Pages

Monday, 10 June 2013

തനിച്ച്‌
* * * * *

തനിച്ചല്ലായിരുന്നല്ലോ അന്ന്

പെയ്തു തീര്‍ന്ന മഴകളെല്ലാം
ഒന്നിച്ചാണല്ലോ അന്ന്
നനഞ്ഞത്

കാറ്റില്‍ പറന്നുപോയ
കിനാവുകളെല്ലാം
തിരികെവന്നലോ അന്ന്

അന്ന്
രാത്രികളില്‍
വിയര്‍പ്പ്‌ നനച്ച ‍ മാറില്‍
ഒട്ടി കിടക്കുമ്പോള്‍
നേര്‍ത്ത ശബ്ദത്തില്‍
ഒഴുകി വന്ന ഗസലുകള്‍ക്ക്
പ്രണയാര്‍ദ്രമായ ‍ താളമുണ്ടായിരുന്നു

വെയിലിനെ തടുത്ത കുടയ്ക്ക്-
കീഴില്‍ നാല് മിഴികള് അന്ന് ‍
അടക്കം പറഞ്ഞത്
വസന്തം പൊഴിയുന്ന ഒരു
പുലരിയെ കുറിച്ചായിരുന്നു

ഇന്ന്
പകല്ക്കിനാവില്‍
ഉടഞ്ഞുപോയ സ്ഫടികമാം
പ്രണയം പോല്‍
തനിച്ചാണല്ലോ നീയും ഞാനും

ഏകാന്തതയുടെ
 ജാലാകവാതില്‍ തുറന്ന്
മഴ വന്നുണര്‍ത്തി നോവിക്കുന്നു 
ഒടുവിലത്തെ ചുംബനത്തിന്‍റെ
ശേഷിപ്പിനെ ....

തനിച്ചാണിന്ന്



 

Friday, 7 June 2013

മഴപറഞ്ഞത്‌
*************

കവിതകളില്‍
കഥകളില്‍
വര്‍ണ്ണങ്ങള്‍ വിതറി
നിങ്ങള്‍

പ്രണയത്തില്‍
തീവ്രമാക്കി

വെള്ള നൂലിഴകളായി
പെയ്തിറങ്ങിയ എന്ന
നല്ല ചിത്രങ്ങളാക്കി

ഞാനൊന്നു ചുംബിക്കാന്‍ -
വന്നപ്പോള്‍
പനി പിടിക്കുമെന്ന് പറഞ്ഞു
കുടനിവര്‍ത്തിയെതെന്തേ നിങ്ങള്‍ ?

Tuesday, 4 June 2013

     ** * *മഴ * * *
________________

ഫ്ലാസ്കില്‍ നിന്നും  ചായ ഗ്ലാസിലേക്ക് പകര്‍ത്തുമ്പോള്‍ ‍  ചുവരിലെ  ഘടികാരം
എട്ടടിച്ചു.  ഹാളില്‍  നിന്നും നേര്‍ത്ത ശബ്ദത്തില്‍ ടെലിവിഷന്‍ ശബ്ദിച്ചു കൊണ്ടിരുന്നു . '  ടി  വി  ഓഫ് ചെയ്യാന്‍ അവള്‍ മറന്നിരിക്കും '  മുറി തുറന്നു ഹാളിലേക്ക് കടന്നപ്പോള്‍  വിലകൂടിയ ഏതോ പുതിയ വിദേശ പെര്‍ഫ്യൂമിന്‍റെ ഗന്ധം സിരകളിലേക്ക് പ്രവഹിച്ചു ,  ഇപ്പോള്‍ അവളുടെ  വിയര്‍പ്പിന് പോലും  പെര്‍ഫ്യൂമിന്‍റെ ഗന്ധമാണ് ,  മുപ്പത്തിയെട്ട് കഴിഞ്ഞെന്നു പറഞ്ഞാല്‍  ആരും വിശ്വസിക്കില്ല,   അവളുപോലും  .

ടി വി യിലേക്ക് നോക്കിയപ്പോള്‍  "മഴയും  അനുബന്ധ രോഗങ്ങളും" എന്ന വിഷയത്തെക്കുറിച്ചുള്ള ഡോക്യുമെന്റ്ററിയാണ്  കണ്ടത്  പശ്ചാത്തലത്തില്‍ മഴയും , മഴ നനയുന്ന കുട്ടികളും  ,പുഴയും  പാടവും  ഒക്കെ വന്നുപോകുന്നു ,    മനസ്സില്‍  ഒരുമഴ  പെയ്യുന്നു  , 

