Pages

Wednesday, 9 May 2012

അടവെച്ചു വിരിയിച്ച
കുഞ്ഞുങ്ങളില്‍ പൂവനെ
തിരിച്ചറിയാന്‍ ചില കണ്ണുകള്‍
നിരീക്ഷണങ്ങള്‍ നടത്തി ..

ഉച്ചത്തില്‍ കൂവി
ഒറ്റ തിരിഞ്ഞു നടക്കാന്‍
തുടങ്ങും നേരം
കൂടൊരുക്കി കാത്തിരുന്നവര്‍ക്ക്
പെരുന്നാള് ..

പാലും തേനുമൂട്ടി
തലോടി വളര്‍ത്തി
നാളത്തെ പോരില്‍
വിജയക്കൊടി പാറിക്കാന്‍ ..

കറുത്ത കണ്ണുകള്ക്കുള്ളിലെ
ചുവപ്പ് കാണാന്‍ കഴിയാതെ
പൂവന്‍ ഉച്ചത്തില്‍ കൂവിക്കൊണ്ടിരുന്നു
മുന്‍ തലമുറയുടെ മാറ്റൊലികള്‍പോലെ ..


പോര്‍ക്കളമൊരുങ്ങി
കാണികള്‍ താരകങ്ങളാണ്‌
വെളിച്ചമിട്ട നിലാവ്
നിലയ്ക്കാന്‍ പോകുന്ന കൂവലിന്
സാക്ഷിയായി ...

വിജയമാഘോഷിച്ച
ചുവന്ന കണ്ണുകള്‍
ഒറ്റതിരിഞ്ഞു കൂവുന്ന
അടുത്ത പൂവന് മുന്നില്‍
കറുത്തകണ്ണുകളായി ..











Tuesday, 8 May 2012

ചില സൗഹൃദങ്ങള്‍ ഹൃദയത്തിലേക്ക് ചേക്കേറാന്‍ ഒരു നിമിഷം മതി.
പരസ്പ്പരം അറിയാത്ത ,ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത വെക്തികള്‍
മനസ്സിലേക്ക് ഓടിക്കയറുമ്പോള്‍ ഉണ്ടാകുന്ന ആത്മ നിര്‍വൃതി വാക്കുകല്‍ക്കപ്പുറമാണ്,തികച്ചും ആത്മാര്‍ഥമായ ഇത്തരം സൗഹൃദങ്ങള്‍ ഒരു സാന്ത്വനമായി മാറുമ്പോള്‍ അതൊരു ആത്മബന്ധമായി മാറുന്നു .
കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ്‌ എന്‍റെ ഒരു കവിതയ്ക്ക് (?) കമന്റിട്ട വെക്തിക്ക് സുഹൃത്തായി കാണാനായിട്ടുള്ള അപേക്ഷ  ഞാന്‍ അയച്ചു .സ്വീകരിച്ചുകൊണ്ട് അദ്ധേഹത്തിന്റെ മറുപടിയും വന്നു ,നന്ദിതയുടെ ഒരു കവിത ആസുഹൃത്തി ന്റെ വാളില്‍ കണ്ടപ്പോള്‍ ,ആ കവിതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഞങ്ങളില്‍ ഒരു ബന്ധത്തിനു തുടക്കമിട്ടു ,പിന്നീട് പുസ്തകങ്ങളെ കുറിച്ച് ചര്‍ച്ചകള്‍വന്നപ്പോള്‍ എം ടി  സാറിന്റെ പുസ്തകങ്ങളോടാണ് ഞങ്ങള്‍ക്ക് ഏറെയും ഇഷ്ടമെന്നായി ‍ .സാറിന്റെ ഇഷ്ടപ്പെട്ട കൃതി ഏതാണെന്നായി പിന്നീട് ചര്‍ച്ച.  ' കാലം ' എന്ന നോവലാണ് എന്‍റെ ഇഷ്ടമെന്നറിയിച്ചു   ' രണ്ടാമൂഴം' സുഹൃത്തിന്റെ ഇഷ്ട നോവലായി .  വായിച്ചപ്പോള്‍ മനസ്സിലേക്ക് കയറാത്ത കൃതിയാണ് രണ്ടാമൂഴമെന്നു ഞാന്‍ പറഞ്ഞു ,‍ ഒന്നുകൂടി വായിക്കു എന്ന് സുഹൃത്തിന്റെ നിര്‍ബന്ധം , പുസ്തകം കൈവശമില്ലായെന്നു അറിയിച്ചു ഞാന്‍ ,അഡ്രസ് തരൂ അയച്ചുതരമെന്നു ആ സുഹൃത്ത്‌ . ഒടുവില്‍ എന്‍റെ മേല്‍വിലാസം പറഞ്ഞുകൊടുത്തു , എം ടിയുടെ അഞ്ചു നോവലുകളാണ് എന്‍റെ വീട്ടിലേക്കു കൊറിയറായി ഇന്നലെ ആ സുഹൃത്ത്‌അയച്ചത്, പുസ്തകങ്ങള്‍ കിട്ടിയെന്നു അറിയിച്ചു കൊണ്ട് സുഹൃത്തിനെ ഞാന്‍ വിളിക്കുകയുണ്ടായി ,സംഭാഷണങ്ങള്‍ക്കിടയില്‍ പുസ്തകങ്ങളുടെ വില അക്കൌണ്ടിലേക്ക് ഇട്ടുതരാം ,ദയവായി താങ്കള്‍ സ്വീകരിക്കണമെന്ന് ഞാന്‍ പറയുകയുണ്ടായി , " എന്‍റെ സുഹൃത്തിനു ഞാന്‍ തന്ന സ്നേഹ സമ്മാനമാണ് ആ പുസ്തകങ്ങള്‍ ,അതിന്റെ വിലയേക്കാള്‍ മഹത്വമാണ് ഈ സൗഹൃദം "  ഈ മറുപടിയില്‍ ഞാന്‍ നിശബ്ധനയിപ്പോയി .
എന്‍റെ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു ആ വലിയ മനസ്സിനെ ഒപ്പം എന്‍റെ സുഹൃത്തുക്കളെയും .............നന്ദി  ‍

