Pages

Monday, 9 April 2012

എനിക്ക് മരണമില്ലേ ..?
ജാതകം എഴുതിയ
കണിയാന് പിഴച്ചതാണോ ?
അതോ മുജന്മ പാപത്തിന്‍
അനന്തരഫലമോ ?

ഇന്നലെ
വഴിയില്‍ വാള്‍മുനയില്‍
വിധിയെഴുതിയ ജീവന്റെ
കുടല്മാലയില്‍ കാക്കകള്‍
കൊത്തിവലിക്കുന്ന കാഴ്ച
കണികണ്ട് ഉണര്‍ന്നു ....

ഉണങ്ങിയ മുലകളില്‍
കാമത്തിന്‍ പല്ലുകള്‍
ആഴ്ന്നിറങ്ങിയപ്പോള്‍
വിശന്നൊട്ടിയ വയറുകള്‍
പശിയടയുന്നത്കാണാന്‍
വേദനകള്‍ മറന്ന വേശ്യയുടെ
അഴിഞ്ഞ വസ്ത്രങ്ങളില്‍
എറിഞ്ഞിട്ട രാഷ്ട്ര പിതാവിന്‍
മുഖങ്ങള്‍ കണ്ടും ....

താലികള്‍ പൊട്ടിയ
കണ്ണുകളുടെ കദനങ്ങളില്‍
മദ്യം പൊട്ടിച്ചിരിക്കുന്നതും..

അച്ഛന്‍റെ ബീജത്തുള്ളികള്‍
ഉണങ്ങി പാടുകള്‍ വീണ
തുടകള്‍ക്ക് വിലപേശുന്ന
പിതാവിന്‍ (?)  മുഖവും..

പെരുവഴിയില്‍ അഭയം
തേടിയ ഗര്‍ഭ പത്രത്തിന്‍
വിങ്ങലും കണ്ട്‌
ഈ സാഗരത്തില്‍
അന്തിയുറങ്ങാന്‍
വിധിക്കപ്പെട്ട എനിക്ക്
മരണമില്ലേ ...?

ഒരു വിലാപം കേള്‍ക്കുന്നില്ലേ ?‌

















Saturday, 7 April 2012

ഒരന്വേഷണം..

എവിടെയാണ് ഹൃദയം ...?

അമ്മയോട് ആദ്യം ചോദിച്ചു
സ്നേഹമാണ് ഹൃദയമെന്നു
മാതാവിന്‍ മറുപടി..

കറുക വയല്‍ പൊതിഞ്ഞ
കുഴിമാടത്തില്‍ അണയാതെ നില്കും
തീ നാളത്തിന്
ഹൃദയമുണ്ടായത് കൊണ്ടാകാം
അച്ഛന്‍ വെളിച്ചം കണ്ടുറങ്ങുന്നത്...

അക്ഷരം ചൊല്ലിതന്ന
ഗുരുവിനോട് ചോദിച്ചു
ഹൃദയം എവിടെയാണ് ?

ഈശ്വരനാണ് ഹൃദയമെന്നു
ഗുരുവിന്‍ മറുപടി ..

ഇരുളിന്‍ കയത്തില്‍
മുക്കിക്കളഞ്ഞ നീ
ഹൃദയമില്ലത്തവനെന്നു
അമ്മ ഈശ്വരനോട് പറഞ്ഞതെന്തിന്?






















Thursday, 5 April 2012

ഇതെന്‍റെ കാല്‍പ്പാടുകള്‍
അടുത്ത തിരയില്‍ സാഗരത്തില്‍
അലിഞ്ഞു ചേരും  എന്‍റെ
ഓര്‍മകളുമായി  ഈ കാല്‍പ്പാടുകള്‍ .

പിന്തുടര്‍ന്ന പാതകള്‍
പാതി വഴിയില്‍
വഴിപിരിഞ്ഞപ്പോള്‍
ദിശയറിയാതെ ,
മുന്‍പേ പോയവരുടെ
ശേഷിപ്പുകള്‍ കാണാതെ
അനന്തമായ ഈ ഭൂമിയുടെ
അറ്റം തേടി യാത്ര തുടങ്ങി ...

കൂട്ടിനു എന്നെ ഭയക്കുന്ന
നിഴലുമാത്രം .....

