Pages

Saturday, 31 March 2012

മനസാക്ഷി മരണപ്പത്രം
തയ്യാറാക്കുന്നതിന് മുന്‍പ്
എന്നോട് ചോദിച്ചത് ..

നീ കാടപ്പടുകള്‍ക്ക്
കാപട്യത്തിന്‍ മുഖമൂടിയില്‍
നന്ദി വാക്കുകള്‍ പറഞ്ഞോ ?
അതോ  ഹൃദയത്തിന്‍ വേദനകളിലും
ദുഃഖ ത്തിന്‍ നിഴലുകള്‍ ഒളിപ്പിച്ച
മുഖത്തിന്‍ പുഞ്ചിരിയില്‍
സ്നേഹമഴ ചൊരിഞ്ഞോ?

കദനം ഒളിപ്പിച്ചു
ചിരിക്കാന്‍ പറഞ്ഞതാര് ?
കാരുണ്യത്തിന്റെ
ചരിത്രങ്ങളുറങ്ങുന്ന
ഗര്‍ഭ പാത്രമോ?
അതോ പകല്ച്ചൂടില്‍
രക്തം വിയര്‍പ്പായി ഒഴുകി
രാത്രിയില്‍ നക്ഷത്രങ്ങളുടെ
കഥകള്‍ പറഞ്ഞ പിതാവിന്‍
നെടുവീര്‍പ്പോ ..?

പിന്നിട്ട വഴികളില്‍
സൌഹൃദത്തിന്‍ മാനസ്സങ്ങള്
നിനക്കുപാടിയ സ്നേഹഗീതങ്ങള്‍ക്ക്
തിരികെനീകൊടുത്തത് നിന്റെ
നിന്റെ ഹൃദയമായിരുന്നു
എന്തിന്?

മറുപടിയില്‍ മരണപത്രംകീറി
മനസാക്ഷി ഉറക്കെച്ചിരിച്ചു പറഞ്ഞു
എനിക്ക് മരണമില്ല ...








Wednesday, 28 March 2012

ഉമ്മയ്ക്കുവേണ്ടി .....

ഗര്‍ഭ തൊട്ടിലില്‍ ഉറങ്ങിയ
ജീവന്റെ തുടിപ്പില്‍
പ്രതീക്ഷകളുടെ ലോകം
സ്വപ്നം കണ്ട മാതൃ
ഹൃദയത്തിന്‍ മുന്നില്‍
എന്ത് ഞാന്‍ സമര്‍പ്പിക്കണം ...?

വേദനകള്‍ക്ക്
താരാട്ടുപാട്ടിന്റെ
ഈരടികള്‍ തന്ന്
കാലം
സമാനിച്ച കദനങ്ങളില്‍
കാലിടറാതെ മാറിന്‍
മെത്തയില്‍ തലോടിയുറക്കിയ
തായ് മനത്തിന്‍ മുന്നില്‍
എന്തു ഞാന്‍ സമര്‍പ്പിക്കണം .?

വേദനകളുടെ ഓര്‍മ്മകള്‍ തന്നു
വേദനയില്ലാത്ത ലോകത്തിലേക്ക്
വാതിലടച്ച ഉപ്പയുടെ ഓര്‍മകളില്‍
വേദനകള്‍ ഒളിപ്പിച്ചു
വിരിയാന്‍ തുടങ്ങും
കണ്ണുകളില്‍ സ്വപ്നങ്ങള്‍
കണ്ടുറങ്ങിയ അമ്മയെന്ന
ദൈവത്തിനു മുന്നില്‍
എന്തു ഞാന്‍ കാണിക്കയായ്
വെക്കണം ....?






Sunday, 25 March 2012

മകരമഞ്ഞിന്‍ തുള്ളിയില്‍
പൊന്‍ കിരണമിട്ട പ്രഭാതം
ഈറന്‍ നനവോടെ
നടന്നകലുന്ന നഗ്ന പാദം
ഓടക്കുഴല്‍ ഊതും
കണ്ണന്റെ മുന്നില്‍
മിഴികള്‍ അടച്ചു നിന്നപ്പോള്‍

ഇന്നലെ നിശയുടെ
മുഖം കീറി പുറത്തുവന്ന
തിങ്കളിന് പുഞ്ചിരിപോലെ ..