Monday, 7 May 2012

ആള്‍ ദൈവങ്ങളില്‍
ആരാധന കൂടിയപ്പോള്‍
മിഴികളും കാതുകളുമടച്ചു
ദൈവം ധ്യാനത്തിലായി ....

രക്തസാക്ഷികളുടെ
മാതാപിതാക്കളുടെ
ഭാര്യമാരുടെ
കുരുന്നു ബാല്യങ്ങളുടെ
കണ്ണീര്‍ കാണാതെ
രോദനം കേള്‍ക്കാതെ

നരഭോജികളുടെ
നായാട്ടു കാണാതെ

കുരുന്നു മുലകളില്‍
അമരുന്ന പല്ലുകളുടെ
വേദനയില്‍ നിലവിളിക്കുന്ന
പെന്‍ ശലഭങ്ങളെ കാണാതെ
ദൈവം ധ്യാനം തുടരുന്നു..

ആള്‍ ദൈവങ്ങളുടെ വിളയാട്ടവും





Saturday, 5 May 2012

പുറത്തെ വിസ്മയ കാഴ്ചകള്‍
കാണാന്‍ വീരുപ്പുമുട്ടി കഴിഞ്ഞ
വിത്ത് മണ്ണിനോട് സ്വാതന്ത്ര്യം ചോദിച്ചു

മുന്നേ പോയവരുടെ
അവസ്ഥാന്തരങ്ങള്‍
അറിയും മണ്ണ്
വിത്തിനു സ്വാതന്ത്ര്യം
നിഷേധിച്ചു

നീണ്ട സമരത്തിനൊടുവില്‍
മണ്ണിനെ പിളര്‍ത്തി
പുറത്തേക്കു ചാടും വിത്ത്
ഉറക്കെ വിളിച്ചു പറഞ്ഞു

എനിക്കിന്നുസ്വാതന്ത്ര്യം
എനിക്കിന്നു സ്വാതന്ത്ര്യം !!

പകല്‍ സൂര്യന്റെ
ആദ്യ പരിഹാസം

നീയൊരു വിഡ്ഢി!!
അതിരുകള്‍ കെട്ടി
തടവിലാക്കപ്പെട്ട നിന്‍ മിത്രങ്ങളും
മൊഴിഞ്ഞത് നിന്‍ പുലമ്പുകള്‍ തന്നെ

ചുറ്റും കണ്ണോടിക്കുംന്നേരം
തന്‍ മിത്രങ്ങളുടെ തേങ്ങലുകള്‍
 അസ്വാതന്ത്രത്യന്റെ കദന കഥകള്‍
വായിക്കുന്നത് കണ്ട വിത്ത്
മണ്ണിനോടായി യാചിച്ചു
എനിക്ക് സ്വാതന്ത്ര്യം വേണ്ടാ
എന്നെ തിരിച്ചു വിളിക്കൂ ....

