Pages

Thursday 12 April 2012

ഓര്‍മയിലെ വിഷു

വിഷു എനിക്ക് പ്രിയപ്പെട്ടതാണ് ...
ബാല്യം എന്നും ആഗ്രഹിച്ചത്‌ എല്ലാ മാസവും വിഷു ആകണം എന്നായിരുന്നു . ഉതൃട്ടാതി നാളില്‍ ജനിച്ച എനിക്ക് ഐശ്വര്യമുണ്ടെന്നു അടുത്ത വീട്ടിലെ അമ്മ പറയുമായിരുന്നു .അതുകൊണ്ടാകമത്രേ .എല്ലാ മലയാളമാസവും ഒന്നാം തിയതി പുലര്‍ച്ചെ വീടിനു ഐശ്വര്യമുണ്ടാകാന്‍ വലതുകാല്‍ വെപ്പിച്ചു വീട്ടിലേക്കു ആരാധനയോടെ എന്നെ ക്ഷണിച്ചിരുത്തിയത്. ഒരു ഗ്ലാസ്സ് ചായയും ഒരു രൂപയും അമ്മ കൈനീട്ടമായി തരും , സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും .വിശപ്പിനു ഭക്ഷണം തരുന്നതില്‍ ആ അമ്മക്ക് വലിയ മനസ്സായിരുന്നു .ഉപ്പയുടെ രോഗം ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടപ്പോള്‍ .പലപ്പോഴും ആ അമ്മ വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി എന്നെ ഊട്ടിയിരുന്നു ,ഒപ്പം എന്റെ കൂടപ്പിറപ്പുകള്‍ക്കും .ഉപ്പ മരണപ്പെടുന്ന ദിവസം വരെ വൈകുന്നേരം പാല്‍ ചായ അമ്മയുടെ വകയായിരുന്നു , സാര്‍ എന്ന് അമ്മ ഉപ്പയെ വിളിക്കുമ്പോള്‍ ഉമ്മ എതിര്‍ത്തിരുന്നു , വിഷുവിനു ആഘോഷമാണ്. മദ്രാസില്‍ ജോലിയുള്ള രണ്ടു മക്കളും ,നാട്ടിലുള്ള മറ്റു മക്കളും ഒത്തുകൂടി അമ്മയുടെ വീട് പ്രകാശങ്ങളില്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കും .തലേ ദിവസം കഴുകി ഉണക്കിയ ഉടുപ്പും നിക്കറും ഉമ്മ കരിപ്പെട്ടിയില്‍ തേച്ചു മടക്കി വെക്കും .സുബഹി നിസ്ക്കാരത്തിനു ഉമ്മ ഉണരുമ്പോള്‍ എന്നെയും വിളിച്ചുണര്‍ത്തും ,കുളി കഴിഞ്ഞു അലക്കി തേച്ച വസ്ത്രമിട്ടു കഴിയുമ്പോള്‍ അമ്മയുടെ വിളികേല്‍ക്കാം .......അഴിഞ്ഞു കിടക്കുന്ന മുടിയില്‍ നിന്നും ഈറന്‍ ഇടുന്നത് മങ്ങിയ വെളിച്ചത്തില്‍ കാണാമായിരുന്നു .മനസ്സിലെ സന്തോഷം മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നത് ആ ചിരിയില്‍ കാണാമായിരുന്നു .വലതുകാല്‍ വെച്ച് അകത്തു കയറുമ്പോള്‍  ചന്ദന ത്തിരിയുടെ സുഗന്ധം സിരകളിലേക്ക് അടിച്ചു കയറുമായിരുന്നു .ഏലക്കയുടെ ശേഷിപ്പ് പൊങ്ങിക്കിടന്ന പാല്‍ചായകുടിച്ചു കഴിയുമ്പോള്‍ കൈനീട്ടമായി പത്തുരൂപയുടെ ഒറ്റ നോട്ടു അമ്മ എനിക്ക് നീട്ടും .അതുംവാങ്ങി പടിയുറങ്ങുമ്പോള്‍ പിന്നില്‍ നിന്നും അമ്മ വിളിച്ചു പറയും ." ഉമ്മയോട് പറയണം ഇന്നും ഭക്ഷണം എല്ലാവര്‍ക്കും ഇവിടെനിന്നാണന്നു ട്ടോ ,"  .........സ്നേഹത്തിന്റെ നിറകുടമാണ് ആ അമ്മ ...ഇന്നും ആ ബന്ധം ആത്മബന്ധമായി തുടരുന്നു ....ഓരോ അവധിക്കും ഞാന്‍ വരുമ്പോള്‍ അമ്മയെ കാണാന്‍ പോകും .ഓടിവന്നു പുണരുമ്പോള്‍ എന്‍ മിഴികള്‍ നിറയുമായിരുന്നു .......ഓരോ വിഷുവും ഞാന്‍ ആ അമ്മക്ക് സമര്‍പ്പിക്കും ...സര്‍വേശ്വരന്‍ ആ അമ്മക്ക് ആയൂരരോഗ്യ സൌക്യം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ......എന്റെ കൂട്ടുകാര്‍ക്കു സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ ....‍

No comments:

Post a Comment