മിഴികള്‍ മെല്ലെ
തുറന്നപ്പോള്‍
മൌനങ്ങളെ ഉറക്കിക്കിടത്തിയ
മിഴികളിന്‍ സഞ്ചാരം
അരയാലിന്‍ ചുവട്ടില്‍
തുറന്നിട്ട ഹൃദയത്തിന്‍
കവാടത്തിലേക്ക് ....

ഒരു മറുപടിക്കായ്
ഒരു പുഞ്ചിരിക്കായ്‌
ഈ കാത്തിരുപ്പ് ...

ആ മിഴികളില്‍
എന്റെ ഹൃദയം ഉറങ്ങും
എന്‍ അധരം കഥകള്‍
പറയുന്നത് നിലാവ്
അസൂയയോടെ നോക്കും
അന്ന് താരകങ്ങള്‍
നാണത്താല്‍ മുഖം പൊത്തിച്ചിരിക്കും

ഒരു മറുപടിക്കായ്
ഒരു പുഞ്ചിരിക്കായ്‌
ഈ കാത്തിരിപ്പ് ...














Friday, 23 March 2012

ഉണര്ത്തരുത്

കൊലവിളിനടത്തും
കൊള്ളപ്പലിശ തമ്പുരാന്‍റെ
താക്കീതിന് അവധി എണ്ണിത്തീര്‍ന്നപ്പോള്‍

പലകപ്പെട്ടിയില്‍
പഴന്തുണിയില്‍
പൊതിഞ്ഞ ആധാരത്തിനു
ഇരുമ്പ് അലമാര
അവകാശം ചോദിച്ചു
കത്തയച്ചപ്പോള്‍ ....

സൌരഭ്യം നഷ്ടപ്പെട്ട
പൂവുകളുടെ വാടിയ
ഗന്ധം അകത്തളങ്ങളില്‍
നഷ്ട സ്വപ്‌നങ്ങള്‍ കാണാന്‍
തുടങ്ങിയപ്പോള്‍
ഉറങ്ങി

കടംകൊണ്ട് വാങ്ങിയ
അത്താഴപ്പൊതിയുടെ
ശേഷിപ്പ് കഴിച്ച വളര്‍ത്തു
നായയും ഉറങ്ങി

ശാശ്വത ഉറക്കത്തിന്‍റെ
അനന്തതയിലേക്ക് ...

ഉണര്‍ത്തരുത്....













Wednesday, 21 March 2012

വികാരിയച്ചന്റെ കൈ പിടിച്ചു ഉണ്ണി അനാഥാലയത്തിന്റെ അകത്തളത്തിലേക്ക് കയറി ,അപ്പോഴാണ്‌ ഉണ്ണി ശ്രദ്ധിച്ചത് ,ദുഃഖങ്ങള്‍ നിഴലിച്ചു നില്‍ക്കുന്ന ബാല്യങ്ങളുടെ പുഞ്ചിരിക്കുന്ന മുഖങ്ങളുമായി തന്റെ ചുറ്റും നില്‍ക്കുന്ന കുട്ടികളെ . ' ഇനിമുതല്‍ നിന്‍റെ കളിക്കൂട്ടുകാര്‍ ഇവരൊക്കെയാണ് ' ഉണ്ണിയെ മാറോട് ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് വികാരിയച്ചന്‍ പറഞ്ഞു .

നക്ഷത്രങ്ങള്‍ പുഞ്ചിരിയുമായി വന്നു ,നിലാവിന്‍ ഭംഗിയില്‍ ഋതുമതിയായ ഭൂമി .
ഉറക്കം പരിഭവിച്ചു നിന്ന ആ രാത്രിയില്‍ ജാലക വാതിലില്‍ക്കൂടി  ഉണ്ണി വിദൂരതയിലേക്ക് നോക്കി നിന്നു ,
രജിസ്റ്റര്‍ബുക്കില്‍ പേര് ചേര്‍ത്തി ഒപ്പിടുമ്പോള്‍ അച്ഛന്‍റെ കൈ വിറച്ചിരുന്നു ,ഉണ്ണിയുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല .അച്ഛന്‍ ഉണ്ണിയേയുംകൂട്ടി  പുറത്തിറങ്ങി ,അടഞ്ഞുകിടക്കുന്ന പള്ളിയുടെ പുറത്തെ വാതിലിലെ പടിയില്‍ ഉണ്ണിയെ ഇരുത്തി  ഒപ്പം അച്ഛനും , ഒരു ചെറിയ മൌനം സമ്മാനിച്ച ഇടവേളയ്ക്കു ശേഷം അച്ഛന്‍ പറഞ്ഞു തുടങ്ങി

