Pages

Sunday 30 June 2013

കയ്യൊപ്പ്
**********‌
എനിക്കും നിനക്കുമിടയില്‍
അവ്യക്തമായ ഒരു ചുവരുണ്ട്

സാക്ഷിയായി
ദിനരാത്രങ്ങളില്‍ എന്നോ
സത്യമെന്നെഴുതിയ കാലത്തിന്‍റെ
കയ്യൊപ്പുമുണ്ട്

തിരിച്ചറിഞ്ഞവര്‍ ഒക്കെയും
കാതങ്ങള്‍ക്കപ്പുറമിരുന്ന്
വിധിയെന്ന ശൂന്യതയെ
ക്രൂശിക്കുന്നുമുണ്ട്

അറിയാത്തവര്‍ക്ക് മുന്നില്‍
കൈവരികളില്ലാത്ത പുഴയാണ്
നമ്മള്‍

ചിറ്റോളങ്ങള്‍കണ്ട്ചിരിക്കുകയും
സ്തുതിപാടുകയും ചെയ്യുന്നവര്‍‍
ചുഴികളാണ് ചുറ്റുമെന്ന് അറിയുന്നില്ല

മഴകള്‍ എത്ര നമ്മള്‍ നനഞ്ഞു
വെയിലുകള്‍ എത്ര നമ്മള്‍ കൊണ്ടു
കുടക്കീഴില്‍ നിന്നപ്പോഴും
ചുവരുകളിലെ കയ്യൊപ്പ്‌മാത്രം
മായുന്നില്ല

നിശയിലാണ് രണ്ടു നിഴലുകള്‍
പ്രത്യക്ഷപ്പെടുന്നത്

ചുവരുകളില്‍ പുതിയ
കയ്യൊപ്പുകള്‍ പതിയുന്നതും നോക്കി
അപ്പുറവും ഇപ്പുറവുമുള്ള കനത്ത-
മൌനങ്ങള്‍ നിഴലുകളക്ക് കാവല്‍ നില്‍ക്കും

ചുവരുകള്‍ തകരും
കയ്യൊപ്പും മായും
തിരിച്ചറിഞ്ഞവര്‍
അന്ന് അടുത്തുണ്ടാകും
ഒരു നിഴല്‍ മാത്രം ബാക്കി ...



 

Monday 24 June 2013


ഖബര്‍
*******
കാരിരിമ്പിന്‍റെ
കരുത്താണ് ഖബര്
‍കുഴിക്കുന്ന ഖാദറിന്

ജീവിച്ചതിന്‍റെ അടയാളം
മീസാങ്കല്ലുകളില്‍
കൊത്തിവെച്ചതും നോക്കി
ചിരിക്കാതങ്ങിനെ കുഴികും
ഖാദര്‍ ..

നരച്ച ഖബറുകളില്‍
‍പടര്‍ന്നു പിടിച്ച വള്ളികളുടെ
മൂകതയാണ് ഖാദറില്‍
തെളിഞ്ഞു കാണുന്നത്


ഇന്നലെയും അങ്ങാടിയില്‍
ബെന്‍സ്‌ കാറില്‍ വന്നിറങ്ങിയ
മുസ്തഫാ ഹാജിക്കുള്ള ഖബര്‍
കുഴിക്കുകയാണ് ഖാദര്‍

ഒസ്സാന്‍ കുഞ്ഞുമുഹമ്മദിന്‍റെ
ഖബറിനടുത്തായിട്ടാണ്
മുസ്തഫാഹാജി ഉറങ്ങാന്‍ പോകുന്നത്

ജീവിതത്തില്‍ അകന്നു
നിന്നവരാണ്
മരണത്തിന്‍റെ മണ്ണില്
‍വേലികെട്ടില്ലാതെ-
പരസ്പ്പരം കഥകള്‍
പറഞ്ഞുറങ്ങാന്‍ പോകുന്നത്

 

Saturday 15 June 2013

ഇന്നലെ
*********
നക്ഷത്ര രാത്രികളെ കാവല്‍ നിര്‍ത്തി
കിനാവുകളുടെ തടവറയില്‍
വിദൂരതയുടെ അങ്ങേയറ്റത്ത്
പ്രണയത്തിന്‍റെ പുലരികള്‍
പൂവിടുന്നതും നോക്കിനിന്ന
ഇന്നലകളുടെ നിദ്രകള്‍ ...

