Pages

Friday 17 May 2013

കാലം
*******
മഴയാണ്
പുഴ നിറഞ്ഞുകിടക്കുന്നു
പാടവരമ്പിനടുത്തെ കുളവും
കണ്ണേ വഴിമാറി നടക്കണം
മഴ നനയരുത്
കുട നിവര്‍ത്തണം
കാറ്റ് ശക്തമായാല്‍
സുദേവന്‍റെ കടയില്‍
കയറി നില്‍ക്കണം
പടിക്കല്‍  കാത്തു നില്‍ക്കാം
തല നനഞ്ഞാല്‍
സാരിത്തുമ്പുകൊണ്ട്
തല തുവര്‍ത്തിത്തരാം  അമ്മ

വെയിലാണ്
തണല്‍പറ്റി നടക്കണം ഓടി വീഴരുത്
പടിക്കല്‍ കാത്തുനില്‍ക്കാം
തെക്കേ തൊടിയിലെ
മൂവാണ്ടന്‍ മാവല്‍ നിന്നും
അടര്‍ന്നു വീണ മാമ്പഴം
അമ്മയുടെ മടിയിലുണ്ട്

നിലാവുണ്ട്

മുറ്റത്തെ മണലില്‍ പുല്‍പ്പായയില്‍
നിലാവ് നിന്നെ ചുംബിക്കുമ്പോള്‍
രാക്ഷസന്‍ കടത്തിക്കൊണ്ടുപോയ
രാജകുമാരിയെ രക്ഷിച്ച ഇടയ ചെറുക്കനെ
സ്നേഹിച്ച കുമാരിയുടെ കഥ പറഞ്ഞുതരാം

മാറില്‍ തല ചേര്‍ത്തുറങ്ങിയ -
നക്ഷത്ര രാത്രികള്‍
രാപ്പനി തളര്‍ത്തിയപ്പോള്‍
ഉറങ്ങാതെ നെഞ്ചിലെ ചൂട്-
തന്നുറക്കി നിന്‍റെയമ്മ ..

കാലം
ഇന്നൊരു അഭയ കേന്ദ്രത്തില്‍
പെയ്തു തീര്‍ന്ന മഴയും
വാടിത്തളര്‍ന്ന വെയിലും
ജാലകത്തിനപ്പുറത്ത് നിന്ന്
ഒരു കാലത്തെ ഓര്‍മ്മപ്പെടുത്തുമ്പോഴും
അമ്മ  അകലെ കറുപ്പണിയുന്ന മേഘത്തെ-
നോക്കി പറയും
മഴയാണ്
പുഴ നിറഞ്ഞു കിടക്കുന്നു
പാടവരമ്പത്തിനടുത്തെ കുളവും
കണ്ണേ വഴി മാറി നടക്കണം ...

 

No comments:

Post a Comment