Pages

Wednesday, 19 December 2012

ഇനിയെത്രനാള്‍?
--------------------------
കാറ്റില്‍ വഴിതെറ്റി
സഞ്ചരിക്കുന്ന മേഘങ്ങള്‍ പോല്‍
മനസ്സും

വെളുപ്പ്‌ ചുവപ്പുമായി
പടിഞ്ഞാറ് യാത്രപോയാല്‍
അസ്വസ്ഥതകളാണ്‌ കൂട്ടിരിക്കുന്നത്

സ്വപ്നങ്ങളുടെ കാവല്‍ക്കാരനായിട്ട്
ഇനിയെത്രനാള്‍ ?


Wednesday, 28 November 2012

ഉത്തരങ്ങള്‍
--------------------
പഴയോലകൊണ്ട്
പൊതിഞ്ഞ പുരയുടെ\
ചെറു വിടവില്‍ക്കൂടി
സൂര്യനെന്നും ഉത്തരങ്ങള്‍
തിരയുന്ന അച്ഛന്റെ
നരച്ച മുഖത്തേക്ക്
ഒളിഞ്ഞു നോക്കും ..

ചോദ്യങ്ങളായി
രോഗങ്ങള്‍
അച്ഛനുമുന്നില്‍
വന്നതുമുതല്‍
കയറുകട്ടിലില്‍
അച്ഛന്‍ ഉത്തരങ്ങള്‍ തെരഞ്ഞു
മുകളിലേക്ക് നോക്കി കിടക്കും

നക്ഷത്രങ്ങള്‍ അച്ഛനെ
കാണാറില്ല


നിലാമഴകളില്‍
ചെറുതുള്ളികള്‍
അച്ചന്‍റെ വെളുത്ത
താടിരോമങ്ങളുടെ
ചെറു നിഴലുകള്‍കൊണ്ട്
അവ്യെക്തമായ
ചില ചിത്രങ്ങള്‍ വരക്കും

ഉത്തരങ്ങള്‍ കണ്ടെത്തിയ
ഒരുപകലില്‍ സൂര്യന്‍
അച്ഛനെകണ്ടില്ല

മുറ്റത്ത് അനാഥമായ
കട്ടില്‍കണ്ടു സൂര്യന്‍
കരഞ്ഞിട്ടുണ്ടാകും ..


Monday, 26 November 2012

ദൈവം
-------------
പലിശക്കാരന്‍ രാഘവന്‍
പ്രഭാതത്തില്‍ കുടുംബ
ക്ഷേത്രത്തില്‍ കാണിക്കയിട്ടു
പിരിവുതുടങ്ങി

മുടക്കം വന്നവരെ
തൊഴിച്ചും ഭീഷണിപ്പെടുത്തിയും
പലിശവാങ്ങി
കാണിക്കയിടല്‍ രാഘവന്‍
ഇന്നും തുടരുന്നു

മയക്കു മരുന്നും
കുഴല്‍പ്പണവും
കുഴപ്പമില്ലാതെ
പോകുവാന്‍
മൊയ്തുഹാജി
പള്ളിക്കളെ ജാറത്തില്‍
എന്നും ചന്ദനത്തിരികത്തിക്കും
വൈകിട്ട് 'മൌലിദും' നടത്ത്തിക്കും

കള്ളച്ചാരയവും
കൊട്ടേഷനും
മികച്ചരീതിയില്‍ നടക്കുവാന്‍
പൊന്നുംകുരിശു നേരുന്നുണ്ട്‌
മാത്യുയച്ചായന്‍

'ദൈവങ്ങളിപ്പോള്‍
ഇവരുടെകൂടെയാണ്

അല്ലായിരുന്നെങ്കില്‍

അന്തിക്ക്കേള്‍ക്കുന്ന
അയലത്തെപെണ്ണിന്‍റെ
ദൈവമേയെന്ന നിലവിളി
ഇന്നും കേള്‍ക്കില്ലയിരുന്നു ..






















 

Friday, 23 November 2012

പ്രണയവും യുദ്ധവും

പ്രണയവും യുദ്ധവും

ഹിബാ ...

