Pages

Wednesday 28 November 2012

ഉത്തരങ്ങള്‍
--------------------
പഴയോലകൊണ്ട്
പൊതിഞ്ഞ പുരയുടെ\
ചെറു വിടവില്‍ക്കൂടി
സൂര്യനെന്നും ഉത്തരങ്ങള്‍
തിരയുന്ന അച്ഛന്റെ
നരച്ച മുഖത്തേക്ക്
ഒളിഞ്ഞു നോക്കും ..

ചോദ്യങ്ങളായി
രോഗങ്ങള്‍
അച്ഛനുമുന്നില്‍
വന്നതുമുതല്‍
കയറുകട്ടിലില്‍
അച്ഛന്‍ ഉത്തരങ്ങള്‍ തെരഞ്ഞു
മുകളിലേക്ക് നോക്കി കിടക്കും

നക്ഷത്രങ്ങള്‍ അച്ഛനെ
കാണാറില്ല


നിലാമഴകളില്‍
ചെറുതുള്ളികള്‍
അച്ചന്‍റെ വെളുത്ത
താടിരോമങ്ങളുടെ
ചെറു നിഴലുകള്‍കൊണ്ട്
അവ്യെക്തമായ
ചില ചിത്രങ്ങള്‍ വരക്കും

ഉത്തരങ്ങള്‍ കണ്ടെത്തിയ
ഒരുപകലില്‍ സൂര്യന്‍
അച്ഛനെകണ്ടില്ല

മുറ്റത്ത് അനാഥമായ
കട്ടില്‍കണ്ടു സൂര്യന്‍
കരഞ്ഞിട്ടുണ്ടാകും ..


Monday 26 November 2012

ദൈവം
-------------
പലിശക്കാരന്‍ രാഘവന്‍
പ്രഭാതത്തില്‍ കുടുംബ
ക്ഷേത്രത്തില്‍ കാണിക്കയിട്ടു
പിരിവുതുടങ്ങി

മുടക്കം വന്നവരെ
തൊഴിച്ചും ഭീഷണിപ്പെടുത്തിയും
പലിശവാങ്ങി
കാണിക്കയിടല്‍ രാഘവന്‍
ഇന്നും തുടരുന്നു

മയക്കു മരുന്നും
കുഴല്‍പ്പണവും
കുഴപ്പമില്ലാതെ
പോകുവാന്‍
മൊയ്തുഹാജി
പള്ളിക്കളെ ജാറത്തില്‍
എന്നും ചന്ദനത്തിരികത്തിക്കും
വൈകിട്ട് 'മൌലിദും' നടത്ത്തിക്കും

കള്ളച്ചാരയവും
കൊട്ടേഷനും
മികച്ചരീതിയില്‍ നടക്കുവാന്‍
പൊന്നുംകുരിശു നേരുന്നുണ്ട്‌
മാത്യുയച്ചായന്‍

'ദൈവങ്ങളിപ്പോള്‍
ഇവരുടെകൂടെയാണ്

അല്ലായിരുന്നെങ്കില്‍

അന്തിക്ക്കേള്‍ക്കുന്ന
അയലത്തെപെണ്ണിന്‍റെ
ദൈവമേയെന്ന നിലവിളി
ഇന്നും കേള്‍ക്കില്ലയിരുന്നു ..






















 

Friday 23 November 2012

പ്രണയവും യുദ്ധവും

പ്രണയവും യുദ്ധവും

ഹിബാ ...

