Pages

Friday, 31 August 2012

മറവി
-----------------
അമ്മ മറന്നുപോയ
മക്കളാണ് ക്ലോസറ്റില്‍
ചത്തു കിടന്നതും
അമ്മത്തൊട്ടിലില്‍
ആരെയോ കാത്തു കിടന്നതും !!

Thursday, 30 August 2012

ശേഷിപ്പ്
---------------
ചില നോട്ടുകള്‍
തിരുവോണ മുണ്ണാന്‍
മദ്യ ശാലയിലെത്തിയതു 
 അടുക്കളയിലെ ഒഴിഞ്ഞ
മഞ്ഞള്‍പ്പൊടി പാത്രത്തില്‍
ഒളിച്ചിരുന്നതിന്‍റെ ശേഷിപ്പോടെ !!

Saturday, 25 August 2012

മൌനം
-----------------
നക്ഷത്രങ്ങള്‍ പ്രാകാശിച്ച
തെളിഞ്ഞ ആകാശത്തിന്‍
ചുവട്ടില്‍ സാഗരം മൌനമായി കിടന്നു
കൂടെയെന്‍  ‍ പ്രണയവും

തിരുവോണ നാളിലെ
തിരുവാതിരക്കളിയിലാണ്
കരിമഷി കണ്ണുകള്‍
കവിളില്‍ ചുംബിച്ചു കിടന്ന
മുടികളുടെ വിടവില്‍ക്കൂടി
അസ്തമിക്കാത്ത സൂര്യനു താഴെ
ഉറങ്ങാതിരുന്ന സാഗരത്തിന്‍ തിരകള്‍ പോലെ
എന്നിലെ പ്രണയത്തെ ഉണര്‍ത്തിയത്

നിലാവ് വീണുകിടന്ന പുഴയില്‍
നിശബ്ദത നിത്യ പ്രണയത്തിന്‍
ഓര്‍മ്മകള്‍ തീര്‍ക്കും നേരം
നിന്‍ നിഴല്‍ ചുംബിച്ചത്
നിശക്ക് കൂട്ടിരുന്ന
നിദ്ര മറന്നുപോയ എന്‍ പ്രണയത്തെയാണ്

ഉച്ചവെയില്‍ മായുമ്പോള്‍
ജാലക വാതില്‍ തുറന്നു
അനുവാദമില്ലാതെ വരുന്ന
ഇളം തെന്നല്‍ മടിയിലെ
പ്രണയ കാവ്യത്തിനോട്
സ്വകാര്യം പറഞ്ഞത്‌
എന്‍ ഹൃദയം നിനക്ക് സമ്മാനിച്ച
സ്നേഹത്തെക്കുറിച്ചായിരുന്നു

പുഴ കവിഞ്ഞൊഴുകിയ
ഒരു വര്‍ഷകാലം
ഒഴുകിവന്ന തോണിയില്‍
ഒരു കരതേടി അമരത്തു
തുഴയെറിഞ്ഞപ്പോള്‍
സഖീ  എന്‍ കരങ്ങള്‍
നിന്നിലേക്ക് ...
കൂട്ടുവന്നത് ഓര്‍മ്മകള്‍ മാത്രം

നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു
ആകാശത്തിനു ചുവട്ടില്‍
സാഗരം മൌനമായി
എന്‍ പ്രണയവും ...







 

Friday, 24 August 2012

പ്രാണികള്‍
---------------------
വിളക്കിനു ചുറ്റും
പറന്ന പ്രാണികള്‍
ആട്ടം കഴിയുന്നതിനു മുന്‍പ്
ചിതക്കുമുന്നില്‍
ചിറകരിഞ്ഞുവീണു

പറക്കുമ്പോള്‍
സ്വപ്നങ്ങള്‍ കണ്ടിരുന്നു

വെളിച്ചം സ്വപ്നങ്ങള്‍ക്ക്
വിളക്കുപിടിച്ചു

ഇരുട്ടില്‍ പ്രാണികള്‍
കണക്കുകള്‍ കൂട്ടും

ആട്ടം കഴിയുന്നതിനു മുന്‍പ്‌
കരിഞ്ഞു വീണ പ്രാണികള്‍ക്കു
പിന്നില്‍ പറന്നു വരുന്നു
വെളിച്ചം സ്വപ്നം കണ്ടുകൊണ്ട്
'പ്രാണികള്‍ '




 

Thursday, 23 August 2012

ഓണം
----------------
രണ്ടുമുറി ജീവിതത്തിലിരുന്നു
ഓണത്തെ ഓര്‍ക്കുന്നു
ഒരു പഴയ പൊട്ടിയ കണ്ണട