ധാര്‍ഷനീകത ചൊല്ലിതരാന്‍
ജപമാലകുടെ കരങ്ങള്‍
വഴികളില്‍ ആശ്രമങ്ങള്‍
തീര്‍ത്തതു ആള്‍ ദൈവങ്ങളെ
പ്രസവിക്കനായിരുന്നു ....

വിപ്ലവങ്ങള്‍ വിളമ്പുന്ന
ഭോജന ശാലയിലെ
തീന്‍മേശയില്‍ അവാസനത്തെ
അത്താഴം വിളമ്പിയ യേശുദേവന്റെ
ശേഷിപ്പ് തിന്നാന്‍ ക്ഷണിച്ചതു
മുപ്പതു വെള്ളിക്കാശിനു ഒറ്റിക്കൊടുത്ത
യൂദാസിനെ വാഴ്ത്തപ്പെട്ടവനായികാണാന്‍
പറയാനായിരുന്നു .....

മഹാപാതകം ചെയ്ത
കരങ്ങളെ ഗംഗയില്‍
മുക്കി ശുദ്ധിയാക്കാന്‍
ശുദ്ധജലം തേടി പോകുന്ന
ഗംഗയുടെ കണ്ണുനീരും കണ്ടു
പിന്തിരിഞ്ഞു ......

ഇന്നിവിടെ ഈ സാഗരത്തില്‍
എന്‍റെ കാല്‍പ്പാടുകല്‍ക്കൊപ്പം
ഓര്‍മകളുമായി ഞാന്‍ സമാധിയാകും ....

തിരകള്‍ വീണ്ടും വരും
കാല്‍പ്പാടുകളും ..




















Tuesday, 3 April 2012


മഴയുടെ നൊമ്പരങ്ങള്‍ കേള്‍ക്കാന്‍
മരം കാത്തിരുന്നു
യാത്ര പറഞ്ഞു പോകും
മഴയുടെ കണ്ണുനീരിന്‍ ശേഷിപ്പ്
മാറോട് ചേര്‍ത്ത് അടുത്ത സംഗമത്തിനായി
മരം കാത്തിരുന്നു ...

നിന്‍റെ കണ്ണു നീരാലാണ്
എന്റെ ഹൃദയ താളം

നീ പിണങ്ങിയാല്‍
പൊഴിഞ്ഞു വീഴും
എന്‍ പീലികള്‍ ഒരു
കദന കഥയുടെ നൊമ്പരങ്ങളാകും

അന്ന് പുഴ ചിരിച്ചത്
നീ എന്നെ ചുംബിക്കുന്നത് കണ്ടിട്ടാണോ ?

എന്‍റെ ഹൃദയത്തിലേക്ക്
നീ പെയ്തിറങ്ങിയപ്പോള്‍
നിന്‍റെ വേദനകളെ അടക്കം ചെയ്ത
കല്ലറയായി എന്‍ നെഞ്ചകം ....

ഈ വഴിത്താരയില്‍
ഏകനാണ് ഇന്നു ഞാന്‍ ..

ശിഖരങ്ങള്‍ വാടി
ഹൃദയം മരണ മൊഴി എഴുതുന്നു
ഇനിയും നീ മൌനങ്ങള്‍ക്ക്
കൂട്ടിരിക്കുന്നോ ...?



















Sunday, 1 April 2012

ആകാശ ഭൂമികളുടെ
ഇടയില്‍ അവനുണ്ട് !!

എന്‍റെ ജീവന്റെ
തുടിപ്പുകളെ ഒളിപ്പിച്ചവന്‍

അച്ഛനെന്നു വിളിച്ചു
കൊതിതീരും മുന്നേ
അമ്മയുടെ സിന്ദൂരം
തുടച്ചു നീക്കിയവന്‍

കര്‍ക്കിടക മഴയുടെ
ആട്ടഹാസത്തില്‍
വിരിഞ്ഞു വരുന്ന കണ്ണുകളെ
ചാരത്തു ചേര്‍ത്ത് വെച്ച്
അമ്മക്കിളി രക്ഷക്കായി
അപേക്ഷിച്ചവന്‍

തലവര എഴുതിയപ്പോള്‍
വിവേചനം കാണിച്ചവന്‍

ആകാശ ഭൂമികളുടെ ഇടയില്‍
അവനുണ്ട് ...

