Pages

Tuesday, 30 October 2012

ഉമ്മറത്ത്
----------
മഴ പെയ്ത നേരം മുറ്റത്തേക്ക് ഓടും
കൈയില്‍ പകുതിയുണങ്ങിയ
തുണികളുമായി പിന്നെയകത്തേക്കുമോടും
അച്ഛന്‍ ഉമ്മറത്ത് മഴയുടെ
തണുപ്പില്‍ ബീടിപ്പുകയില്‍ ചൂടുതേടും

പകുതിയരഞ്ഞ ദോശ മാവില്‍
കൈകള്‍ വീണ്ടും ചലിക്കുമ്പോള്‍
"ഉമ്മറത്തേക്ക് ഒരു ചായ
അച്ഛന്‍ ഉറക്കെ പറയും "

നിലവിളക്കില്‍ തിരി
നിറച്ചു വെണ്ണയൊഴികുമ്പോള്
പകലിലെ കഷ്ടതകള്‍
പുറകിലെ കുളിപ്പുരയില്‍
ഒഴുക്കി കളഞ്ഞതിന്റെ ശേഷിപ്പ്
ഈറനിടുന്നത് കാണാം

അടുക്കളയുടെയകത്തളത്തില്‍
അമ്മ അത്താഴമൊരുക്കുന്നത്
തൊടിയുടെ അപ്പുറത്തു നിന്നു
ചിലപ്പോള്‍ നിലാവു വന്നു നോക്കും

ഇടയിലോടിയെത്തി
ശിരസില്‍ത്തലോടും
നാളയുടെ പ്രതീക്ഷയെന്നപോല്‍
നഗ്ന മേനിയില്‍ ചുംബനം തരും
ഒരു കാറ്റിനും തരാന്‍ കഴിയാത്ത
കുളിര്‍മ്മയോടെ മെല്ല
മിഴികളടയ്ക്കും മകന്‍

മഴ പെയ്യുന്നുണ്ടിന്നും
മുറ്റത്തേക്ക് അമ്മയിന്നുമോടും
അച്ഛന്‍ ഉമ്മറത്ത് തന്നുണ്ട്

No comments:

Post a Comment