കുളിരുകൊണ്ടു

രണ്ടു മുറി ജീവിതത്തിലിരുന്നു
ഓണത്തെ ഓര്‍ക്കുന്നു
ഒരു പഴയ പൊട്ടിയ കണ്ണട
---------------------------------------

 

Wednesday, 22 August 2012

നിശ
---------

നിശ പുതപ്പിച്ച ഭൂമിയില്‍
ഗര്‍ഭചിദ്രം നടത്തി
കൊന്നുകളഞ്ഞ ആത്മാവുകള്‍
അമ്മത്തൊട്ടിലിനിന്‍ മുന്നില്‍
കരയുന്ന നവജാതശിശുവിനു
ജാതകമെഴുതി !!

പകലില്‍ മുഖം തിരുഞ്ഞു നിന്ന
അന്യന്‍റെ കൃഷി സ്ഥലം
നിശയില്‍ കാമറക്കു മുന്നില്‍
നഗ്നയായി ..

നിലാ വെളിച്ചത്തില്‍ ഒളിഞ്ഞു നോക്കി
സ്വയഭോഗം നടത്തും സദാചാരപ്പോലിസ്

ദൈവത്തിനു കാണിക്ക കൊടുത്തു
കാണിക്കവഞ്ചി കുത്തിപ്പൊളിച്ചു
പട്ടിണിക്കള്ളന്മാര്‍

ജീവിതത്തിനു കാവല്‍ നില്ക്കാന്‍ മറന്ന
പട്ടാളക്കാര്‍ നിശക്ക് കാവല്‍ നിന്നു

നിലവിളി കേള്‍ക്കാത്ത ചില മരണങ്ങള്‍
നിശയുടെ നിശബ്ദതയില്‍ ഒളിഞ്ഞിരുന്നു


 

Tuesday, 21 August 2012


ശൂന്യത
------------------
യാത്ര പറഞ്ഞു പിരിഞ്ഞുപോകുന്നേരം
അവശേഷിപ്പിച്ചത്
ഹൃദയം മുറിഞ്ഞു അടര്‍ന്നു വീണ
രക്ത തുള്ളികളായിരുന്നു

നനഞു കിടക്കും തുള്ളികള്‍
നനുത്ത സ്നേഹത്തിന്‍
ചില്ലകളില്‍ കൂടൊരുക്കി
അകന്നുപോയ പറവകളുടെ
നിഴലുകളായി

ശൂന്യതയാണ് ചുറ്റും
മിഴികള്‍ പൂട്ടിയാല്
ചിറകടി ശബ്ദങ്ങള്‍ മാത്രം

മിഴികള്‍ തുറന്നാല്‍
മുന്നില്‍ പറയാന്‍ ബാക്കിവെച്ച
സ്നേഹ കഥകളുടെ കെട്ടുകള്‍ ‍

തനിച്ചല്ല നീയെന്ന വചനം
കാതുകളില്‍ മുഴങ്ങി നില്‍ക്കെ
അകന്നുപോയ പാദങ്ങള്‍
തിരികെ വരുന്നതും നോക്കി
ഇടനാഴിയിലേക്ക്‌ എന്‍ മിഴികള്‍Friday, 17 August 2012

പെരുന്നാള്‍ ഓര്‍മ്മകളില്‍
---------------------------------------
മൈലാഞ്ചി ചെടിയുടെ
താഴെ ഉറങ്ങുന്ന ഉപ്പയുടെ
ഖബറിനരികെ മൌനമായി
നിന്നിരുന്നു സൂര്യന്‍

അടര്‍ന്നു വീഴും കണ്ണുനീര്‍
തുള്ളികള്‍ ഉറ്റവരുടെ
ഓര്‍മ്മകള്‍ക്ക് മുന്നില്‍
ചന്ദന തിരികള്‍ കത്തിക്കുമ്പോള്‍
അണയാതിരിക്കാന്‍ കാറ്റ്
ദൂരെ മാറിനിന്നിന്നു