ഇല്ലന്ന് പറയുന്നവരുടെ
ഉള്ളറിയുന്നവന്‍ ..

അവന്‍
ആകാശ ഭൂമികളുടെ
പ്രാകശമെന്നു വേദം
ചൊല്ലിത്തന്നവര്‍ പറഞ്ഞു ..

ഇരുളിന്‍ കുരിശില്‍ തറച്ച
പട്ടിണി ജീവനുകളും പറയും
ആകാശ ഭൂമികളുടെ ഇടയില്‍
അവനുണ്ട് ....




















Saturday, 31 March 2012

മനസാക്ഷി മരണപ്പത്രം
തയ്യാറാക്കുന്നതിന് മുന്‍പ്
എന്നോട് ചോദിച്ചത് ..

നീ കാടപ്പടുകള്‍ക്ക്
കാപട്യത്തിന്‍ മുഖമൂടിയില്‍
നന്ദി വാക്കുകള്‍ പറഞ്ഞോ ?
അതോ  ഹൃദയത്തിന്‍ വേദനകളിലും
ദുഃഖ ത്തിന്‍ നിഴലുകള്‍ ഒളിപ്പിച്ച
മുഖത്തിന്‍ പുഞ്ചിരിയില്‍
സ്നേഹമഴ ചൊരിഞ്ഞോ?

കദനം ഒളിപ്പിച്ചു
ചിരിക്കാന്‍ പറഞ്ഞതാര് ?
കാരുണ്യത്തിന്റെ
ചരിത്രങ്ങളുറങ്ങുന്ന
ഗര്‍ഭ പാത്രമോ?
അതോ പകല്ച്ചൂടില്‍
രക്തം വിയര്‍പ്പായി ഒഴുകി
രാത്രിയില്‍ നക്ഷത്രങ്ങളുടെ
കഥകള്‍ പറഞ്ഞ പിതാവിന്‍
നെടുവീര്‍പ്പോ ..?

പിന്നിട്ട വഴികളില്‍
സൌഹൃദത്തിന്‍ മാനസ്സങ്ങള്
നിനക്കുപാടിയ സ്നേഹഗീതങ്ങള്‍ക്ക്
തിരികെനീകൊടുത്തത് നിന്റെ
നിന്റെ ഹൃദയമായിരുന്നു
എന്തിന്?

മറുപടിയില്‍ മരണപത്രംകീറി
മനസാക്ഷി ഉറക്കെച്ചിരിച്ചു പറഞ്ഞു
എനിക്ക് മരണമില്ല ...








Wednesday, 28 March 2012

ഉമ്മയ്ക്കുവേണ്ടി .....

ഗര്‍ഭ തൊട്ടിലില്‍ ഉറങ്ങിയ
ജീവന്റെ തുടിപ്പില്‍
പ്രതീക്ഷകളുടെ ലോകം
സ്വപ്നം കണ്ട മാതൃ
ഹൃദയത്തിന്‍ മുന്നില്‍
എന്ത് ഞാന്‍ സമര്‍പ്പിക്കണം ...?

വേദനകള്‍ക്ക്
താരാട്ടുപാട്ടിന്റെ
ഈരടികള്‍ തന്ന്
കാലം
സമാനിച്ച കദനങ്ങളില്‍
കാലിടറാതെ മാറിന്‍
മെത്തയില്‍ തലോടിയുറക്കിയ
തായ് മനത്തിന്‍ മുന്നില്‍
എന്തു ഞാന്‍ സമര്‍പ്പിക്കണം .?

വേദനകളുടെ ഓര്‍മ്മകള്‍ തന്നു
വേദനയില്ലാത്ത ലോകത്തിലേക്ക്
വാതിലടച്ച ഉപ്പയുടെ ഓര്‍മകളില്‍
വേദനകള്‍ ഒളിപ്പിച്ചു
വിരിയാന്‍ തുടങ്ങും
കണ്ണുകളില്‍ സ്വപ്നങ്ങള്‍
കണ്ടുറങ്ങിയ അമ്മയെന്ന
ദൈവത്തിനു മുന്നില്‍
എന്തു ഞാന്‍ കാണിക്കയായ്
വെക്കണം ....?