വരണ്ട ജീവിതത്തില്‍
പെയ്തു തോര്‍ന്ന ഒരു-
മഴയുടെ നേര്‍ത്ത ഓര്‍മ്മകളാണ്
ഇന്നലകളെ വീണ്ടും നനച്ചു-
ണര്‍ത്തുന്നത്..


നനഞ്ഞ വഴികളില്-‍
തെളിഞ്ഞു വന്ന കാല്‍പ്പാടുകളില്‍
പാദസരത്തിന്‍റെ നിഴലുകള്‍
അടയാളമിട്ടിരുന്നു

പിന്നെയും കണ്ടു
അലസമായി ഒഴുകി നടന്ന
മുടിയിഴകള്‍
വാടിയ പൂവില്‍ നിറഞ്ഞ
കാച്ചെണ്ണയുടെ ഗന്ധം
മിഴികളുടെ ഒളിച്ചു നോട്ടവും

ആരവങ്ങളിലാതെ വന്ന
മഴയോട് ചേര്‍ന്നിരുന്നു
സ്വപ്നങ്ങള്‍കണ്ട ഇന്നലകളില്‍
നീയും ഞാനും മാത്രമായിരുന്നു

ഒറ്റക്കുള്ള ഒരു തിരിച്ചുപോക്ക്
സാധ്യമല്ലെനിക്ക്
ഒരു നിഴല്‍ പുറകില്
‍നില്‍ക്കുന്നുണ്ട്
അത് ഇന്നലകളിലെ
നിന്‍റെ രൂപമാണ്

ഇന്നലകള്‍ക്കെന്നും
നോവിന്‍റെ കുളിരാണ് ..‍


 

Wednesday 12 June 2013

നാടും ,കാടും
*************

പോഷകാഹാരം-
വാങ്ങി അച്ഛന്‍
അമ്മിഞ്ഞപ്പാലും -
 പിന്നെ കുപ്പിപ്പാലും
ഹോര്‍ലിക്സും നല്‍കി
അമ്മ ..

അമ്മിഞ്ഞപ്പാലില്ലാതെ
അച്ഛനില്ലാതെ
പതിനാലു തികയാത്ത
ശലഭങ്ങള്‍
പെറ്റിട്ട കുഞ്ഞുങ്ങളോട്
നിങ്ങള്‍ അട്ടപ്പാടിയുടെ
സന്തതികളാണല്ലോ എന്ന്

നാട്ടിലെ ദൈവങ്ങള്‍ ഒക്കെ
വെളുത്തവരാണ്

കാട്ടിലെ തൊലി കറുത്ത
ദൈവങ്ങള്‍ എന്നോ
ആത്മഹത്യ ചെയ്തു












 

Monday 10 June 2013

തനിച്ച്‌
* * * * *

തനിച്ചല്ലായിരുന്നല്ലോ അന്ന്

പെയ്തു തീര്‍ന്ന മഴകളെല്ലാം
ഒന്നിച്ചാണല്ലോ അന്ന്
നനഞ്ഞത്

കാറ്റില്‍ പറന്നുപോയ
കിനാവുകളെല്ലാം
തിരികെവന്നലോ അന്ന്

അന്ന്
രാത്രികളില്‍
വിയര്‍പ്പ്‌ നനച്ച ‍ മാറില്‍
ഒട്ടി കിടക്കുമ്പോള്‍
നേര്‍ത്ത ശബ്ദത്തില്‍
ഒഴുകി വന്ന ഗസലുകള്‍ക്ക്
പ്രണയാര്‍ദ്രമായ ‍ താളമുണ്ടായിരുന്നു