മസിറില്‍ അഭയാര്‍ഥിനിയായി
പിറന്ന നാടിന്‍റെ സ്വാതന്ത്ര്യവും
പ്രണയവും പുലരുന്നതും നോക്കി
രക്തത്തിന്‍റെ ഗന്ധമില്ലാത്ത തെന്നലുകള്‍
തഴുകി വരുന്ന പകല്‍ രാവുകളില്‍
നീ കാത്തിരിക്കുന്നുണ്ടാകും

ഇവിടെ ഞാന്‍ ഏകനല്ല
സ്വപ്‌നങ്ങള്‍ മരിച്ച
സുഹൃത്തുക്കളും
വിലാപങ്ങള്‍കേട്ടു
മരവിച്ച നിലാവും
വേര്‍പാടുകള്‍ തീര്‍ത്ത
മൌനവും പിന്നെ
വെടിയൊച്ചകളും
ഒടുവില്‍ ദീര്‍ഘനിശ്വാസത്തില്‍
ഓടിവരുന്ന നിന്‍ മുഖവും
എനിക്കു കൂട്ടാകുന്നു


ഹിബാ ..
നമ്മുടെ പ്രണയം
ഓര്‍മ്മകളുടെ
കലവറക്കുള്ളില്‍
ചിതലിരിക്കാതെ കിടക്കും

നീ അകന്നു പോയതു മുതല്‍
നിശയില്‍ നിലാവ് വരാറില്ല

പകലിനിവിടെയിരുളാണ്
ഉദയ കിരണങ്ങളും
അസ്തമയ ശോഭയും
ഇവിടെയസ്തമിച്ചു

ദൂരെയെവിടെയോ
വെടിയൊച്ചകേള്‍ക്കാം

ജീവിതം തുടങ്ങാത്തവരുടെ
സ്വപ്‌നങ്ങളടക്കം ചെയ്ത
പുതു കബറുകള്‍
ഉയര്‍ന്നുവരുന്നുണ്ടിവിടെ

ഹിബാ ..
നീയൊരിക്കല്‍ തിരിച്ചുവരും
മഴയും വെയിലുമേറ്റു
നരച്ച കബറുകള്‍ നീകാണും
'മുഹമ്മദ്‌ ഫായിസ്'യെന്നു
എഴുതിവെച്ച ഖബറിന്‍ മുന്നില്‍
നിന്‍ പാദങ്ങള്‍ വിറച്ചു നില്‍ക്കും
അപ്പോള്‍ നിന്നെതഴുകി വരും
നനുത്ത തെന്നല്‍ ഒരു ചുംബനം തരും
നിനക്കുബാക്കി വെച്ച എന്‍റെ പ്രണയ
സമ്മാനമാണാചുംബനം .....

വെടിയൊച്ചയടുത്തുവരുന്നു ..











 

Wednesday 21 November 2012

പകല്‍ക്കിനാവ്

പകല്‍ക്കിനാവു
---------------------------
തൊടിയില്‍
അച്ഛന്‍ എന്നും
വാഴക്കു വെള്ളമൊഴിക്കും

പുലര്‍ക്കാലകാഴ്ചയാണിത്

നിറഞ്ഞ കുടം
കൈവെള്ളയില്‍
തട്ടി തട്ടി വാഴകളില്‍
പതിക്കുമ്പോള്‍
അച്ഛന്‍റെ മുഖം ചുവന്നിരിക്കും

കുത്തരിക്കഞ്ഞി നിറച്ച
പിഞ്ഞാണത്തിന്‍ മുന്നില്‍
പിന്നീടച്ചന്‍ മൌനമാകും

ഉറക്കച്ചടവ് കഴിഞ്ഞു
സൂര്യനപ്പോള്‍
അഗ്നിയകാന്‍ തുടങ്ങും

പകുതിവായിച്ചു നിര്‍ത്തിയ
പത്രം വായിച്ചു പൂര്‍ത്തിയാക്കി
തൊടിയിലെ വാഴകളില്‍
പകല്‍ ക്കിനാവുകാണും
പിന്നീടച്ഛന്...‍







 

Saturday 17 November 2012

ഒറ്റമരം ...