ടെലിവിഷന്‍ ഓഫ് ചെയ്തു വായന  മുറിയുടെ താക്കോല്‍  ഹാളിലെ സെല്ഫില്‍ നിന്നും എടുക്കാന്‍ തുടങ്ങുമ്പോള്‍  മൊബൈല്‍ ശബ്ദിച്ചു ,  ദൂരെ ഹോസ്റ്റലില്‍ നിന്നുപഠിക്കുന്ന മകളുടെ  സുപ്രഭാതം ആശംസിച്ചുകൊണ്ടുള്ള സന്ദേശമാണ് മെസേജ്‌ ബോക്സില്‍ .  ചെറു ചിരിയോടെ  വായന മുറി തുറന്നു , ഈ വീട്  അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിക്കൊണ്ടുമാത്രം വാങ്ങിയതാണ്   , ഈ മഹാനഗരത്തില്‍ ഒരു വീടിന്‍റെ ആവശ്യമില്ലന്നു പല തവണ അവളോട്‌ പറഞ്ഞതാണ് , നാട്ടില്‍  തറവാട്  അനാഥമായി കിടക്കുന്നു, ഒരു വാടക വീടുമതി എന്നെങ്കിലും  ഈ നഗരം ഉപേക്ഷിച്ച് നമുക്ക് പോകേണ്ടിവരും എന്നൊക്കെ പറഞ്ഞു നോക്കി , ഒടുവില്‍ തോല്‍വി സമ്മതിച്ചു ‍ നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവന്നു .

അടഞ്ഞ ജാലകവാതിലില്‍ വിരിയുടെ ചെരുവിടവില്‍ക്കൂടി വെയിലിന്റെ നേര്‍ത്ത പ്രകാശം മുറിയില്‍ നിഴലിട്ടു , പുസ്തകങ്ങള്‍ സൂക്ഷിക്കാനും വായനക്കുമായി ഈ മുറി അവളാണ് തെരഞ്ഞെടുത്തത്. പുസ്തകങ്ങളുടെ വലിയൊരു കളക്ഷന്‍തന്നെ അവള്‍ക്കുണ്ട് ,

മനസ്സിലപ്പോഴും ആ മഴയുടെ ചിത്രമായിരുന്നു ,   അടഞ്ഞ ജാലക വാതില്‍ തുറന്നു,വാതിലില്‍ ചാരിനിന്ന  ഇളവെയില്‍ മുറിയിലേക്ക്‌ മലര്‍ന്നു വീണു , ആമഹാനഗരത്തിന്‍ മുകളില്‍ സൂര്യന്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു , തെളിഞ്ഞ ആകാശത്തിലേക്ക് നോക്കി നിന്നു , അകലെ ഒരു കുഞ്ഞു മേഘം  ഒഴുകിപോകുന്നു , മിഴികള്‍ ആ മേഘത്തിലേക്കതന്നെ നോക്കി നിന്നപ്പോള്‍ ഭൂത കാലത്തിലെ കവാടങ്ങള്‍ അയാള്‍ക്കുമുന്നില്‍ ഓരോന്നായി തുറന്നു..

മഴ മേഘം ഉരുണ്ടുരുണ്ട് വരുന്നുണ്ട് , പുറകിലെ തൊടിയില്‍ വലിയ കല്ലിനു മുകളില്‍ നിന്ന് അകലെ ഇടതിങ്ങിനില്‍ക്കുന്ന തെങ്ങുകളുടെ മുകളില്‍ക്കൂടി മഴ വരുന്നതും നോക്കി നിന്നു , ആദ്യമഴയാണ്, മണ്ണും മരങ്ങളും പുഴയും പാടവും കിളികളും ഒക്കെ കാത്തിരുന്ന മഴ , ഓടിവന്ന നനുത്ത കാറ്റിന് മഴയുടെ ഗന്ധം . മിഴികളടച്ച് ശ്വാസമടക്കി കാത്ത് നിന്നു ,ഇപ്പോള്‍ വളരെ അടുത്തിരിക്കുന്നു ,കാതില്‍ മുഴങ്ങുന്നുണ്ട് നിന്നെ ചുംബിക്കാന്‍ ഇതാ ഞാന്‍ എത്തുന്നു എന്ന്. കവിളില്‍ ആദ്യ തുള്ളി മുത്തമിട്ടപ്പോള്‍ സിരകളില്‍ വര്‍ണ്ണനകളില്ലാത്ത നിര്‍വൃതി,  മഴ മുഴുവനായി ചുംബിച്ചുകൊണ്ടിരുന്നു ..

'ഈ ചെക്കന് എന്തിന്‍റെ ഭ്രാന്താ  ?  മഴ മുഴുവന്‍ നനഞ്ഞൂല്ലോ നീയ്‌  '   ശകാരവുമായി അമ്മ അടുത്തെത്തി മഴയില്‍ നിന്നും പറിച്ചെടുത്ത് ഇറയത്ത് നിറുത്തി തല സാരിത്തുമ്പ് കൊണ്ട് തുവര്ത്തിക്കൊണ്ട് പറഞ്ഞു .അമ്മയെ നോക്കി ചിരിച്ച് മഴയിലേക്ക് നോക്കി അങ്ങിനെ നില്‍ക്കും .