വെയിലിനെ തടുത്ത കുടയ്ക്ക്-
കീഴില്‍ നാല് മിഴികള് അന്ന് ‍
അടക്കം പറഞ്ഞത്
വസന്തം പൊഴിയുന്ന ഒരു
പുലരിയെ കുറിച്ചായിരുന്നു

ഇന്ന്
പകല്ക്കിനാവില്‍
ഉടഞ്ഞുപോയ സ്ഫടികമാം
പ്രണയം പോല്‍
തനിച്ചാണല്ലോ നീയും ഞാനും

ഏകാന്തതയുടെ
 ജാലാകവാതില്‍ തുറന്ന്
മഴ വന്നുണര്‍ത്തി നോവിക്കുന്നു 
ഒടുവിലത്തെ ചുംബനത്തിന്‍റെ
ശേഷിപ്പിനെ ....

തനിച്ചാണിന്ന്



 

Friday 7 June 2013

മഴപറഞ്ഞത്‌
*************

കവിതകളില്‍
കഥകളില്‍
വര്‍ണ്ണങ്ങള്‍ വിതറി
നിങ്ങള്‍

പ്രണയത്തില്‍
തീവ്രമാക്കി

വെള്ള നൂലിഴകളായി
പെയ്തിറങ്ങിയ എന്ന
നല്ല ചിത്രങ്ങളാക്കി

ഞാനൊന്നു ചുംബിക്കാന്‍ -
വന്നപ്പോള്‍
പനി പിടിക്കുമെന്ന് പറഞ്ഞു
കുടനിവര്‍ത്തിയെതെന്തേ നിങ്ങള്‍ ?

Tuesday 4 June 2013

     ** * *മഴ * * *
________________

ഫ്ലാസ്കില്‍ നിന്നും  ചായ ഗ്ലാസിലേക്ക് പകര്‍ത്തുമ്പോള്‍ ‍  ചുവരിലെ  ഘടികാരം
എട്ടടിച്ചു.  ഹാളില്‍  നിന്നും നേര്‍ത്ത ശബ്ദത്തില്‍ ടെലിവിഷന്‍ ശബ്ദിച്ചു കൊണ്ടിരുന്നു . '  ടി  വി  ഓഫ് ചെയ്യാന്‍ അവള്‍ മറന്നിരിക്കും '  മുറി തുറന്നു ഹാളിലേക്ക് കടന്നപ്പോള്‍  വിലകൂടിയ ഏതോ പുതിയ വിദേശ പെര്‍ഫ്യൂമിന്‍റെ ഗന്ധം സിരകളിലേക്ക് പ്രവഹിച്ചു ,  ഇപ്പോള്‍ അവളുടെ  വിയര്‍പ്പിന് പോലും  പെര്‍ഫ്യൂമിന്‍റെ ഗന്ധമാണ് ,  മുപ്പത്തിയെട്ട് കഴിഞ്ഞെന്നു പറഞ്ഞാല്‍  ആരും വിശ്വസിക്കില്ല,   അവളുപോലും  .

ടി വി യിലേക്ക് നോക്കിയപ്പോള്‍  "മഴയും  അനുബന്ധ രോഗങ്ങളും" എന്ന വിഷയത്തെക്കുറിച്ചുള്ള ഡോക്യുമെന്റ്ററിയാണ്  കണ്ടത്  പശ്ചാത്തലത്തില്‍ മഴയും , മഴ നനയുന്ന കുട്ടികളും  ,പുഴയും  പാടവും  ഒക്കെ വന്നുപോകുന്നു ,    മനസ്സില്‍  ഒരുമഴ  പെയ്യുന്നു  , 