കൈകള്‍ ഉയര്‍ത്തി ഏട്ടന്‍
പ്രാര്‍ഥിക്കുമ്പോള്‍
പൊഴിഞ്ഞു വീണ കണ്ണുനീര്‍
ഉപ്പയുടെ ഖബറില്‍
ചുംബിച്ചു മരിച്ചു വീണു

യാത്ര പറഞ്ഞു പിരിയും നേരം
കാറ്റ് പിറകില്‍ ചന്ദനത്തിരിയുടെ
സുഗന്ധം പരത്തി തഴുകി വന്നു

ഇന്നും മാനത്ത് പെരുന്നാള്‍ പിറ
തെളിയുമ്പോള്‍  മൈലാഞ്ചി
ചെടിതന്‍ താഴെ ഉപ്പ
കാത്തിരിക്കും പൊന്നുമക്കളുടെ
ചുംബനം കിട്ടാന്‍ ...

Thursday, 16 August 2012

മലയാള മാസം
-----------------------
കല്യാണക്കുറിയില്‍
മുഹൂര്‍ത്തം കുറിക്കാന്‍
കലണ്ടറില്‍ വിരലോടിച്ചപ്പോള്‍
ഒരു മൂലയില്‍ ഒതുങ്ങിക്കൂടിയിരുന്ന
മലയാള ദിവസം ‍
സൂക്ഷിചൊന്നു  നോക്കി !!


ഓണം
-----------
ഓണപ്പാട്ടു ഓര്‍ത്തെടുക്കാന്‍
ഒരു തുമ്പി തിരികെ പറന്നു
Tuesday, 14 August 2012

സ്വാതന്ത്ര്യം
--------------------
ചേരിയിലെ

ഒറ്റമുറിയില്‍

കിളിവാതിലില്‍ക്കൂടി

ദൂരെ സൂര്യന് താഴെ

സ്വാതന്ത്ര്യം പറന്നു പോകുന്നത്

നോക്കി ചില കണ്ണുകള്‍ !!

Sunday, 12 August 2012

മരണത്തിന്‍ ഗന്ധം
ഒറ്റമുറിയുടെ ചുവരുകള്‍ക്കുള്ളില്‍
നിറഞ്ഞു നിന്നത്
ഇന്നലെ വഴിയരികില്‍
വീണുകിടന്ന വൃദ്ധന്‍
അവസാന ശ്വാസത്തിന് വേണ്ടി
മിഴികള്‍ മുകളിലേക്ക് ചലിപ്പിക്കുന്ന
കാഴ്ചക്ക് ശേഷമാണ്

മരണത്തിന്‍ നിഗൂഡതയിലേക്ക് ‍
കയറിപ്പോയ വൃദ്ധന്‍
ഈ ഒറ്റമുറിയില്‍ ഇരുട്ടില്‍
പതുങ്ങി നില്‍ക്കുന്നു

മരണത്തിന്‍ ഗന്ധം
അറിഞ്ഞതുകൊണ്ടാകാം
മുറ്റത്തെ മുല്ലപ്പൂവ്
താഴെ മരിച്ചു കിടന്നത്

മരണം വിളിച്ചു കൊണ്ടുപോയവര്‍
മരണത്തിന്‍ രഹസ്യം പറയാന്‍
കഴിയാതെ നിസഹായരായി
നില്‍ക്കുന്നു

മരണത്തിനു വെളിച്ചമില്ല
മരണം ഇരുളാണ്
വെളിച്ചം കടന്നു ചെല്ലാത്ത
ഏതോ അറയില്‍ ഒളിഞ്ഞിരിപ്പുണ്ട്

