Pages

Sunday, 30 September 2012

ആദ്യ തുള്ളി
---------------------
പുതുമഴയില്‍
ആദ്യതുള്ളി
വരണ്ട മനസ്സുതന്‍
കാത്തിരുപ്പിന്‍
ദുഃഖം ശമിപ്പിച്ചു

തുള്ളികള്‍ സംഗീതമായി
ഒഴുകിയപ്പോള്‍
ഉയര്‍ന്നുപൊങ്ങിയ
ഈര്‍പ്പത്തിന്‍
ധൂമങ്ങള്‍ അകലെ
അകന്നിരുന്ന മേഘങ്ങളുമായി
ഇന്നലകളിലെ നൊമ്പരങ്ങളുടെ
കഥകള്‍ പറഞ്ഞു

അകന്നിരുന്ന പകലില്‍
ദൂരെ കറുത്ത ചിറകുമായി
മേഘം സൂര്യനു താഴെ
നിഴലിട്ടാല്‍താഴെ
വരണ്ടചുണ്ടുകള്‍
പുഞ്ചിരിക്കും

പരിഭവം മാറാതെ
മേഘം മറയുമ്പോള്‍
ആദ്യതുള്ളിയുടെ
നിര്‍വൃതി നുകരാന്‍
വിദൂരമല്ലാത്ത
കാത്തിരുപ്പുമായി
വരണ്ട ‍മനസ്സ്

അകന്നിരുന്ന രാവില്‍
താരകങ്ങള്‍ തുള്ളിക്കളിച്ചു
മയക്കത്തിലേക്ക്‌ വീഴുമ്പോള്‍
നിഴലുകള്‍ പോലും
ഒളിക്കുന്ന ഇരുട്ടില്‍
ആദ്യ തുള്ളിയുടെ
സ്പര്‍ശനം തരുന്ന
രോമാഞ്ചത്തിനായി
പ്രതീക്ഷയുടെ കാത്തിരുപ്പ്

നിലക്കാത്ത സംഗീതമായി
പെയ്തിറങ്ങിയ
തുള്ളികളുടെ
നനുത്ത സ്നേഹത്തില്‍
വരണ്ട മനസ്സ്
നനയുകയാണ്
വര്‍ണ്ണിക്കാന്‍ വാക്കുകള്‍
തേടിക്കൊണ്ട് !!






















 

Friday, 28 September 2012

ഇരുമ്പഴികള്‍
-------------------
 ഇരുമ്പഴികള്‍
പുറത്തെ വലിയ
മതില്‍കെട്ടിനപ്പുറത്തെ
സൂര്യന്‍റെ ജനനവും
മരണവും കാണരുതെന്നാണ് വിധി !!

അപരാധിയുടെ
ചോരപുരണ്ട കരങ്ങളും
നിരപരാധിയുടെ കണ്ണീരും
ഇരുമ്പഴികള്‍ക്ക്‍ കറുത്ത
അടയാളമിട്ടു

പകലിന്‍ ഇരുള്‍ മായുമ്പോള്‍
നിശബ്ദതക്ക് ഭയം തരുന്ന
രാവിന്‍റെ മറവില്‍
അടക്കിപ്പിടിച്ച തേങ്ങലുകളും
മരിച്ചുപോയ സ്വപ്നങ്ങള്‍
പ്രേതങ്ങളായി അട്ടഹസിക്കുന്നതും
തുടര്‍ക്കഥകളുടെ വിരസതയില്‍
ഇരുമ്പഴികള്‍ മൌനമായി കേള്‍ക്കും

കറുത്ത പകലിന് വിടപറഞ്ഞു
വെളുത്ത പുലരിതേടിപ്പോകുന്നവര്‍ക്ക്
ഇരുമ്പഴികള്‍ മറവിയാശംസിക്കും ...












 

Wednesday, 26 September 2012

ജാലകം
-----------

അമ്മ ജാലക വാതില്‍ അടക്കില്ല

പാടത്തിനപ്പുറത്ത് ചുവന്ന
സൂര്യനുള്ള സായഹ്നത്തില്‍
അമ്മ മൌനം ധാനിക്കും

രാത്രിക്ക് വെളിച്ചമിട്ടു
നിലാവു വന്നാല്‍
കശായത്തിന്റെ ഗന്ധം
നിറഞ്ഞ മുറിക്കുള്ളില്‍
നിലാവുമായി അമ്മ
സ്മരണകള്‍ പങ്കുവെക്കും

അമ്മ കവിത എഴുതാമായിരുന്നു !!

ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയവരാണ്
കവിതകള്‍ എഴുതുന്നതെന്ന്
അമ്മ പറഞ്ഞിരുന്നു

ജാലകവതിലില്‍ക്കൂടിയാണ്
കവിതകള്‍ വന്നിരുന്നത്

അതില്‍ മീനച്ചൂടിന്റെ
വേവുണ്ട്
മകരമഞ്ഞിന്റെ
മരവിപ്പുണ്ട്
കര്‍ക്കിടകത്തിലെ
കണ്ണീരുമുണ്ട്

രാത്രിമഴയുടെ വിഷാദ ഗീതങ്ങള്‍ക്കൊപ്പം
അമ്മയുടെ കവിതകളുമുണ്ടായിരുന്നു

ഒരുപകലിനൊടുവില്‍
ചുവന്ന സൂര്യനൊപ്പം
അഗ്നിയായി അമ്മ
എരിഞ്ഞുതീര്‍ന്നത്
അടയാത്ത ജാലകവാതിലിനിപ്പുറം
കശായത്തിന്റെ ഗന്ധങ്ങള്‍ നിറഞ്ഞ
മുറിയില്‍ പൂര്‍ത്തിയാകാത്ത
കവിതകള്‍ ബാക്കി വെച്ചിട്ടു

അമ്മ  ജലകവാതില്‍ അടക്കില്ല

















 

Monday, 24 September 2012

ലിഫ്റ്റ്‌
--------------
ലാസ്റ്റ്‌ വണ്ടിക്കായി ഓടി

വഴിയില്‍ ചാരിത്ര്യം സംരക്ഷിക്കാന്‍
സഹായംതേടിയ പെണ്ണിന്റെ
രോദനം കേള്‍ക്കാം

കേള്‍ക്കാന്‍ അവസാന വണ്ടി സമ്മതിച്ചില്ല
അവള്‍ അപരിചിതയാണ്

വണ്ടിതട്ടി ചോരവാര്‍ന്നവനും
 അപരിചിതനാണ്

ലാസ്റ്റ് വണ്ടി പണിമുടക്കി
കടന്നു പോകുന്ന അപരിചിത
വാഹനങ്ങള്‍ക്ക് കൈകാണിച്ചു

ഒരു ലിഫ്റ്റ്‌ ? .......










 

Saturday, 22 September 2012

ചിത്രകാരന്‍
-------------------

നിശബ്ദമായ ജനകൂട്ടത്തിന്‍
മിഴികള്‍ മുന്നിലെ ചുവര്‍ ചിത്രത്തില്‍
അത്ഭുതത്തോടെ സഞ്ചരിച്ചു

പുഴയും മാന്‍ പേടയും
പൂന്തോട്ടവും  കൊട്ടാരവും
ചിത്രത്തില്‍ നിറഞ്ഞു നിന്നു

മനോഹര വര്‍ണ്ണങ്ങള്‍
ചിത്രത്തെ സുന്ദരമാക്കി

ചിത്രം കണ്ടവര്‍
ചിത്രകാരനെ അറിയാന്‍
ചിത്രത്തിന്‍ താഴെയുള്ള
ചെറിയ എഴുത്തില്‍ നോക്കി

ചിത്രകാരന്‍ വാഴ്ത്തപ്പെട്ടു!!

ജനകൂട്ടം ശൂന്യത തന്നു
അകന്നു പോകവേ
തെളിഞ്ഞ മാനം സിന്ദൂരം ചാര്‍ത്തി
ഭൂമിയെ പൊന്നില്‍ കുളിപ്പിച്ചിരുന്നു

മനോഹര സന്ധ്യ തന്ന
ചിത്രകാരനെയാണോ
സന്ധ്യാ നാമം ജപിക്കുമ്പോള്‍
മുത്തശ്ശി നെടുവീര്‍പ്പോടെ എന്നും
വിളിച്ചിരുന്നത്‌
ഭാഗ്യം
---------

കറിയായി അടുപ്പില്‍
ഓടുങ്ങാന്‍ വിധിച്ച
മത്സ്യത്തിന് ജാതകവശാല്‍
ശുക്രദശയാണ്
ഒരു ദൈവീക പരിവേഷം
 

Thursday, 20 September 2012

തടവറ

തടവറ
----------------
ശൂന്യതയില്‍ സ്വതന്ത്രമായി
നടന്ന ആത്മാവുകളാണ് ഇന്നലെ ‌
ഗര്‍ഭ തടവറയില്‍ മരണ ശിക്ഷ
കാത്തു കിടന്നത്

മരണത്തിനു മുന്‍പുള്ള പരോളില്‍
പുറത്തിറങ്ങി കാഴ്ചകളുടെ ലോകങ്ങളില്‍
നിര്‍വൃതി അടയാവേ
മറന്നു മുന്നിലെ ശിക്ഷ ദിനം

പൂവുകളെ പ്രണയിച്ചു
ഒരു പൂവിനെ സ്വന്തമാക്കി
അതില്‍ സ്വ രക്തങ്ങള്‍ പിറന്നു
അവകള്‍ പാറി പറക്കുന്നത്
കണ്ണുകള്‍ക്ക് കുളിര്‍മഴയായി

മഴകളും സന്ധ്യകളും
മഞ്ഞുകാലവും കലണ്ടറുകള്ക്കൊപ്പം ‍
മാറി മാറി വന്നു

തടവറയില്‍ നിന്നു സ്വതന്ത്രനാകാന്‍
ദൂരെ ദിക്കില്‍ നിന്നും സാമ്പ്രാണിയുടെ
ഗന്ധമുള്ള കാറ്റുമായി ഒരുവാഹനം പടിക്കലെത്തി

തടവറയില്‍ ജീവിച്ചതിന്റെ
അടയാളമായി കല്ലറയില്‍
വന്നതും പോയതുമായ ദിവസം
കുറിച്ചു വെക്കപ്പെട്ടു ...