Pages

Friday 26 October 2012

ഓര്‍മ്മകളിലെ പെരുന്നാള്‍ ...

ഓര്‍മ്മകളിലെ പെരുന്നാള്‍
------------------------------------------

'പ്രവാസത്തിന്‍റെ വീര്‍പ്പുമുട്ടിലാണ്  പെരുന്നാള്‍ ഓര്‍മ്മകള്‍ സുഖകരമാകുന്നത് ,       പഠന സമയം മുതല്‍ക്കെ ഞാനൊരു പ്രവാസിയായിരുന്നു ,  അവധിക്കാലങ്ങളില്‍ മാത്രമേ  വീട്ടില്‍ വരൂ ,   രണ്ടു പെരുന്നാളും വീട്ടില്‍ ആഘോഷിക്കുക എന്നുള്ളത് എനിക്ക് നിര്‍ബന്ധമായിരുന്നു ,    ഉപ്പയും  ഒന്നിച്ചുള്ള പെരുന്നാള്‍ ഓര്‍മകളില്‍  ഒളിഞ്ഞിരിക്കുകയാണ് ,    എട്ടു വയസ്സില്‍  അനന്തമായ യാത്രയിലേക്ക്  ഉപ്പ പോയിരുന്നു , 

രാവിലെ  പുത്തനുടുപ്പണിഞ്ഞു  (  വര്‍ഷത്തില്‍ ഒരിക്കലാണ് ഒരു ഷര്‍ട്ട് പാന്‍റും വാങ്ങിയിരുന്നത് )    ഉമ്മയുടെ കൈപുണ്യം  പതിഞ്ഞ  പത്തിരിയും , ഇറച്ചിയും  കഴിച്ചു  പള്ളിയിലേക്ക്  പോകാനായി  ഒരുങ്ങും ,  ഒരുങ്ങികഴിഞ്ഞു  ഉമ്മയുടെ മുന്‍പില്‍ വന്നു നില്‍ക്കും   തലയിലെ  തട്ടംകൊണ്ട് ഉമ്മയുടെ വിയര്‍പ്പ് പൊടിഞ്ഞ മുഖം തുടച്ചു രണ്ടു കൈകൊണ്ടു എന്‍റെ മുഖം ചേര്‍ത്തുപിടിച്ചു കവിളുകളില്‍   ചുംബനംകൊണ്ട് പൊതിയും ,   മക്കളില്‍ കൂടുതല്‍ ചുംബനം കിട്ടിയത് എനിക്കാണ് ,   

അന്ന്  എന്‍റെ വീടിനു ചുറ്റും  ഹൈന്ദവ സഹോദരരുടെ  വീടുകളായിരുന്നു കൂടുതലും   ഏഴോ എട്ടോ  മുസ്ലിം വീടുകള്‍ മാത്രം ,     പുള്ളുവന്‍ പാട്ടിന്റെ  മാസ്മരികത അറിഞ്ഞത്  വീടിനു പടിഞ്ഞാറുള്ള  സര്‍പ്പകാവിലെ തുള്ളലിനായിരുന്നു ,   അയല്‍പക്കത്തെ അമ്മ  തൃസന്ധ്യനേരത്ത്  ഹരിനാമകീര്‍ത്തനം ചൊല്ലുമ്പോള്‍  മണ്ണെണ്ണ വിളക്കിന്‍ വെട്ടത്തില്‍  മദ്രസയിലെ പാടം ചൊല്ലി തരും  ഉമ്മ ,  മുത്തുനബിയുടെ  കഥകളും ഒപ്പം പറഞ്ഞുതരും

പെരുന്നാളിന്  അയല്‍ക്കാരെ സല്ക്കരിക്കും ഉമ്മ ,  സ്നേഹിക്കുന്നതിലും  ഭക്ഷണം കൊടുക്കുന്നതിലും  ഉമ്മ  പിശുക്ക് കാണിക്കില്ല,
പെരുന്നാളിന്റെ ഒരു പങ്കു ഒരാള്‍ക്കു വേണ്ടി  ഉമ്മ മാറ്റിവെക്കും ,  ഉച്ച കഴിയുമ്പോള്‍   മെലിഞ്ഞു നീണ്ട  നെറ്റിയില്‍  ഭസ്മം ഉണങ്ങി പാടുവീണ താംബോലം ചുവപ്പിച്ച  ചിരിയോടെ  " എടീ  കുഞ്ഞേ 'യെന്നു വിളിച്ചുകൊണ്ട് പടികയറി വരുന്ന ഒരമ്മക്കായി ,