ടെലിവിഷന്‍ ഓഫ് ചെയ്തു വായന  മുറിയുടെ താക്കോല്‍  ഹാളിലെ സെല്ഫില്‍ നിന്നും എടുക്കാന്‍ തുടങ്ങുമ്പോള്‍  മൊബൈല്‍ ശബ്ദിച്ചു ,  ദൂരെ ഹോസ്റ്റലില്‍ നിന്നുപഠിക്കുന്ന മകളുടെ  സുപ്രഭാതം ആശംസിച്ചുകൊണ്ടുള്ള സന്ദേശമാണ് മെസേജ്‌ ബോക്സില്‍ .  ചെറു ചിരിയോടെ  വായന മുറി തുറന്നു , ഈ വീട്  അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിക്കൊണ്ടുമാത്രം വാങ്ങിയതാണ്   , ഈ മഹാനഗരത്തില്‍ ഒരു വീടിന്‍റെ ആവശ്യമില്ലന്നു പല തവണ അവളോട്‌ പറഞ്ഞതാണ് , നാട്ടില്‍  തറവാട്  അനാഥമായി കിടക്കുന്നു, ഒരു വാടക വീടുമതി എന്നെങ്കിലും  ഈ നഗരം ഉപേക്ഷിച്ച് നമുക്ക് പോകേണ്ടിവരും എന്നൊക്കെ പറഞ്ഞു നോക്കി , ഒടുവില്‍ തോല്‍വി സമ്മതിച്ചു ‍ നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവന്നു .

അടഞ്ഞ ജാലകവാതിലില്‍ വിരിയുടെ ചെരുവിടവില്‍ക്കൂടി വെയിലിന്റെ നേര്‍ത്ത പ്രകാശം മുറിയില്‍ നിഴലിട്ടു , പുസ്തകങ്ങള്‍ സൂക്ഷിക്കാനും വായനക്കുമായി ഈ മുറി അവളാണ് തെരഞ്ഞെടുത്തത്. പുസ്തകങ്ങളുടെ വലിയൊരു കളക്ഷന്‍തന്നെ അവള്‍ക്കുണ്ട് ,

മനസ്സിലപ്പോഴും ആ മഴയുടെ ചിത്രമായിരുന്നു ,   അടഞ്ഞ ജാലക വാതില്‍ തുറന്നു,വാതിലില്‍ ചാരിനിന്ന  ഇളവെയില്‍ മുറിയിലേക്ക്‌ മലര്‍ന്നു വീണു , ആമഹാനഗരത്തിന്‍ മുകളില്‍ സൂര്യന്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു , തെളിഞ്ഞ ആകാശത്തിലേക്ക് നോക്കി നിന്നു , അകലെ ഒരു കുഞ്ഞു മേഘം  ഒഴുകിപോകുന്നു , മിഴികള്‍ ആ മേഘത്തിലേക്കതന്നെ നോക്കി നിന്നപ്പോള്‍ ഭൂത കാലത്തിലെ കവാടങ്ങള്‍ അയാള്‍ക്കുമുന്നില്‍ ഓരോന്നായി തുറന്നു..

മഴ മേഘം ഉരുണ്ടുരുണ്ട് വരുന്നുണ്ട് , പുറകിലെ തൊടിയില്‍ വലിയ കല്ലിനു മുകളില്‍ നിന്ന് അകലെ ഇടതിങ്ങിനില്‍ക്കുന്ന തെങ്ങുകളുടെ മുകളില്‍ക്കൂടി മഴ വരുന്നതും നോക്കി നിന്നു , ആദ്യമഴയാണ്, മണ്ണും മരങ്ങളും പുഴയും പാടവും കിളികളും ഒക്കെ കാത്തിരുന്ന മഴ , ഓടിവന്ന നനുത്ത കാറ്റിന് മഴയുടെ ഗന്ധം . മിഴികളടച്ച് ശ്വാസമടക്കി കാത്ത് നിന്നു ,ഇപ്പോള്‍ വളരെ അടുത്തിരിക്കുന്നു ,കാതില്‍ മുഴങ്ങുന്നുണ്ട് നിന്നെ ചുംബിക്കാന്‍ ഇതാ ഞാന്‍ എത്തുന്നു എന്ന്. കവിളില്‍ ആദ്യ തുള്ളി മുത്തമിട്ടപ്പോള്‍ സിരകളില്‍ വര്‍ണ്ണനകളില്ലാത്ത നിര്‍വൃതി,  മഴ മുഴുവനായി ചുംബിച്ചുകൊണ്ടിരുന്നു ..

