Pages

Tuesday 4 June 2013

     ** * *മഴ * * *
________________

ഫ്ലാസ്കില്‍ നിന്നും  ചായ ഗ്ലാസിലേക്ക് പകര്‍ത്തുമ്പോള്‍ ‍  ചുവരിലെ  ഘടികാരം
എട്ടടിച്ചു.  ഹാളില്‍  നിന്നും നേര്‍ത്ത ശബ്ദത്തില്‍ ടെലിവിഷന്‍ ശബ്ദിച്ചു കൊണ്ടിരുന്നു . '  ടി  വി  ഓഫ് ചെയ്യാന്‍ അവള്‍ മറന്നിരിക്കും '  മുറി തുറന്നു ഹാളിലേക്ക് കടന്നപ്പോള്‍  വിലകൂടിയ ഏതോ പുതിയ വിദേശ പെര്‍ഫ്യൂമിന്‍റെ ഗന്ധം സിരകളിലേക്ക് പ്രവഹിച്ചു ,  ഇപ്പോള്‍ അവളുടെ  വിയര്‍പ്പിന് പോലും  പെര്‍ഫ്യൂമിന്‍റെ ഗന്ധമാണ് ,  മുപ്പത്തിയെട്ട് കഴിഞ്ഞെന്നു പറഞ്ഞാല്‍  ആരും വിശ്വസിക്കില്ല,   അവളുപോലും  .

ടി വി യിലേക്ക് നോക്കിയപ്പോള്‍  "മഴയും  അനുബന്ധ രോഗങ്ങളും" എന്ന വിഷയത്തെക്കുറിച്ചുള്ള ഡോക്യുമെന്റ്ററിയാണ്  കണ്ടത്  പശ്ചാത്തലത്തില്‍ മഴയും , മഴ നനയുന്ന കുട്ടികളും  ,പുഴയും  പാടവും  ഒക്കെ വന്നുപോകുന്നു ,    മനസ്സില്‍  ഒരുമഴ  പെയ്യുന്നു  , 

ടെലിവിഷന്‍ ഓഫ് ചെയ്തു വായന  മുറിയുടെ താക്കോല്‍  ഹാളിലെ സെല്ഫില്‍ നിന്നും എടുക്കാന്‍ തുടങ്ങുമ്പോള്‍  മൊബൈല്‍ ശബ്ദിച്ചു ,  ദൂരെ ഹോസ്റ്റലില്‍ നിന്നുപഠിക്കുന്ന മകളുടെ  സുപ്രഭാതം ആശംസിച്ചുകൊണ്ടുള്ള സന്ദേശമാണ് മെസേജ്‌ ബോക്സില്‍ .  ചെറു ചിരിയോടെ  വായന മുറി തുറന്നു , ഈ വീട്  അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിക്കൊണ്ടുമാത്രം വാങ്ങിയതാണ്   , ഈ മഹാനഗരത്തില്‍ ഒരു വീടിന്‍റെ ആവശ്യമില്ലന്നു പല തവണ അവളോട്‌ പറഞ്ഞതാണ് , നാട്ടില്‍  തറവാട്  അനാഥമായി കിടക്കുന്നു, ഒരു വാടക വീടുമതി എന്നെങ്കിലും  ഈ നഗരം ഉപേക്ഷിച്ച് നമുക്ക് പോകേണ്ടിവരും എന്നൊക്കെ പറഞ്ഞു നോക്കി , ഒടുവില്‍ തോല്‍വി സമ്മതിച്ചു ‍ നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവന്നു .

അടഞ്ഞ ജാലകവാതിലില്‍ വിരിയുടെ ചെരുവിടവില്‍ക്കൂടി വെയിലിന്റെ നേര്‍ത്ത പ്രകാശം മുറിയില്‍ നിഴലിട്ടു , പുസ്തകങ്ങള്‍ സൂക്ഷിക്കാനും വായനക്കുമായി ഈ മുറി അവളാണ് തെരഞ്ഞെടുത്തത്. പുസ്തകങ്ങളുടെ വലിയൊരു കളക്ഷന്‍തന്നെ അവള്‍ക്കുണ്ട് ,

മനസ്സിലപ്പോഴും ആ മഴയുടെ ചിത്രമായിരുന്നു ,   അടഞ്ഞ ജാലക വാതില്‍ തുറന്നു,വാതിലില്‍ ചാരിനിന്ന  ഇളവെയില്‍ മുറിയിലേക്ക്‌ മലര്‍ന്നു വീണു , ആമഹാനഗരത്തിന്‍ മുകളില്‍ സൂര്യന്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു , തെളിഞ്ഞ ആകാശത്തിലേക്ക് നോക്കി നിന്നു , അകലെ ഒരു കുഞ്ഞു മേഘം  ഒഴുകിപോകുന്നു , മിഴികള്‍ ആ മേഘത്തിലേക്കതന്നെ നോക്കി നിന്നപ്പോള്‍ ഭൂത കാലത്തിലെ കവാടങ്ങള്‍ അയാള്‍ക്കുമുന്നില്‍ ഓരോന്നായി തുറന്നു..