' ഉണ്ണിക്കുട്ടാ ... ഒരു വിസ്മയത്തോടെ അച്ഛന്‍റെ മുഖത്തേക്ക് ഉണ്ണി നോക്കി ,     ഉണ്ണിക്കുട്ടന്‍ ?    ആദ്യമായിട്ടാണ് അച്ഛന്‍ ഉണ്ണികുട്ടാ എന്ന് വിളിക്കുന്നത്. അമ്മയുടെ മടിത്തട്ടില്‍ ആകാശം നോക്കി പുഞ്ചിരിച്ച കുരുന്നു ചുണ്ടില്‍ ഉമ്മവെച്ചുകൊണ്ട് 'എന്റെ ഉണ്ണിക്കുട്ടാ എന്ന് അച്ഛന്‍ വിളിച്ചിട്ടുണ്ടാകും..?
"ഇനി നിന്‍റെ ജീവിതം ഇവിടെയാണ്‌ ,എന്തിനാണ് അച്ഛന്‍ അനാഥാലയത്തിലാക്കിയതെന്നു ഇപ്പോള്‍ നിനക്ക് മനസ്സിലാകില്ല ,തിരിച്ചറിവിന്റെ പ്രായം വരുമ്പോള്‍ ഒരു പക്ഷേ ... വാക്കുകള്‍ പുറത്തേക്കു വരാതെ അച്ഛന്‍റെ ചുണ്ടുകള്‍ വിറയ്ക്കുന്നപോലെ , അച്ഛന്‍ കരയുകയാണോ ?  അല്ല  .കണ്ണുകള്‍ ചുവന്നിരിക്കുന്നു , ' അച്ഛന് സമയംകിട്ടുമ്പോള്‍ വരാം ,പഠിക്കണം .വല്യളാകണം. എണ്ണ തേക്കാത്ത ഉണ്ണിയുടെ തലമുടിയില്‍ക്കൂടി അച്ഛന്‍റെ കൈവിരലുകളോടി. നീലം മുക്കിയതിന്റെ പാടുകള്‍ തെളിഞ്ഞു നില്‍ക്കുന്ന വെള്ള ളോഹ ധരിച്ച .പുഞ്ചിരിക്കുന്ന മുഖവുമായി  കറുത്ത് മെലിഞ്ഞ ഒരു മധ്യവയസ്കന്‍ അവരുടെ ഇടയിലേക്ക് വന്നു , പെടുന്നനെ ഉണ്ണിയുടെ അച്ഛന്‍ എഴുനേറ്റു  ' നമസ്ക്കാരമച്ചോ.....ഉണ്ണിയും എഴുനേറ്റു . ' ഇവനാണ് എന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ . അച്ഛനെ ഏല്‍പ്പിച്ചിട്ട് ഞാന്‍ പോവുകയാണ് , എന്റെ സാഹചര്യം അച്ഛനറിയമല്ലോ .?  സമയംപോലെ ഞാന്‍ വന്നു വിവരങ്ങള്‍ അറിയാം .ഉണ്ണിയുടെ കൈപിടിച്ചു  വികാരിയുടെ കൈലേക്ക് ഏല്‍പ്പിച്ചു കൊണ്ട് ഉണ്ണിയുടെ അച്ഛന്‍ യാത്ര ചോദിച്ചു ,   'ഉണ്ണി .അച്ഛന്‍ വരാട്ടോ ,പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ..?;  ഉണ്ണി ശിരസനക്കി മറുപടികൊടുത്തു . നടന്ന അകലുന്ന അച്ഛനെ നോക്കി ഉണ്ണി നിന്നു. വളവു തിരിഞ്ഞു അച്ഛന്‍ മറഞ്ഞപ്പോള്‍ കണ്ണില്‍ നിന്നും അടര്‍ന്നു വീണ തുള്ളികള്‍ മണ്ണില്‍ വീണു ചിതറി ,  