Friday, 10 August 2012

ഗ്രാമം
---------
വായനശാലയുടെ സമീപം
രക്തസാക്ഷിക്കൊരു സ്മാരകം

ഹാഫ്സാരി ചുറ്റി വരും
പെണ്ണിന്‍ ഓര്‍മ്മയില്‍
അമ്പലത്തറയില് ഒരു ആല്‍മരം

മഴയും വെയിലുമേറ്റു
മൌമനമായി കിടന്നു
അമ്പലക്കുളം

വിദേശ പണം ബലാത്സംഗം
ചെയ്ത പാടങ്ങള്‍ ചെങ്കലുകളില്‍
കൊലചെയ്യപ്പെട്ടു

നിരകള്‍ അടഞ്ഞുകിടന്ന
പഴയ കടയില്‍ ഒരു തപാല്‍ പെട്ടി
മരണക്കുറിപ്പെഴുതി

ഗ്രാമ ഭംഗി കാണാന്‍ വന്ന
കര്‍ക്കിടക മഴ തിരിഞ്ഞു നടന്നു

മകര മഞ്ഞു തരും മൂടലിന്‍
ഭംഗി മരിച്ച ചിത്രങ്ങളായി

ചില ഓര്‍മ്മകളുമായി
ഗ്രാമം പടിയിറങ്ങി
യാത്ര
---------
ഓരോ യാത്രകള്‍ !!

പുറത്തെ കാഴ്ചകള്‍ യാത്രകള്‍ക്ക്
അനുഭൂതികള്‍ തന്നിരുന്നു

പിറവിക്കു മുന്‍പ്
ബീജങ്ങള്‍ സങ്കലനം
നടത്തുന്നതിനും മുന്‍പ്
സ്വതന്ത്രമായി യാത്ര ചെയ്ത
‍ ആത്മാവുകള്‍ അനുഭൂതികള്‍
അറിഞ്ഞിരുന്നോ?

പിറവി യാത്രയുടെ
തുടക്കമാണ്
പരിതികള്‍ നിശ്ചയിച്ച യാത്രയുടെ

സഹയാത്രികര്‍ യാത്ര പറഞ്ഞു
ചില സ്റ്റോപ്പിലിറങ്ങുന്നു

കാഴ്ചകളുടെ നിര്‍വൃതി
നുകരും മുന്‍പ് ഇടക്കിറങ്ങുന്ന
മുഖങ്ങള്‍ നൊമ്പരമുണര്ത്തി

നനുത്ത കാഴ്ചകള്‍
മറവി തരുമ്പോള്‍
ദുഃഖം പിന്‍ സീറ്റിലാകുന്നു

പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ
മുന്നിലെ ചുഴി യാത്രക്ക് ശുഭം പറഞ്ഞു

പുറകില്‍ മറ്റൊരു യാത്രാ വാഹനം

Wednesday, 8 August 2012

വേശ്യ

വേശ്യ
--------------
സ്വപ്‌നങ്ങള്‍ താഴേക്ക്‌
പതിച്ച ഏതോ രാവില്‍
ആദ്യമായി 'വേശ്യ 'യെന്നു
വിളിച്ച മുഖം ഓര്‍ത്തെടുക്കാന്‍ കഴിയാതെ
പകലിന്‍ മറവില്‍ ഒരു ലോഡ്ജു
മുറിയില്‍ ഉണങ്ങിയ ബീജം
വഹിച്ച തുടകളില്‍ ചുംബിച്ച
ചുണ്ടുകളെ തണുപ്പിച്ച
വേശ്യ പെണ്ണിന്‍ മുഖം
ഉടഞ്ഞ കണ്ണാടിയില്‍ നോക്കി
ജീവിത സൌന്ദര്യം
താന്‍ നിശ്ചയിക്കും വിലകളില്‍
മെച്ചപ്പെടുത്തി .

സാഹചര്യം എന്ന വാക്കു
കടമെടുത്തു 'നീ എന്തുകൊണ്ടിങ്ങനെ 'യായി
എന്ന ചോദ്യമുന്നയിച്ച
പുരുഷന്‍റെ നഗ്നതയില്‍
നോക്കി പുച്ഛത്തോടെയവള്‍ പറഞ്ഞു


പ്രണയം സമ്മാനിച്ച വഴിയില്‍
കാത്തിരുന്നത് വാണിഭമുദ്ധേശിച്ച
കാമുകന്‍റെ ചതികളായിരുന്നു

തെരുവില്‍ ഉപേക്ഷിച്ച
ജീവിതം ചില കരങ്ങളില്‍
സുരക്ഷിതമായത്തിനു
ശരീരം പ്രതിഫലമായി
ചോദിച്ചു ....