മഴ മേഘം ഉരുണ്ടുരുണ്ട് വരുന്നുണ്ട് , പുറകിലെ തൊടിയില്‍ വലിയ കല്ലിനു മുകളില്‍ നിന്ന് അകലെ ഇടതിങ്ങിനില്‍ക്കുന്ന തെങ്ങുകളുടെ മുകളില്‍ക്കൂടി മഴ വരുന്നതും നോക്കി നിന്നു , ആദ്യമഴയാണ്, മണ്ണും മരങ്ങളും പുഴയും പാടവും കിളികളും ഒക്കെ കാത്തിരുന്ന മഴ , ഓടിവന്ന നനുത്ത കാറ്റിന് മഴയുടെ ഗന്ധം . മിഴികളടച്ച് ശ്വാസമടക്കി കാത്ത് നിന്നു ,ഇപ്പോള്‍ വളരെ അടുത്തിരിക്കുന്നു ,കാതില്‍ മുഴങ്ങുന്നുണ്ട് നിന്നെ ചുംബിക്കാന്‍ ഇതാ ഞാന്‍ എത്തുന്നു എന്ന്. കവിളില്‍ ആദ്യ തുള്ളി മുത്തമിട്ടപ്പോള്‍ സിരകളില്‍ വര്‍ണ്ണനകളില്ലാത്ത നിര്‍വൃതി,  മഴ മുഴുവനായി ചുംബിച്ചുകൊണ്ടിരുന്നു ..

'ഈ ചെക്കന് എന്തിന്‍റെ ഭ്രാന്താ  ?  മഴ മുഴുവന്‍ നനഞ്ഞൂല്ലോ നീയ്‌  '   ശകാരവുമായി അമ്മ അടുത്തെത്തി മഴയില്‍ നിന്നും പറിച്ചെടുത്ത് ഇറയത്ത് നിറുത്തി തല സാരിത്തുമ്പ് കൊണ്ട് തുവര്ത്തിക്കൊണ്ട് പറഞ്ഞു .അമ്മയെ നോക്കി ചിരിച്ച് മഴയിലേക്ക് നോക്കി അങ്ങിനെ നില്‍ക്കും .

കാലം മഴപോലെ പെയ്തുകൊണ്ടേയിരുന്നു ,പേമാരിയും പ്രളയവും കൊടുംകാറ്റും ഇടവേളകളില്‍ മുറിവേല്‍പ്പിച്ചു കടന്നുപോയി . ഇടക്കെപ്പെഴോ സാന്ത്വനത്തിന്റെ തുള്ളികളുമായി ഒരു നനുത്ത മഴ വന്നു ,പ്രണയത്തിന്‍റെ ഗന്ധം ആ മഴയില്‍ നിറഞ്ഞു നിന്നു ...

വെയിലിനു ശക്തി കൂടിവന്നു . ജലകവാതില്‍ അടച്ചു .മുറിയില്‍ വീണ്ടും നിഴലിട്ടു വെയില്‍ പുറത്ത് നിന്നു ,അമ്മ മരിച്ചപ്പോള്‍ നാട്ടില്‍ പോയതാണ് , അഞ്ചു വര്ഷത്തിനു മുന്‍പ്‌ .  കര്‍ക്കിടകത്തിലാണ് അമ്മ മരിച്ചത് . ചിത എരിഞ്ഞു കഴിഞ്ഞപ്പോഴാണ് മഴ വന്നത് , ഇറയത്ത് കരഞ്ഞ കണ്ണുമായി നിന്നപ്പോള്‍ തൂവാനം തഴുകികടന്നുപോയി ,ആ മഴയ്ക്ക്‌ അമ്മയുടെ ഗന്ധമുണ്ടായിരുന്നു .

ഭൂതകാലത്തിന്‍റെ കവാടം അടച്ച് അയാള്‍ മുറിക്ക് പുറത്തിറങ്ങി .....


 

No comments:

Post a Comment