Friday, 16 March 2012

നിലാവുള്ള നിശയില്‍
ഹൃദയം തുറന്നു നോക്കി
ആദ്യം കണ്ടത് അച്ഛന്റെ
ഓര്‍മ്മകള്‍ അടക്കം ചെയ്ത
സ്വര്‍ണ്ണപ്പെട്ടി..
മുലപ്പാലിന്റെ മാധുര്യം
തന്ന അമ്മയുടെ സ്നേഹമൊഴുകുന്ന
പുഴ പിന്നെക്കണ്ടു..
പുഴയുടെ സൗന്ദര്യംകണ്ടുകണ്ട്
കൂടെപ്പിറപ്പുകളെയും.

ചങ്ങാതികളുടെ ചന്തങ്ങളും
ചതികളുടെ ചങ്ങലകളും
ബന്ധങ്ങളുടെ ബന്ധനങ്ങളും
കടപ്പാടിന്റെ സ്മരണകളും
കാപട്യത്തിന്റെ മുഖമൂടികളും
പൊട്ടിച്ചിരികള്‍ തന്ന മൌനങ്ങളും
ഏകാന്തതയുടെ നിമിഷങ്ങളിലെ
തേങ്ങലുകളും കണ്ടുകഴിഞ്ഞു
വാതിലടക്കും ന്നേരം
ഒരു പിന്‍വിളി.

ഒരുകോണില്‍
എഴുതിത്തീര്‍ക്കാത്ത
കഥകളില്‍ ,കവിതകളില്‍
കരിമഷി പടര്‍ന്ന മിഴികളെ
പ്രണയിച്ച കാമുകന്റെ
കദനങ്ങള്‍ അടക്കം ചെയ്ത
കല്ലറക്കുള്ളില്‍ നിന്നും ...

വിളിക്കുത്തരം നല്‍കാന്‍
കരിമഷി പടര്‍ന്ന
മിഴികളെ മറക്കും നിമിഷം
വരാന്‍ പേരുകള്‍ കൊത്തിയ
കല്ലറ വരുന്നതുവരെ കാത്തിരിക്കു ..

ഹൃദയ കവാടം അടച്ചു
മറ്റൊരു നിലാവിന്‍
നിശയില്‍ വീണ്ടും
തുറക്കുന്നതുവരെ ....

















Thursday, 15 March 2012

' ഹോ എന്തു മഴയാ ഇത് ' ? കലി തുള്ളുന്ന കര്‍ക്കിടക മഴയെ നോക്കി ബസ്സില്‍ ഉണ്ണിയുടെ അടുത്തിരുന്ന വൃദ്ധന്‍ ആരോടെന്നായി പരിഭവം പറഞ്ഞു ,മഴയിലേക്ക് നോക്കി ഉണ്ണിഇരുന്നു . മഴയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് മുന്‍പിലെ സീറ്റിലിരുന്ന അച്ചന്‍റെമടിയിലിരുന്നു രണ്ടു കുട്ടികളുടെ കുസൃതികളിലേക്ക് ഉണ്ണിയുടെ ടെ ദൃഷ്ടികള്‍ പതിഞ്ഞപ്പോള്‍ തന്‍റെ യാത്രയുടെ ലക്ഷ്യത്തിലേക്ക് മനസ്സ് വീണ്ടും ഉണര്‍ന്നതുപോലെ ... അച്ഛനെ തേടിയാണ് ഉണ്ണിയുടെ യാത്ര....