കാലം മഴപോലെ പെയ്തുകൊണ്ടേയിരുന്നു ,പേമാരിയും പ്രളയവും കൊടുംകാറ്റും ഇടവേളകളില്‍ മുറിവേല്‍പ്പിച്ചു കടന്നുപോയി . ഇടക്കെപ്പെഴോ സാന്ത്വനത്തിന്റെ തുള്ളികളുമായി ഒരു നനുത്ത മഴ വന്നു ,പ്രണയത്തിന്‍റെ ഗന്ധം ആ മഴയില്‍ നിറഞ്ഞു നിന്നു ...

വെയിലിനു ശക്തി കൂടിവന്നു . ജലകവാതില്‍ അടച്ചു .മുറിയില്‍ വീണ്ടും നിഴലിട്ടു വെയില്‍ പുറത്ത് നിന്നു ,അമ്മ മരിച്ചപ്പോള്‍ നാട്ടില്‍ പോയതാണ് , അഞ്ചു വര്ഷത്തിനു മുന്‍പ്‌ .  കര്‍ക്കിടകത്തിലാണ് അമ്മ മരിച്ചത് . ചിത എരിഞ്ഞു കഴിഞ്ഞപ്പോഴാണ് മഴ വന്നത് , ഇറയത്ത് കരഞ്ഞ കണ്ണുമായി നിന്നപ്പോള്‍ തൂവാനം തഴുകികടന്നുപോയി ,ആ മഴയ്ക്ക്‌ അമ്മയുടെ ഗന്ധമുണ്ടായിരുന്നു .

ഭൂതകാലത്തിന്‍റെ കവാടം അടച്ച് അയാള്‍ മുറിക്ക് പുറത്തിറങ്ങി .....


 

Saturday, 1 June 2013

പാഥേയം
* * * * * **
നീയില്ല എങ്കില്‍

പുലര്‍ മഞ്ഞിന്‍ മര്‍മ്മരങ്ങളില്ല

ഇളവെയിലിന്‍ പുഞ്ചിരിയില്ല
പൂവുകളും ശലഭങ്ങളും
പുഴകളുടെ കളകളാരവവുമില്ല

കിളികളുടെ കൊഞ്ചലുകളും
തെന്നലുകളുമില്ല

മഴകളുടെ പദനിസ്വനങ്ങളും
ഏഴു വര്‍ണ്ണങ്ങളുടെ കാവ്യങ്ങളുമില്ല

വെയില്‍ ചായും നേരം 
നീലാകാശത്തിന്‍ ചുവട്ടില്‍
വിശ്രമിക്കും മിഴികളില്‍ ‍
പകല്‍ക്കിനാവുകളുടെ
മന്ദഹാസങ്ങളില്ല

ശീത ക്കാറ്റില്‍ പുതച്ച
നിലാവിന്‍റെ ഗസല്‍ മഴകളില്ല
സ്വപ്നങ്ങളുമില്ല

രാത്രിമഴയുടെ ആരവങ്ങളി-
ലൊറ്റപ്പെട്ട കാറ്റിന്‍ സംഗീതമില്ല
പ്രണയവുമില്ല..

നീ ഇല്ലങ്കില്‍

ഇരുള്‍മൂടിയ പകല്‍ രാവുകളില്‍
ഏകാന്ത പഥികനായി
വഴിയമ്പലങ്ങളില്‍ഞാന്‍
പാഥേയമാകും ...
 

Friday, 31 May 2013

ആകാശം
* * * * * *

ചിന്നി ചിതറി-
തുളുമ്പും വര്‍ണ്ണ മഷികുപ്പികള്‍

വെളുത്ത കളിവീടില്‍
ആനയും  കുതിരയും അങ്ങിനെ പലതും

നീല വര്‍ണ്ണങ്ങളില്‍
മിഴികള്‍ വിശ്രമിക്കുമ്പോള്‍
പകല്‍ക്കിനാവുകള്‍ക്ക് മന്ദഹാസം
‍
കറുത്ത ചിത്രം തെളിയുമ്പോള്‍
വെളുത്ത സൂചിമുനകള്‍
താഴേ മണ്ണില്‍ കുടഞ്ഞിടും