'ഈ ചെക്കന് എന്തിന്‍റെ ഭ്രാന്താ  ?  മഴ മുഴുവന്‍ നനഞ്ഞൂല്ലോ നീയ്‌  '   ശകാരവുമായി അമ്മ അടുത്തെത്തി മഴയില്‍ നിന്നും പറിച്ചെടുത്ത് ഇറയത്ത് നിറുത്തി തല സാരിത്തുമ്പ് കൊണ്ട് തുവര്ത്തിക്കൊണ്ട് പറഞ്ഞു .അമ്മയെ നോക്കി ചിരിച്ച് മഴയിലേക്ക് നോക്കി അങ്ങിനെ നില്‍ക്കും .

കാലം മഴപോലെ പെയ്തുകൊണ്ടേയിരുന്നു ,പേമാരിയും പ്രളയവും കൊടുംകാറ്റും ഇടവേളകളില്‍ മുറിവേല്‍പ്പിച്ചു കടന്നുപോയി . ഇടക്കെപ്പെഴോ സാന്ത്വനത്തിന്റെ തുള്ളികളുമായി ഒരു നനുത്ത മഴ വന്നു ,പ്രണയത്തിന്‍റെ ഗന്ധം ആ മഴയില്‍ നിറഞ്ഞു നിന്നു ...

വെയിലിനു ശക്തി കൂടിവന്നു . ജലകവാതില്‍ അടച്ചു .മുറിയില്‍ വീണ്ടും നിഴലിട്ടു വെയില്‍ പുറത്ത് നിന്നു ,അമ്മ മരിച്ചപ്പോള്‍ നാട്ടില്‍ പോയതാണ് , അഞ്ചു വര്ഷത്തിനു മുന്‍പ്‌ .  കര്‍ക്കിടകത്തിലാണ് അമ്മ മരിച്ചത് . ചിത എരിഞ്ഞു കഴിഞ്ഞപ്പോഴാണ് മഴ വന്നത് , ഇറയത്ത് കരഞ്ഞ കണ്ണുമായി നിന്നപ്പോള്‍ തൂവാനം തഴുകികടന്നുപോയി ,ആ മഴയ്ക്ക്‌ അമ്മയുടെ ഗന്ധമുണ്ടായിരുന്നു .

ഭൂതകാലത്തിന്‍റെ കവാടം അടച്ച് അയാള്‍ മുറിക്ക് പുറത്തിറങ്ങി .....


 

Saturday 1 June 2013

പാഥേയം
* * * * * **
നീയില്ല എങ്കില്‍

പുലര്‍ മഞ്ഞിന്‍ മര്‍മ്മരങ്ങളില്ല

ഇളവെയിലിന്‍ പുഞ്ചിരിയില്ല
പൂവുകളും ശലഭങ്ങളും
പുഴകളുടെ കളകളാരവവുമില്ല

കിളികളുടെ കൊഞ്ചലുകളും
തെന്നലുകളുമില്ല

മഴകളുടെ പദനിസ്വനങ്ങളും
ഏഴു വര്‍ണ്ണങ്ങളുടെ കാവ്യങ്ങളുമില്ല

വെയില്‍ ചായും നേരം 
നീലാകാശത്തിന്‍ ചുവട്ടില്‍
വിശ്രമിക്കും മിഴികളില്‍ ‍
പകല്‍ക്കിനാവുകളുടെ
മന്ദഹാസങ്ങളില്ല

ശീത ക്കാറ്റില്‍ പുതച്ച
നിലാവിന്‍റെ ഗസല്‍ മഴകളില്ല
സ്വപ്നങ്ങളുമില്ല

രാത്രിമഴയുടെ ആരവങ്ങളി-
ലൊറ്റപ്പെട്ട കാറ്റിന്‍ സംഗീതമില്ല
പ്രണയവുമില്ല..

നീ ഇല്ലങ്കില്‍

ഇരുള്‍മൂടിയ പകല്‍ രാവുകളില്‍
ഏകാന്ത പഥികനായി
വഴിയമ്പലങ്ങളില്‍ഞാന്‍
പാഥേയമാകും ...