ബസ്സിറങ്ങി അച്ഛന്‍റെയൊപ്പം ഉണ്ണി നടന്നു . എവിട്ക്കാണെന്നു അറിയില്ല .ഇന്നലെ വൈകുന്നേരം മുത്തശ്ശിയുടെ കല്ലറയില്‍ വിളക്കു കത്തിച്ച് ഏതോ തീരുമാനം എടുത്തതുപോലെ ഉണ്ണിയേയും കൂട്ടി അച്ഛന്‍ യാത്ര തുടങ്ങിയതാണ്.വെയിലിനു ചൂട് തുടങ്ങിയിരിക്കുന്നു ,'ദാഹിക്കുന്നോ നിനക്ക് ? അച്ഛന്‍റെ പരുക്കന്‍ ശബ്ദം .'ഉവ്വെന്നു ശിരസ്സനക്കി മറുപടി പറഞ്ഞു ഉണ്ണി . അടുത്തു കണ്ട പെട്ടിക്കടയില്‍ നിന്നും നാരങ്ങ വെള്ളം  അച്ഛന്‍ ഉണ്ണിക്ക് വാങ്ങികൊടുത്തു യാത്ര തുടര്‍ന്നു..നടക്കാന്‍ തുടങ്ങിയിട്ട് ഏറെ സമയമായിരിക്കുന്നു ,ഒരു മുസ്ലിം പള്ളി കഴിഞ്ഞുള്ള വളവ് തിരിഞ്ഞപ്പോള്‍ നടത്തം നിന്നു ,മുന്‍പില്‍ കായലാണ് ,അകലെ നിന്നും ആളുകളെ കയറ്റി ഒരു കടത്തുവള്ളം ഒഴുകി വരുന്നു ,ഉച്ചവെയിലില്‍ കായലിന്‍ ഓളങ്ങള്‍ തിളങ്ങുന്നതും നോക്കി ഉണ്ണി നിന്നു , അക്കരെക്കു പോകാനായി ആളെ കൂട്ടുകയാണ് കടത്തുകാരന്‍ ,അച്ഛന്‍റെ കൈല്‍ പിടിച്ചു വള്ളത്തിലേക്ക് കാലു വെച്ചപ്പോള്,വള്ളമൊന്നു ചാഞ്ഞു ,'ആദ്യായിട്ടാണ് അല്ലെ ? കടത്തുകാരന്റെ ചോദ്യം . അച്ഛന് അത് രസിചില്ലന്നു തോന്നി ,അച്ഛന്‍റെ അരികിലായി ഉണ്ണിയിരുന്നു. ഉച്ചവെയിലിനു ശക്തി കൂടിവരുന്നു ,വള്ളം മെല്ലെ ഒഴുകാന്‍ തുടങ്ങി ,അമരത്തിരുന്നു മുളയെറിഞ്ഞു ഊന്നുന്ന കടത്തുകാരന്റെ ആഭ്യാസപ്രകാടനം വിസ്മയത്തോടെ നോക്കിയിരുന്നു ഉണ്ണി ,അച്ഛന്‍ ആലോചനയിലാണ് ,മുത്തശിയുടെ മരണത്തിനു ശേഷം അച്ഛന്‍ അതികം മിണ്ടാറില്ല ,അമ്മയെ കണ്ട ഓര്‍മ ഉണ്ണിക്കില്ല.മരിച്ചുപോയി എന്ന് മാത്രം ഉണ്ണിക്കറിയാം,അതും മുത്തശ്ശി പറഞ്ഞുതന്ന അറിവില്‍ .ഒരു വര്ഷം കഴിഞ്ഞു മുത്തശി മരിച്ചിട്ട് ,നാലിലെ പരീക്ഷ കഴിഞ്ഞുള്ള പള്ളിക്കുട അടവിലായിരുന്നു മുത്തശിയുടെ മരണം ,അച്ഛന്‍ കരയുന്നത് ആദ്യമായി കണ്ടത് അന്നാണ് , അച്ചമ്മയെന്നു വിളിക്കാനായിരുന്നു മുത്തശിക്ക് ആഗ്രഹം ,അച്ഛന്‍റെ ചെറിയമ്മയുടെ വീട്ടിലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ ഉണ്ണിയുടെ താമസം .ചെറിയച്ചനുമായി അച്ഛന്‍ എന്നും വഴക്കാണ് ,ഒടുവില്‍ അവിടെനിന്നും ഉണ്ണിയും കൂട്ടി ഇന്നലെ മുത്തശ്ശിയുടെ കല്ലറയില്‍ വിളക്കും കത്തിച്ചു യാത്ര തുടങ്ങി ,എവിടെക്കാണെന്ന് ഇതുവരെ അച്ഛന്‍ പറഞ്ഞിട്ടില്ല .