ശേഷം
ഏഴു വര്‍ണ്ണങ്ങളില്‍
എഴുതി തീരാത്ത
കാവ്യങ്ങള്‍ തന്നു മറയും

രാത്രിയുടെ ശീത കാറ്റില്‍
ചിരിച്ചും കരഞ്ഞും ചന്ദ്രന്‍
ജനലിനപ്പുറം നില്‍ക്കും

തൂവാനം തെറിപ്പിച്ച ഒരു വര്‍ണ്ണം
ഹൃദയത്തില്‍ ചിത്രം വരച്ചു

നാലു തോളില്‍ നിശ്ചലമായി
കുലുങ്ങികുലുങ്ങി
ആകാശമേ  നിന്നെയും-
കടന്നു നിത്യമുറക്കത്തിനു പോകുമ്പോള്‍
മിഴികള്‍ എന്തിനാണ് അടച്ചതെന്നു നീ -
എന്നോട് ചോതിക്കരുത്
 

Tuesday, 28 May 2013

കാറ്റ്‌
* * * *
വിരഹത്തിന്റെ-
യാവര്‍ത്തനത്തിലാണ്
പൈന്‍ മരങ്ങളുടെ-
യിടയില്‍ക്കൂടി വീണ്ടും നീ
എന്നെ ചുംബിച്ചത് 

ഞെട്ടിയുണര്‍ന്ന പകലിന്റെ-
യവസാനത്തില്‍ ദൂരെയെവിടെയോ
ചിതയില്‍ കരിഞ്ഞ കന്യകയുടെ
ഗന്ധമാണ് നിന്‍റെ വിയര്‍പ്പ്‌ കലര്‍ന്ന
ആ ചുംബനത്തിന്

നീയുറങ്ങുമ്പോള്‍
അനാഥനായി മേഞ്ഞു നടക്കുന്ന
നിലാവിനൊപ്പം എന്‍റെ
നിദ്രാവിഹീനങ്ങളായ
രാവുകളുണ്ട്
അന്നൊരു ചുംബനം കൊതിക്കാറുണ്ട്

എന്‍റെ പൂവുകളില്‍
ശലഭം വിരുന്നു വരുമ്പോള്‍
നിനക്കുത്സഹാഹമാണ്
നിന്‍റെ ശേഷിപ്പാണല്ലോ
ഞാന്‍ ചുംബിക്കുന്നത്

ജനാലയില്‍ വന്നു വിളിച്ചുണര്‍ത്തി
നീ പറഞ്ഞുതന്ന കവിതകള്‍
വരികള്‍ മുറിഞ്ഞു
ഹൃദയത്തില്‍ കുരുങ്ങിക്കിടക്കുന്നുണ്ട്
നിന്‍റെ പറയാതെയുള്ള ഈ ചുംബനം
വീണ്ടും മുറിവേല്‍പ്പിക്കുകയാണ്

നീ ഉറങ്ങുന്ന പകലില്‍ വേണം
എനിക്ക് ഉണരാത്ത ഉറക്കത്തിലേക്ക്
ഇറങ്ങിച്ചെല്ലാന്‍
സാമ്പ്രാണിയുടെയും
ചന്ദനത്തിരിയുടെയും ഗന്ധം
നിന്നെ ചുംബിച്ചുണര്‍ത്താതിരിക്കട്ടെ ... 

Tuesday, 21 May 2013

ബാര്‍ബര്‍ഷോപ്പ്
*****************
അങ്ങാടിയോട് ഒട്ടി നില്‍ക്കുന്നുണ്ട്
മമ്മദിന്റെ ബാര്‍ബര്‍ ഷോപ്പ്‌
അവിടെയാണ് കന്യകമാരും
വിധവകളും അവിഹിത -
ഗര്‍ഭം ധരിക്കുന്നത്

കത്രികയുടെ താളത്തിനു
തലമുടികള്‍ക്ക് ചരമഗീതം

ദൈവത്തിനു മുന്നിലും
പിന്നെ എന്‍റെ മുന്നിലുമാണ്
മനുഷ്യ തലകള്‍ സാഷ്ടാംഗം-
ചെയ്യുന്നതെന്ന് തെല്ലഹങ്കാരത്തോടെ
മമ്മദ്‌ പറയും

നരച്ച സില്‍ക്ക്‌ സ്മിതയുടെ
ചിത്രത്തിനടുത്തായി
വിദ്യാബാലനും നമിതയും
ഊഴം കാത്തുനില്‍ക്കുന്നവരോട്
 എന്തോ പറയുന്നുണ്ട്


അയല്പക്കം മുതല്‍
അന്താരാഷ്ട്രംവരെയുള്ള
അവിഹിത ഗര്‍ഭത്തിന്‍കഥകളുടെ
കെട്ടുകളഴിച്ചു മമ്മദ്‌ പറഞ്ഞു തുടങ്ങും

രാജ്യത്തിന്‍റെ വളര്‍ച്ച
അവിഹിത ഗര്‍ഭത്തിലാണന്നാണ്
മമ്മദിന്റെ വാദം ...