നിലക്കാത്ത ഒരു പൊട്ടിച്ചിരിയില്‍
മണ്ണ് മറുപടി കൊടുത്തു .

Friday, 4 May 2012

എന്‍റെ ഹൃദയം
നിനക്ക് ഞാന്‍ മുറിച്ചു തന്നപ്പോള്‍
വേദന ഞാന്‍ മറന്നത്
വിടര്‍ന്നുവരും നിന്‍
പുഞ്ചിരിയും
നാണമൊളിപ്പിക്കും
നിന്‍ മിഴിയിണകളും
തെന്നല്‍ തഴുകും നിന്‍
 അഴിഞ്ഞ കേശഭാരവും
കൊലുസ്സിന്റെ കൊഞ്ചലും കാണാന്‍

നിന്നിലലിയും നിമിഷം
സ്വപനം കണ്ടു കൊണ്ട്
ഇന്നുമെന്റെ ഹൃദയം
മുറിവുകളുമായി
നിന്‍ കരങ്ങളില്‍ ..
തൊടിയിലെ മൂവാണ്ടന്‍
മാവില്‍ കൂടൊരുക്കി
അന്നംതെടി പോയി വന്ന
കിളി കണ്ടത്
കത്തിയെരിയുന്ന
ചിതയക്കൊപ്പം
തന്‍റെ കൂടും എരിഞൊടുങ്ങുന്ന
കാഴ്ച

മാറത്തടിച്ചു നിലവിളിക്കും
ശബ്ദങ്ങളില്‍ മുഴങ്ങിക്കേട്ടത്
ഇതെന്‍റെ വിധിയെന്ന് .

വിധിയെന്ന്
കിളിയും പറഞ്ഞിട്ടുണ്ടാകുമോ ..?

Tuesday, 1 May 2012

പരലോകം പരോള്‍ അനുവദിച്ചപ്പോള്‍
വീട് കാണാന്‍ വന്ന പരേതന്‍
ആദ്യം ഉമ്മറത്തേക്ക് നോക്കി

ആരോ തല്ലിയൊടിച്ച
കാലുകളുമായി
അനന്തരം കിട്ടിയ ചാരുകസേരയില്‍
പ്രളയം ബാധിച്ചു പട്ടിണിയായവര്‍
പൊതിച്ചോറിനു കടിപിടി കൂടുന്നത്
ചിതലുകള്‍ ഓര്‍മ്മപ്പെടുത്തുന്നു

ഒരിക്കല്‍ തന്‍റെ കല്‍പ്പനകള്‍ക്ക്
സാക്ഷ്യംവഹിച്ച കസേരക്ക് മുന്നില്‍
അയാള്‍ മൌനമായി .

വെള്ളപ്പാണ്ട് വന്നു
വികൃതമായ തന്‍റെ
പഴയ ചിത്രത്തില്‍ പണ്ടെപ്പഴോ
അണിയിച്ച ഹാരത്തില്‍
മാറാല മറ്റൊരു ഹാരം
അണിയിച്ചത് നോക്കി
നെടുവീര്‍പ്പിടും നേരം
അകത്തളങ്ങളില്‍ നിന്നും
ഒരു തേങ്ങല്

കാതുകൂര്‍പ്പിച്ചു നിന്നു

കാതില്‍ കിന്നരം പറഞ്ഞു
പൊട്ടിച്ചിരിച്ച പ്രേയസിയുടെ
ശബ്ദം തിരിച്ചറിഞ്ഞു
അകത്തു കടക്കും നേരം
തുടര്‍ സീരിയലിലെ നായികയുടെ
ഗര്‍ഭം അലസ്സിപ്പോയതിന്റെ
സങ്കടം ഒരു കടലായി
പുറത്തേക്കു വരുന്നതുകണ്ട്
പരേതന്‍ പകച്ചുപോയി

ദേഷ്യം സഹിക്കവയ്യാതെ
പരേതന്‍ അട്ടഹസിച്ചു

എടീ !!!

പരസ്യം വരട്ടെ മനുഷ്യ എന്ന
മറുപടികേട്ട്‌
പരേതന്‍ പരലോകത്തേക്കു
മടങ്ങി