കടത്തിറങ്ങി വീണ്ടും നടത്തം തുടങ്ങി ,അച്ഛന് പരിചിതമാണ് ഈ വഴികളെന്നു ഉണ്ണിക്ക് തോന്നി ,കുറച്ചുദൂരം എത്തിയപ്പോള്‍ ഒരു കൃസ്ത്യന്‍ പള്ളിയുടെ ഗോപുരം കണ്ടു .അത് ലക്ഷ്യമാക്കിയാണ് അച്ഛന്‍റെ നടത്തമെന്നു ഉണ്ണിക്ക് തോന്നി ,നടത്തം നിന്നത് പള്ളി മുറ്റത്തെത്തിയപ്പോള്‍ . ഉണ്ണിയുടെ കണ്ണുകള്‍ ചുറ്റു ഭാഗത്തേക്ക് സഞ്ചരിച്ചു ,ഒടുവില്‍ ആ കുഞ്ഞു ദൃഷ്ടികളുടെ സഞ്ചാരം നിന്നത് ,കുരിശില്‍ ശിരസ്സ്‌ താഴ്ത്തി നില്‍ക്കുന്ന യേശുദേവന്റെ ചിത്രത്തിന്റെ താഴെ എഴുതിയിരിക്കുന്ന വാക്കുകളിലായിരുന്നു ' സെന്റ്‌ ജോന്‍സ്‌ അനാഥാലയം , ഒരു നടുക്കത്തോടെ ഉണ്ണി നിന്നു .....‍

Wednesday, 14 March 2012

ലൈലയും ഖൈസ്സും

ഇതു ഖൈസ്സ് ..

'ഇഫ്സിഘാന്റെ' ഘോര
വനാന്തരങ്ങളില്‍ തന്‍
പ്രേയസിയുടെ സ്മരണകളില്‍
വിഷാദ ഗാനം പാടി
മൃഗരാജനെയും ചെമ്പുലിയെയും
ഉറക്കിയ 'അഫ് ലാജിലെ ' ദരിദ്ര കവി

ഇത് ലൈല

അഫ് ലാജിലെ ചക്രവര്‍ത്തി തന്‍ മകള്
കൊട്ടാരത്തിലെ തടവറക്കെട്ടില്‍
അടര്‍ന്നുപോയ തന്‍ പ്രാണനാഥന്‍റെ
കവിതകള്‍ മാറോടു ചേര്‍ത്ത്
വിലപിക്കും രാജകുമാരി ..

ഇഫ്സിഘാനിലെ പകലിന്നിരുളില്‍
ഓടിപ്പോകും മാന്‍പേടകളെ നോക്കും
ഖൈസ്സിന്‍ കവിതകളില്‍ നിറങ്ങള്‍
ചാര്‍ത്തി നിന്നു ലൈല ..

അഫ് ലാജിലെ ഒരു പുലരി ഉണര്‍ന്നത്
പട്ടുമെത്തയില്‍ പൊട്ടിച്ചിതറിയ
ഹൃദയം കണികണ്ട് ..

അന്നും ഇഫ്സിഘാന്റെ
വനാന്തരങ്ങളില്‍
ഖൈസ്സു പാടിക്കൊണ്ടിരുന്നു
അനശ്വര പ്രണയത്തിന്‍ കാവ്യ ഗീതങ്ങള്‍..

കാലം മറക്കാത്ത
അനശ്വര പ്രണയ ചരിതം ..

ലൈല മജ്നു
-----------------------


(ഇഫ്സിഘാന്‍ ,ആഫ്രിക്കന്‍ വനാന്തരങ്ങള്‍ ഇപ്പോഴത്തെ സുഡാന്റെ കിഴക്കന്‍ പ്രദേശം , അഫ് ലാജു സൌദിയില്‍ ഇറാഖിലെ ബോര്‍ഡറില്‍,, എവിടെയോ വായിച്ച അറിവാണ് )

..