അന്നുതൊട്ട് തന്നെ ഭോഗിക്കാന്‍
വരും മുഖങ്ങള്‍ അനുസരണയു ടെ
മേലങ്കി ചാര്‍ത്തുന്നത് കൌതുകമായി

ഒടുവിലൊരു തോന്നല്‍
ഉദരത്തില്‍ ഒരു ജീവന്‍റെ
തുടിപ്പു കേള്‍ക്കാന്‍

ഏതോ ഒരു ബീജം
തുടിപ്പായി ഉദരത്തില്‍
പിറവി കൊള്ളുംനേരം
ഉള്‍വിളിയായി ആരോ മൊഴിഞ്ഞു

പിറക്കും നിനക്കൊരു
പെന്‍ ശലഭം
വേശ്യയുടെ മകളെന്നപേര്
കൂട്ടുകാരിയാകും
പിറക്കും നിനക്കൊരു മകന്‍
അച്ഛനില്ലത്തവനെന്ന പേരും
അധികപ്പറ്റായി വരും

അതും സ്വപ്നമായി
ഒഴുക്കിക്കളഞ്ഞു
വേശ്യ തനിച്ചെന്ന സത്യത്തെ
വിശ്വസിക്കാന്‍ തുടങ്ങിMonday, 6 August 2012

നക്ഷത്രങ്ങള്‍ പറഞ്ഞത്

നക്ഷത്രങ്ങള്‍ പറഞ്ഞത്
------------------------------------
ഭൂമി നക്ഷത്രങ്ങളോടു കഥകള്‍ പറയും

പകലില്‍ എരിഞ്ഞു തീര്‍ന്ന
കനലുകളുടെ കഥകള്‍ പറയാന്‍
ഭൂമി കാത്തിരുന്നു നക്ഷത്രങ്ങളെ

പാടവരമ്പത്തൂടി വരും
കുരുന്നു ബാല്യങ്ങളുടെ കൊഞ്ചലും
പാദസരം കിലുക്കും പതിനേഴിന്‍
പെണ് ശലഭങ്ങളുടെ വള കിലുക്കങ്ങളും
ചെറുമികള്‍ കൊട്ടും താളത്തിന്‍
ജീവിത തുടിപ്പും
പുലര്‍ക്കാല പുഷ്പ്പങ്ങളുടെ
പുഞ്ചിരികളും
അസ്തമയ കിരണങ്ങള്‍
ചുവപ്പിക്കും സന്ധ്യയില്‍
കൂട്ടിലണയും കിളികള്‍ തന്‍
കലപിലകളും കണ്ടു കേട്ട
ഭൂമി ഞങ്ങള്‍ക്ക് ഇവരിന്‍
കഥകള്‍ പറഞ്ഞതരും

മാനത്തു ചൂണ്ടി കഥകള്‍
പറയുന്ന അച്ഛന്‍ ഞങ്ങളില്‍
സ്വപ്‌നങ്ങള്‍ കണ്ടിരുന്നു

ഓരോ പകലും പുലരുമ്പോള്‍
അസ്തമയം കണികണ്ടുണരും
ഞങ്ങളില്‍ മണ്ണിലെ സ്നേഹം
ഒരു പുതുകാഴ്ചകളുടെ
നിര്‍വൃതി തന്നിരുന്നു ..

ഇന്നു ഭൂമി കരയുന്നു

കഥന കഥകള്‍ കേട്ടു
കരയാന്‍ ഞങ്ങളും
മണ്ണിന്നുകൂട്ട്

മാനത്തു ചൂണ്ടി കഥകള്‍ പറഞ
കാലം ഇന്നു ഓര്‍മ്മകള്‍ മാത്രം
പാദസരത്തിന്‍ സംഗീതം
നക്ഷത്രങ്ങളെ ഭയന്നു മൌനങ്ങളുമായി
കൂട്ടുകൂടി ....