കാത്തിരുന്നപോലെ  'എന്തോ 'യെന്നു വിളികേട്ടുകൊണ്ട് ഉമ്മ അമ്മയെ  സ്വീകരിച്ചിരുത്തും.  പിന്നെ അവരുടെ  ലോകമാണ് ,  കളിയും കാര്യവും ഒക്കെയായി  അസ്തമയത്തിനു തൊട്ടു മുന്‍പ്‌ വരെ ,

മുതിര്‍ന്നപ്പോള്‍  ഈ സ്നേഹബന്ധത്തെകുറിച്ചു ഉമ്മയോട് ഞാന്‍ ചോതിച്ചു ,
ഉമ്മ വിവരിച്ചു ,      ആ അമ്മ എവിടെയാണ് താമസിക്കുന്നതെന്ന് ഉമ്മക്ക് അറിയില്ല  വീടിനു  അഞ്ചു കിലോമീറ്റര്‍ പടിഞ്ഞാര്‍  കായലാണ്  അതിനുമപ്പുറം  നീല സാഗരവും  ,  കായലിനടുത്താണത്രേ  അമ്മയുടെ  വീട് ,   കൈതകള്‍ മുറിച്ചു  പായ ഉണ്ടാക്കി  , ഒപ്പം ചുണ്ണാമ്പുമുണ്ടാക്കി  വീടുകളില്‍ കയറിയിറങ്ങി വില്‍പ്പന നടത്തലായിരുന്നു ജോലി ,    എന്‍റെ  മൂന്നാമത്തെ ജേഷ്ടനെ ഉമ്മ ഗര്‍ഭം ധരിച്ച സമയം ,    ഉപ്പയുടെ ഉമ്മയുംമുണ്ട് വീട്ടില്‍ .  വീടിനു മുന്നില്‍ വിശാലമായ കുളമാണ് ,രണ്ടു ഭാഗത്തായി കൈതക്കാടുകളും , പ്രായമായ ഉപ്പയുടെ ഉമ്മ നിസ്ക്കാരത്തിനായി അംഗ ശുദ്ധി വരുത്തുന്നത് കുളത്തിലാണ് ,  ഒരു വൈകുന്നേരം  അംഗശുദ്ധി വരുത്തുന്നതിനിടയില്‍ കാല്‍ വഴുതി കുളത്തില്‍ വീണു ഉപ്പയുടെ ഉമ്മ , കൈതമുറിച്ചുകൊണ്ടിരുന്ന അമ്മയാണ് അവരെ  രക്ഷിച്ചത് ,  ആ സ്മരണയാണ്  ഒരു ബന്ധത്തിന് വാതില്‍ തുറന്നു കൊടുത്തത് ,

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി  ആ അമ്മയെ കാണുന്നില്ല ,  ഉമ്മ പെരുന്നാള്‍ പങ്കും കരുതി കാത്തിരിക്കും ,  എന്‍റെ ജേഷ്ഠനെ കൊണ്ട് ഒരിക്കല്‍ ഉമ്മ ഒരു അനേഷണം നടത്തിച്ചു ,എവിടെയാണ് താമസിക്കുന്നതെന്ന് വെക്തമായി അറിയാത്തത്കൊണ്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല , 

ഓരോ പെരുന്നാളും  ചില ഓര്‍മ്മകള്‍ തന്നു കടന്നുപോകും , കറുപ്പും വെളുപ്പും നിറഞ്ഞ  ബാല്യകാല  സ്മരണകള്‌ുമായാണ് എന്‍റെ  പ്രവാസജീവിതത്തിലെ പെരുന്നാളുകള്‍ കടന്നുപോകുന്നത് ......



 

No comments:

Post a Comment