ഒറ്റമരം
-----------
ഒറ്റമരത്തിന്‍ ചുവട്ടിലാണ്
ദാര്‍ശനികത പിറന്നത്
അന്ന് രക്തം കുടിക്കുന്ന
മനുഷ്യര്‍ ജനിച്ചിരുന്നില്ല
ആള്‍ദൈവങ്ങളെ ഗര്‍ഭം
ധരിച്ചു കാത്തിരുന്നില്ല
ലിംഗ നിര്‍ണ്ണയം നടത്തി
പെണ്‍ ശലഭങ്ങളെ കരിച്ചു
കളഞ്ഞിരുന്നില്ല

അന്നു
ഒറ്റമരത്തിന്‍ ശിഖരങ്ങള്‍
ധാര്‍മികതയുടെ പ്രവാചകന്മാരായി

തൊലി കറുത്തവന്‍റെ
വേദനകള്‍ പുച്ഛമായി തോന്നിയത്
മരത്തില്‍ പടര്‍ന്നു കയറിയ
വര്‍ഗ്ഗ വിവേചന ചിന്തകളുടെ
ഇത്തിള്‍ക്കണ്ണികളില്‍ പിറന്നവരുടെ
സന്തതികള്‍ക്കായിരുന്നു ..

ധര്‍മ്മങ്ങള്‍ പ്രസംഗിച്ചു
വേദങ്ങള്‍ മുഴുവനും

കേള്‍വി നഷ്ടപ്പെട്ട
അധര്‍മ്മികള്‍ കാവിക്കും
കുരിശിനും   പിറയ്ക്കും
അതിരുകള്‍ നിശ്ചയിച്ചു

ആയുധങ്ങള്‍ക്ക് ജാതി
നിശച്ചയിച്ചു
അധാര്‍മികതയുടെ
സന്തതികള്‍

ഒറ്റമരത്തിന്‍ ചുവട്ടില്‍
ദാര്‍ശനികതയും ധര്‍മ്മവും
ഒറ്റപ്പെട്ടു നില്‍ക്കുന്നു

ഒരു പ്രതീക്ഷയുടെ
ഉദയവുമായി മടങ്ങി
വരുമെന്ന് സൂര്യന്‍
ഒറ്റമരത്തിനോട് പറഞ്ഞിട്ടുണ്ട് ..




















 

Friday 16 November 2012

താലൂക്കാശുപത്രി ...

താലൂക്കാശുപത്രി
--------------------------
വരാന്തയില്‍
വാരഫലം നോക്കി 
ജീവിതത്തെ പഴിക്കുന്നുണ്ട് 
ചുമ മാറാത്ത ചില വൃദ്ധര്‍ 

രണ്ടു രൂപയുടെ ചീട്ടു 
എഴുതുന്നവള്‍ക്ക് ഡോക്റ്ററുടെ ഗമ 

വീര്‍ത്തു കെട്ടിയ മുഖമാണ് 
പരിശോദിക്കുമ്പോള്‍
ഡോക്ടര്‍ക്ക് 

രോഗിയോട് ഡോക്ടര്‍
പുഞ്ചിരിക്കണമെന്നു 
എവിടെയോ വായിച്ചിരുന്നു 

വൈകിട്ടു വീട്ടില്‍ ചെന്നാല്‍ 
ചിരിക്കുമെന്നു പിറകില്‍നി 
ന്നൊരാള്‍ സത്യംവിളിച്ചു പറഞ്ഞു 

പരദൂഷണം പറഞ്ഞുകൊണ്ട് 
കാലിലെ മുറിവിന് തുന്നലിടുന്നുണ്ട് 
ചില മാലാഖമാര്‍

അടഞ്ഞുകിടന്ന മുറിക്കുമുന്നില്‍
പോലീസ്‌ എയിഡ്‌പോസ്റ്റ് 'എന്നു
എഴുതിയ ബോര്‍ഡ്‌ തല കീഴായി കിടന്നു 
പിറകില്‍ ഒഴിഞ്ഞ മദ്യ കുപ്പികളും കണ്ടു 