മസിറില്‍ അഭയാര്‍ഥിനിയായി
പിറന്ന നാടിന്‍റെ സ്വാതന്ത്ര്യവും
പ്രണയവും പുലരുന്നതും നോക്കി
രക്തത്തിന്‍റെ ഗന്ധമില്ലാത്ത തെന്നലുകള്‍
തഴുകി വരുന്ന പകല്‍ രാവുകളില്‍
നീ കാത്തിരിക്കുന്നുണ്ടാകും

ഇവിടെ ഞാന്‍ ഏകനല്ല
സ്വപ്‌നങ്ങള്‍ മരിച്ച
സുഹൃത്തുക്കളും
വിലാപങ്ങള്‍കേട്ടു
മരവിച്ച നിലാവും
വേര്‍പാടുകള്‍ തീര്‍ത്ത
മൌനവും പിന്നെ
വെടിയൊച്ചകളും
ഒടുവില്‍ ദീര്‍ഘനിശ്വാസത്തില്‍
ഓടിവരുന്ന നിന്‍ മുഖവും
എനിക്കു കൂട്ടാകുന്നു


ഹിബാ ..
നമ്മുടെ പ്രണയം
ഓര്‍മ്മകളുടെ
കലവറക്കുള്ളില്‍
ചിതലിരിക്കാതെ കിടക്കും

നീ അകന്നു പോയതു മുതല്‍
നിശയില്‍ നിലാവ് വരാറില്ല

പകലിനിവിടെയിരുളാണ്
ഉദയ കിരണങ്ങളും
അസ്തമയ ശോഭയും
ഇവിടെയസ്തമിച്ചു

ദൂരെയെവിടെയോ
വെടിയൊച്ചകേള്‍ക്കാം

ജീവിതം തുടങ്ങാത്തവരുടെ
സ്വപ്‌നങ്ങളടക്കം ചെയ്ത
പുതു കബറുകള്‍
ഉയര്‍ന്നുവരുന്നുണ്ടിവിടെ

ഹിബാ ..
നീയൊരിക്കല്‍ തിരിച്ചുവരും
മഴയും വെയിലുമേറ്റു
നരച്ച കബറുകള്‍ നീകാണും
'മുഹമ്മദ്‌ ഫായിസ്'യെന്നു
എഴുതിവെച്ച ഖബറിന്‍ മുന്നില്‍
നിന്‍ പാദങ്ങള്‍ വിറച്ചു നില്‍ക്കും
അപ്പോള്‍ നിന്നെതഴുകി വരും
നനുത്ത തെന്നല്‍ ഒരു ചുംബനം തരും
നിനക്കുബാക്കി വെച്ച എന്‍റെ പ്രണയ
സമ്മാനമാണാചുംബനം .....

വെടിയൊച്ചയടുത്തുവരുന്നു ..











 

Wednesday, 21 November 2012

പകല്‍ക്കിനാവ്

പകല്‍ക്കിനാവു
---------------------------
തൊടിയില്‍
അച്ഛന്‍ എന്നും
വാഴക്കു വെള്ളമൊഴിക്കും

പുലര്‍ക്കാലകാഴ്ചയാണിത്

നിറഞ്ഞ കുടം
കൈവെള്ളയില്‍
തട്ടി തട്ടി വാഴകളില്‍
പതിക്കുമ്പോള്‍
അച്ഛന്‍റെ മുഖം ചുവന്നിരിക്കും

കുത്തരിക്കഞ്ഞി നിറച്ച
പിഞ്ഞാണത്തിന്‍ മുന്നില്‍
പിന്നീടച്ചന്‍ മൌനമാകും

ഉറക്കച്ചടവ് കഴിഞ്ഞു
സൂര്യനപ്പോള്‍
അഗ്നിയകാന്‍ തുടങ്ങും

പകുതിവായിച്ചു നിര്‍ത്തിയ
പത്രം വായിച്ചു പൂര്‍ത്തിയാക്കി
തൊടിയിലെ വാഴകളില്‍
പകല്‍ ക്കിനാവുകാണും
പിന്നീടച്ഛന്...‍