അത്തം പുലര്‍ന്ന പുലരിയില്‍
അമ്മ ഓണത്തിന് വിരുന്നൊരുക്കി

പൂക്കളമൊരുങ്ങാനായി മുറ്റം
സുന്ദരിയായി

തുമ്പികള്‍ പാടിപ്പോയ വഴിയില്‍
തുമ്പപ്പൂ നൃത്തമാടി

ചെത്തിയും മന്ദാരവും തുളസിയും
മുറ്റത്ത്‌ വര്‍ണ്ണങ്ങളുടെ തിരുവാതിരയൊരുക്കി

ഓണക്കാറ്റ്‌ ഒരുമയുടെ
സംഗീതമൊരുക്കി

പാതിമാറഞ്ഞ നിലാവ്
ഓണപ്പാട്ടുകേട്ടുറങ്ങി

ഉത്രാടപ്പാച്ചിലില്‍ തിരുവോണം
അസ്തമയ സൂര്യന് പുറകില്‍
താലപ്പൊലിയുമായി നിന്നു

പൊന്നോണപ്പുലരി
കസവുടുത്തു അമ്പലം ചുറ്റി

ഓണ സദ്യ വാഴയിലയോട്
കിന്നരം പറഞ്ഞു

അന്തിക്ക് മുന്‍പ് സാഗരം
സൂര്യനുമൊത്തു കരയിലെ
ഓണക്കാഴ്ച കണ്ടു കുളിരുകൊണ്ടു

രണ്ടു മുറി ജീവിതത്തിലിരുന്നു
ഓണത്തെ ഓര്‍ക്കുന്നു
ഒരു പഴയ പൊട്ടിയ കണ്ണട
---------------------------------------









 

Wednesday, 22 August 2012

നിശ
---------

നിശ പുതപ്പിച്ച ഭൂമിയില്‍
ഗര്‍ഭചിദ്രം നടത്തി
കൊന്നുകളഞ്ഞ ആത്മാവുകള്‍
അമ്മത്തൊട്ടിലിനിന്‍ മുന്നില്‍
കരയുന്ന നവജാതശിശുവിനു
ജാതകമെഴുതി !!

പകലില്‍ മുഖം തിരുഞ്ഞു നിന്ന
അന്യന്‍റെ കൃഷി സ്ഥലം
നിശയില്‍ കാമറക്കു മുന്നില്‍
നഗ്നയായി ..

നിലാ വെളിച്ചത്തില്‍ ഒളിഞ്ഞു നോക്കി
സ്വയഭോഗം നടത്തും സദാചാരപ്പോലിസ്

ദൈവത്തിനു കാണിക്ക കൊടുത്തു
കാണിക്കവഞ്ചി കുത്തിപ്പൊളിച്ചു
പട്ടിണിക്കള്ളന്മാര്‍

ജീവിതത്തിനു കാവല്‍ നില്ക്കാന്‍ മറന്ന
പട്ടാളക്കാര്‍ നിശക്ക് കാവല്‍ നിന്നു

നിലവിളി കേള്‍ക്കാത്ത ചില മരണങ്ങള്‍
നിശയുടെ നിശബ്ദതയില്‍ ഒളിഞ്ഞിരുന്നു






 

Tuesday, 21 August 2012


ശൂന്യത
------------------
യാത്ര പറഞ്ഞു പിരിഞ്ഞുപോകുന്നേരം
അവശേഷിപ്പിച്ചത്
ഹൃദയം മുറിഞ്ഞു അടര്‍ന്നു വീണ
രക്ത തുള്ളികളായിരുന്നു

നനഞു കിടക്കും തുള്ളികള്‍
നനുത്ത സ്നേഹത്തിന്‍
ചില്ലകളില്‍ കൂടൊരുക്കി
അകന്നുപോയ പറവകളുടെ
നിഴലുകളായി

ശൂന്യതയാണ് ചുറ്റും
മിഴികള്‍ പൂട്ടിയാല്
ചിറകടി ശബ്ദങ്ങള്‍ മാത്രം

മിഴികള്‍ തുറന്നാല്‍
മുന്നില്‍ പറയാന്‍ ബാക്കിവെച്ച
സ്നേഹ കഥകളുടെ കെട്ടുകള്‍ ‍

തനിച്ചല്ല നീയെന്ന വചനം
കാതുകളില്‍ മുഴങ്ങി നില്‍ക്കെ
അകന്നുപോയ പാദങ്ങള്‍
തിരികെ വരുന്നതും നോക്കി
ഇടനാഴിയിലേക്ക്‌ എന്‍ മിഴികള്‍