ക്രൂരതയുടെ കാഴ്ചകള്‍
കണ്ടുണരുന്ന നക്ഷത്രങ്ങള്‍
ഭൂമിയോട് പരിഭവം പറഞ്ഞു ..


Sunday, 5 August 2012

പര്‍ദ്ദ
----------
രജിസ്റ്റര്‍ ഓഫിസിനു പുറകില്‍
കൈത മുള്ളില്‍ ഒളിച്ചോടി വന്ന പര്‍ദ്ദ .

ജാതി
--------
ചോദിച്ചവന്റെ
രക്തത്തിനു ജാതി
ചുവപ്പ് ..

മഴ
-----
പൂക്കള്‍ നിറഞ്ഞ
കുടയില്‍ ചിതറി
മണ്ണില്‍ മരിച്ചുവീണു ...

രാത്രി
-----------
മിന്നാമിനുങ്ങ്
വെളിച്ചം തേടി ഒരു
തെരുവ് വിളക്കിന്‍ മുന്നില്‍ ..
Saturday, 4 August 2012

ദൂരെ ഒരുചില്ലയില്‍
സൌഹൃദക്കൂടൊരുക്കി കാത്തിരിന്നു
സ്നേഹ പക്ഷികള്‍
തൂവലുകള്‍ പൊഴിയാതെ കാലം
കൂട്ടിരിക്കട്ടെ  ആ ചില്ലക്ക്..

Friday, 3 August 2012

ദയ ------
രണ്ടുവാക്കിലെ അര്‍ഥങ്ങള്‍ തേടി
അഭയ കേന്ദ്രത്തിലെ ചില കണ്ണുകള്‍

വെളിച്ചം നല്‍കിയ വഴിവിളക്ക്
കഠാരയോടു ചോദിച്ചതും ദയ

ജീവന്‍ പോകുന്നവന്റെ
ആത്മാവിനെ പകര്‍ത്തുന്ന
കാമറ "ദയ 'എന്തെന്നു ചോദിച്ചു

ശവപ്പെട്ടി ചുമന്നവനെ
ഹര്‍ത്താലനുകൂലികള്‍
വഴിയില്‍ തടഞ്ഞു ദയ
പഠിപ്പിച്ചു ..

പട്ടണം ഗ്രാമത്തിനു ദയ
പഠിപ്പിച്ചത് വിസര്‍ജനം നല്‍കി .

Thursday, 2 August 2012

മരണം
----------
ആകാശത്തിനു താഴെ
ഒരു നക്ഷത്രത്തിനു പിറകില്‍
പതുങ്ങിയിരിക്കുന്നു മരണം

പ്രകാശ വേഗതയ്ക്കുമപ്പുറം
സഞ്ചരിക്കാന്‍ കഴിവുണ്ടെത്രേ ..

ഒരുചിരിതന്നുപോയ
സ്നേഹിതന്‍ ചിരി മായും മുന്‍പേ
മരണം ചിരിച്ചുകൊണ്ട് പുല്‍കി .

ആഗ്രഹിചിരിക്കും ചിലരെ
നിരാശപ്പെടുത്തി കളിയാക്കി
ചിരിക്കുന്നു

ഉറങ്ങിക്കിടന്ന മരണത്തെ
വിളിച്ചുണര്‍ത്തി പ്രണയം
പരാജയമെന്ന് പറഞ്ഞവര്‍

വരുന്നുണ്ട് വിളിക്കാതെ
ഒരു ചിറകടി ശബ്ദം പോലുമില്ലാതെ
നക്ഷത്രങ്ങള്‍ ഉറങ്ങുന്ന ലോകത്തിനുമപ്പുറം
മരണം പുല്‍കിയവര്‍ വസിക്കും നാട്ടിലേക്ക്
ക്ഷണിക്കാന്‍ ....