വെട്ടിക്കീറിയ ശവങ്ങളുടെ 
ആത്മാവുകള്‍ക്ക് വസിക്കാനായി 
മോര്‍ച്ചറിക്കു ചുറ്റും കാടുകള്‍ 
വളര്‍ത്തി  'വികസനം ' നടത്തി 

ഉത്ഘാടനത്തിന്‍റെയന്നവസാനിച്ച 
ചില കെട്ടിടങ്ങളില്‍  രാത്രി 
അവിഹിതം നടക്കുന്നുണ്ടെന്നു
ഒരു പത്രക്കുറിപ്പ് കണ്ടിരുന്നു 










Thursday 15 November 2012

പ്രണയം

പ്രണയം
--------------
ഭൂതകാലം
ഓര്‍മ്മകളുടെ
പീലികള്‍ ഒളിച്ചുവെച്ച
പുസ്തകം തുറന്നുവെച്ചു

ആദ്യാനുരാഗം
അനുഭവിച്ച കുഞ്ഞു
പ്രണയത്തിന്‍ പീലികളാണ്
ആദ്യമെന്നില്‍ വിടര്‍ന്നുനിന്നത്

എവിടെയാണ്‌ ആദ്യമായി
പ്രണയത്തെ മറന്നുവെച്ചതു ?

വെള്ളിക്കൊലുസ്സിന്റെ
സംഗീതം കേട്ടുറങ്ങുകയും
ഉണരുകയും ചെയ്ത
പാടവരമ്പിലായിരിക്കും

കരിവളക്കിലുക്കങ്ങളില്‍
വെട്ടമിട്ട പൊട്ടിച്ചിരികള്
പൊട്ടിയ മേല്‍ക്കൂരയുടെ
ചെറുവിടവില്‍ക്കൂടിയൊളിഞ്ഞു
നോക്കിയ സൂര്യന്‍റെ നിഴലുറങ്ങും
ക്ലാസു മുറിയുടെ വലതുഭാഗത്തിന്നും കേള്‍ക്കാം

മഴ നര്‍ത്തനമാടുന്നത് ‍
ജാലകവാതിലില്‍ക്കൂടി
വിസ്മയത്തോടെ നോക്കിയപ്പോള്‍
ഹൃദയത്തില്‍ വന്ന കവിത
കലാലയത്തിലെ ‍ ശൂന്യതയില്‍
അലിഞ്ഞുപോയിട്ടുണ്ടാകും ..

പിന്നെയെവിടെയെക്കെയോ
പ്രണയം മറന്നിരിപ്പുണ്ട്

ഹൃദയത്തില്‍ നിന്നും
അടര്‍ന്നുവീണ രണ്ടു തുള്ളി
കണ്ണുനീര് മറക്കാതെ സൂക്ഷിച്ചിട്ടുണ്ട് !!

ഓര്‍മ്മകളുടെ പീലികള്‍
ഒളിച്ചിരുന്ന പുസ്തകം
ഭൂതകാലമിനിത്തുറക്കരുത്!!


















 

Friday 9 November 2012

കടപ്പുറം

കടപ്പുറം
--------------
എരിഞ്ഞു തീര്‍ന്ന
സൂര്യന്‍ സാഗരത്തിന്‍
മാറിലുമ്മവെച്ചു
ഉറങ്ങുന്നതിനു മുന്‍പ്
കൈയിലെ ബലൂണ്‍
വിറ്റഴിക്കണം

ചെറുകാറ്റില്‍
സ്വപ്നം കാണുന്നവര്‍ക്കും

കാല്‍പ്പനികതയില്‍
ജീവിതം തേടുന്നവര്‍ക്കും

സൂര്യന്‍റെ മരണം കാണാന്‍
വന്ന  നരകയറിയവര്‍ക്കും

മുല്ലപ്പൂചൂടി
കുട്ടികുറ പൌഡറുമിട്ടു
ഒളിക്കണ്ണിട്ടു ഇരയെ
പിടിക്കുന്ന വര്‍ക്കും

തിരയുടെ നിശബ്ദതയില്‍
മൌനത്തെ പ്രണയിക്കുന്നവര്‍ക്കും

സ്വപ്‌നങ്ങള്‍ നിറച്ചൊരു
ബലൂണ്‍ വില്‍ക്കണം




Tuesday 6 November 2012

ഊഞ്ഞാല്‍
-------------------
മറന്നുവെച്ചൊരു
പ്രണയലേഖനമാണ്
പെങ്ങളെ പെട്ടന്നു
വിവാഹത്തിലേക്കെത്തിച്ചത് !!

തിരുവോണത്തിനു
തൊടിയിലെ മൂവാണ്ടന്‍
മാവില്‍ കെട്ടിയ ഊഞ്ഞാല്‍
ഇതുവരെ അഴിച്ചിട്ടില്ല
പെങ്ങളതില്‍ ആകാശംമുട്ടെ
സ്വപ്നങ്ങളുമായി ചില്ലാട്ടം പറന്നു

മുറ്റത്തെ പന്തലില്‍
പെങ്ങള്‍ പൊന്നില്‍
കുളിച്ച സൂര്യന്റെ
നിറം പോല്‍ വിസ്മയമായി

കല്യാണച്ചെറുക്കന്‍റെ
കൈപിടിച്ചുപോകുന്നേരം
കവിളില്‍ പെങ്ങള്‍ ഉമ്മന്നല്‍കി
മിഴികളില്‍നിന്നും പൊടിഞ്ഞു വീണ
കണ്ണീരും കവിളില്‍ ച്ചുംബനത്തിനോപ്പം
പതിഞ്ഞു

തൊടിയിലെ മാവില്‍ കെട്ടിയ
ഊഞ്ഞാലും കരഞ്ഞുവോ ?

പൊന്നിന്റെ നിറമില്ലാതെ
പൊന്നുമില്ലാതെ പെങ്ങള്‍
ഇടയ്ക്കു വന്നുപോകും

പെങ്ങള്‍ പിന്നീട്
ചുംബനം തന്നില്ല
ആകാശത്ത് ഉമ്മവെക്കാന്‍
ഊഞ്ഞാലും കാത്തിരുന്നു

ഒരു രാത്രിയില്‍
കരിഞ്ഞ മുഖവുമായി
പെങ്ങള്‍ ഉമ്മറത്ത് വെള്ള
പുതച്ചു കിടന്നു

തൊടിയിലെ മാവില്‍
തിരുവോണത്തിനു കെട്ടിയ
ഊഞ്ഞാല്‍ അന്ന് അഴിഞ്ഞു വീണു









 

Sunday 4 November 2012

ഇളവെയില്‍ .

ഇളംവെയില്‍
----------------------
നിലാമഴ നൃത്തമാടുന്ന
നീലസാഗരത്തിന്‍ മുന്നില്‍
മൌനത്തെ മുറിച്ചുകളഞ്ഞ
തിരയുടെ സംഗീതം
ഇന്നലയുടെ സ്മൃതി പഥങ്ങളെ
മെല്ലെ തൊട്ടുണര്‍ത്തി
കണ്ണീരിന്‍ മഷിയാല്‍
പടര്‍ന്നു മാഞ്ഞുപോയ
പ്രണയകവിതതന്‍ വരികളെ
വീണ്ടുമെഴുതിച്ചേര്‍ത്തു..

ഓര്‍മ്മകളില്‍ അടര്‍ന്നുവീണ
പ്രണയമഴത്തുള്ളികള്‍
ജാലകവാതിലിനപ്പുറത്തു
തെളിഞ്ഞൊരു പ്രണയചിത്രംവരച്ചു

പൂക്കളുടെ നിറങ്ങളും
സൌരഭ്യവും ചിത്രത്തിനു
ജീവന്‍ നല്‍കി

പുലരിമാഞ്ഞു വെയില്‍
ഉദിച്ച ശേഷമാണ്
കഥകള്‍ കേട്ടുറങ്ങാന്‍ കൊതിക്കും
മനോഹര മിഴികളുടെ സഞ്ചാരം
ആദ്യമായി ഹൃദയത്തില്‍ പതിഞ്ഞത്

ഇളംവെയിലുമായി
കൊഞ്ചിവരുന്ന
പദനിസ്വനം കേള്‍ക്കാനായി
എന്‍റെ പകലുകള്‍ കാത്തിരുന്നു

അസ്തമിക്കാത്ത പകലുകളാകട്ടെ
നാളെയെന്നു സ്വപനംകണ്ടുറങ്ങിഞാന്‍

തനിച്ചുവന്നൊരു ഇളംവെയിലാണ്‌
കാതില്‍ വിരഹ കഥ പറഞ്ഞത്

തിരിഞ്ഞുനടന്ന വഴികള്‍
അവസാനിച്ചത് നിശബ്ദതയുടെ
ചുഴികളില്‍ ഒളിഞ്ഞിരിക്കുന്ന
മൌനത്തെ പേറുന്ന സാഗരത്തിന്‍ മുന്നില്‍

പകല്‍ ഉദികരുതെന്നാണ്
നിലാവിനൊപ്പം സാഗരത്തിനോട്
ഞാന്‍ പറയുന്നത് ...
 

Friday 2 November 2012

ചിത്രശലഭം

ചിത്രശലഭം
--------------------
ചിത്രശലഭത്തിന്‍റെ
പിറകിലായി പാടവരമ്പത്തൂടെ
ഓടി വന്ന കൂട്ടുകാരിയും
ഒരു ശലഭമായിരുന്നു

പറന്നു കളിക്കുന്ന
മുടികള്‍ക്ക്മുകളില്‍
ശലഭങ്ങള്‍ നൃത്തം വെച്ചതു
എന്തിനായിരുന്നു ?

പള്ളിക്കുടത്തിന്‍റെ
ഉദ്യാനത്തില്‍ എന്‍റെ
കൈപിടിച്ചുനടന്നത്
ശലഭങ്ങള്‍ കണ്ടിരുന്നോ ?

മിന്നാമിനുങ്ങുകള്‍
കണ്‍ചിമ്മിയടക്കും
നനുത്ത രാത്രിയില്‍
പാഠപുസ്തകത്തില്‍
ചിത്രശലഭങ്ങള്‍
നിറങ്ങളില്‍ മുങ്ങി
സുന്ദരികളായി

സൂര്യന്‍ ഒളിച്ചിരുന്ന
കര്‍ക്കിടക പകലില്‍
ശലഭങ്ങളെതേടി
ഭൂമിക്കടിയിലെ
കൊട്ടാരത്തിലേക്ക്
കൂട്ടുകാരി യാത്രയായത്
നിറഞൊഴുകിയ
പുഴയില്‍ക്കൂടിയായിരുന്നു

കാറ്റില്‍ പാറിക്കളിക്കുന്ന
മുടിക്കു മുകളില്‍
നൃത്തംവെക്കാന്‍
ശലഭങ്ങള്‍ പിന്നീട് വന്നില്ല

ജനനവും മരണവും തന്നു
സൂര്യന്‍ സഞ്ചരിച്ചു
പകലും രാത്രിയും
മഴയും വെയിലും
ഓര്‍മ്മകളില്‍ വരുന്നില്ല

ചിത്ര ശലഭങ്ങളെ
തേടിപ്പോയ കൂട്ടുകാരി
മനസ്സിലെ കര്‍ക്കിടകമഴയില്‍
നൃത്തം വെക്കുന്ന ശലഭങ്ങല്ക്കൊപ്പം
ഒരു ശലഭമായി മുന്നില്‍ നില്‍ക്കുന്നു ..